ADVERTISEMENT

മലബാറിന്റെ ആത്മാവായ നല്ല നാടന്‍മാപ്പിള പാട്ട്. റിലീസിനു മുമ്പേ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞ ആ പാട്ടുകളെ പോലെ തന്നെ മനസ്സില്‍ സ്നേഹം നിറയ്ക്കുകയാണ് ‘സുലൈഖ മന്‍സിലും’. മലബാറിലെ രണ്ട് മുസ്‌ലിം വീട്ടിലെ കല്യാണ കാഴ്ചകള്‍, തിരൂരിന്റെ ഗ്രാമഭംഗി, കേട്ട് പരിചയിച്ചവരും കണ്ടുപരിചയിച്ചവരുമായ ഒരു കൂട്ടം മനുഷ്യര്‍,,.ഇതെല്ലാമായി നല്ല ബിരിയാണി മണമുള്ള മൊഞ്ച് നിറയ്ക്കുകയാണ് പെരുന്നാള്‍ റിലീസായി എത്തിയ ഈ അഷ്റഫ് ഹംസ ചിത്രം. 

മലബാറിലെ ഒരു മുസ്‌ലിം കുടുംബം. ആ കുടുംബത്തിലെ മൂന്ന് ആങ്ങളമാരുടെ പെങ്ങള്‍. കാത്തിരുന്നു വന്ന പെങ്ങളുടെ കല്യാണം ആഘോഷമാക്കുന്ന കുടുംബം. ഒറ്റ വാക്കില്‍ സുലൈഖ മന്‍സില്‍ എന്ന സിനിമ ഇതാണ്. പക്ഷേ ആ കല്യാണക്കാഴ്ചകള്‍ക്കപ്പുറം  ഒരുപാട് ചിന്തിക്കാന്‍ പ്രേക്ഷകര്‍ക്കായി നല്‍കുന്നുണ്ട് അഷ്റഫ് ഹംസ എന്ന സംവിധായകന്‍. ‘തമാശ’, ‘ഭീമന്‍റെ വഴി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഷ്റഫ് പ്രേക്ഷകര്‍ക്ക് കരുതിവച്ചതും ഒരു നല്ല സിനിമയാണ്. 

 

ഒരു മുന്‍പരിചയവുമില്ലാത്ത ഹാലയും അമീനും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ ഉറപ്പിക്കുന്നു. പരസ്പരം മനസ്സിലാക്കാതെ വീട്ടുകാരുടെ സമ്മതത്തിനു വഴങ്ങി രണ്ടുപേരും കല്യാണത്തിനൊരുങ്ങുന്നു. നിക്കാഹിന്റെ തലേദിവസം മുതല്‍ രണ്ടുപേരും അനുഭവിക്കുന്ന ആത്മസംഘർഷങ്ങളും കടന്നുപോകുന്ന സാഹചര്യങ്ങളും രണ്ടു വീട്ടിലെ കല്യാണ ഒരുക്കങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. വിവാഹ ജീവിതത്തില്‍ പരസ്പര സ്നേഹത്തിനും വിശ്വാസത്തിനും എത്രത്തോളം പങ്കുണ്ടെന്നും എല്ലാവരുടെ സന്തോഷത്തിനും അതിന്റേതായ വിലയുണ്ടെന്നും പറയാതെ പറയുകയാണ് സിനിമ. 

 

ഹാലയായി അനാര്‍ക്കലി മരയ്ക്കാറും അമീനായി ലുക്ക്മാനുമാണ് എത്തുന്നത്. വിവാഹത്തിന്റെ ത്രില്ല് ഒട്ടുമില്ലാതെ വീട്ടുകാരുടെ സമ്മതത്തിനു വഴങ്ങി കല്യാണത്തിനൊരുങ്ങുന്ന ഹാലയായി മികച്ച പ്രകടനമാണ് അനാര്‍ക്കലി മരയ്ക്കാര്‍ കാഴ്ചവച്ചത്. നിസ്സഹായതയും സന്തോഷവും  അല്‍പം ആത്മവിശ്വാസക്കുറവുമുള്ള കഥാപാത്രം തന്മയത്വത്തോടെയാണ് അനാര്‍ക്കലി അഭിനയിച്ചത്. അമീനായെത്തിയ ലുക്ക്മാനും മികച്ചു നിന്നു.

 

ഹാലയുടെ സഹോദരന്റെ വേഷം ചെയ്ത ചെമ്പന്‍ വിനോദിന്‍റെ പ്രകടനവും മികവേറിയതായിരുന്നു. സഹോദരനോട് മിണ്ടാതിരിക്കുന്ന സഹോദരിയും, അവസാനം പരസ്പരം കെട്ടിപ്പിടിച്ച് കരയുന്ന സഹോദരനും സഹോദരിയുമെല്ലാം സിനിമയിലെ മികച്ച കാഴ്ചകളാണ്. ചെറിയ ഭാഗത്താണെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കുന്നുണ്ട് ശബരീഷ് വര്‍മയും അര്‍ച്ചന പത്മിനിയും. അവരുടെ പരസ്പര സ്നേഹവും മനസ്സിന് കുളിര്‍മയേകുന്നു.  

 

സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് പാട്ടുകള്‍ തന്നെയാണ്. മലബാറിലെ ഓരോ കല്യാണ വീട്ടിലെയും പള്‍സറിഞ്ഞ മാപ്പിള ഗാനങ്ങളാണ് സിനിമയ്ക്ക് മികവ് നല്‍കിയത്. വിഷ്ണു വിജയ്‌യുടെ സംഗീതമാണ് സിനിമയുടെ ആത്മാവ്. വിവാഹ വീട്ടിലെ കാഴ്ചകള്‍ അതിമനോഹരമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഛായാഗ്രാഹകന്‍ സമീര്‍ കാരാട്ടിന് സാധിച്ചു. സ്വന്തം കല്യാണ വീട് പോലെ സിനിമയിലേക്കിറങ്ങിച്ചെല്ലാന്‍ പ്രേക്ഷകരെ ക്ഷണിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് സംവിധായകനും ആവിഷ്കരിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ നല്ല മധുരമുള്ള സുലൈമാനി കുടിച്ച് കല്യാണം കൂടിയിറങ്ങിയ പ്രതീതിയാണ് സുലൈഖ മന്‍സില്‍. കാണാം മനസ്സ് നിറയ്ക്കാം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com