ADVERTISEMENT

പണിയറിയാവുന്ന പണിക്കാരൻ. അയാളുടെ കയ്യിൽ അത്യാവശ്യം സ്റ്റഫ് ഉള്ള കഥയും അഭിനേതാക്കളെയും ഒരുമിച്ചു കിട്ടിയാൽ എന്തുചെയ്യും? വൃത്തിയായി ഒരു സിനിമയെടുക്കും. പ്രിയദർശൻ എന്ന സംവിധായകൻ പണിയറിയാവുന്ന പണിക്കാരനാണ്. കൊറോണ പേപ്പേഴ്സ് അത്തരമൊരു സിനിമയുമാണ്. പ്രിയദർശന്റെ പതിവു തമാശ പരിപാടികളുന്നുമില്ലാത്ത സിനിമയാണ് ‘കൊറോണ പേപ്പേഴ്സ്’. ‘ഒപ്പ’ത്തിനു ശേഷം ഒരു ത്രില്ലർ കഥ പറയുന്ന ചിത്രത്തിൽ പുതുതലമുറ അഭിനേതാക്കളെ നിരത്തി കാണികളെ ഞെട്ടിപ്പിക്കാൻ പ്രിയദർശനു കഴിയുന്നത് തഴക്കവും പഴക്കവുമുള്ളതുകൊണ്ടാണ്. കാലം മാറിയപ്പോൾ അതിനനുസരിച്ച് അപ്ഡേറ്റായ സംവിധായകനാണ് പ്രിയനെന്ന് നിസ്സംശയം പറയാം.

 

ആദ്യാവസാനം കാണികളെ പിടിച്ചിരുത്തുന്ന ത്രില്ലർ സിനിമയാണ് കൊറോണ പേപ്പേഴ്സ്. ഒരു കുറ്റകൃത്യം. അതുമായി ബന്ധപ്പെട്ടു കിടക്കുന്ന പല മനുഷ്യർ. ആ കുറ്റകൃത്യത്തിലേക്ക് ഓരോരുത്തരെയും നയിക്കുന്നതിനു പിന്നിലുള്ള കാരണങ്ങൾ. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്നതിനേക്കാൾ ഇരുണ്ട മൂഡിലുള്ള ക്രൈം ത്രില്ലർ എന്നതാണ് കൊറോണ പേപ്പേഴ്സിനു ചേർന്ന വിശേഷണം

 

ടൗൺ സ്റ്റേഷനിൽ ജോലിക്കു ചേരാനെത്തുന്ന പൊലീസുകാരൻ. തിരക്കുള്ള ബസ്സിൽവച്ച് അയാളുടെ സർവീസ് റിവോൾവർ പോക്കറ്റടിക്കപ്പെടുന്നു. ആ റിവോൾവർ അന്വേഷിച്ചു നടക്കുന്നതിനിടെ നഗരത്തെ നടുക്കിയ കുറ്റകൃത്യത്തിൽ ആ റിവോൾവർ ഉപയോഗിക്കപ്പെടുന്നു. കുറ്റകൃത്യം ചെയ്തതാരാണെന്ന് കാണികൾക്കറിയാം. അയാളിലേക്ക് പൊലീസ് എത്തിച്ചേരുമോ? കുറ്റവാളിയിലേക്ക് എത്തിച്ചേരാൻ പൊലീസ് എങ്ങനെ യാത്ര ചെയ്യുന്നു? ഈ രണ്ടു ഘടകങ്ങളിലൂടെയാണ് കഥ മുന്നോട്ടുനീങ്ങുന്നത്. ഒരു മാലയിൽ മുത്തു കോർത്തെടുക്കുന്നതുപോലെ സംഭവങ്ങളെ രസച്ചരടു പൊട്ടാതെ കൊരുത്തെടുത്തിട്ടുണ്ട്. ഒരു പാട്ടുപോലുമില്ലാതെ, ഒരിക്കൽപോലും ചിരിപ്പിക്കാൻ ശ്രമിക്കാതെ ഒരു പ്രിയദർശൻ സിനിമ ഏറെക്കാലത്തിനുശേഷമാണ് സംഭവിക്കുന്നത്.

 

വിഖ്യാത ചലച്ചിത്രകാരൻ അകിര കുറസോവ 1949ൽ നിർമിച്ച സ്ട്രേ ഡോഗ്സ് എന്ന സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊറോണ പേപ്പേഴ്സ് ഒരുക്കിയതെന്ന് സിനിമയുടെ ആദ്യം എഴുതിക്കാണിക്കുന്നുണ്ട്. ഒരു കുറ്റാന്വേഷണകഥയുടെ പശ്ചാത്തലത്തിൽ, രണ്ടാംലോകമഹായുദ്ധ കാലത്ത് ജപ്പാൻ നേരിട്ട പ്രശ്നങ്ങൾ സസൂക്ഷ്മം അവതരിപ്പിക്കാൻ കുറസോവ ശ്രമിച്ചിരുന്നു. ഇവിടെ കൊറോണക്കാലത്തിനുശേഷമുള്ള മനുഷ്യരുടെ ജീവിതരീതികളാണ് അവതരിപ്പിക്കുന്നത്. സ്ട്രേ ഡോഗ്സിനെ അവലംബമാക്കി തമിഴിലിറങ്ങിയ ‘എട്ടു തോട്ടൈകൾ’ എന്ന തമിഴ് സിനിമയെ അപേക്ഷിച്ച് കൊറോണ പേപ്പേഴ്സിനെ വ്യത്യസ്തമാക്കുന്നത് അതിൽ സംവിധായകൻ നടത്തിയ ഇത്തരം ഇടപെടലുകളും ചിത്രത്തിലുടനീളം ഒരുക്കിവച്ച സസ്പെൻസുകളുമാണ്. ‘എട്ടുതോട്ടൈകൾ’ ഒരുക്കിയ ശ്രീഗണേഷിന്റേതാണ് കൊറോണ പേപ്പേഴ്സിന്റെയും കഥ. 

  

എൺപതുകളിലെ ന്യൂജൻ താരങ്ങളെ കോമഡി ട്രാക്കിൽ അഴിച്ചുവിട്ട് ചരിത്രം സൃഷ്ടിച്ചയാളാണ് പ്രിയദർശൻ. ഈ കാലഘട്ടത്തിൽ ഷെയ്ൻ നിഗമും ഷൈൻ ടോം ചാക്കോയും മുതൽ മുതൽ ജീൻ പോൾ ലാൽ വരെയുള്ള പുതുതലമുറ താരങ്ങളെ കയ്യടക്കത്തോടെ അവതരിപ്പിച്ച് കയ്യടി നേടാൻ കൊറോണ പേപ്പേഴ്സിലൂടെ പ്രിയനു കഴിയുന്നുണ്ട്.  സിദ്ദീഖും സന്ധ്യ ഷെട്ടിയും കരുത്തുറ്റ അഭിനയവുമായി ചിത്രത്തിന്റെ നട്ടെല്ലായി മാറുന്നുമുണ്ട്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ നായികയും ജഡ്ജിയും ‘കൊറോണ പേപ്പേഴ്സി’ലും പുതിയ വേഷത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മുൻനിര താരങ്ങളുടെ അതിഥി വേഷവും സസ്പെൻസിനു ശക്തി കൂട്ടുന്നുണ്ട്. 

 

ഇരുട്ടും തവിട്ടും നിറങ്ങൾ ഇടകലർത്തിയ ഫ്രെയിമുകൾ കഥപറച്ചിലിന് ആദ്യാവസാനം മികച്ച പിന്തുണയാണ് നൽകുന്നത്. ഛായാഗ്രാഹകൻ ദിവാകർ മണിയും എഡിറ്റർ അയ്യപ്പൻ നായരും സംഗീതസംവിധായകൻ കെപിയും ഏച്ചുകെട്ടലുകളില്ലാതെ കഥ പറയുന്ന ശൈലിക്ക് കരുത്തുപകരുന്നുണ്ട്. മരക്കാർ സൃഷ്ടിച്ച ആഘാതത്തെക്കുറിച്ച് പ്രിയദർശൻ തന്നെ പരാമർശിച്ചിട്ടുണ്ട്. അതിൽനിന്നുള്ള കരുത്തുറ്റ തിരിച്ചുവരവു കൂടിയാണ് കൊറോണ പേപ്പേഴ്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com