ADVERTISEMENT

കേരളത്തിൽ ജനിച്ചുവീണ ഓരോരുത്തരും ഹീറോയായ നാളുകൾ  അതായിരുന്നു 2018 ലെ പ്രളയം നമുക്ക് കാണിച്ചു തന്നത്. സമ്പന്നനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ മനുഷ്യരെല്ലാം ഒരു പാത്രത്തിൽ നിന്നുണ്ട് ഒരു പായിൽ കിടന്നുറങ്ങി ഉറ്റവർക്കും ഉടയവർക്കുമായി പ്രാർഥനയോടെ കഴിഞ്ഞ ദിനങ്ങൾ.  അയിത്തം കൽപ്പിച്ച് അരികുവൽക്കരിക്കപ്പെട്ട തുറയുടെ മക്കൾ മലയാളികളെ താങ്ങി നിർത്തി കേരളത്തിന്റെ രക്ഷകരായ നാളുകൾ. ദൈവം നിസ്സഹായനായി മണ്ണിൽ പുതഞ്ഞപ്പോൾ രക്ഷപ്പെടുത്താൻ മനുഷ്യ കരങ്ങൾ നീണ്ടുവന്ന ദിനരാത്രങ്ങൾ.  2018 ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് പറയാൻ ഒരുപാടുണ്ട്.  നേരിട്ട് കണ്ട മഹാവിപത്തിന്റെ ഭീകരത അഭ്രപാളിയിലൊതുക്കി മാനവികതയുടെ അടയാളം പോലെ സൂക്ഷിച്ചു വയ്ക്കണമെന്ന ജൂഡ് ആന്തണി ജോസഫ് എന്ന സിനിമാ സംവിധായകന്റെ സ്വപ്നം സാക്ഷാത്കരിക്കുകയാണ് ഇന്ന് കേരളത്തിലെ തിയറ്ററുകളിൽ. മലയാളികൾ മറക്കാനാഗ്രഹിക്കുന്ന ‘2018’ എന്ന നമ്പർ വീണ്ടുമൊരിക്കൽക്കൂടി ഓർമ്മിപ്പിച്ചുകൊണ്ട് 2018 എന്ന ചിത്രം തിയറ്ററുകളിൽ എത്തുമ്പോൾ വലിയൊരു വിപത്തിന്റെ ഓർമ പുതുക്കൽ  എന്നപോലെ മലയാളികളുടെ കണ്ണും മനസ്സും നിറഞ്ഞു കവിയുകയാണ്.

 

പേടി കാരണം പട്ടാളത്തിൽ നിന്ന് ഓടിപ്പോന്ന ചെറുപ്പക്കാരനാണ് അനൂപ്. അന്ധനായ ദാസേട്ടന്റെ കടയിലെ സഹായിയായി കൂടിയ അനൂപിന്റെ ലക്‌ഷ്യം കടൽ കടക്കുകയാണ്.  അപ്പനും ചേട്ടനും കടലിന്റെ മക്കളാണെങ്കിലും മൽസ്യത്തൊഴിലാളിയാകാൻ നിക്‌സൺ ആഗ്രഹിച്ചില്ല.  ഒരു സൂപ്പർ മോഡലാകണം എന്ന ലക്ഷ്യത്തോടെ വാതിലുകൾ മുട്ടുന്ന നിക്‌സന് കുലത്തൊഴിലിനോട് പരമപുച്ഛമാണ്. വിദേശത്തു ജോലി ചെയ്യുന്ന രമേശ് ഭാര്യയുമായുള്ള ബന്ധത്തിലെ വിള്ളലുകൾ അടയ്ക്കാനുള്ള തത്രപ്പാടിലാണ്.  കളക്ട്രേറ്റിലെ തിരക്കുപിടിച്ച ജോലിക്കിടയിൽ ഭാര്യയോടും മകളോടുമുള്ള കടമകൾ പലപ്പോഴും ഷാജിക്ക് മറക്കേണ്ടിവരുന്നു.  മത്സ്യത്തൊഴിലാളികളുടെ ചങ്കിലെ പെടപ്പാണ് എന്തിനും ഏതിനും കൂടെ നിൽക്കുന്ന മാത്തച്ചനും വിൻസ്റ്റനും.  

 

ഇങ്ങനെ പലവിധ ജീവിത സമരങ്ങളുടെ ഇടയിൽപ്പെട്ട് നട്ടംതിരിയുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിലേക്കാണ് പേമാരിയോടൊപ്പം അണക്കെട്ട് തുറന്നുവിട്ട വെള്ളവും ഇരച്ചുകടന്നുവരുന്നത്.  ഒരു രാത്രി അറിയിപ്പില്ലാതെ തുറന്നുവിട്ട വെള്ളം പലരുടെയും സ്വപ്നങ്ങൾക്കൊപ്പം ജീവനും കവർന്നുകൊണ്ടുപോയി.  പേടിച്ച് പട്ടാളം വിട്ടുവന്ന അനൂപ് ഒരു ചങ്ങാടവുമായി ഒരു  ദേശത്തിന്റെ മുഴുവൻ രക്ഷകനാകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.  പക്ഷേ കേരളജനതയോടുള്ള കർത്തവ്യത്തിനിടയിൽ സ്വന്തം കുടുംബത്തെ രക്ഷിക്കാൻ കഴിയാതെ നിസ്സഹായനാവുകയാണ് ഷാജി.  മുങ്ങിത്താഴുന്ന ജനതയെ രക്ഷിക്കാനാകാതെ ഭരണകൂടവും സാങ്കേതികവിദ്യയും പകച്ചു നിൽക്കുമ്പോഴാണ് കടലിന്റെ ഹൃദയത്തുടിപ്പുകളറിയുന്ന മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ച് മുന്നോട്ട് വരുന്നത്. സ്വന്തം ജീവൻപോലും പണയം വച്ചുകൊണ്ട് പേരുവെള്ളത്തിൽ കുടുങ്ങിക്കിടന്ന നിരവധി മലയാളികളെയാണ് മൽസ്യത്തൊഴിലാളികൾ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ചത്. ദുരിതാശ്വാസ ക്യാമ്പിനെ പുച്ഛത്തോടെ നോക്കിയിരുന്നവർ പോലും കനിവിന്റെ കരങ്ങൾക്കായി കാത്തിരിക്കുന്ന രംഗം മനുഷ്യൻ എത്ര നിസ്സാരനാണെന്ന വലിയൊരു സത്യമാണ് മലയാളികൾക്ക് മുന്നിൽ തുറന്നിട്ടത്. ദുരിതമനുഭവിക്കുന്നവർക്കായി ഒരു നാടുമുഴുവൻ ഒന്നിച്ച് നിന്ന് സഹായഹസ്തവുമായെത്തിയ പ്രളയകാലം മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കനിവിന്റെ കാലം കൂടിയാണ്.

 

പട്ടാളത്തിൽ നിന്ന് പേടിച്ചോടി പിന്നീട് നാടിന്റെ യഥാർഥ ഹീറോയായി മാറുന്ന അനൂപ് എന്ന ചെറുപ്പക്കാരനായി ടൊവിനോ പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവച്ചത്.  ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവായി സുധീഷ് പ്രേക്ഷകനെ കരയിച്ചു.  കുഞ്ചാക്കോ ബോബന്റെ ഷാജി, നരേന്റെ വിൻസ്റ്റൺ, ആസിഫ് അലിയുടെ നിക്‌സൺ, ലാലിന്റെ മാത്തച്ചൻ, ഇന്ദ്രൻസിന്റെ ദാസ്, അപർണ ബാലമുരളിയുടെ ജേർണലിസ്റ്റ് നൂറ തുടങ്ങിയ കഥാപാത്രങ്ങൾ പ്രളയം നേരിട്ട കേരളത്തിലെ ജനങ്ങളുടെ പ്രതിനിധികളായി തിയറ്ററിൽ വിസ്മയപ്രകനം കാഴ്ചവച്ചു. തൻവി റാം, ശിവദ, സിദ്ധിഖ്, ജയകൃഷ്ണൻ, അജു വർഗീസ്, ജനാർദ്ദനൻ, ഗൗതമി നായർ, ശോഭ മോഹൻ, ജോയ് മാത്യു, ജാഫർ ഇടുക്കി തുടങ്ങിയ വലിയൊരു താരനിരയോടൊപ്പം കലയരശൻ എന്ന തമിഴ് താരവും, രണ്ടു വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  ഒരു ദുരന്തത്തിന്റെ ദൃശ്യാവിഷ്‌കാരം എന്നതിലുപരി  അഭിനേതാക്കളുടെ പ്രകടനങ്ങൾ മികച്ചതും ആകർഷകവുമാണ്.

 

നാട് കണ്ട ഏറ്റവും വലിയ ദുരന്തം നാടിന്റെ ഒത്തൊരുമയുടെ ചരിത്രമായി മാറിയപ്പോൾ അത് സിനിമയായി ചിന്തിക്കാൻ സാധിച്ച ജൂഡ് ആന്തണി ജോസഫ്  എന്ന സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. തന്റെ സ്ഥിരം ശൈലി വിട്ട് കാലിക പ്രസക്തമായ വിഷയം അതർഹിക്കുന്ന പ്രാധാന്യത്തോടെ അഭ്രപാളിയിൽ എത്തിച്ചതിന് ജൂഡിനൊപ്പം തന്നെ മറ്റു തിരക്കഥാകൃത്തുക്കളും അണിയറപ്രവർത്തകരും പ്രശംസ അർഹിക്കുന്നു. മലയാളികളുടെ മനസ്സുറപ്പിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായ 2018 മികച്ച തീയറ്റർ എക്സ്പീരിയൻസാണ് കാഴ്ചക്കാർക്ക് നൽകുന്നത്. 

 

പ്രളയവും അണ്ടർ വാട്ടർ രംഗങ്ങളും വിഎഫ്എക്സ് രംഗങ്ങളും പ്രാണഭീതി നിറഞ്ഞ നിലവിളികളും അതിജീവനവും എല്ലാം തന്നെ  മികച്ച നിലവാരം പുലർത്തി. വൈക്കത്ത് മറവന്തുരുത്തിൽ പന്ത്രണ്ട് ഏക്കർ സെറ്റിട്ടാണ് വെള്ളപ്പൊക്ക രംഗങ്ങളും മറ്റും ചിത്രീകരിച്ചത്. യഥാർഥ വെള്ളപ്പൊക്കം അതുപോലെ തന്നെ സംവിധായകൻ സിനിമയ്ക്കായി സൃഷ്ടിക്കുകയായിരുന്നു.  പാട്ടുകളും ബിജിഎമ്മും ഇമോഷനൽ ഫീൽ നിലനിർത്തി സിനിമയുടെ നട്ടെല്ലായി മാറി. ഒരു ദുരന്തകാലം ഒപ്പിയെടുത്ത് വീണ്ടും പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കിയതിൽ അഖിൽ ജോർജിന്റെ ഛായാഗ്രഹണം കയ്യടിയർഹിക്കുന്നു. അറിഞ്ഞതും കേട്ടതുമായ അതിജീവന കഥകളും മനസ്സിൽ കോറിയിട്ട ദൃശ്യങ്ങളും ഏറ്റവും മികച്ച രീതിയിൽ തിരക്കഥയാക്കി മാറ്റാനും അനുഭവങ്ങൾ മനസ്സിൽ തൊടും വിധം അവതരിപ്പിക്കാനും ജൂഡ് ആന്തണിക്കും അണിയറപ്രവർത്തകർക്കുമായി. കേരളമെന്ന കൊച്ചു സംസ്ഥാനത്തിലെ ജനതയുടെ ത്രസിപ്പിക്കുന്ന അതിജീവനത്തിന്റെ കഥ മികച്ച ടെക്‌നിക്കൽ പെർഫെക്‌ഷനോട് കൂടി അവതരിപ്പിക്കുന്ന ‘2018’ തിയറ്ററിൽ തന്നെ ആസ്വദിക്കേണ്ട ചിത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com