ADVERTISEMENT

ഈ ലോകത്ത് പ്രണയമില്ലാത്ത ഒരാൾ പോലും ഇല്ല. എന്നാൽ പലരിലും പലതാണ് പ്രണയം. പ്രണയം പ്രകടിപ്പിക്കുന്ന രീതിയും വ്യത്യസ്തമാണ്. കുടുംബ ബന്ധങ്ങൾക്കിടയിലെ കൂടിച്ചേരലും വിട്ടുകൊടുക്കലും കൂടിയാണ് പ്രണയം എന്ന് പറഞ്ഞു പ്രേക്ഷകർക്കിടയിൽ തരംഗമാവുകയാണ് 'അനുരാഗം' എന്ന ഷഹദ് ചിത്രം. എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് അശ്വിനും ജനനിയും. ജനനയോടുള്ള തന്റെ ഇഷ്ടം തുറന്നുപറയാൻ അശ്വിൻ പലപ്പോഴും ശ്രമിക്കുന്നു. അതിനായി അശ്വിൻ ന്റെ സുഹൃത്ത് മൂസിയെയും ഐഡിയകൾക്കായി ആശ്രയിക്കുന്നു. ജനനിക്ക് അശ്വിന്റെ ഇഷ്ടം മനസ്സിലാവുന്നുണ്ടെങ്കിലും തന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ പ്രശ്നങ്ങൾ ജനനിയെ അവൾക്ക് അശ്വിനോടുള്ള ഇഷ്ടത്തിൽ നിന്നും പിന്തിരിപ്പിക്കുന്നു. കാനഡയിൽ പോകുന്നതിനു മുമ്പ് അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കണമെന്ന ജനനിയുടെ ആഗ്രഹം അശ്വിനിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അവരുടെ ശ്രമങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. അതോടൊപ്പം തന്നെ അശ്വിന്റെ അമ്മയുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രണയവും പ്രണയാഭ്യർഥനയും അതിനോടുള്ള അവരുടെ പ്രതികരണവും കൂടിച്ചേരുന്നതോടുകൂടി മൂന്ന് ജീവിതങ്ങളുടെ കഥയാണ് അനുരാഗം പറയുന്നത്.

 

ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ആഴവും പരപ്പും ഉള്ള കുടുംബ ബന്ധങ്ങളുടെ കഥയാണ് സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കുടുംബ ബന്ധങ്ങൾക്കിടയിലെ കൊച്ചുകൊച്ചു വഴക്കുകളും പിണക്കങ്ങളും പരിഹരിച്ച് മുന്നോട്ടു പോകുമ്പോൾ എത്ര മനോഹരമാകും നമ്മുടെ ജീവിതമെന്നും ഈ കൊച്ചു ചിത്രം പങ്കുവയ്ക്കുന്നു. ഗൗതം വാസുദേവ് മേനോൻ മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ അതിൽ എന്തെങ്കിലും പ്രത്യേകതയുണ്ടാകുമെന്നത് ഉറപ്പാണല്ലോ. ആ ഉറപ്പ് തീർച്ചയായും പാലിക്കപ്പെട്ട ചിത്രമാണ് 'അനുരാഗം'. പ്രണയത്തിന്റെ ഇതളുകൾ വിടർത്തി മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിച്ച സംവിധായകൻ ഒരു പ്രണയിതാവായി സ്ക്രീനിൽ എത്തുമ്പോൾ അയാളുടെ വികാരങ്ങളും വിചാരങ്ങളും മറ്റാരെക്കാളും നന്നായി പ്രകടിപ്പിക്കാൻ അയാൾക്ക് കഴിയുമെന്ന് ഗൗതംവാസുദേവ്മേനോൻ അനുരാഗത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. 

 

ഒരായുസ്സ് മുഴുവൻ നിനക്കായി കാത്തിരിക്കുമെന്ന് പ്രണയിനിയോട് പറയാത്ത കാമുകന്മാർ കുറവാണ്. എന്നാൽ ജോസിന്റെ പ്രണയത്തിൽ ഒരായുസ്സ് പ്രണയ ഓർമ്മകൾ നമുക്ക് കാണാൻ കഴിയും. ഒപ്പം അയാളുടെ പ്രണയം പ്രേക്ഷകരെ ഉറപ്പായും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ജോസിന്റെ പ്രണയത്തിന് കൂട്ട് നിൽക്കുന്നവരാണ് ജോസിന്റെ അമ്മച്ചിയും പള്ളീലച്ചനും. മറ്റുള്ളവരിലേക്ക് പ്രണയമെങ്ങനെ പ്രണയിനിയിലേക്ക് പകരാം എന്നതിന് ജോസിന് ക്ലാസുകൾ എടുക്കുന്നതിനൊപ്പം, ഒരു ഘട്ടത്തിൽ അവർ ആ പ്രണയത്തിന്റെ ദൂതരായും പ്രവർത്തിക്കുന്നുണ്ട്. അമ്മച്ചിയായി ഷീലയും പള്ളീലച്ചനായി സുധീഷും തങ്ങളുടെ ഭാഗം കൃത്യമായി അവതരിപ്പിച്ചു.

 

ഈ കാലഘട്ടത്തിൽ പ്രണയം എങ്ങനെയാണ് വ്യാഖ്യാനിക്കപ്പെടുന്നത് എന്നതിന്റെ തെളിവാണ് അശ്വിൻ, ജനനി പ്രണയം. യഥാർഥ പ്രണയം എന്നാൽ വിട്ടുകൊടുക്കൽ കൂടിയാണ് എന്നും അതൊരിക്കലും ആരുടെയും ഉള്ളിൽ നിന്നും മായുകയില്ല എന്നും ചിത്രം പങ്കുവയ്ക്കുന്നു.

 

ജനനിയായി ഗൗരി കൃഷ്ണനും ജനനിയുടെ അമ്മയായ ദേവികയായി ലെനയും സ്ക്രീനിൽ തിളങ്ങി. മൂസി, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി, ബാലാജി ശർമ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ‘പ്രകാശൻ പറക്കട്ടെ’ എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഷഹദ്. ഷഹദിന്റെ അനുരാഗവും ഒരു നനുത്ത മഴയായ് പ്രേക്ഷകരിലേക്ക് പെയ്തിറങ്ങുമെന്നതുറപ്പാണ്. ‘അനുരാഗ’ത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത് അശ്വിൻ ജോസാണ്. ചിത്രത്തിലെ മൂന്നു പ്രണയങ്ങൾ പറയാനായി അശ്വിൻ ഉപയോഗിച്ചിരിക്കുന്ന ശൈലി വളരെ മനോഹരമായിട്ടുണ്ട്. അശ്വിന്റെ തിരക്കഥയോട് നൂറു ശതാമാനവും ചേർന്ന് നിൽക്കുന്ന മേക്കിങ്ങാണ്‌ ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. 

 

ചിത്രത്തിന്റെ പേരുപോലെതന്നെ പ്രേക്ഷകർക്കുള്ളിലേക്കും അനുരാഗം നിറയ്ക്കുന്ന വരികളാണ് മനു മഞ്ജിത്ത്, മോഹൻ കുമാർ, ടിറ്റോ പി.തങ്കച്ചൻ അനുരാഗത്തിനുവേണ്ടി കുറിച്ചത്. അതോടൊപ്പം ആ വരികൾക്ക് ചേർന്നു നിൽക്കുന്ന സംഗീതവും ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. അനുരാഗത്തിലെ മനോഹരമായ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് നവാഗതനായ ജോയൽ ജോൺസാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് ഗോപിയാണ്. എഡിറ്റിങ് ലിജോ പോൾ.

 

നമ്മുടെ ഉള്ളിലെ പ്രണയം സത്യസന്ധമായി ഇരുന്നാൽ അതുറപ്പായും വിജയിക്കുമെന്ന് ആശയം പകർന്നു തരുന്ന അനുരാഗം ഈ അവധിക്കാലത്ത് കുടുംബത്തോടൊപ്പം ആസ്വദിച്ച് കാണാൻ പറ്റുന്ന മനോഹര ചിത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com