ഒരു റോ ചീഫും റോ ഏജന്റും തമ്മിലുള്ള മാനസിക ബന്ധത്തിന്റെയും പ്രഫഷനൽ ബന്ധത്തിന്റെയും ശീതസമരത്തിന്റെ കഥപറയുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ഏജന്റ്. മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും പ്രധാന വേഷത്തിലെത്തുന്ന ഈ സ്പൈ ആക്‌ഷൻ ത്രില്ലറിന്റെ രചനയും സംവിധാനവും നിർവഹിച്ചത് സുരേന്ദർ റെഡ്ഢിയാണ്. ചെകുത്താൻ എന്ന വിളിപ്പേരുള്ള റോ ചീഫ് മഹാദേവൻ, ഗോഡ് എന്ന് വിളിക്കുന്ന ഒരു ക്രിമിനൽ നയിക്കുന്ന ഇന്റർനാഷനൽ സിൻഡിക്കേറ്റിനെ നേരിടാനുള്ള ഒരു പ്രത്യേക നിയോഗത്തിലാണ്.
ഗോഡിനെ വരുതിയിലാക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പരാജയപ്പെട്ട മഹാദേവന്റെ മുന്നിലേക്കാണ് ജീവിതത്തിൽ അച്ചടക്കമെന്തെന്നറിയാത്ത എന്നാൽ റോയിൽ ഏജന്റ് ആകാൻ ആഗ്രഹിക്കുന്ന രാമകൃഷ്ണ എന്ന റിക്കി എത്തിയത്. ഒരു ഹാക്കറായ റിക്കി സ്വയം വിളിക്കുന്നത് തന്നെ വൈൽഡ് സ്പൈ എന്നാണ്. റോ ചീഫ് മഹാദേവന്റെ ശ്രദ്ധ ആകർഷിക്കാനായി റിക്കി പല തന്ത്രങ്ങളും പ്രയോഗിക്കുന്നു. ഒടുവിൽ റിക്കിയുടെ കൗശലത്തിൽ മഹാദേവൻ വീഴുകയും അവർ തമ്മിൽ അതിശയകരമായ ഒരു ആത്മബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. ദൈവം എന്ന വിളിപ്പേരുള്ള ചെകുത്താനെപ്പിടിക്കാൻ റിക്കിയെത്തന്നെ ചുമതല ഏൽപ്പിക്കുകയാണ് പിന്നീട് ചീഫ്. പക്ഷേ റിക്കി അവൻ പോലും അറിയാതെ ദൈവത്തിന്റെ ദാസനാകുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത്. ദൈവം ചെകുത്താനെ കീഴ്പ്പെടുത്തുമോ അതോ മറിച്ചു സംഭവിക്കുമോ എന്ന പ്രേക്ഷകരുടെ ആകാംഷയാണ് ഏജന്റിന്റെ കാതൽ.
റോ ചീഫ് മഹാദേവനായി മമ്മൂട്ടിയാണ് ചിത്രത്തിലെത്തിയത്. ഏറെ കാലത്തിനു ശേഷം ചെയ്ത ആക്‌ഷൻ ത്രില്ലർ രംഗങ്ങൾ മമ്മൂട്ടി കയ്യടക്കത്തോടെ ചെയ്തത് പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിച്ചു. ഇരട്ട വ്യക്തിത്വമുള്ള റിക്കി എന്ന കഥാപാത്രമായി അഖിൽ അക്കിനേനി മികച്ച പ്രകടനം കാഴ്ചവച്ചു. ആക്‌ഷൻ രംഗങ്ങളിലും നൃത്ത രംഗങ്ങളിലും പ്രേക്ഷകരുടെ മനസ്സ് കയ്യടക്കുന്ന ചടുലമായ ശരീരഭാഷ്യമാണ് അഖിലിന്റേത്. ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ നടത്തിയത്. അഖിലിന്റെ പ്രണയിനിയായി എത്തിയ സാക്ഷി വൈദ്യ ഒരു സുന്ദരകാഴ്ചയായിരുന്നെങ്കിലും ചിത്രത്തിൽ കാര്യമായിട്ടൊന്നും ചെയ്യാനുണ്ടായില്ല. മോഡലും നടനുമായ ഡിനോ മോറിയ ഒരു മാഫിയ ഡോണായി മികവ് പുലർത്തി.
ഹിപ്ഹോപ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഏജന്റിന് ഛായാഗ്രഹണം നിർവഹിച്ചത് റസൂൽ എല്ലോർ ആണ്. ദേശീയ അവാർഡ് ജേതാവായ നവീൻ നൂലിയാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത്. റോ ചീഫായി മമ്മൂട്ടിയുടെ പക്വതയാർന്ന പ്രകടനവും അഖിലിന്റെ കഠിനാധ്വാനവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടി തന്നെയാണ് തെലുങ്കിലും ശബ്ദം കൊടുത്തിരിക്കുന്നത്.
ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഒരു നല്ല വിരുന്നുതന്നെയാണ് സുരേന്ദർ റെഡ്ഢി ഒരുക്കിയിരിക്കുന്നത്. മനോഹരമായ സ്റ്റണ്ട് കൊറിയോഗ്രഫിയും അസാധാരണ ട്വിസ്റ്റുകളും കൊണ്ട് സമ്പന്നമായ ഏജന്റ് സുരേന്ദർ റെഡ്ഡിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറിയേക്കും.