ADVERTISEMENT

മനസ്സിൽ നന്മയുള്ള കള്ളൻ മാത്തപ്പന്റെ കഥയുമായി കള്ളനും ഭഗവതിയും തീയറ്ററുകളിലെത്തി. മോഷണ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു കള്ളന്റെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങൾ നർമവും ഫാന്റസിയും മനോഹര ദൃശ്യങ്ങളും ഇമ്പമാർന്ന ഗാനങ്ങളും കൊണ്ട് മനോഹരമാക്കിയിരിക്കുന്ന സിനിമയാണിത്. ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന കള്ളനും ഭഗവതിയും കെ.വി അനിലിന്റെ നോവലായ "കള്ളനും ഭഗവതി"യെയും ആസ്പദമാക്കിയുള്ളതാണ്.

kallanum-bhagavathiyum-release

 

കൊച്ചു കൊച്ചു കളവുകൾ ചെയ്‌തെങ്കിലും കള്ളൻ എന്ന പേരിനപ്പുറം ഒന്നും നേടാൻ മാത്തപ്പൻ ഉണ്ണി എന്ന കള്ളൻ മാത്തപ്പനായിട്ടില്ല. ഗത്യന്തരമില്ലാതെ ജീവിതം അവസാനിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മാത്തപ്പൻ അവസാന ശ്രമമെന്ന നിലയിൽ അമ്പലത്തിലെ കൃഷ്ണവിഗ്രഹം മോഷ്ടിക്കാൻ തീരുമാനിക്കുന്നു.  സോമശേഖരൻ മുതലാളിക്ക് അച്ഛൻ പണയപ്പെടുത്തിയ വീട് തിരിച്ചെടുക്കാൻ നിവർത്തിയില്ലാതെ മാനം വിൽക്കാൻ തയാറായി ഒരു രാത്രി വീടുവിട്ടിറങ്ങുകയാണ് പ്രിയാമണി. കിടപ്പിലായ അമ്മയോട് കണ്ണീരോടെ യാത്രപറഞ്ഞിറങ്ങുന്ന പ്രിയയും മോഷണശ്രമത്തിനിടെ പിടിക്കപ്പെടാതിരിക്കാൻ ഓടി രക്ഷപ്പെട്ട് പള്ളിയിൽ അഭയം തേടുന്ന മാത്തപ്പനും പള്ളി സെമിത്തേരിയിൽ വച്ച് കണ്ടുമുട്ടുന്നു. ഒരുമിച്ച് ഒളിച്ചിരുന്ന രണ്ടുപേരും സ്വന്തം അവസ്ഥ പങ്കുവയ്ക്കുന്നു. പിരിയുമ്പോൾ രക്ഷപ്പെടാൻ അവസാന ശ്രമമെന്ന നിലയിൽ പ്രിയ മാത്തപ്പന് ഉപദേശിച്ചു കൊടുക്കുന്നതാണ് നദിക്ക് അക്കരെ കാടുപിടിച്ച ഗുഹാക്ഷേത്രത്തിൽ വഴിപാടും നൈവേദ്യങ്ങളുമില്ലാതെ ഉപേക്ഷിക്കപ്പെട്ട ഭഗവതിയുടെ വിഗ്രഹം മോഷ്ടിക്കാൻ. നദി നീന്തിക്കടന്ന് വിഷസർപ്പങ്ങളും കാട്ടുമൃഗങ്ങളും വസിക്കുന്ന കൊടുങ്കാട്ടിൽ നിന്ന് വിഗ്രഹം മോഷ്ടിച്ച് പുറത്തിറങ്ങിയ മാത്തപ്പനോട് ദേവി ഒന്നേ ആവശ്യപ്പെട്ടുള്ളൂ, അമ്പലത്തിലെ പുനഃപ്രതിഷ്ഠ കഴിയുന്നതുവരെ താമസിക്കാൻ ഒരിടം. പിന്നീടങ്ങോട്ട് കള്ളനും ഭഗവതിയും തമ്മിൽ അദൃശ്യമായ ഒരു ബന്ധം രൂപപ്പെടുന്നതും അത് കള്ളന്റെ ജീവിതത്തെയാകെ മാറ്റിമറിക്കുന്നതുമാണ് ചിത്രത്തിന്റെ രസതന്തു.

kallanum-bhagavathiyum-song

 

Kallanum-Bhagavathiyum

തീയറ്റർ വിട്ടിറങ്ങുന്നതുവരെ പ്രേക്ഷകനെ ഫാന്റസിയുടെ മായികതയിലേക്ക് ആവാഹിക്കാൻ സംവിധായകനും തിരക്കഥയ്ക്കുമായിട്ടുണ്ട്. സർവ്വവും നഷ്ടപ്പെട്ടവർക്ക് ഒരു കച്ചിത്തുരുമ്പായി ജീവിതത്തിൽ ചിലതുണ്ടാകും, ഒരിക്കലും പ്രതീക്ഷ കൈവിടരുത് എന്ന സന്ദേശം കൂടി ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. യുക്തിബോധത്തിന്റെ വർത്തമാനകാലത്ത് കള്ളനും ഭഗവതിയും തമ്മിലുള്ള സംഭാഷണങ്ങളും ആത്മബന്ധവുമൊക്കെ അയഥാർത്ഥമായി ചിലർക്ക് തോന്നിയേക്കാമെങ്കിലും മാത്തപ്പന്റെ നർമത്തിൽ ചോദ്യങ്ങളും ഡയലോഗും ഭഗവതിയുടെ മറുപടികളും ഏറെ ആസ്വാദ്യകരമാണ്. ഭക്തിനിർഭരമായ അന്തരീക്ഷം സൃഷ്ടിച്ച ഛായാഗ്രഹണം മനസിന് കുളിർമയും ശാന്തിയും നൽകുന്ന രഞ്ജിൻ രാജിന്റെ ഗാനങ്ങളും ശ്രദ്ധേയമാണ്.

 

കള്ളൻ മാത്തപ്പനായി വിഷ്ണു ഉണ്ണികൃഷ്ണൻ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ പ്രിയാമണിയായി എത്തിയ അനുശ്രീ തന്റെ വേഷം വളരെ മനോഹരമായി അവതരിപ്പിച്ചു.  ചിത്രത്തിലെ ഏറ്റവും സവിശേഷ സാന്നിധ്യം ഭഗവതിയായി എത്തിയ മോക്ഷയാണ്. പ്രേക്ഷകനെ രസിപ്പിച്ചും ആസ്വദിപ്പിച്ചും മനം കവർന്നും ഭക്തിയുടെ പരകോടിയിലെത്തിക്കുന്ന ഭഗവതിയുടെ വേഷത്തിൽ മോക്ഷ അതിമനോഹര പ്രകടനമാണ് കാഴ്ചവച്ചത്. ഭക്തിയില്ലാത്തവർ പോലും ഒരുവട്ടമെങ്കിലും ഒന്ന് തിരിഞ്ഞു തൊഴുതിട്ടു പോകാൻ കൊതിക്കും മോക്ഷയുടെ ഭഗവതിയെ. മാത്തപ്പന്റെ കൂട്ടുകാരനായ കള്ളനായി രാജേഷ് മാധവൻ പ്രേക്ഷകരിൽ ചിരിയുടെ വിത്തുപാകി. ഒരു സീനിൽ മാത്രം വന്ന ജോണി ആന്റണിയുടെ പൊട്ടക്കുഴി രാധാകൃഷ്ണൻ കാലികപ്രസക്തിയുള്ള, രസിപ്പിക്കുന്ന കഥാപാത്രമായിരുന്നു.  പ്രിയയുടെ അമ്മയായി മാലാ പാർവതി അച്ഛനായി ജയൻ ചേർത്തല, പള്ളീലച്ചനായി സലിം കുമാർ, പോലീസ് ഇൻസ്പെക്ടറായി പ്രേം കുമാർ, നോബിയുടെ പോലീസുകാരൻ, ശ്രീകാന്ത് മുരളി, ജയശങ്കർ തുടങ്ങി എല്ലാവരും തന്നെ കഥാപാത്രത്തോട് നീതിപുലർത്തി.

 

ദൃശ്യഭംഗിയും, ശ്രുതിമധുരമായ ഗാനങ്ങളും നർമ്മവും കൊണ്ട് പ്രേക്ഷകനെ ഫാന്റസിയുടെ മാന്ത്രികവലയത്തിൽ പൂട്ടിയിടുന്ന ഒരു കുഞ്ഞു ചിത്രമാണ് കള്ളനും ഭഗവതിയും. തൊണ്ണൂറുകളിൽ യുവഹൃദയങ്ങളെ പ്രണയത്തിലേക്ക് തള്ളിവിട്ട ഗാനങ്ങളുടെ പിന്നിൽ പ്രവർത്തിച്ച ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ കുടുംബത്തിൽ പിറവികൊണ്ട ഈ കള്ളനും ഭഗവതിയും പ്രേക്ഷകന് പുതിയൊരു അനുഭവമായിരിക്കും.

 

English Summary: Kallanum Bhagavathiyum Movie review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com