‘വിരട്ടിയോടിക്കാൻ നിക്കണ്ട സാറേ, നടക്കില്ല’ –ജാക്‌സൺ ബസാർ യൂത്ത് എന്ന ചിത്രത്തിന്റെ കാതൽ ഈ ടാഗ്‌ലൈൻ തന്നെയാണ്. അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദം എന്നെങ്കിലുമൊരിക്കൽ മുഴങ്ങിക്കേൾക്കുക തന്നെ ചെയ്യുമെന്ന സന്ദേശവുമായി എത്തിയ ജാക്സൺ ബസാറിലൂടെ ഷമൽ സുലൈമാൻ എന്ന കലാകാരൻ കൂടി മലയാളസിനിമയിൽ സംവിധായകന്റെ മേലങ്കി അണിയുകയാണ്. ഉസ്മാൻ മാരാത്ത് തിരക്കഥയെഴുതിയ ചിത്രത്തിൽ ലുക്മാൻ അവറാൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന ജാക്സന്റെയും കൂട്ടരുടെയും ബാൻഡ് ആണ് ജാക്സൻ ബസാർ യൂത്ത്. പട്ടാളത്തിലെ ബാൻഡിൽ അംഗമായിരുന്ന, മൈക്കിൾ ജാക്സനെപ്പോലെ ചുവടു വച്ച് ട്രമ്പറ്റ് വായിക്കുന്ന വേലയ്യന് മേലധികാരി ചാർത്തിക്കൊടുത്ത പേരാണ് ജാക്സൻ, പുറമ്പോക്കിലുള്ളവർക്ക് ജാക്സൻ പാപ്പനാണ്. അങ്ങനെ ജാക്സനെ സ്നേഹിക്കുന്നവർ ആ പുറമ്പോക്കിന് ജാക്സൻ ബസാർ എന്നു പേരുകൊടുത്തു. ശങ്കരനും അപ്പുവും സുരേഷും രേഖയും കുട്ടാപ്പിയുമടങ്ങുന്ന ബാൻഡ് ആണ് ബസാറുകാരുടെ ജീവനാഡി.
ബാൻഡ്മേളം കൊഴുക്കുമ്പോഴും അവരുടെ നെഞ്ചിലേക്ക് കൊട്ടിക്കയറുന്ന മറ്റൊരു തീയുണ്ട്. എന്നെങ്കിലും ആ പുറമ്പോക്കിൽനിന്ന് ഇറങ്ങിക്കൊടുക്കേണ്ടി വരുമെന്ന ഭീതി. അവരെന്നും പേടിയോടെ കാത്തിരുന്ന ആ ദിനം ഒരിക്കൽ വന്നെത്തി. നാഷനൽ ഹൈവേ ജാക്സൻ ബസാറിന്റെ ഹൃദയം കീറിമുറിച്ചുകൊണ്ടാണ് കടന്നുവരുന്നതെന്ന വാർത്ത ജാക്സനെയും മറ്റുള്ളവരെയും ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്. എങ്കിലും ചെറുത്തുനിൽക്കാൻ തന്നെ അവർ തീരുമാനിച്ചു. പക്ഷേ ആ ചെറുത്തുനിൽപ്പിനു കൊടുക്കേണ്ടി വന്ന വില ബസാറുകാരുടെ പ്രിയപ്പെട്ട ജാക്സന്റെ ജീവനായിരുന്നു. പൊലീസുകാർ ഇടിച്ചുകൊന്ന പാപ്പന്റെ മരണത്തിനു പ്രതികാരം ചെയ്യാൻ തന്നെ ശങ്കരേട്ടനും അപ്പുവും കൂട്ടരും തീരുമാനിച്ചു. പക്ഷേ സിഐ സൈമൺ എന്ന പുതിയ പൊലീസുകാരന്റെ വരവ് ജാക്സൺ ബസാറുകാരുടെ കണക്കുകൂട്ടൽ അപ്പാടെ തകർത്തുകളയുകയായിരുന്നു.
ലുക്മാൻ അവറാൻ എന്ന യുവതാരം കഴിവുറ്റ നടനാണെന്നു വീണ്ടും വീണ്ടും തെളിയിക്കുന്ന പ്രകടനമാണ് ജാക്സൻ ബസാറിൽ കാഴ്ചവയ്ക്കുന്നത്. പ്രേക്ഷകനെ അമ്പരപ്പിക്കുന്ന പ്രകടനവുമായി ജാഫർ ഇടുക്കി ജാക്സനായി സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. പുറംചട്ട നോക്കി ഒരു പുസ്തകത്തിന് വിധിയെഴുതരുത് എന്ന വാചകം അന്വർത്ഥമാക്കുന്ന പ്രകടനമാണ് സിഐ സൈമൺ എന്ന കഥാപാത്രത്തിലൂടെ ഇന്ദ്രൻസ് നടത്തുന്നത്. എസ്ഐ ഷഫ്‌നയായി എത്തിയ ചിന്നു ചാന്ദ്‌നി, എസ്ഐ അരവിന്ദനായ അഭിരാം പൊതുവാൾ എന്നിവർ മലയാള സിനിമക്ക് മുതൽക്കൂട്ടാകുന്ന താരങ്ങളാണ്. ബിനു പപ്പു, അനഘ അശോക് തുടങ്ങി നിരവധി താരങ്ങൾ മികച്ച പ്രകടവുമായി ജാക്സൺ ബസാറിനെ സജീവമാക്കുന്നു.
പതിയെ കൊട്ടിക്കയറി സിരകളിൽ ഉന്മാദം നിറയ്ക്കുന്ന ബാൻഡുമേളം പോലെയാണ് ജാക്സൻ ബസാറിന്റെ കഥ പുരോഗമിക്കുന്നത്. സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളുടെ പതിഞ്ഞ താളത്തിൽനിന്ന് തുടങ്ങി ഉദ്വേഗം നിറയുന്ന ത്രില്ലറായി ചിത്രം കാഴ്‌ചക്കാരെ പിടിച്ചിരുത്തുന്നുണ്ട്. നിരവധി നാടകങ്ങൾ എഴുതി അവതരിപ്പിച്ച ഉസ്മാൻ മാരാത്തിന്റെ കഥയും തിരക്കഥയുമാണ് ജാക്സൻ ബസാറിന്റെ കരുത്ത്. തിരക്കഥയുടെ ഗൗരവം ഒട്ടും ചോരാതെ തന്റെ ആദ്യ സംവിധാന സംരംഭം തന്നെ കണ്ണും മനസ്സും നിറയ്ക്കുന്ന സിനിമാനുഭവമാക്കിയതിൽ ഷമൽ സുലൈമാൻ കയ്യടിയർഹിക്കുന്നു. ബാൻഡ് സംഘത്തിന്റെ കഥപറയുന്ന ചിത്രത്തിന് മേളക്കൊഴുപ്പ് പകരുന്നത് ഗോവിന്ദ് വസന്തയുടെ സംഗീതമാണ്. വർണം നിറച്ച രാത്രിക്കാഴ്ചകളും ഉത്സവപ്പൊലിമയും നിറഞ്ഞ കണ്ണൻ പട്ടേരിയുടെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. സാങ്കേതികതയിലും ദൃശ്യമികവിലും ഏറെ മുന്നിൽ നിൽക്കുന്ന ജാക്സൺ ബസാർ യൂത്ത് തിയറ്ററിൽത്തന്നെ കാണേണ്ട സിനിമയാണ്.