ADVERTISEMENT

അനാഥരായ രണ്ടു സ്ത്രീകളേയും അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും പ്രമേയമാക്കി നവാഗതനായ സൂരജ് വർമ സംവിധാനം ചെയ്ത സിനിമയാണ് ‘കൊള്ള’.  ഏറെ ആനുകാലിക പ്രാധാന്യമുള്ള വിഷയം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ത്രില്ലറായി കയ്യടക്കത്തോടെ  അവതരിപ്പിച്ചിരിക്കുകയാണ് ഈ പുതുമുഖ സംവിധായകൻ.  പ്രേക്ഷകഹൃദയം കൊള്ളയടിക്കുന്ന അഭിനയമുഹൂർത്തങ്ങളുമായി വിനയ് ഫോർ‍ട്ടും രജീഷ വിജയനും പ്രിയ വാരിയരും മത്സരിച്ചഭിനയിച്ചിരിക്കുന്നു എന്നതാണ് ‘കൊള്ള’യുടെ പ്രത്യേകത.

 

ആനിയും ശിൽപയും അനാഥാലയത്തിലെ അന്തേവാസികളായിരുന്നു.  ആരും തേടിവരാനില്ലാത്ത അനാഥബാല്യം  ആനിയെയും ശിൽപയെയും മരണത്തിലും വേര്‍പിരിയാത്ത സുഹൃത്തുക്കളാക്കി മാറ്റി.  ജീവിക്കാൻ പലതും പയറ്റി ഒടുവിൽ അവർ ഒരു  ഗ്രാമത്തിൽ ഒരു ബ്യൂട്ടി പാർലർ തുടങ്ങാൻ തീരുമാനിക്കുന്നു.  ആകർഷകമായ സൗന്ദര്യവും നല്ല പെരുമാറ്റവും കൊണ്ട് ആനിയും ശിൽപയും ഗ്രാമവാസികളുടെ മനസ്സിൽ ഇടംപിടിക്കുന്നു. എന്നാൽ പണി നടക്കുന്ന ബ്യൂട്ടി പാർലറിന് മുകളിലുള്ള ബാങ്ക് കൊള്ളയടിക്കപ്പെടുന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിയുന്നു.  പാർലർ തുറക്കാൻ കഴിയാതെ ജീവിതം വഴിമുട്ടിയ ആനിയോടും ശില്പയോടും അന്നാട്ടുകാർക്ക് സഹതാപമാണ്.  ബാങ്ക് കൊള്ളയുടെ മാസ്റ്റർ ബ്രെയിൻ ആരാണെന്നറിയുന്ന നിമിഷം കഥയുടെ ഗതി തന്നെ മാറുകയാണ്.

 

മലയാള സിനിമയിൽ കൊള്ളസംഘത്തിന്റെ കഥ പറയുന്ന സിനിമകൾ വളരെ കുറവാണ്.  നവാഗതനായ സൂരജ് വർമയുടെ ഈ ത്രില്ലർ ചിത്രത്തിന്റെ കാതൽ കവർച്ചയ്ക്ക് ശേഷം നടക്കുന്ന ഉദ്യോഗജനകമായ സംഭവങ്ങളാണ്.  വിജയ ജോഡികളായ ബോബി-സഞ്ജയ്‌യുടെ കഥയെ അടിസ്ഥാനമാക്കി തിരക്കഥ തയാറാക്കിയിരിക്കുന്നത് ജാസിം ജലാലും നെൽസൺ ജോസഫും ചേർന്നാണ്.  പാളിച്ചയൊന്നുമില്ലാത്ത ഒരുത്തമ ത്രില്ലർ ചിത്രത്തിന് ചേരുന്ന രീതിയിൽ ഇഴയടുപ്പത്തോടെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  പച്ചപ്പും മനോഹാരിതയുമുള്ള നാട്ടിൻപുറം സമർഥമായി പകർത്തി ആകർഷകമായ കാഴ്ചാനുഭവമാണ് ഛായാഗ്രാഹകൻ രാജവേൽ മോഹൻ നൽകുന്നത്. തകർപ്പൻ എഡിറ്റിങും സിനിമയെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.  ത്രില്ലർ ചിത്രത്തിന്റെ ചടുലതയ്ക്കും നിഗൂഢതയ്ക്കും ചേരുന്ന സംഗീതമാണ് ഷാൻ റഹ്മാൻ ഒരുക്കിയിരിക്കുന്നത്.  

 

ആനിയായി രജിഷ വിജയൻ പക്വമാർന്ന അഭിനയമികവ് കാഴ്ചവച്ചു. കഴിവുറ്റ പ്രകടനവുമായി  രജിഷ തിളങ്ങിയപ്പോൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ആകർഷണീയതയോടെ പ്രിയ വാര്യർ ചിത്രത്തിന് നിറം പകർന്നു. സിഐ ഫറൂക്ക് എന്ന കഥാപാത്രം വിനയ് ഫോർട്ട് എന്ന കഴിവുറ്റ താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഏതു കഥാപാത്രവും കയ്യടക്കത്തോടെ മികവുറ്റതാക്കുന്ന അലൻസിയർ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ജിയോ ബേബി, പ്രശാന്ത് അലക്സാണ്ടർ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ കൊല്ലം സുധി തുടങ്ങിയവർക്കൊപ്പം സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മിമിക്രി താരമായ കൊല്ലം സുധി അകാലത്തിൽ വിടപറഞ്ഞു ആഴ്ചയ്ക്കുള്ളിൽ തന്നെയാണ് അദ്ദേഹം വേഷം പകർന്ന ചിത്രം തിയറ്ററിൽ എത്തുന്നത്.

 

രവി മാത്യു പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രജീഷ് കുന്നുംവീട്ടിലാണ് കൊള്ള നിർമ്മിച്ചിരിക്കുന്നത്. പ്രമേയത്തിലെ പുതുമ കൊണ്ടും കയ്യടക്കമുള്ള മേക്കിങ് കൊണ്ടും അഭിനയ മികവ് കൊണ്ടും പ്രേക്ഷകനെ രണ്ടു മണിക്കൂർ തിയറ്ററിൽ പിടിച്ചിരുത്തുന്ന ഒരു ത്രില്ലറാണ് 'കൊള്ള'. നാനാതരത്തിലുള്ള കൊള്ള നടക്കുന്ന നമ്മുടെ സമൂഹത്തിൽ ഈ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്. പുതിയ കാലഘട്ടത്തിൽ ഇത്തരം ആളുകളും നമുക്കിടയിലുണ്ടെന്നും നിയമപാലകരെ ഉൾപ്പടെ ആരെയും കണ്ണുമടച്ചു വിശ്വസിക്കരുതെന്നുമുള്ള വലിയൊരു പാഠം കൂടി ചിത്രം പ്രേക്ഷകന് പകർന്നു നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com