കാവ്യത്തലൈവനാണ് താനെന്ന് മണിരത്നം അടിവരയിട്ടു പറയുകയാണ്. ഇതാ ഒരു സ്വപ്നം സിനിമയായിരിക്കുന്നു. മെഗാതാരങ്ങൾ സ്ക്രീനിൽ നിരന്നുനിന്നിട്ടുപോലും കാണികൾ കഥയ്ക്കൊപ്പം, കഥാസന്ദർഭങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോഴാണ് ആ സിനിമ സംവിധായകന്റെ സിനിമയായി മാറുന്നത്. കൽക്കിയുടെ ഇതിഹാസനോവലിനെ വെള്ളിത്തിരയിലേക്കു പകർത്തിയ പൊന്നിയിൻ സെൽവൻ സിനിമയുടെ രണ്ടാം ഭാഗവും ഒരു ഇതിഹാസമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. തമിഴിൽ, തെന്നിന്ത്യയിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു ചിത്രമെന്ന് നിസ്സംശയം പറയാം.

കിരീടം രാജ്യം, അധികാരം... ഇവയെല്ലാം കയ്യിലുണ്ടായിട്ടും നിസ്സഹായതയോടെ പോരാടേണ്ടിവരുന്ന ഒരു കൂട്ടം മനുഷ്യരെ നിരത്തിനിർത്തിയിരിക്കുകയാണ് മണിരത്നം. ആദിത്യ കരികാലന്റെയും സുന്ദരചോളന്റെയും വന്ദിയതേവന്റെയും കുന്ദവൈയുടെയും അരുൺമൊഴിയുടെയും നിസ്സഹായതകൾ. എന്നാൽ നന്ദിനിയിലൂടെയാണ് പൊന്നിയിൻ സെൽവൻ 2 വികസിക്കുന്നത്. നന്ദിനിയുടെ നിസ്സഹായത. നന്ദിനിയുടെ അനാഥത്വം. നന്ദിനിയുടെ പ്രണയം. നന്ദിനിയുടെ പക..മറ്റൊരാളെക്കുറിച്ച് ചിന്തിക്കാൻപോലും സാധിക്കാത്ത തരത്തിൽ ഐശ്വര റായ് നന്ദിനിയെ അനശ്വരമാക്കി മാറ്റുകയാണ്. ആദിത്യകരികാലനിലൂടെ വിക്രം പ്രേക്ഷകരുടെ നെഞ്ച് പിടിച്ചുലച്ചുകളയുകയാണ്.
ആദ്യപകുതിയിലെ കരുനീക്കങ്ങൾ, രണ്ടാംപകുതിയിലെ പോരാട്ടങ്ങൾ എന്നിങ്ങനെ കൃത്യമായി അടിവരയിട്ട് ചിത്രത്തെകാണാം. തായ്നാടിനോടുള്ള തമിഴന്റെ വൈകാരികതയാണ് പൊന്നിയിൻസെൽവനെന്ന നോവലിന്റെ നട്ടെല്ല്. ഒന്നാംഭാഗത്തിൽ പൊന്നിനദിയെന്ന വൈകാരികതയിലൂടെയാണ് കഥ വികസിച്ചത്. എന്നാൽ ഒന്നാംഭാഗത്തെ അപേക്ഷിച്ച് രണ്ടാംഭാഗത്തിൽ മനുഷ്യമനസ്സിലേക്കാണ് മണിരത്നം ക്യാമറ തിരിക്കുന്നത്. ഒന്നാംഭാഗത്തേക്കാൾ പേസ് ഉണ്ട് രണ്ടാംഭാഗത്തിന്.

ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് സിനിമയുടെ ഒട്ടുമുക്കാൽ ഭാഗവും കടന്നുപോവുന്നത്. തമിഴിനു പുറത്തുള്ള പ്രേക്ഷകർക്ക് ചോളദേശത്തിന്റെ ചരിത്രമോ വൈകാരികതയോ എത്രകണ്ട് അംഗീകരിക്കാനാവുമെന്നത് ചോദ്യമാണ്. ബാഹുബലിയിലേതുപോലെ ആക്‌ഷൻ ത്രില്ലർ സീനുകൾ പ്രതീക്ഷിക്കുന്ന തെലുങ്ക് പ്രേക്ഷകർ പതിഞ്ഞ താളത്തിലുള്ള കഥാഗതി സ്വീകാര്യമാവുമോ എന്നതാണ് സംശയം. മലയാളം ഡബ്ബിങും ഗംഭീരമായി തന്നെയാണ് ചെയ്തിരിക്കുന്നത്.

സിനിമയുടെ അവസാനഭാഗത്ത് അഭിനേതാക്കളുടെ ഗംഭീരപ്രകടനത്തിനാണ് കാണികൾ സാക്ഷ്യം വഹിക്കുന്നത്. പകയുടെ പൊന്നിനദിയിലൂടെ ഒഴുകുന്ന ചോരയിൽമുക്കിയ ചരിത്രമായി ഇവിടെ പൊന്നിയിൻസെൽവൻ മാറുകയാണ്.കൽക്കിയുടെ ഇതിഹാസനോവൽ വെള്ളിത്തിരയിലേക്ക് പകർത്തുകയെന്നത് പല തലമുറകളിലെ തമിഴ് മക്കൾ എല്ലാക്കാലത്തും കണ്ട സ്വപ്നമാണ്. ആസ്വപ്നം മണിരത്നം യാഥാർഥ്യമാക്കിയപ്പോൾ അതിന്റെ നട്ടെല്ലായി നിൽക്കുന്നത് രവിവർമൻ എന്ന ക്യാമറാമാനാണ്. ഇരുളും വെളിച്ചവും ചുവപ്പും കറുപ്പുമായി കഥയുടെ വൈകാരികആഴങ്ങൾ തേടുകയാണ് ക്യാമറ.

ജെയമോഹനും ഇളങ്കോയും മണിരത്നവും ചേർന്നെഴുതിയ തിരക്കഥയിൽ നോവലിലെ എല്ലാ കഥാപാത്രങ്ങളെയും വിശദീകരിച്ച് പശ്ചാത്തലം പറയാൻ കഴിയാതെ ഉഴലുന്നുണ്ട്. അഥവാ കഥാപാത്രങ്ങളെ വിശദീകരിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ പല എപ്പിസോഡുകളുള്ള വെബ്സീരീസാക്കി മാറ്റേണ്ടിവന്നേനെ എന്നതാണു സത്യം. വിക്രം, ഐശ്വര്യ റായ്, തൃഷി, കാർത്തി, ജയംരവി, പ്രകാശ് രാജ് എന്നിവർക്കൊപ്പം ജയറാമും ബാബു ആന്റണിയും ഐശ്വര്യലക്ഷ്മിയുമൊക്കെ തലയുയർത്തി നിൽക്കുകയാണ് പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിലും.

കഥ പറഞ്ഞുപോകുന്നതിലെ മണിരത്നം മാജിക് ഈ സിനിമയിലാണ് കൂടുതൽ മനോഹരമെന്ന് തോന്നിപ്പോകും. എ.ആർ.റഹ്മാന്റെ പശ്ചാത്തല സംഗീതം മനസ്സിൽ തങ്ങിനിൽക്കും...
ഒന്നുറപ്പാണ്. ഇതുപോലെ കെട്ടുകാഴ്ചകളില്ലാത്ത ഒരു സിനിമാദ്വയം തെന്നിന്ത്യയിൽ ഇതാദ്യമാണ്. പൊന്നിയിൻ സെൽവനെന്ന ആ തമിഴ് സ്വപ്നം തിയറ്ററിലെ വലിയ സ്ക്രീനിൽ സറൗണ്ട് സ്പീക്കറുകളുടെ മുഴക്കത്തിൽ തന്നെ ആസ്വദിക്കേണ്ടതാണ്.