ADVERTISEMENT

മാസ് സിനിമകളിലൂടെ പ്രേക്ഷകർക്കു പരിചിതനായ സംവിധായകൻ അജയ് വാസുദേവ്, താൻ ഇതുവരെ ചെയ്ത സിനിമകളിൽ നിന്നൊക്കെ വഴിമാറി ഒരുക്കിയ ത്രില്ലറാണ് പകലും പാതിരാവും. സിനിമയുടെ പേരുപോലെ തന്നെ ഒരു പകലും രാത്രിയും സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.‍‍ ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ച് പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് രജിഷ വിജയൻ.

മാവോയിസ്റ്റ് ഭീഷണി നില്‍ക്കുന്ന ഒരു വയനാടന്‍ മലയോരഗ്രാമം. അവിടെയാണ് വറീതും കുടുംബവും താമസിക്കുന്നത്. കഴുത്തറ്റം കടത്തിലാണ് അയാൾ. ഭാര്യ മരിയയും മകൾ മേഴ്സിയുമാണ് കൂടെയുള്ളത്. കെട്ടുപ്രായമെത്തി നിൽക്കുന്ന മകളുടെ കാര്യം ആലോചിച്ചുള്ള ആധിയിലാണ് വറീത്. കടക്കാരുടെ ശല്യം സഹിക്ക വയ്യാതെ ജീവിതം തള്ളി നീക്കുന്ന മേഴ്സിക്ക് ഇവിടെനിന്ന് എങ്ങനെയും രക്ഷപ്പെടണം എന്ന ചിന്തയാണ്. അവരുടെ ഇടയിലേക്ക് ഒരപരിചിതൻ കടന്നുവരുന്നു. അതോടെ ആ കുടുംബത്തിന്റെ അതുവരെയുള്ള ജീവിതം മാറിമറിയുകയാണ്.

ഈ ചെറുപ്പക്കാരന്‍ ആരാണ്? എന്താണ് അയാളുടെ ലക്ഷ്യം? ഈ കുടുംബവുമായി അയാൾക്കുളള ബന്ധമെന്ത്? ഇങ്ങനെ പല ചോദ്യങ്ങളിലൂടെ പ്രേക്ഷകരും കടന്നുപോകും. ഇയാൾ നായകനാണോ വില്ലനാണോ എന്ന ദുരൂഹത സിനിമയുടെ ക്ലൈമാക്സ് വരെ നിലനിർത്താൻ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടുണ്ട്.

ഏറെ സങ്കീർണത നിറഞ്ഞ കഥാപാത്രമാണ് മേഴ്സി. എന്തിനും ഏതിനും പൊട്ടിത്തെറിക്കുന്ന, ഉള്ളിൽ പകയും വിദ്വേഷവും തകർന്നടിഞ്ഞ മനസ്സുമായി ജീവിക്കുന്ന വ്യക്തി. ഗ്രേ ഷെയ്ഡുള്ള ഇങ്ങനെയൊരു കഥാപാത്രമായി അഭിനയിക്കാൻ തയാറായ രജിഷയെ അഭിനന്ദിക്കാതെ വയ്യ. മാത്രമല്ല ആ കഥാപാത്രത്തോട് പൂർണമായും നീതിപുലർത്തുന്ന പ്രകടനമാണ് രജിഷ കാഴ്ചവച്ചിരിക്കുന്നതും. അത്യന്തം ദുരൂഹത നിറഞ്ഞ കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും കയ്യടി നേടുന്നു.

മുഴുക്കുടിയനായ വറീതിനെ അവതരിപ്പിച്ചിരിക്കുന്നത് കെ.യു. മനോജ് ആണ്. മറിയ എന്ന നിസ്സഹായയായ അമ്മയുടെ വേഷത്തിൽ സീത ശ്രദ്ധിക്കപ്പെടുന്നു. ജാനകീ രാമൻ എന്ന പൊലീസുകാരനായി മിന്നൽ മുരളിയിലൂടെ പ്രേക്ഷക പ്രീതി നേടിയ ഗുരു സോമസുന്ദരം തനിക്ക് ലഭിച്ച ഏറ്റവും ചെറിയ സ്ക്രീൻ സ്‌പെയ്‌സ് മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി. ‘ജയ് ഭീമിലെ’ ക്രൂരനായ സബ് ഇൻസ്‌പെക്ടർ ഗുരു മൂർത്തിയെ അവതരിപ്പിച്ച തമിഴ് എന്ന നടനും ശ്രദ്ധേയമായ വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. വൈദികന്റെ വേഷത്തിൽ ഗോകുലം ഗോപാലനും ചിത്രത്തിലൊരു ഭാഗമാണ്.

ക്ലൈമാക്സിനോട് അടുക്കുമ്പോൾ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന കഥാ സന്ദർഭങ്ങൾകൊണ്ട് സങ്കീർണമാണ് ഈ സിനിമ. ലളിതമായൊരു കഥാതന്തുവില്‍ നിന്നാണ് ഇത്രയും മൂർച്ചയേറിയ കാഴ്ചാനുഭവത്തിലേക്ക് ചിത്രമെത്തുന്നത്. നിഷാദ് കോയയുടേതാണ് തിരക്കഥ.

സാം സി.എസ്. ആണ് ബാക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കിയിരിക്കുന്നത്. സിനിമയിലെ ഓരോ പ്രധാന കഥാപാത്രത്തിനും അവരുടെ സ്വഭാവത്തിനനുസരിച്ചുള്ള തീം മ്യൂസിക് കൊണ്ടുവരാൻ സാം ശ്രമിച്ചിട്ടുണ്ട്. മിഴ് അവതരിപ്പിച്ച പലിശക്കാരനു നൽകിയിരിക്കുന്ന ഇൻട്രൊ മ്യൂസിക്കിൽ അത് വ്യക്തമാണ്. ഫയീസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം. സ്റ്റീഫന്‍ ദേവസിയുടേതാണ് ഗാനങ്ങൾ.

മനുഷ്യ മനസ്സുകളിലെ നിഗൂഢതയും ആഡംബര ജീവിതത്തോടുളള ആർത്തിയുമൊക്കെ സിനിമ പറഞ്ഞുപോകുന്നുണ്ട്. ഫാമിലി ക്രൈം ഡ്രാമ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകർക്ക് നിരാശയില്ലാതെ കണ്ടിരിക്കാവുന്ന സസ്പെൻസ് ത്രില്ലറാണ് ‘പകലും പാതിരാവും’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com