ADVERTISEMENT

സ്കൂള്‍ ഓർമകളിൽ മനസ്സില‍െന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന ദിവസമാണ് സെന്റ് ഓഫ് ഡേ. പല സൗഹൃദങ്ങളും പ്രണയങ്ങളും ഉണ്ടാകുന്നതു തന്നെ ആ ദിവസത്തിൽ നിന്നാണ്. കലാലയ ജീവിതത്തിലെ ഈ വേർപിരിയല്‍ ദിവസം എല്ലാവരുടെയും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്ന ഓർമയായിരിക്കും. അങ്ങനെയൊരു പ്ലസ് ടു സ്കൂൾ ജീവിതത്തിന്റെ അവസാന ദിവസത്തെ കഥയുമായാണ് ‘ഉസ്കൂൾ’ വരുന്നത്. രണ്ടു സ്കൂൾ വിദ്യാർഥികൾ അവരുടെ പ്രണയം തുറന്നു പറയാൻ തീരുമാനിക്കുകയും അത് പറഞ്ഞതിന് ശേഷമുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. കൗമാര പ്രണയത്തെ നർമ മുഹൂർത്തങ്ങലൂടെ ആവിഷ്കരിക്കുന്ന ഉസ്കൂൾ ഒരു റൊമാന്റിക് കോമഡി സിനിമയാണ്. 

 

സുബോധും കൂട്ടുകാരനായ ചാൾസും സഹപാഠികളായ കല്യാണിയോടും അഖിലയോടും പ്രണയം തുറന്നു പറയാൻ തീരുമാനിക്കുന്നു. എന്നാൽ ആ തുറന്നുപറച്ചിലിൽ ചില അപ്രതീക്ഷിത തിരിച്ചടികളാണ് അവർക്ക് നേരിടേണ്ടി വന്നത്. അതാണ് സിനിമയുടെ സസ്പെൻസ്. ആ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള ഇരുവരുടെയും ഓട്ടമാണ് ഈ സിനിമ. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കണ്ണൂരാണ് സിനിമയുടെ പശ്ചാത്തലമെങ്കിലും മലബാർ ഭാഷയാണ് സിനിമയിൽ പറയുന്നത്.

 

സദാചാര വടി കൊണ്ട് പുതു തലമുറയെ കൈകാര്യം ചെയ്യാൻ കഷ്ടപ്പെടുന്ന അധ്യാപകരുടെ കൂടി കഥയാണ് ഉസ്കൂൾ. ശ്രീകാന്ത് വെട്ടിയാരുടെ അധ്യാപക വേഷം പ്രേക്ഷകരിൽ ചിരിപൊട്ടിക്കും. ഇന്നത്തെ പുതുതലമുറയുടെ സ്കൂൾ ജീവിതത്തിന്റെ മാറ്റങ്ങളും അധ്യാപകർ നേരിടുന്ന വെല്ലുവിളികളുമൊക്കെ കൃത്യമായി തന്നെ ആവിഷ്കരിക്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ലഹരി പോലുള്ള വിഷയങ്ങളെക്കുറിച്ചല്ല സിനിമയുടെ പ്രമേയം ചർച്ച ചെയ്യുന്നത്. അതിനൊപ്പം വളരെ ഗൗരവതരമായ വിഷയങ്ങളെക്കുറിച്ച് ചിത്രം ആഴത്തിൽ പറഞ്ഞുപോകുന്നുണ്ട്. 

 

പുതുമുഖങ്ങളെ വച്ച് ഇങ്ങനെയൊരു ശക്തമായ പ്രമേയം അവതരിപ്പിക്കാൻ സംവിധായകൻ കാണിച്ച ധൈര്യം അഭിനന്ദനീയമാണ്. ഏറെ പ്രസക്തമായ വിഷയമാണ് സിനിമയുടേത്. അതിനോട് തികച്ചും നീതി പുലർത്തുന്ന മേക്കിങ് ശൈലിയാണ് സിനിമയുടേതും.

 

സ്വനം എന്ന ചിത്രത്തിന് 2016 ൽ ഏറ്റവും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച അഭിനന്ദ്, സ്കൂൾ കലോത്സവങ്ങളിൽ നാടകത്തിൽ അഭിനയിച്ച് സംസ്ഥാന നാടക മത്സരത്തിൽ അവാർഡ് ലഭിച്ച അഭിജിത്ത് എന്നീ കുട്ടികളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരോടൊപ്പം ഓഡിഷൻ നടത്തി പലയിടങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത നിരഞ്ജൻ, അർച്ചന വിനോദ്, പ്രിയനന്ദ, ഗൗരി തുടങ്ങി നിരവധി കുട്ടികളും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ശ്രീകാന്ത് വെട്ടിയാർ, ലാലി പി.എം., ലിതിലാൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

 

ഷഹബാസ് അമൻ, സാമുവൽ എബി എന്നിവരുടെ സംഗീതം ചിത്രത്തോട് ചേർന്നുനിന്നു. പ്രസൂൺ പ്രഭാകറിന്റെ ഛായാഗ്രഹണവും നീതി പുലർത്തി. ബോധി മൂവി വർക്സിന്റെ ബാനറിൽ ബീബു പരങ്ങേൻ, ജയകുമാർ തെക്കേകൊട്ടാരത്ത്, ബെൻസിൻ ഓമന, കെ.വി. പ്രകാശ്, പി.എം. തോമസ്കുട്ടി എന്നിവർ ചേർന്നാണ് ഉസ്കൂൾ നിർമിച്ചിരിക്കുന്നത്. കുട്ടികളെയും കൂട്ടി കുടുംബത്തിനൊപ്പം ആസ്വദിച്ചു കാണാൻ പറ്റുന്ന ഒരു മനോഹര സിനിമയാണ് ഉസ്കൂൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com