ഓരോ സ്ത്രീയിലും ഒരു ജാനകിയുണ്ട്- ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള ഭയവും ആശങ്കയും കൊണ്ട് വീർപ്പുമുട്ടി ജീവിക്കുന്നവൾ. അത്തരമൊരു സ്ത്രീയുടെ കഥയാണ് ‘ജാനകി ജാനേ’. അനീഷ് ഉപാസന സംവിധാനം ചെയ്ത് നവ്യ നായരും സൈജു കുറുപ്പും നായികാനായകൻമാരായി എത്തിയ ചിത്രം പറയുന്നത് ജാനകി എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ്. രാഷ്ട്രീയക്കാരുടെ ചതിക്കുഴിയിൽ പെട്ട് ജീവിതം തന്നെ ചിതറിപ്പോകുന്ന ചിലരുടെ അനുഭവങ്ങൾ കൂടിയാണ് ചിത്രം ചർച്ച ചെയ്യുന്നത്.
ഒരു പ്രസ്സിലെ ജീവനക്കാരിയാണ് ജാനകി. അമ്മ മാത്രം ആശ്രയമായുള്ള ജാനകിക്ക് ഇരുട്ടു പേടിയാണ്. ഇരുട്ട് മാത്രമല്ല ഒറ്റയ്ക്ക് ഇരിക്കുന്നതും നടക്കുന്നതും ബസിൽ പോകുന്നതും ആളുകളെ അഭിമുഖീകരിക്കുന്നതുമൊക്കെ ജാനകിക്ക് ഭയമാണ്. ഒരിക്കൽ ഒരു റബർ തോട്ടത്തിൽവച്ച് പേടിച്ച് തലകറങ്ങി വീണ ജാനകിയെ വീട്ടിലെത്തിച്ചത് ഉണ്ണി മുകുന്ദനാണ്. നിഷ്കളങ്കയായ ജാനകി അപ്പോൾത്തന്നെ ഉണ്ണിയുടെ മനസ്സിൽ കയറിപ്പറ്റി. ജാനകിയെ വിവാഹം കഴിക്കുന്ന ഉണ്ണി സ്വന്തമാക്കിയത് അവളുടെ പേടിയും പോരായ്മകളും കൂടിയായിരുന്നു. ഉണ്ണിയെന്ന സ്നേഹസമ്പന്നനായ കോൺട്രാക്ടറുടെ ചിറകിനടിയിൽ ജാനകി സുരക്ഷിതയായിരുന്നു. പക്ഷേ ഒരു ദുർബല നിമിഷത്തിൽ, ജാനകിയുടെ പേടി മൂലമുണ്ടാകുന്ന ചില സംഭവങ്ങൾ അവരുടെ ജീവിതം അപ്പാടെ തകർക്കുകയാണ്.
ഒരിടവേളയ്ക്ക് ശേഷം നവ്യ നായർ മുഖ്യധാരാ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ജാനകി ജാനേ. അമിതമായ ഭയമെന്ന മാനസികാവസ്ഥയുള്ള നിഷ്കളങ്കയായ നായികയായി നവ്യ തന്റെ കഥാപാത്രത്തെ ഭംഗിയാക്കി. പേരുപോലെ തന്നെ ചിത്രത്തിലാകെ നിറഞ്ഞു നിൽക്കുന്നത് ജാനകിയെന്ന നവ്യ നായരാണ്. സൈജു കുറുപ്പ് സ്വതസിദ്ധമായ നർമവും അയത്ന ലളിതമായ അഭിനയശൈലിയും കൊണ്ട് പതിവുപോലെ ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രത്തെ കൈപ്പിടിയിയിലൊതുക്കിയിട്ടുണ്ട്. ഉണ്ണിയുടെ സുഹൃത്തുക്കളായി ജോണി ആന്റണിയും പ്രമോദ് വെളിയനാടും തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചു. ഷറഫുദീൻ, അനാർക്കലി മരക്കാർ, സ്മിനു സിജോ, കോട്ടയം നസീർ, ജോർജ് കോര, ജോർഡി പൂഞ്ഞാർ, സതി പ്രേംജി തുടങ്ങിയവരാണ് ജാനകി ജാനെയെ സമ്പന്നമാക്കിയ മറ്റു താരങ്ങൾ.

മനുഷ്യരെല്ലാം പല തരത്തിലുള്ള മാനസികാവസ്ഥയുടെ അടിമകളാണ്. ഭയമെന്ന അവസ്ഥ കാരണം ജീവിതത്തിലെ സമാധാനം തന്നെ അപ്പാടെ നഷ്ടപ്പെടുന്ന ചിലരുണ്ട്. അത്തരമൊരു വിഷയം ഗൗരവമൊട്ടും ചോരാതെ നർമ മുഹൂർത്തങ്ങൾ കോർത്തിണക്കി ലളിതസുന്ദരമായ ഒരു സിനിമയാക്കി മാറ്റാൻ അനീഷ് ഉപാസന എന്ന സംവിധായകനായി. നാട്ടിൻപുറത്തിന്റെ മനോഹാരിതയും ജാനകി എന്ന കഥാപത്രത്തിന്റെ മാനസികാവസ്ഥകളും വളരെ നന്നായി ശ്യാമപ്രകാശ് ദൃശ്യവത്കരിച്ചിട്ടുണ്ട്. പ്രേക്ഷകഹൃദയങ്ങളെ തൊട്ടുണർത്തുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
ജീവിതത്തിൽ പ്രശ്നങ്ങളെ നേരിടാൻ കഴിയാതെ പ്രതിസന്ധിയിൽ പെട്ട് ഉഴലുന്ന സ്ത്രീകളുടെ കണ്ണുതുറപ്പിക്കുന്ന ചിത്രമാണ് ജാനകി ജാനേ. ഭയം എന്ന മാനസികാവസ്ഥയെ നേരിട്ടു തന്നെ അതിജീവിക്കണം എന്നൊരു വലിയ പാഠം കൂടിയാണ് ചിത്രം മുന്നോട്ടു വയ്ക്കുന്നത്. ഒപ്പം സാധാരണ ജനങ്ങളുടെ ജീവിതം കയ്യിലിട്ട് പന്താടുന്ന രാഷ്‌ടീയക്കാരുടെ കപടമുഖം കൂടി ഈ ചിത്രം വലിച്ചു കീറുന്നുണ്ട്. ഒട്ടനവധി പ്രത്യേകതകളുള്ള സുന്ദരമായ ഈ ചിത്രം കുടുംബത്തോടൊപ്പം കാണാൻ ധൈര്യമായി ടിക്കറ്റെടുക്കാം.