ഓരോ സാധാരണ മനുഷ്യന്റെയും അക്കൗണ്ടിൽനിന്ന് അവർ ശ്രദ്ധിക്കാതെ ബാങ്കുകൾ ഈടാക്കുന്ന പണം എത്രയാണെന്ന ചോദ്യം ചർച്ചാവിഷയമാക്കുകയാണ് ബൈനറി എന്ന സിനിമ.പണമിടപാടുകൾ ഡിജിറ്റലായി മാറിയ കാലത്ത് ബാങ്കിങ്ങ് മേഖലയിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളാണ് ‘ബൈനറി’ പറയുന്നത്. പരിമിതമായ സാഹചര്യത്തിൽ, സാങ്കേതികത നിറഞ്ഞ വിഷയം പരമാവധി വൃത്തിയായി പറയാനുള്ള പുതുമുഖ സംവിധായകന്റെ ശ്രമമാണ് ഈ സിനിമ.
ജോയ്മാത്യു പ്രധാനകഥാപാത്രമായെത്തുന്ന ചിത്രത്തിൽ കൈലാഷ്, സിജോയ് വർഗീസ്, അനീഷ്.ജി.മേനോൻ, കുട്ടിക്കൽ ജയചന്ദ്രൻ, അനീഷ് രവി, നവാസ് വള്ളിക്കുന്ന്, രാജേഷ് മല്ലർക്കണ്ടി തുടങ്ങിയ താരനിരയാണ് ചിത്രത്തിന്റേത്. ഐടി കമ്പനിയിലെ ജോലി നഷ്ടമായ നാലു സുഹൃത്തുക്കൾ പണമുണ്ടാക്കാനായി ഹാക്കിങ്ങിലേക്ക് എത്തിച്ചേരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
രണ്ടു മണിക്കൂറിൽത്താഴെ മാത്രം ദൈർഘ്യമുള്ള ചിത്രത്തിൽ ഒട്ടും ലാഗില്ലാതെ കഥ പറയാനാണ് പുതുമുഖ സംവിധായകനായ ഡോ. ജാസിക് അലി ശ്രമിച്ചിരിക്കുന്നത്. പുതുമുഖ സംവിധായകനു കൈവിട്ടുപോവുമെന്നു തോന്നുന്ന ഇടങ്ങളിലെല്ലാം ചിത്രത്തിന്റെ ത്രില്ലർസ്വഭാവം വിടാതെ സൂക്ഷിക്കാൻ പശ്ചാത്തലസംഗീതം ആദ്യാവസാനം പിന്തുണ നൽകുന്നുണ്ട്. ഒരൊറ്റ സീനിൽ മാത്രം വന്നുപോവുന്ന മാമുക്കോയയുടെ സാന്നിധ്യം ഒരു നൊമ്പരമായി അവശേഷിക്കും.
നാലോളം പാട്ടുകളാണ് ചിത്രത്തിലുള്ളത്. വോക് മീഡിയയുടെ ബാനറിൽ രാജേഷ് ബാബു ശൂരനാടും മിറാജ് മുഹമ്മദുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രാജേഷ്ബാബു തന്നെയാണ് ചിത്രത്തിനു സംഗീതമൊരുക്കിയത്. എം.കെ.അർജുനൻ മരിക്കുന്നതിനുമുൻപ് അവസാനമായി ചിട്ടപ്പെടുത്തിയ ഒരു പാട്ടും ചിത്രത്തിലുണ്ട്.