കെജിഎഫ് അല്ല കബ്സ; ഉപേന്ദ്രയുടെ മാസ് പ്രകടനം; റിവ്യൂ

kabzaa-review
SHARE

ഉപേന്ദ്രയും ശ്രിയ ശരണും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘കബ്‌സ’ എന്ന പാൻ ഇന്ത്യൻ ചിത്രം ഇന്ത്യൻ സിനിമാ ആസ്വാദകർക്ക് മതിമറന്നാഘോഷിക്കാൻ പോന്ന എല്ലാ ചേരുവകളും സമം ചേർത്തൊരുക്കിയതാണ്. ഉപേന്ദ്ര, കിച്ച സുദീപ്, ശിവ രാജ്കുമാര്‍ തുടങ്ങി കന്നഡയിലെ ആക്‌ഷന്‍ ഹീറോസിന്റെ നിര തന്നെ ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്തത് പി. ചന്ദ്രുവാണ്. പാൻ ഇന്ത്യൻ വിപണി ലക്ഷ്യം വച്ച് നാലു ഭാഷകളിലാണ് കബ്സ റിലീസ് ചെയ്തത്. കെജിഎഫിനും കാന്താരയ്ക്കും ശേഷം മാസ്സും മസാലയും ക്ലാസ്സുമായി വീണ്ടുമൊരു കന്നഡ സിനിമ ഇന്ത്യൻ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റായ അർക്കേശ്വരൻ പിൽക്കാലത്ത് സേനയ്ക്കു തന്നെ തലവേദനയാകുന്ന മാഫിയ തലവനായി മാറുന്ന കഥയാണ് കബ്‌സ പറയുന്നത്. അർക്കേശ്വരന്റെ അച്ഛൻ ഒരു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. ബ്രിട്ടിഷുകാരാൽ പിതാവ് കൊല്ലപ്പെട്ടപ്പോൾ മക്കളെയുംകൊണ്ട് പലായനം ചെയ്തതാണ് അർക്കന്റെ അമ്മ. അമരാപുരിയിൽ അഭയം പ്രാപിച്ച അമ്മ ചർക്കയിൽ നൂൽ നൂറ്റ് ഇന്ത്യൻ ദേശീയ പതാക ഉണ്ടാക്കി വിറ്റാണ് മക്കളെ പോറ്റിയത്. അമരാപുരിയിൽ വറുതിയിൽ പുലർന്ന ബാല്യത്തിൽ അർക്ക ബഹാദൂർ രാജവംശത്തിലെ മധുമതി എന്ന പെൺകുട്ടിയിൽ അനുരക്തനാകുന്നു. അവരുടെ പ്രണയം പൂത്തുലയുന്നതിനൊപ്പം അർക്ക സൈന്യത്തിൽ ചേർന്ന് ദേശത്തെ സേവിക്കാനും തീരുമാനിച്ചു .

സ്വാതന്ത്ര്യാനന്തരം അമരാപുരി അധികാരമോഹികളായ ഒരു കൂട്ടം ഗുണ്ടാസംഘങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പിടിയിലമരുകയാണ് ചെയ്തത്. അനീതിക്കെതിരെ പോരാടിയ അർക്കയുടെ സഹോദരൻ കൊല്ലപ്പെടുമ്പോൾ സമാധാനശീലനായ അർക്കേശ്വരന് ആയുധം കയ്യിലെടുക്കേണ്ടി വരുന്നു. സഹോദരന്റെ കൊലയ്ക്കു പ്രതികാരം ചെയ്തു സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിച്ച അർക്കയ്ക്കു കയ്യിലെടുത്ത ആയുധം തിരിച്ചു വയ്ക്കാൻ കഴിയുന്നില്ല. അച്ഛനെ ധിക്കരിച്ച് മധുമതി അർക്കയോടൊപ്പം ഇറങ്ങിത്തിരിക്കുകയും അവർക്ക് രണ്ടു കുട്ടികളുണ്ടാവുകയും ചെയ്‌തു. ഇന്ത്യയുടെ മുക്കാൽ ഭാഗവും കൈപ്പിടിയിലായെങ്കിലും മുകളിൽ ഉരുണ്ടുകൂടിയ പകയുടെ കാർമേഘം തിരിച്ചറിയാൻ അർക്ക വൈകിയിരുന്നു.

അർക്കേശ്വരൻ എന്ന ഗ്യാങ്സ്റ്ററായി ഉപേന്ദ്ര സിനിമ മുഴുവൻ നിറഞ്ഞു നിൽക്കുകയാണ്. കെ‌ജി‌എഫിലെ റോക്കിയെപ്പോലെ ഒരു വീരയോദ്ധാവായി അർക്കേശ്വരൻ ബിഗ് സ്ക്രീനില്‍ ഒരു വലിയ കാഴ്ച തന്നെ ഒരുക്കുന്നുണ്ട്. തന്റെ സഹോദരന്റെ കൊലപാതകം കാണുന്നതിൽ നിന്ന് പ്രതികാരത്തിലേക്കുള്ള അർക്കയുടെ വൈകാരിക പരിവർത്തനം ഉപേന്ദ്ര മികച്ച രീതിയിൽ അവതരിപ്പിക്കുന്നു. മധുമതിയായി ശ്രിയ ശരണിന്റെ അഭിനയ മികവും സ്‌ക്രീൻ പ്രസൻസും അതിശയകരമാണ്. കിച്ച സുദീപും ശിവ രാജ്കുമാരും വളരെ കുറച്ച് സമയമേ എത്തുന്നുള്ളൂവെങ്കിലും ഗംഭീരപ്രകടനം നടത്തിയാണ് മടങ്ങുന്നത്. കൗശലക്കാരനായ വീർ ബഹാദൂറായി മുരളി ശർമ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

ആർ. ചന്ദ്രു തിരക്കഥയെഴുതി സംവിധാനം ചെയ്ത കബ്സ രണ്ടാം ഭാഗത്തേക്ക് പ്രേക്ഷകനെ ക്ഷണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ക്ലൈമാക്‌സ് ആണ് ചിത്രത്തിനുള്ളത്. ചിത്രത്തിലെ ചില സീനുകൾ ഇന്ത്യൻ സിനിമയിൽ ഹീറോയിസത്തെ പുനർനിർവചിച്ച കെജിഎഫിന് സമാനമാണ്. കാര്‍ ചേസ് മുതൽ കഥയെ മുന്നോട്ട് നയിക്കുന്ന വോയ്‌സ് ഓവർ പോലും കെജിഎഫിനെ ഓർമിപ്പിച്ചു. ആക്‌ഷൻ, മസാല, പ്രണയം, മാഫിയ എല്ലാം ചേർന്ന ഒരു സമാന്തര പ്രപഞ്ചമാണ് കെജിഎഫിനെ പോലെ കബ്സയും സൃഷ്ടിക്കുന്നത്.

രവി ബസ്രൂരിന്റെ സംഗീതം ഒരു ഗ്യാങ്‌സ്റ്റർ സിനിമയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്നതാണ്. എ.ജെ. ഷെട്ടിയുടെ ഛായാഗ്രഹണം വളരെ മികച്ചതാണ്, പഴയ കാലഘട്ടം വളരെ നന്നായി ചിത്രീകരിക്കാൻ ഷെട്ടിക്കു കഴിഞ്ഞിട്ടുണ്ട്. എഡിറ്റിങ്ങും മികച്ച നിലവാരം പുലർത്തി.

മടുപ്പിക്കുന്ന മൊഴിമാറ്റത്തിനു പകരം നിലവാരമുള്ള ഡബ്ബിങ്ങുമായി പാൻ ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് അടുത്തിടെ കന്നഡ ചിത്രങ്ങളെത്തുന്നത്. കെജിഎഫിനും കാന്താരയ്ക്കും ശേഷം മാസും ആക്‌ഷനും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ആസ്വദിക്കാൻ വക നൽകുന്ന ഒരുഗ്രൻ വിരുന്നായിരിക്കും കബ്‌സയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA