ADVERTISEMENT

ഒരു കാറും രണ്ടു മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘മഹേഷും മാരുതിയും’.  ആസിഫ് അലി നായകനായെത്തിയ ചിത്രത്തിൽ മംമ്ത മോഹൻദാസ് ആണ് നായിക. 1984 മോഡൽ മാരുതി 800 കാറാണ് കേന്ദ്ര കഥാപാത്രം എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. യുവ വ്യവസായി മഹേഷിനെ ആദരിക്കുന്ന ചടങ്ങിലാണ് സിനിമയുടെ തുടക്കം. മഹേഷിന്റെ വിജയഗാഥ പ്രേക്ഷകരോടു പറയുന്ന വിധത്തിലാണ് മഹേഷിന്റേയും മാരുതിയുടെയും കഥ ചുരുളഴിയുന്നത്. 

 

ഗൗരിയും മഹേഷും സഹപാഠികളാണ്. ആ നാട്ടിൽ അന്ന് ഗൗരിയുടെ വീട്ടിൽ മാത്രമേ കാറുള്ളൂ, ഗൗരി എന്നും സ്കൂളിൽ വരുന്നത് ആ കാറിലാണ്. ഗൗരിയോട് ഇഷ്ടമുണ്ടെങ്കിലും ഗൗരിയുടെ കാറിൽ തൊടാൻ ചെന്ന മഹേഷിനെ ഡ്രൈവർ ശകാരിച്ചത് അവന്റെ ഉള്ളിൽ ഒരു കാർ സ്വന്തമാക്കണമെന്ന മോഹം ഊട്ടി ഉറപ്പിക്കുന്നു. അങ്ങനെയിരിക്കെയാണ് ഡൽഹിയിൽ ജോലിയുള്ള മഹേഷിന്റെ അച്ഛൻ പദ്മനാഭൻ ഒരു കാറുമായി നാട്ടിലെത്തുന്നത്. ആ കാറാകട്ടെ, എല്ലാ വീട്ടിലും ചെലവ് ചുരുക്കിയൊരു കാർ എന്ന ഇന്ദിരാഗാന്ധിയുടെ പദ്ധതിയിലെ ഒന്നാമത്തെ കാറാണ്. അതിന്റെ താക്കോൽ ഇന്ദിരാ ഗാന്ധിയാണ് പദ്മനാഭനു കൈമാറിയത്. ഇന്ദിരാ ഗാന്ധിയെ അടുത്ത് കണ്ട ആളെന്ന നിലയിൽ മഹേഷിന്റെ അച്ഛനും കാറുള്ള വീട്ടിൽനിന്നു വരുന്ന കുട്ടി എന്ന നിലയിൽ മഹേഷിനും പിന്നീട് നാട്ടിൽ അൽപസ്വൽപം വിലയും നിലയുമായി. 

 

അവിചാരിതമായ അച്ഛന്റെ വേർപാട് മഹേഷിനെ തളർത്തുന്നു ഒപ്പം കളിക്കൂട്ടുകാരിയായ ഗൗരിയും മറ്റൊരു സ്ഥലത്തേക്കു പോയതോടെ മഹേഷിന്റെ ജീവിതത്തിൽ ലക്ഷ്യമില്ലാതായി മാറുന്നു. അച്ഛൻ നേടിക്കൊടുത്ത പെരുമയുള്ള കാറും അമ്മയും മാത്രമാണ് മഹേഷിന്റെ ഏക ആശ്രയം. ഇരുപത് വർഷത്തിലധികം പഴക്കമുള്ള ആ വിന്റേജ് കാർ സ്വന്തമാക്കാൻ ഒരുപാടു പേർ ശ്രമിച്ചെങ്കിലും മഹേഷ് വിട്ടുകൊടുത്തില്ല. കാറിനെച്ചൊല്ലി നിരവധി പ്രശ്നങ്ങളും കേസും കൂട്ടവുമായി കടത്തിൽ നട്ടം തിരിയുന്ന മഹേഷിനെ തേടി ഒരിക്കൽ ഗൗരി എത്തുന്നു. ഗൗരി വേണോ മാരുതി വേണോ എന്ന തീരുമാനം എടുക്കേണ്ടി വരുന്ന മഹേഷിന്റെ ധർമ സങ്കടങ്ങളാണ് പിന്നീട് കഥാഗതി മാറ്റിമറിക്കുന്നത്.

 

നീണ്ട ഇടവേളയ്ക്കു ശേഷം മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിക്കുന്നു എന്നതാണ് മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ പ്രധാന സവിശേഷത. കൂമൻ, കാപ്പ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ സ്വതസിദ്ധമായ നിഷ്കളങ്ക ശൈലിയിൽ തന്റെ വേഷം ആസിഫ് ഭംഗിയായി അഭിനയിച്ചിട്ടുണ്ട്. മംമ്ത ഗൗരി എന്ന നായികയുടെ വേഷം മനോഹരമാക്കി. പദ്മനാഭനായി മണിയൻ പിള്ള രാജുവും ഗൗരിയുടെ അച്ഛനായി ജയകൃഷ്ണനും മികച്ചു നിന്നു. വിജയ് ബാബു, കുഞ്ചൻ, ചന്തുനാഥ്‌, ഇടവേള ബാബു, വരുൺ ധാര, ശിവപ്രസാദ്, റോണി രാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 

 

ഫീൽ ഗുഡ് സിനിമകളുടെ പട്ടികയിൽ പെടുത്താവുന്ന ചിത്രമാണ് സേതു തിരക്കഥയും സംവിധാനവും നിർവഹിച്ച മഹേഷും മാരുതിയും.  മഹേഷിനു മാരുതിയോടുള്ള പ്രണയം സിനിമയിൽ സൂചിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പ്രേക്ഷകന് അത്രകണ്ട് അനുഭവവേദ്യമായോ എന്ന് സംശയമുണ്ട്. ഹരി നാരായണന്റെ വരികൾക്ക് കേദാർ ഈണം പകർന്ന ഗാനങ്ങൾ ഇമ്പമുള്ളതാണ്. പഴയ കാലഘട്ടത്തിലെ കടകളും തെരുവും പുഴയും ജങ്കാറും വളരെ മനോഹര ദൃശ്യവിരുന്നാക്കാൻ ഫായിസ് സിദ്ദിഖിന്റെ  ഛായാഗ്രഹണത്തിനു കഴിഞ്ഞു. ജിത്ത് ജോഷിയാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

 

വാഹനങ്ങളെ പ്രണയിക്കുന്നവർക്ക് ഗൃഹാതുരത്വം പകരുന്ന നല്ലൊരു സിനിമയാണ് സേതു സംവിധാനം ചെയ്ത മഹേഷും മാരുതിയും. ലക്ഷ്യബോധമില്ലാതെ നടന്ന് പിന്നീടു ജീവിതവിജയം നേടുന്ന ചെറുപ്പക്കാരുടെ കഥ പറയുന്ന മഹേഷും മാരുതിയും കുടുംബ സമേതം തിയറ്ററിലെത്തി കാണാവുന്ന നല്ലൊരു കുഞ്ഞു ചിത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com