കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധാനരംഗത്തേക്കു ചുവടുവയ്ക്കുന്ന സിനിമയാണ് ‘മധുര മനോഹര മോഹം’. പ്രേക്ഷകർക്ക് ഊറിച്ചിരിക്കാനും ചിലപ്പോഴൊക്കെ പൊട്ടിച്ചിരിക്കാനുമുള്ള വക സ്റ്റെഫി ആദ്യ ചിത്രത്തിൽത്തന്നെ കരുതി വച്ചിട്ടുണ്ട്. പെൺകുട്ടികൾ കല്യാണപ്രായമായി നിൽക്കുന്ന ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ അമ്മയുടെയും സഹോദരന്റെയും ആധിയും നിസ്സഹായതയും വരച്ചിടുന്ന ഈ ചിത്രം നർമ മുഹൂർത്തങ്ങൾ നിറഞ്ഞ, എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്നതാണ്.
അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന, പേരുകേട്ട നായർ തറവാട്ടിലെ ഒരേ ഒരാൺതരിയാണ് മനു മോഹൻ. അച്ഛൻ മരിച്ച വകയിൽ കിട്ടിയ ജോലിയും കുടുംബത്തിന്റെ ഉത്തരവാദിത്തം തോളിലേറ്റിയ അനുജത്തിയും മനു മോഹനെ അലസനും നിരുത്തരവാദിയുമാക്കി മാറ്റി. ക്ഷയിച്ചു തുടങ്ങിയ തറവാട്ടിലെ സന്തതി പ്രേമിച്ചതാകട്ടെ കരയോഗം പ്രസിഡന്റും പ്രമാണിയുമായ ഇന്ദ്രസേന കുറുപ്പിന്റെ മകൾ ശലഭയെ ആണ്. എം കോമിന് പഠിക്കുന്ന അനുജത്തി മീരയാണ് കുടുംബത്തിന്റെ നെടുംതൂൺ. പ്ലസ് ടുവിന് പഠിക്കുന്ന ഇളയകുട്ടിയെക്കാൾ അമ്മയ്ക്കും ചേട്ടനും ഇഷ്ടം മീരയോടാണ്. പഠനത്തിനൊപ്പം ട്യൂഷനെടുത്ത് കുടുംബം നോക്കുന്ന മീരയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നത്. മീരയെപ്പറ്റി ആ നാട്ടിലെല്ലാവർക്കും നല്ല അഭിപ്രായമാണ്. ഒടുവിൽ, പെണ്മക്കളുള്ള എല്ലാ കുടുംബത്തിലും ഒഴിച്ചുകൂടാനാകാത്ത ആ ദിനം വന്നെത്തി– മീരയുടെ വിവാഹം. ജീവൻ രാജുമായി മീരയുടെ വിവാഹമുറപ്പിച്ചതോടെ തികച്ചും നാടകീയമായ മുഹൂർത്തങ്ങളാണ് പിന്നീടവിടെ അരങ്ങേറിയത്.
തന്റെ ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരെ കയ്യിലെടുക്കുന്നതിൽ സ്റ്റെഫി സേവ്യർ വിജയിച്ചിട്ടുണ്ട്. നർമമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. വലിഞ്ഞു മുറുകിയ കുടുംബാന്തരീക്ഷം പോലും നർമത്തിൽ പൊതിഞ്ഞ് ആസ്വാദ്യകരമായി അവതരിപ്പിക്കുന്നതിനാൽ പ്രേക്ഷകന് ഹൃദ്യമായ അനുഭവമായി മാറുന്നു. പുതിയ കാലത്തെ സാമൂഹികാന്തരീക്ഷവും പൊളിറ്റിക്കൽ കറക്ട്നസും സമൂഹമാധ്യമങ്ങളിൽ നിറയുന്ന ജാതിമത ഭിന്നതയുമൊക്കെ സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്. മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നർമമുഹൂർത്തങ്ങളിൽ കോർത്തിട്ട് ചരടുപൊട്ടാതെ മുറുക്കിക്കെട്ടിയ തിരക്കഥ തന്നെയാണ് സിനിമയുടെ കാതൽ. മനോഹരമായ ഛായാഗ്രഹണവും എഡിറ്റിങ്ങും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഹിഷാം അബ്ദുൽ വഹാബിന്റെ ഇമ്പമൂറുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയുടെ മനോഹാരിത കൂട്ടുന്നു.
പൊതുസമ്മതനെങ്കിലും അലസനായ മനു മോഹൻ എന്ന ചെറുപ്പക്കാരനെ ഷറഫുദീൻ മനോഹരമായി അവതരിപ്പിച്ചു. രജിഷ വിജയൻ മികച്ച അഭിനേത്രിയാണെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു മീരയുടെ വേഷം. ഒരുപാട് ഷെയ്ഡുള്ള മീരയുടെ സ്വഭാവവിശേഷങ്ങൾ രജീഷ വിജയന്റെ കൈകളിൽ ഭദ്രമായിരുന്നു. കുസൃതി നിറഞ്ഞ കണ്ണുകളുള്ള കുറുമ്പി കാമുകിയുടെ വേഷം ആർഷ ബൈജു ഭംഗിയാക്കി. എടുത്തു പറയേണ്ടത് ബിന്ദു പണിക്കരുടെ അമ്മവേഷമാണ്. അടുത്തിടെ കയ്യടി നേടിയ റോഷാക്കിലെ അമ്മവേഷത്തിൽ നിന്ന് ഏറെ വ്യത്യസ്തമായി, യാഥാസ്ഥിതികയെങ്കിലും നർമബോധമുള്ള ഒരു നായർ വീട്ടമ്മയായി ബിന്ദു പണിക്കർ കസറി. ഹാസ്യത്തിന്റെ മേമ്പൊടിയുമായി അൽത്താഫ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. സൈജു കുറുപ്പാണ് ജീവൻ രാജ് എന്ന കഥാപാത്രമായി എത്തുന്നത്. വിജയ രാഘവൻ, ബിജു സോപാനം, നിരഞ്ജ് മണിയൻപിള്ള രാജു, നീന കുറുപ്പ്, സുനിൽ സുഖദ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിരിയൊരുക്കുന്നതിൽ പിഴയ്ക്കാത്ത ഒരു കൂട്ടം താരങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
കേരളത്തിന്റെ പശ്ചാത്തലത്തിൽ പലർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥയാണ് ഈ ചിത്രത്തിന്റേത്. പേരുപോലെ തന്നെ മധുരവും മനോഹരവും മോഹിപ്പിക്കുന്നതുമായ ഒരു സിനിമ തന്നെയാണ് തന്റെ ആദ്യ ചുവടുവയ്പ്പിലൂടെ സ്റ്റെഫി സേവ്യർ ഒരുക്കിയിരിക്കുന്നത്. അരോചകമായ കോമഡികളോ അതി ഭാവുകത്വമോ ഇല്ലാതെ മനസ്സ് നിറഞ്ഞു ചിരിക്കാനും ആസ്വദിക്കാനും പറ്റിയ നല്ലൊരു കുടുംബചിത്രമാണ് മധുര മനോഹര മോഹം.
English Summary: Madhurama Manohara Moham Review