ADVERTISEMENT

കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രമാണ് ബി 32 മുതൽ 44 വരെ. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പെണ്ണുടലിന്റെ, പ്രത്യേകിച്ചു മാറിടത്തിന്റെ രാഷ്ട്രീയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. സ്ത്രീയെ വർണിക്കാനും ഉപഭോഗ വസ്തുവാക്കാനും ഏറ്റവുമധികം വർണിക്കപ്പെട്ട അവയവമാണ് മാറിടം. എന്നാൽ സ്ത്രീകളുടെ കാഴ്ചപ്പാടിൽ മാറിടവും അതുകൊണ്ട് നേരിടേണ്ടിവരുന്ന പ്രതിസന്ധികളും ഒരിക്കലും ചർച്ച ചെയ്തു കണ്ടിട്ടില്ല. സ്ത്രീപക്ഷ സിനിമകൾ അനവധി വന്നിട്ടുണ്ടെങ്കിലും ഒരു സംവിധായിക തന്നെ പെണ്ണുടലിന്റെ പ്രശ്നങ്ങൾ സിനിമയിലേക്ക് ആവാഹിച്ചപ്പോൾ അത് വേറിട്ടൊരു അനുഭവമാകുന്നു. സ്ത്രീയുടലിൽ തളയ്ക്കപ്പെട്ട പുരുഷന്മാരെക്കൂടി ചേർത്തുപിടിക്കുകയാണ് ശ്രുതി എന്ന ഈ നവാഗത സംവിധായിക.

പല ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മാലിനി, ഇമാൻ, സിയ, നിധി, ജയ, റേച്ചൽ എന്നിങ്ങനെ ആറു സ്ത്രീകളിലൂടെയും അവരുമായി ബന്ധമുള്ള പുരുഷന്മാരിലൂടെയുമാണ് ബി 32 മുതൽ 44 വരെ യാത്ര ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ആറു സ്ത്രീകളുടെയും ബ്രാ സൈസ് പലതാണ്. കാൻസർ മൂലം മാറിടം ഒരു ഭാരമാകുമ്പോൾ അത് ഒഴിവാക്കാൻ വിധിക്കപ്പെട്ടവളാണ് മാലിനി. രണ്ടു മാറിടങ്ങളും നഷ്ടപ്പെട്ട മാലിനിയുടെ ഭർത്താവിന്റെ പെരുമാറ്റം അവരുടെ വിവാഹബന്ധത്തെത്തന്നെ തകർക്കുകയാണ്. പെണ്ണുടലിൽ ജീവിക്കുന്ന ആണായ സിയയ്‌ക്കും മാറിടം ഭാരമാണ്. പ്ലസ് ടു വിദ്യാർഥിക്കു പോലും കയറിപ്പിടിക്കാൻ തോന്നുന്ന മാറിടം ഒളിപ്പിക്കാനുള്ള പഴുതു തേടുമ്പോൾ, റൂം മേറ്റ് ആയ ഇമാൻ എന്ന പെൺകുട്ടി മാറിടത്തിനു വലിപ്പമില്ലാത്തതിന്റെ വേദനയിലാണ്.  

ഹോട്ടൽ റിസപ്‌ഷനിസ്റ്റായ ഇമാൻ ആകർഷണീയതയില്ലാത്തതിന്റെ പേരിൽ അർഹതപ്പെട്ട സ്ഥാനത്തുനിന്ന് പിന്തള്ളപ്പെടുന്നുണ്ട്.  സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ തള്ളപ്പെട്ട് ഒരു നേരത്തെ അന്നത്തിനായി വീട്ടുജോലിക്കു പോകുന്ന ജയയ്ക്കും പറയാനുണ്ട് മാറിടത്തിന്റെ രാഷ്ട്രീയം. അവളുടെ മാറിടം ഉപഭോഗവസ്തുവാക്കപ്പെടുമ്പോൾ വീട്ടിൽ അടുപ്പെരിയുന്ന ആനന്ദത്തിനൊപ്പം പാവപ്പെട്ട സ്ത്രീകൾ മോഡലിങ്ങിലേക്ക് തിരിയുമ്പോൾ അനുഭവിക്കുന്ന സദാചാര പ്രശ്നങ്ങൾ അവളെ പൊള്ളിക്കുകയും ചെയ്യുന്നു. ചുണ്ടിൽനിന്ന് പാൽമണം മാറുന്നതിനു മുൻപേ ഒരു കുഞ്ഞിനു ജന്മം നൽകേണ്ടിവരുന്ന നിധി ഒരിറ്റ് പാൽ സ്വന്തം കുഞ്ഞിന് ഇറ്റിച്ചുകൊടുക്കാൻ കഴിയാത്ത നിസ്സഹായതയിലാണ്. വയലേഷൻ എന്നതിന്റെ അർഥം എന്തെന്നെറിയാമോ എന്ന ഒറ്റച്ചോദ്യത്തിൽ റേച്ചൽ ലൈംഗികാക്രമണം നേരിടുന്ന സ്ത്രീകളുടെ ശബ്ദമായി മാറുകയാണ്.

ആറു സ്ത്രീകളിലൂടെ, ലോകത്തെ മുഴുവൻ സ്ത്രീകളും അനുഭവിക്കുന്ന ചൂഷണങ്ങൾ ഒരൊറ്റ ഫ്രെയിമിൽ കൊണ്ടുവരികയാണ് ശ്രുതി എന്ന സംവിധായിക ചെയ്തത്. രമ്യ നമ്പീശന്റെ മാലിനി ഏതു പെൺകുട്ടിക്കും പാഠമാകാനുതകുന്ന ശക്തമായ സ്ത്രീബിംബമാണ്. അനാർക്കലി മരക്കാരുടെ സിയ അരികുവൽക്കരിക്കപ്പെടുന്ന ട്രാൻസ് വ്യക്തിത്വങ്ങളുടെ പ്രതിനിധിയാണ്. അനാർക്കലി മികച്ച രീതിയിൽ ആ കഥാപാത്രത്തെ കൈകാര്യം ചെയ്തു. രമ്യയും അനാർക്കലിയുമൊഴിച്ചാൽ പ്രധാന കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണ്. ഇമാൻ ആയ സറിൻ ഷിഹാബ്, ജയയായി അസാമാന്യ പ്രകടനം കാഴ്ചവച്ച അശ്വതി, നിധി ആയി വിസ്മയിപ്പിച്ച റെയ്‌ന രാധാകൃഷ്ണൻ, റേച്ചൽ ആയി എത്തിയ കൃഷ്ണ കുറുപ്പ് എന്നിവർ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അവർക്കു മാത്രമേ മനസ്സിലാകൂ എന്നത് വെളിപ്പെടുന്ന പ്രകടനമാണ് അഭിനേതാക്കളെല്ലാം കാഴ്ചവച്ചത്.

നിസ്സഹായതയുടെ ആഴങ്ങളിൽ പതിക്കുമ്പോഴും ശക്തിയുടെ ആൾരൂപമായ മറ്റു ചില സ്ത്രീ കഥാപാത്രങ്ങളൂം ചിത്രത്തിലുണ്ട്. സജിതാ മഠത്തിൽ അവതരിപ്പിച്ച, റേച്ചലിന്റെ അമ്മ ആശ്വാസത്തിന്റെ ഒരു നീർച്ചാലാണ്. ജയയുടെ അമ്മായിഅമ്മ എല്ലാ അമ്മായിഅമ്മമാരും മാതൃകയാക്കേണ്ട കഥാപാത്രമാണ്. നിധിയുടെ അച്ഛനും അമ്മയും പൊള്ളയായ സോഷ്യൽ സ്റ്റാറ്റസിന്റെ ഇരകളാകുന്നു. പൊലീസും കോടതിയും പോലെ ഉള്ള സ്ഥാപനങ്ങൾ പോലും അങ്ങേയറ്റം മനുഷ്യത്വരഹിതമായി സ്ത്രീകളോടും ട്രാൻസ്‌ വ്യക്തികളോടും പെരുമാറുന്നത് വളരെ ധൈര്യപൂർവം ശ്രുതി ഈ ചിത്രത്തിൽ വരച്ചിടുന്നുണ്ട്. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന അനീതികൾ, ഉടലിന്റെ രാഷ്‌ടീയം തുടങ്ങിയവ വളരെ വ്യക്തമായി പ്രതിപാദിക്കുന്ന ബി 32 മുതൽ 44 വരെ മലയാളികളുടെ സൗന്ദര്യ സങ്കൽപത്തെ ഉടലോടെ പൊളിച്ചു കളയുന്ന ചിത്രം കൂടിയാണ്.

ബി 32 മുതൽ 44 വരെ എന്ന സിനിമ പറയുന്നത് സ്ത്രീശരീരത്തിന്റെ രാഷ്ട്രീയം മാത്രമല്ല, നമ്മുടെ നാടിന്റെ ഒന്നാകെയുള്ള മാനസികാവസ്ഥയുടെ രാഷ്ട്രീയം കൂടിയാണ്. സെക്സ് എന്തെന്നും ജെൻഡർ എന്തെന്നും ട്രാൻസ് എന്തെന്നും ഇനിയും തിരിച്ചറിവില്ലാത്ത സമൂഹത്തിൽ പുതിയ തലമുറയുടെ ജെൻഡർ അവബോധത്തെക്കൂടി ശ്രുതി ശരണ്യം വരച്ചിടുന്നുണ്ട്. എന്താണ് ലിംഗ പദവി എന്ന ചോദ്യത്തിന് പുതിയ തലമുറയിൽനിന്നു കിട്ടുന്ന ഉത്തരം പ്രേക്ഷകരെ ഒന്നാകെ അസ്വസ്ഥമാക്കുന്നുണ്ട്.  സിനിമ ആരംഭിക്കുന്നതും അവസാനിക്കുന്നതും പുതിയ തലമുറയുടെ ജെൻഡർ അവബോധത്തെ സംബന്ധിച്ച ഭീതിദമായ ചിത്രങ്ങളോടെയാണ്. അതുകൊണ്ടുതന്നെ സ്ത്രീകളും പുരുഷന്മാരും ഒന്നടങ്കം ഈ സിനിമ കാണേണ്ടതുതന്നെയാണ്.  ഒരു സ്ത്രീശരീരത്തിന്റെ അളവുകൾ ആ സ്ത്രീയെ മാത്രമല്ല പൊതു സമൂഹത്തെയും വിലയിരുത്തൻ കഴിയുന്ന ഒന്നായി മാറുന്നു എന്നും സ്ത്രീവിമോചനം എന്നത് പുരുഷനിൽ നിന്നുള്ള മോചനമല്ല മറിച്ച് ഇത്തരം ചിന്തകളിൽ നിന്നുള്ള സമൂഹത്തിന്റെ വിമോചനമാണ് എന്നും ശ്രുതി ശരണ്യം ഈ  ചിത്രത്തിലൂടെ വ്യക്തമായി പറഞ്ഞു വയ്ക്കുന്നുണ്ട്. ശ്രുതി തന്നെ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന് മനോഹരമായ സംഗീതം പകർന്നത് സുദീപ് പലനാടും ഛായാഗ്രഹണം നിർവഹിച്ചത് സുദീപ് ഇളമണ്ണുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com