കുടുംബ പാസം തന്നെ; ആശ്വാസം ആക്‌ഷൻ; ഫാസ്റ്റ് 10 റിവ്യൂ - Fast X Movie Review

fast-x-review
SHARE

ഒരു കാർ ഉപയോഗിച്ച് ശൂന്യാകാശത്തുവരെ പോകാം എന്നു തെളിയിച്ച സിനിമയാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്. ആ ഫ്രാഞ്ചൈസി അതിന്റെ പത്താം ഭാഗത്തിലെത്തുമ്പോഴും കാര്യമായ മാറ്റങ്ങളൊന്നുമില്ല. പണം വാരിയെറിഞ്ഞ് നിർമിച്ചിരിക്കുന്ന മുഴുനീള മാസ് ആക്‌ഷൻ എന്റർടെയ്നറാണ് ഫാസ്റ്റ് 10. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആറാം ഭാഗത്തിനുശേഷം പിന്നീടു വന്ന സിനിമകളെല്ലാം ലോജിക്കുകൾ മാറ്റിവച്ച് കാണേണ്ടവയാണ്. ഡൊമിനിക് ടൊററ്റോയെ അതിമാനുഷികനായി കണ്ടാൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും തോന്നില്ല. സാധാരണ പ്രതികാര കഥയ്ക്കപ്പുറം ഫാസ്റ്റ് 10നെ വ്യത്യസ്തമാക്കുന്നത് അതി ഗംഭീര ആക്‌ഷൻ സീക്വൻസുകളാണ്.

ഇനി കഥയിലേക്ക് വരാം. ‘കുടുംബ പാസം’ തന്നെയാണ് പത്താം ഭാഗത്തിലും കഥാതന്തു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് അഞ്ചാം ഭാഗത്തിന്റെ ക്ലൈമാക്സിൽ നിന്നാണ് പത്താം ഭാഗം തുടങ്ങുന്നത്. ബ്രയാനും ഡോമും ചേർന്ന് ലഹരിമരുന്ന് മാഫിയ തലവനായ ഹെർനൻ റെയ്സിന്റെ സമ്പാദ്യം മുഴുവൻ‍‍‍‍ മോഷ്ടിക്കുന്നതും ആ സമയത്ത് ഹെർനൻ മരണപ്പെടുന്നതുമാണ് അഞ്ചാം ഭാഗത്തിൽ കാണാനാകുന്നത്. തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനായ ഡൊമിനിക് ടൊറൊറ്റോയുടെ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന ഹെർനന്റെ മകൻ ഡാന്റെയുടെ പ്രതികാരമാണ് ഈ സിനിമയുടെ പ്രധാന പ്രമേയം. ഡാന്റെ ഒരു സൈക്കോയാണ്. തന്റെ ലക്ഷ്യത്തിനുവേണ്ടി എത്രപേരെ കൊന്നൊടുക്കാനും യാതൊരു മടിയുമില്ലാത്തൊരു സൈക്കോപാത്ത്.

ഡാന്റെയിൽനിന്നു തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുകയാണ് ടൊറൊറ്റോ. പിന്നീടങ്ങോട്ട് പതിവ് ‘ഫാസ്റ്റ്’ സിനിമകള്‍ പോലെ തന്നെ. ആകെയുള്ളൊരു മാറ്റം ആക്‌ഷൻ രംഗങ്ങളുടെ മേക്കിങ് ആണ്. മുൻപുള്ള സിനിമകളിൽനിന്നു വ്യത്യസ്തമായ ആക്‌ഷൻ സീക്വൻസുകളൊരുക്കാൻ അണിയറ പ്രവർത്തകർക്കായിട്ടുണ്ട്.

റോമിൽ വച്ചുള്ള സിനിമയുടെ തുടക്കത്തിലെ ആക്‌ഷൻ രംഗമാണ് ഹൈലൈറ്റ്. ഏകദേശം പതിനഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന കാര്‍ ചേസ് രംഗങ്ങൾ അതിസാഹസികമായി ചിത്രീകരിച്ചതാണെന്നത് വ്യക്തം.

കാസ്റ്റിങിൽ പുതിയ അംഗം ബ്രീ ലാര്‍സൺ ആണ്. മിസ്റ്റർ നോബഡിയുടെ മകൾ ടെസ് എന്ന കഥാപാത്രത്തെയാണ് ലാർസൺ അവതരിപ്പിക്കുന്നത്. ഡാന്റെ എന്ന സൈക്കോയെ ജേസൺ മൊമോവ ഗംഭീരമാക്കി. പ്രത്യേകിച്ചും ‘ഡെവിൾ’ എന്ന വിശേഷണത്തോടെ സൈഫറിനെ കാണാൻ എത്തുന്ന ഡാന്റെയുടെ ഇൻട്രൊ സീൻ ഇതിനുദാഹരണമാണ്. അലൻ റിറ്റ്ച്സൺ, ഡാനിയേലെ മെൽചിയോർ എന്നിവരാണ് ഫാസ്റ്റ് ടെനിലെ മറ്റ് പുതിയ താരങ്ങൾ.

ജേസൺ സ്റ്റാഥം അവതരിപ്പിക്കുന്ന ഡെക്കാർഡ് ഷോ അതിഥി വേഷത്തിലെത്തുമ്പോൾ ജോൺ സീന അവതരിപ്പിക്കുന്ന ജേക്കബ് ടൊറൊറ്റോയും ചാർലൈസ് തെറോണിന്റെ സൈഫറും മുഴുനീള വേഷത്തില്‍ സിനിമയിലുണ്ട്.

യാഥാർഥ്യത്തോട് അടുത്ത നിൽക്കുന്ന കാർ റേസിങ്ങും ചേസിങ്ങുകളുമാണ് ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ സിനിമകളെ പ്രേക്ഷകർക്കു പ്രിയപ്പെട്ടതാക്കിയത്. എന്നാൽ സിജിഐ, വിഷ്വൽ ഇഫക്ടുകളുടെ അതിപ്രസരം സിനിമയെ പുറകോട്ടുവലിച്ചു. ഫാസ്റ്റ് 10 ലെത്തുമ്പോൾ വലിയ രീതിയിലുള്ള ആക്‌ഷൻ, ചേസ് രംഗങ്ങള്‍ വ്യത്യസ്തമായി അവതരിപ്പിക്കാനുള്ള അവരുടെ ശ്രമത്തെ അഭിനന്ദിക്കാതെ വയ്യ.

രണ്ട് വർഷം മുമ്പിറങ്ങിയ ഫാസ്റ്റ് 9 നേക്കാൾ നല്ലത് എന്ന് മാത്രമേ ഈ ചിത്രത്തെക്കുറിച്ച് പറയാനാകൂ. ടൊറൊറ്റോയെ ഒരു അയൺമാനോ സൂപ്പർമാനോ ആയി കണ്ട് ഒരു മാർവൽ സിനിമ കാണുന്ന ലാഘവത്തോടെ ഈ സിനിമയെ സമീപിക്കുകയാണെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാം. പിന്നെ ഇതിവിടംകൊണ്ട് അവസാനിച്ചെന്നു കരുതണ്ട, അടുത്ത ഭാഗം 2025 ൽ റിലീസിനെത്തും. അതിനോടൊപ്പം പന്ത്രണ്ടാം ഭാഗവും പണിപ്പുരയിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS