ADVERTISEMENT

വിശ്വാസത്തിന്റെ മേമ്പൊടി ചാലിച്ച ഒരു കുഞ്ഞു ഫാന്റസി സിനിമ. ഇല്ലിക്കൽ എന്ന സ്ഥലത്തു ജീവിക്കുന്ന സജിമോൾ എന്ന വിശ്വാസിയായ പെൺകുട്ടിയുടെ ജീവിതത്തിലേക്ക് അങ്ങു ഫ്രാൻസിലെ മോണ്ട്പില്യറിൽനിന്ന് വന്നുചേരുന്ന റോക്കി പുണ്യാളൻ നടത്തുന്ന ഇടപെടലുകളാണ് ഗോഡ്ഫി സേവ്യർ ബാബു എന്ന പുതുമുഖ സംവിധായകൻ തന്റെ ആദ്യ സിനിമയായ ‘എന്താടാ സജി’യിൽ പറയുന്നത്.

നിവേദ തോമസാണ് ടൈറ്റിൽ കഥാപാത്രമായ സജിയായെത്തുന്നത്. റോമൻസിനുശേഷം കുഞ്ചാക്കോ ബോബനും നിവേദ തോമസും പ്രധാന കഥാപാത്രങ്ങളായെത്തുന്നു, ഏറെക്കാലത്തിനുശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്നു തുടങ്ങിയ അനേകം പ്രത്യേകതകളുണ്ട് സിനിമയ്ക്ക്. എന്നാൽ ആദ്യാവസാനം നിവേദ തോമസിന്റെ എനർജറ്റിക് പെർഫോമൻസിലാണ് സിനിമ പിടിച്ചുനിൽക്കുന്നത്.

രണ്ടു മണിക്കൂർ മൂന്ന് മിനിറ്റു മാത്രമുള്ള ഈ കുഞ്ഞുസിനിമ പരമാവധി കയ്യടക്കത്തോടെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയ ലൊക്കേഷനുകൾ, വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ എന്നിങ്ങനെ വളരെ മനോഹരമായി കുഞ്ഞുകുഞ്ഞു കാര്യങ്ങളെ ചേർത്തുവയ്ക്കാനാണ് സംവിധായകന്റെ ശ്രമം. അത്യാവശ്യം മടിച്ചിയായ സജിമോൾ മനസ്സമ്മതം കഴിഞ്ഞു കല്യാണം മുടങ്ങിയതിന്റെ പേരിൽ വീട്ടിലും നാട്ടിലുമുള്ളവരുടെ ചോദ്യം കേട്ട് മനസ്സമാധാനമില്ലാതെ ചുറ്റിത്തിരിയുകയാണ്. അവളുടെ ജീവിതത്തിലേക്ക് ഒരു പ്രണയം കടന്നുവരുന്നു. ആ പ്രണയത്തിനു വഴികാട്ടിയായി റോക്കി പുണ്യാളനും വന്നുചേരുന്നു. പ്രാഞ്ചിയേട്ടനിലെ സെന്റ് ഫ്രാൻസിസിനെപ്പോലെ അരങ്ങു തകർക്കുന്നില്ലെങ്കിലും മറ്റു പുണ്യാളൻമാരുടെ കൂടെ വൺഡേ ട്രിപ്പൊക്കെ പോവുന്ന ഫൺ മൂഡിലുള്ള റോക്കി പുണ്യാളനായി കുഞ്ചാക്കോ ബോബൻ മിന്നിച്ചിട്ടുണ്ട്. ജയസൂര്യയും അതിഥിവേഷത്തിലാണ്.

ആദ്യപകുതിയിൽ പ്രണയത്തിലേക്കുള്ള യാത്രയാണ് പറയുന്നത്. എന്നാൽ ഒരു പൊടിക്ക് ത്രില്ലർ സ്വഭാവമുള്ള രണ്ടാംപകുതിയാണ് ചിത്രത്തിന്റേത്. പുതുമകൾ അവകാശപ്പെടാനില്ലാത്ത കഥയാണ്. ഇടയ്ക്കിടെ വന്നുപോവുന്ന ഉപദേശങ്ങൾ സിനിമയുടെ ഒഴുക്കിന് വല്ലപ്പോഴും തടയിടുന്നുണ്ട്. പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകളോ കോമഡികളോ ഇല്ല. പള്ളിയും വിശ്വാസികളും ഉൾപ്പെടുന്ന സമൂഹത്തിൽ സംഭവിക്കുന്ന തമാശകൾ ഇതിനുപുറത്തുള്ള പ്രേക്ഷകർ എങ്ങനെ ആസ്വദിക്കുമെന്നതും സംശയമാണ്. എന്നാൽ ഇത്തരം വെല്ലുവിളികളെയെല്ലാം മേക്കിങ്ങിലെ മികവു കൊണ്ടു മറികടക്കാൻ സംവിധായകനു കഴിയുന്നുമുണ്ട്.

രാജേഷ് ശർമ, സിദ്ധാർഥ് ശിവ, ശ്രീജിത് രവി, സെന്തിൽ കൃഷ്ണ, ആര്യ തുടങ്ങിയ താരനിരയ്ക്കൊപ്പം പ്രയാഗാ മാർട്ടിനും ചിത്രത്തിൽ മികച്ച പ്രകടനവുമായെത്തുന്നുണ്ട്. ജിത്തു ദാമോദറിന്റെ ക്യാമറയും വില്യം ഫ്രാൻസിസിന്റെയും ജേക്സ് ബിജോയിയുടെയും സംഗീതവുമൊക്കെ ചിത്രത്തിന്റെ മൂഡ് സെറ്റു ചെയ്യാൻ കാര്യമായി സഹായിക്കുന്നുണ്ട്. അവധിക്കാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും തിയറ്ററിലെത്തി ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ ഒരുക്കിയ ‘കൊച്ചു ഫൺ എന്റർടെയ്നർ’ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com