ADVERTISEMENT

ഗംഭീരം, അതിമനോഹരം. ഓസ്‌കര്‍ പുരസ്‌കാരം നേടിയ ദ് എലിഫന്റ് വിസ്പറേര്‍സ് എന്ന ഡോക്യുമെന്ററി ഹ്രസ്വചിത്രം കണ്ടുകഴിയുമ്പോള്‍ ഭൂരിഭാഗം പേരും ഇതായിരിക്കും പറയുക. കാടിന്റെ വശ്യചാരുത വരച്ചിടുന്ന ഓരോ ഫ്രെയിമിലൂടെയും ഓരോ കഥ പറയാന്‍ ശ്രമിക്കുകയാണ് സംവിധായകയായ കാര്‍ത്തികി ഗോണ്‍സാല്‍വെസ്. മനുഷ്യരും വന്യമൃഗങ്ങളും തമ്മിൽ അപ്രഖ്യാപിത യുദ്ധം നടക്കുന്ന വനാതിര്‍ത്തിയില്‍ നിന്നാണ് മനുഷ്യ -വന്യമൃഗങ്ങളുടെ ഹൃദയബന്ധത്തിന്റെ മര്‍മരം കാര്‍ത്തികി ലോകത്തിന് പങ്കുവച്ചത്. ആ ദൃശ്യങ്ങള്‍ക്ക് ഓസ്‌കര്‍ ലഭിച്ചില്ലെങ്കിലെ അതിശയോക്തിയുള്ളു. കേരളത്തിന്റെ തൊട്ടടുത്ത് തമിഴ്‌നാട് മുതുമലൈ വന്യജീവി സങ്കേതത്തില്‍ ആനകള്‍ക്കായി ജീവിതം മാറ്റിവച്ച രണ്ട് ഗോത്രവര്‍ഗക്കാര്‍. കാട്ടില്‍ ജനിക്കുകയും കാട്ടില്‍ വളരുകയും കാട് നല്‍കിയ വേദനകളും നൊമ്പരങ്ങളും ഇരുകയ്യും നീട്ടി വാങ്ങുകയും കാട് നല്‍കിയ സ്‌നേഹത്തില്‍ ആനന്ദംകൊള്ളുകയും ചെയ്യുന്ന ബൊമ്മനും ബെള്ളിയും. വേനലും മഴയും മഞ്ഞും കാടിനെ ചെന്നു തൊടുമ്പോളുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് ബൊമ്മന്റെയും ബെള്ളിയുടേയും കഥ പറയുന്നത്. മനുഷ്യനും വന്യമൃഗങ്ങളും കാടും തമ്മിലുള്ള ഇഴയടുപ്പം ഇനിയും വിട്ടുപോയിട്ടില്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്ന ദൃശ്യവിരുന്ന്. 

 

149 വര്‍ഷം മുന്‍പ് ആരംഭിച്ച തെപ്പെക്കാട് ആനക്കൊട്ടിലിനോട് ചേര്‍ന്നു ജീവിക്കുന്നവരാണ് ബൊമ്മനും ബെള്ളിയും. ബെള്ളിയുടെ ഭര്‍ത്താവിനെ കടുവയാണ് കൊന്നത്. മകള്‍ ചെറുപ്രായത്തില്‍ തന്നെ മരിച്ചു. പിന്നീട് ബൊമ്മനോടപ്പം ജീവിക്കുകയായിരുന്നു. ഇതിനിടെയാണ് കൂട്ടം തെറ്റിപ്പോയ ആനക്കുട്ടിയെ അവശനിലയില്‍ വനംവകുപ്പ് കണ്ടെത്തുന്നത്. ആനക്കുട്ടിയെ പല തവണ കാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ ശ്രമിച്ചെങ്കിലും മടങ്ങിവന്നു. ഇതോടെയാണ് വനംവകുപ്പ് ആനക്കുട്ടിയെ പരിചരിക്കാന്‍ ബെള്ളിയേയും ബൊമ്മനേയും നിയോഗിച്ചത്. ഭര്‍ത്താവിന്റെ മരണത്തോടെ കാടിനെ ഭീതിയോടെ മാത്രം കണ്ടിരുന്ന ബെള്ളിക്ക് അത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ആ ദൗത്യം ഇരുവരും ചേര്‍ന്ന് ഏറ്റെടുത്തു. മുന്‍പ് ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടയാളാണ് ബൊമ്മന്‍. ബൊമ്മന്റെ അച്ഛനും മുത്തച്ഛനുമെല്ലാം ആനയെ പരിചരിക്കുന്നവരായിരുന്നു. ആ പാത തന്നെ ബൊമ്മനും പിന്തുടർന്നു. 

elephent-2

 

വനംവകുപ്പ് നല്‍കിയ ആനക്കുട്ടിയെ അവര്‍ രഘു എന്നു വിളിച്ചു. രഘു വെറും ഒരു ആന മാത്രമായിരുന്നില്ല. മക്കളെപ്പോലെ രഘുവിനെ അവര്‍ പരിചരിച്ചു.  ഭക്ഷണം വാരിക്കൊടുത്തു, ഒപ്പം കളിച്ചു, കിടന്നുറങ്ങി അവര്‍ പരസ്പരം ഹൃദയവികാരങ്ങള്‍ കൈമാറി. കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍ പെടുന്ന ബൊമ്മനും ബെള്ളിയും തമിഴാണ് സാധാരണ സംസാരിക്കാറ്. എന്നാല്‍ ആനക്കുട്ടികളോട് സംസാരിക്കുന്നത് അവരുടെ ഗോത്രഭാഷയിലൂടെയാണ്. അവര്‍ ആദ്യം പഠിച്ചതും ചിന്തിച്ചതുമെല്ലാം ഗോത്രഭാഷയിലൂടെയാണ്. ആ ഭാഷയാണ് ആനകളുമായുള്ള ആശയവിനിമയത്തിന് ഏറ്റവും അനുയോജ്യമെന്നും അവര്‍ തിരിച്ചറിയുന്നു. ഗോത്രഭാഷയില്‍ പറയുന്നതെല്ലാം ആനക്കുട്ടികള്‍ വള്ളിപുള്ളി തെറ്റാതെ മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 2017ലാണ് മൂന്നുമാസം പ്രായമുള്ള രഘുവിനെ മുതുമലയിലെ വനപാലകര്‍ക്ക് കിട്ടുന്നത്. രഘുവിന് മൂന്ന് വയസ്സായപ്പോളാണ് അമ്മയില്ലാതായ മറ്റൊരാനക്കുട്ടിയായ അമ്മുവിനെ കിട്ടുന്നത്. 

 

elephant-three

രഘു വളര്‍ന്നപ്പോള്‍ ആനക്യാമ്പിലേക്ക് മാറ്റി. രഘുവിനെ വിട്ടുപിരിയുന്ന കാര്യം ബൊമ്മനും ബെള്ളിക്കും അലോചിക്കാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളു. രഘുവിനെ വിട്ടുപിരിയേണ്ടി വന്ന സങ്കടം നികത്തിയത് പിന്നീട് വന്ന അമ്മു ആനക്കുട്ടിയായിരുന്നു. പിന്നീട് ശ്രദ്ധമുഴുവനും അമ്മുവിലായിരുന്നു. രഘുപോയതോടെ അമ്മുവും വലിയ സങ്കടത്തിലായി. എന്നാല്‍ ബൊമ്മനും ബെള്ളിയും അമ്മുവുമടങ്ങുന്ന കുടുംബം ആ വേദന തരണം ചെയ്തു. 

 

elephant-two

ആനയുടെ അമ്മയെന്നാണ് ബെള്ളി അറിയപ്പെടുന്നത്. നാട്ടുകാര്‍ അങ്ങനെ വിളിക്കുമ്പോള്‍ മക്കളില്ലാത്ത ബെള്ളി അതില്‍ ആനന്ദംകൊള്ളുന്നു. കാടിന് നടുവിൽ ജീവിക്കുന്നവരാണ് തങ്ങളെന്ന് ബെള്ളി പറയുന്നു. കാട്ടിൽ നിന്നും ഉപജീവന മാർഗം കണ്ടെത്തുന്നു. ആവശ്യമില്ലാത്ത ഒന്നും തന്നെ കാട്ടിൽ നിന്നും എടുക്കാറില്ലെന്നും ബെള്ളി പറയുന്നു. മനുഷ്യന്റെ ഇടപെടലുകളാണ് വന്യമൃഗങ്ങളെയും മനുഷ്യനെയും ഒരുപോലെ പ്രശ്നത്തിലേക്ക് തള്ളിവിടുന്നതെന്ന് ബൊമ്മൻ പറയുന്നു. 

 

ദക്ഷിണേധ്യയിലെ തന്നെ ഏറ്റവും കൂടുതൽ വനസമ്പത്ത് നിറഞ്ഞ സ്ഥലത്താണ് ബൊമ്മന്റെയും ബെള്ളിയുടേയും ജീവിതം. കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ്, കേരളത്തിലെ വയനാട് വന്യജീവി സങ്കേതം, തമിഴ്നാട്ടിലെ മുതുമലൈ വന്യജീവി സങ്കേതം എന്നിവ പരസ്പരം അതിര് പങ്കിടുന്നു. കാടിന്റെയും കാട്ടുമൃഗങ്ങളുടെയും സ്വൈര്യജീവിതത്തിന് ഭംഗം വരുത്താതെ കഴിഞ്ഞുപോകുന്ന ഗോത്രവിഭാഗമാണ് കാട്ടുനായ്ക്കർ. വരും തലമുറയെയും ആനവളർത്തുകാരായും കാട് കാക്കുന്നവരായും കാണാനാണ് ആഗ്രഹിക്കുന്നതെന്ന് ബൊമ്മൻ പറഞ്ഞുവയ്ക്കുന്നിടത്ത് ആ സാധാരണ മനുഷ്യന്റെ പ്രകൃതിബോധം നിഴലിക്കുന്നു. 

 

കാടിന് ഇത്രമേൽ സൗന്ദര്യമുണ്ടോയെന്ന് കാർത്തികിയുടെ ഡോക്യുമെന്ററി അവസാനിക്കുമ്പോൾ ചോദിച്ചുപോകുക സ്വാഭാവികം. വർഷങ്ങൾ നീണ്ട ചിത്രീകരണത്തിലൂടെ കാടിന്റെ അഭൗമ സൗന്ദര്യം പകർത്തുന്നതിൽ കാർത്തികി വിജയം കണ്ടിരിക്കുന്നു. വേനലും മഴയും മഞ്ഞും കാട്ടുതീയും കാടിനെ എങ്ങനെയെല്ലാം മാറ്റുന്നുവെന്ന് ഓരോ ദൃശ്യങ്ങളിലൂടെയും വിവരിക്കുന്നു. ബൊമ്മന്റെയും ബെള്ളിയുടേയും ശബ്ദത്തിലൂടെ വളരെ ലളിതമായാണ് കാടിന്റെ വന്യത വിവരിക്കുന്നത്. പലയിടത്തും ദൃശ്യങ്ങൾ തന്നെയാണ് സംസാരിക്കുന്നതും.   

 

ഗുനീത്  മോങ്കയും അജിൻ ജെയ്നും ചേർന്നാണ് നിർമാണം. സഞ്ചാരി ദാസ് മൊല്ലിക്, ഡൗഗ്ലസ് ബ്ലഷ് എന്നിവരാണ് എഡിറ്റിങ്, പ്രിൻസില ഗോൻസാൽവസ് കഥ എഴുതിയിരിക്കുന്നു. കരൺ താപ്ലിയാൽ, ക്രിഷ് മഖിച, ആനന്ദ് ബൻസാൽ, കാർത്തികി ഗോൺസാൽവസ് എന്നിവർ ചേർന്ന് ക്യാമറയും നിർവഹിച്ചിരിക്കുന്നു. 

 

ബഫർ സോൺ ഉൾപ്പെടെ വനാതിർത്തി പ്രദേശങ്ങളിൽ മനുഷ്യ–വന്യമൃഗ സംഘർഷം രൂക്ഷമായിരിക്കുന്ന സമയത്താണ് കേരളത്തിന്റെ തൊട്ടടുത്തുള്ള രണ്ട് ഗോത്രവർഗക്കാരുടെ കഥ ഓസ്കർ വേദിവരെ എത്തിയത്. ഇരുവരും വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായവർ. കാടിനോട് പ്രതികാര ബുദ്ധിയോടെയുള്ള സമീപനത്തിനു പകരം അവർ വീണ്ടും കാടിനെ സ്നേഹിക്കുകയാണുണ്ടായത്. മനുഷ്യനായാലും മൃഗങ്ങളായാലും സ്നേഹത്തിന്റെ ഭാഷ പ്രകൃതിയിൽ ഒന്നുതന്നെയാണെന്ന് ഈ ദൃശങ്ങളിലൂടെ സുവ്യക്തമായി സ്ഥാപിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com