ADVERTISEMENT

തൊണ്ണൂറുകളിലെ കലാലയ ജീവിതത്തിലൂടെ കടന്നുപോയിട്ടുള്ളവർക്ക് ഗൃഹാതുരത്വമായി, പുതിയ തലമുറയ്ക്ക് ആവേശമായി മറ്റൊരു ക്യാംപസ് ചിത്രം കൂടി തിയറ്ററിലെത്തി. ബാബു വൈലത്തൂരിന്റെ തിരക്കഥയിൽ നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്ത ‘ലവ്ഫുള്ളി യുവേഴ്സ് വേദ’ എന്ന ചിത്രം ക്യാംപസ് ജീവിതവും സൗഹൃദവും രാഷ്ട്രീയ സംഘട്ടനങ്ങളും പ്രണയവുമൊക്കെ മനോഹരമായി പകർത്തിയ നല്ലൊരു കുഞ്ഞു ചിത്രമാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രം ഗൗതം മേനോൻ ഉൾപ്പടെ ഒരുപിടി മികച്ച താരങ്ങളാൽ സമ്പന്നമാണ്.

എഴുതിയിട്ടും തീരാത്ത വിശേഷങ്ങൾ ഇൻലന്റിൽ നിറച്ച് വേദ കാത്തിരിക്കുകയാണ്. ഒരു ദിവസം ഒരു വിശേഷം മാത്രമേ പറയാവൂ എന്ന് അവൻ അവളോട് പറഞ്ഞിട്ടുണ്ട്. വിലാസമില്ലാത്ത പ്രിയതമനുവേണ്ടി കത്തെഴുതി സൂക്ഷിക്കുന്ന വേദയ്ക്ക് പക്ഷേ കത്ത് എങ്ങോട്ടാണയയ്ക്കേണ്ടതെന്നറിയില്ല. അവളുടെ അലമാര നിറയെ അവനുവേണ്ടിയുള്ള കത്തുകളാണ്. വേദയുടെ കാത്തിരിപ്പിനിടയിലേക്കാണ് മാളവികയും സുഹൃത്തുക്കളുമെത്തുന്നത്. ഒരിക്കൽ വേദയെഴുതിയ ഒരു കവിത പാടി വേദിയിൽ അവതരിപ്പിച്ചതും ആ കവിതയുടെ ഉടമസ്ഥാവകാശവുമായി ഒരാളെത്തിയതും കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് മാളവികയും കൂട്ടുകാരും. ഒടുവിൽ കവിതയുടെ യഥാർഥ ഉടമസ്ഥനെ തേടിയെത്തിയ മാളവികയുടെ മുന്നിൽ വേദ തുറന്നിട്ടത് അവൾക്കൊരിക്കലും തുറന്നു പറയാൻ കഴിയാതിരുന്ന പ്രണയത്തിന്റെ ഓർമച്ചെപ്പാണ്.

വർമ്മ കോളജിൽ പുതുതായെത്തിയ കവിതയെഴുതുന്ന വേദയെന്ന പെൺകുട്ടിയെ കാത്തിരുന്നത് സൗഹൃദവും രാഷ്ട്രീയവും കലാലയ സംഘട്ടനങ്ങളും കൊണ്ട് സമ്പന്നമായ ക്യാംപസായിരുന്നു. ജീവൻ ലാൽ എന്ന കരുത്തുറ്റ ചെയർമാന്റെ പിന്നിൽ എന്തിനും ഏതിനും ഒരുമിച്ച് കൈകോർക്കുന്ന ഇടതും വലതും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. കൂട്ടുകാരാണ് ജീവന് എല്ലാം. അവരുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരവുമായെത്തുന്ന ജീവൻ അവരുടെയെല്ലാം ജീവൻ തന്നെയാണ്. അവർക്കിടയിലേക്കാണ് ജീവനെ മൗനമായി പ്രണയിച്ചുകൊണ്ട് വേദ കടന്നുവരുന്നത്. വേദയെ ഇഷ്ടമാണെങ്കിലും ജീവന് പ്രസ്ഥാനവും സൗഹൃത്തുക്കളുമായിരുന്നു വലുത്. കോളജ് മാനേജ്മെന്റിന്റെ ചതിയിൽ വിദ്യാർഥികൾ തല്ലിച്ചതയ്ക്കപ്പെടുമ്പോൾ അതുവരെ ജീവനെതിരെ തിരിഞ്ഞു നിന്ന രഞ്ജൻ അബ്രഹാമും അവർക്കൊപ്പം ചേർന്ന് തിരിച്ചടിക്കുന്നു. ക്യാംപസിൽനിന്ന് പിരിയുമ്പോൾ വേദയ്ക്ക് അക്ഷരക്കൂട്ടുകൾ മാത്രമാണ് സ്വന്തം.

രജിഷ വിജയന്റെയും പുതുമുഖ താരം വെങ്കിടേഷിന്റെയും പ്രകടന മികവ് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. വേദയായി രജിഷ ജീവിക്കുകയായിരുന്നു. തൊണ്ണൂറുകളിലെ സഖാവും കോളജ് യൂണിയൻ ചെയർമാനുമായി വെങ്കിടേഷ് നിറഞ്ഞാടി. രഞ്ജൻ ആയി ശ്രീനാഥും ജാനറ്റായി നിൽജയും മാളവികയായി അനിഖയും സിജോ ആയി ചന്തുനാഥും സഖാവായി ശ്രുതി ജയനും മികച്ച പ്രകടനമാണ് നടത്തിയത്. കോളജ് ട്രസ്റ്റിയായി ഗൗതം മേനോൻ കൂടി എത്തിയപ്പോൾ അതുവരെയുണ്ടായിരുന്ന ക്യാംപസ് മൂഡിൽ നിന്ന് ചിത്രം കൂടുതൽ ഗൗരവതരമായി. പ്രതീക്ഷ നൽകുന്ന നിരവധി പുതുമുഖ താരങ്ങൾ വിദ്യാർഥികളായി ചിത്രത്തിലുണ്ട്. മാസ്സ് രാഷ്ട്രീയ സംഘട്ടങ്ങളും മനോഹരമായ ക്യാംപസ് പ്രണയരംഗങ്ങളും ചിത്രത്തിലുണ്ട്.

തൊണ്ണൂറുകളിലെ ക്യാംപസ് ലൈഫും അവിടത്തെ രാഷ്ട്രീയവും പ്രണയവും സംഘട്ടനങ്ങളും യുവജനോത്സവ ലഹരിയും എല്ലാം അനുഭവിച്ചവർക്ക് ഗൃഹാതുരതയുണർത്തുന്ന ഒരനുഭവമായിരിക്കും വേദ സമ്മാനിക്കുക. ക്യാംപസ് ജീവിതവും വസ്ത്രാലങ്കാരവും രാഷ്ട്രീയവുമെല്ലാം പഴയ കാലഘട്ടത്തിനോട് നീതിപുലർത്തി. വളരെ മനോഹരമായി ക്യാംപസ് ചിത്രീകരിക്കുന്നതിൽ സിനിമട്ടോഗ്രാഫർ വിജയിച്ചിട്ടുണ്ട്. നൊസ്റ്റാൾജിയ ഉണർത്തുന്ന ഗാനരംഗങ്ങളും രാഹുൽ രാജിന്റെ സംഗീതവും പ്രേക്ഷകരെ പിടിച്ചിരുത്തും. പ്രണയത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒരുപാട് കഥകൾ കോറിയിട്ട ക്യാംപസിന്റെ നീണ്ട ഇടനാഴിയിലേക്ക് ഒരുവട്ടം കൂടി സഞ്ചരിക്കാൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു നല്ല ക്യാംപസ് ചിത്രമാണ് ലവ്ഫുള്ളി യുവേഴ്സ് വേദ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com