മക്കള്‍പ്പടയുടെ പോരാട്ടത്തിന്റെ വീറും വാശിയുമുള്ള വിടുതലൈ. തമിഴ്മക്കളുടെ അതിജീവനമായിരുന്നു അവരുടെ സ്വപ്‌നം. അതിനായി അവര്‍ തോക്കെടുത്തപ്പോള്‍ പൊലീസ് അവര്‍ക്ക് വിലങ്ങുമായി കാത്തിരുന്നു. പിന്നെ തുടങ്ങുകയായി മക്കള്‍പ്പടയും പൊലീസും തമ്മിലുള്ള യുദ്ധം. തമിഴ്‌നാട്ടിലെ ഒരു സാങ്കൽപിക ഗ്രാമത്തില്‍ നടക്കുന്ന കഥയില്‍ ആസ്വാദകരെ പിടിച്ചിരുത്താനുള്ള എല്ലാ കൂട്ടുകളും ഒരുക്കിയിട്ടുണ്ട്. രണ്ടു ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ആദ്യഭാഗം പ്രണയവും സസ്‌പെന്‍സും സെന്റിമെന്‍സുമൊക്കെ നിറഞ്ഞതാണ്. കഥാപശ്ചാത്തലത്തെ വിശാലമായ ക്യാന്‍വാസിലേക്ക് കൊണ്ടുപോയി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വെട്രിമാരന്‍ ശൈലി ഈ ചിത്രത്തിലും പിന്തുടര്‍ന്നിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ നിറഞ്ഞാടുന്നത് സൂരിയുടെ കുമരേശനാണ്. മുഷിപ്പിക്കാത്ത ആഖ്യാനശൈലിയും കണ്ടിറങ്ങുമ്പോള്‍ സംതൃപ്തിയും നല്‍കുന്നുണ്ട് വിടുതലൈ.
സായുധവിപ്ലവത്തിലൂടെ ഒരു നാടിന്റെ മോചനം ലക്ഷ്യം വച്ചവരാണ് മക്കള്‍പ്പട. അവര്‍ക്കു നാഥനായി വിജയ് സേതുപതിയുടെ പെരുമാള്‍ എന്ന വാധ്യാരുണ്ട്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ശബ്ദമാണ് മക്കള്‍പ്പട. പെരുമാള്‍ അതുകൊണ്ടു തന്നെ അവര്‍ക്ക് ദൈവതുല്യനും. കാടിനുള്ളിലെ ഈ ഗ്രാമം മുഴുവനും പൊലീസ് നിരീക്ഷണത്തിലാണ്. എപ്പോഴും ഗ്രാമവാസികള്‍ക്ക് നിഴലായി പൊലീസുണ്ട്. അവിടെ പൊലീസ് ഡ്രൈവറായി എത്തുന്ന കുമരേശനിലൂടെയാണ് സിനിമ ആരംഭിക്കുന്നതും വളരുന്നതും. കുമരേശന്റെ നിഷ്‌കളങ്കതയും നന്മയും അവിടെയുള്ള പൊലീസ് ജോലിയ്ക്ക് ഇണങ്ങുന്നതേ ആയിരുന്നില്ല. ഗ്രാമവാസികളെ പൊലീസ് ക്രൂരമായി മർദിക്കുമ്പോള്‍ കുമരേശന്‍ പൊട്ടിക്കരഞ്ഞു. ഇതിനിടയില്‍ അയാളുടെ പ്രണയവും ജീവിതവുമൊക്കെയായി ഒന്നാം പകുതി കടന്നു പോകുന്നു. രണ്ടാം പകുതിയോടെ സിനിമ മറ്റൊരു വഴിയിലേക്ക് സഞ്ചരിക്കുകയാണ്. പെരുമാളിന്റെ രംഗപ്രവേശവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്.
വിടുതലൈയുടെ ആദ്യ ഭാഗം എന്തായാലും സൂരിയുടെ പ്രകടനം കൊണ്ട് ആസ്വാദകരുടെ ഹൃദയം കവരുന്നതാണ്. കുമരേശന്റെ നന്മയും നിഷകളങ്കതയുമൊക്കെ സൂരി കൃത്യമായി പ്രേക്ഷകരിലേക്കു പകര്‍ന്നു. ഒപ്പം ഇളയരാജയുടെ പാട്ടുകള്‍കൂടി എത്തിയതോടെ സിനിമ അതിന്റെ സൗന്ദര്യം കൂടുതല്‍ പ്രകടമാക്കി. പതിയെ കഥ പറയുന്ന ശൈലിയാണ് സംവിധായകന്‍ ആദ്യം മുതല്‍ പിന്തുടര്‍ന്നിരിക്കുന്നത്. ഓരോ കഥാപാത്രത്തെയും കൃത്യമായി അടയാളപ്പെടുത്തിയാണ് സിനിമ മുന്നോട്ടു പോകുന്നത്.
കണ്ണുകളില്‍ പ്രണയവും സങ്കടങ്ങളും ഒതുക്കി ഗ്രാമീണ നിഷ്‌കളങ്കത നിറഞ്ഞ നായികയായി ഭവാനി ശ്രീയും നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. കുമരേശനും തമിഴരസിയും സഞ്ചരിക്കുന്ന പ്രണയവഴികള്‍ പ്രേക്ഷകരെ ആസ്വദിപ്പിക്കുമെന്നതില്‍ സംശയമില്ല. വിജയ് സേതുപതിയുടെ മാസ്സ് രംഗങ്ങളൊന്നുമില്ലെങ്കിലും ത്രില്ലടിപ്പിക്കുന്നുണ്ട്. ആര്‍. വേല്‍രാജിന്റെ ഛായാഗ്രഹണമാണ് വിടുതലൈയുടെ ഏറ്റവും വലിയ സൗന്ദര്യം. കാടും മേടുമൊക്കെ ആസ്വാദ്യമായി പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
അടിച്ചമര്‍ത്തപ്പെടുന്നവരുടെ കഥ തന്നെയാണ് വിടുതലൈ. ചിത്രത്തിന്റെ ആമുഖം മാത്രമാണ് ആദ്യഭാഗം. കുമരേശനിലൂടെ പെരുമാളിന്റെയും നാടിന്റെയും കഥ പൂര്‍ണമായും അറിയാന്‍ രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കണം.