ADVERTISEMENT

"Every puff of smoke hides a secret"- സിഗരറ്റിന്റെ ഓരോ പുകച്ചുരുളും ഒരു രഹസ്യത്തെ മറയ്ക്കുന്നുണ്ട്. ആ രഹസ്യത്തെ അനാവരണം ചെയ്യുന്ന സിനിമയാണ് ധൂമം. ത്രില്ലർ സിനിമകളുടെ മെയ്ക്കിങ്ങിലൂടെ ശ്രദ്ധേയനായ കന്നട സംവിധായകൻ പവൻ കുമാർ ഹോംബാലെ ഫിലിംസിനു വേണ്ടി ഒരുക്കിയ ചിത്രം മലയാളത്തിലൊരുക്കിയ പാൻ ഇന്ത്യൻ ചിത്രമെന്ന് നിസംശയം പറയാം. ചടുലമായ ആദ്യപകുതിയും ഇമോഷനൽ ട്രാക്കിലേക്ക് നീങ്ങുന്ന രണ്ടാം പകുതിയും പറഞ്ഞു വയ്ക്കുന്നത് ഒന്നു മാത്രം, ടുബാക്കോ ഈസ് എ ഡേർട്ടി ബിസിനസ്! 

 

ടെൻഷൻ നിറയ്ക്കുന്ന കഥാഗതി

 

പ്രേക്ഷകർ കണ്ടു പരിചയിച്ച ത്രില്ലർ സിനിമകളുടെ ഫോർമാറ്റിലല്ല ധൂമത്തിന്റെ കഥ പറച്ചിൽ. സിനിമ തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ അവിനാശും (ഫഹദ് ഫാസിൽ) ദിയയും (അപർണ ബാലമുരളി) അകപ്പെട്ട പ്രശ്നത്തിലേക്ക് പ്രേക്ഷകരും വീണു പോകും. അപർണയുടെ കഥാപാത്രത്തെ പോലെ പ്രേക്ഷകരും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങും. ആ ഉത്തരങ്ങൾ കണ്ടെത്തുമ്പോഴുണ്ടാകുന്ന അമ്പരപ്പും തിരിച്ചറിവുമാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. പൊതുവെ ഗൗരവമായ ചർച്ചകൾ നടക്കാത്ത പുകയില ബിസിനസിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് സിനിമ കൂട്ടിക്കൊണ്ടു പോകുന്നത്. ആ തിരിച്ചറിവുകൾ ഒരു പക്ഷേ, ചിലർക്കെങ്കിലും ഒരു വീണ്ടുവിചാരത്തിന് വഴി വച്ചേക്കാം. 

 

തീ നിറയ്ക്കുന്ന ബ്രില്യൻസ്

 

സിനിമയിൽ പുകവലി ചിത്രീകരിച്ചിരിക്കുന്ന രീതി അഭിനന്ദനീയമാണ്. ഓരോ സിഗരറ്റും കത്തിക്കപ്പെടുമ്പോൾ പ്രേക്ഷകന്റെ മനസ്സിലും തീ നിറയും. ആ പാക്കേജിങ് തീർച്ചയായും തിരക്കഥാകൃത്തും സംവിധായകനുമായ പവൻ കുമാറിന്റെ ബ്രില്യൻസാണ് അടയാളപ്പെടുത്തുന്നത്. കന്നടയിലും തമിഴിലും ഏറെ ചർച്ച ചെയ്യപ്പെട്ട ലൂസിയ, യു ടേൺ എന്നീ ചിത്രങ്ങൾക്കു ശേഷം പവൻ കുമാർ മലയാളത്തിലെത്തുമ്പോൾ ത്രില്ലറിന്റെ വേറിട്ട ട്രാക്കാണ് പ്രേക്ഷകർ അനുഭവിക്കുന്നത്. നമുക്കു ചുറ്റും അനുദിനം നടക്കുന്ന വലിയൊരു കുറ്റകൃത്യത്തിലേക്കാണ് പവൻ കുമാർ ആസ്വാദകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. അതിനുപയോഗിച്ചിരിക്കുന്ന കഥ പറച്ചിൽ രീതി തീർച്ചയായും പുതുമയേറിയതാണ്. ഇനി ഒരു പുകവലി കാണുമ്പോൾ മുമ്പു ചിന്തിച്ചിരുന്നതു പോലെയാകില്ല ധൂമം കണ്ടിറങ്ങുന്ന പ്രേക്ഷകർ ചിന്തിക്കുക. അത്രയും ഇംപാക്ടുണ്ട്, ധൂമത്തിന്റെ കഥ പറച്ചിലിന്. ആ ഇംപാക്ട് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ശക്തമായ തിരക്കഥയും അതുൾക്കൊണ്ട് അഭിനയിച്ച താരങ്ങളുമാണ്. 

dhoomam-trailer

 

താരമല്ല, നടനാണ് ഫഹദ്

 

ഏറെ സങ്കീർണതകളുള്ള കഥാപാത്രമാണ് ഫഹദിന്റെ അവിനാശ്. അയാളൊരു അമാനുഷികനല്ലെന്ന് ശരീരഭാഷയിലൂടെ ഫഹദ് സംവദിക്കുന്നു. അവിനാശിനെ വെറുക്കണോ അതോ അയാളോട് സഹതപിക്കണോ എന്നൊരു ആശയക്കുഴപ്പത്തിലാകും പ്രേക്ഷകർ. ഫഹദ് എന്ന താരത്തെയല്ല, അയാളിലെ നടനെയാണ് ധൂമം കാഴ്ച വയ്ക്കുന്നത്. ഫഹദിനൊപ്പം മികവാർന്നതായിരുന്നു റോഷൻ മാത്യുവിന്റെയും പ്രകടനം. 'പവർപ്ലേ' പ്രകടനമെന്നു വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു റോഷന്റെ സിദ്ധാർഥ്. ചുരുക്കത്തിൽ, ഫഹദ് ഫാസിൽ, റോഷൻ മാത്യു, അപർണ ബാലമുരളി, വിനീത് രാധാകൃഷ്ണൻ– ഈ നാൽവർ സംഘത്തിന്റെ പ്രകടനമാണ് സിനിമയെ ആസ്വാദ്യകരമാക്കുന്നത്. ഇവർക്കൊപ്പം പരാമർശിക്കേണ്ട കഥാപാത്രമാണ് അനു മോഹന്റെ സത്യ. സ്ക്രീൻ സ്പേസ് കുറവാണെങ്കിലും, അനു മോഹൻ മികവോടെ അത് അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഫഹദ് ഫാസിലുമായുള്ള കോംബിനേഷൻ രംഗങ്ങൾ കണ്ടിരിക്കാൻ രസം തോന്നും. 

 

ത്രില്ലറിന്റെ അമരക്കാർ

 

അദൃശ്യമായ ഒരു കഥാപാത്രത്തെപ്പോലെയാണ് സിനിമയിലെ സിനിമാറ്റോഗ്രഫി ഡിസൈൻ ചെയ്തിരിക്കുന്നത്. അഭിയും നാനും, ഹെയ് സിനാമിക, വാനം കൊട്ടട്ടും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ പ്രീത ജയരാമനാണ് സിനിമയുടെ ഛായാഗ്രഹണം. ഹാൻഡ് ഹെൽഡ് ഷോട്ടുകളുടെയും ലോങ് ഷോട്ടുകളുടെയും രസം നിറയ്ക്കുന്ന അനുഭവമാണ് ധൂമത്തിന്റെ കാഴ്ച. ഫഹദും അപർണയും തേടിപ്പോകുന്ന ഇരകളെ പ്രേക്ഷകർക്കു കാണിച്ചു കൊടുക്കുന്ന രണ്ടു ഷോട്ടുകളുടെ ക്രാഫ്റ്റിൽ പകുതി സംവിധായകനും മറുപകുതി ക്യാമറാവുമണും മാത്രം അവകാശപ്പെടാവുന്നതാണ്. അത്തരം കാഴ്ചകൾ നൽകുന്ന ഉള്ളറിവുകൾ കൊണ്ടു സമ്പന്നമാണ് ധൂമം.  

 

നോൺ ലീനിയറായി പോകുന്ന കഥ പറച്ചിലിന്റെ രസം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് പ്രധാന പങ്ക് വഹിച്ചിരിക്കുന്നത് എഡിറ്റിങ്ങും പശ്ചാത്തല സംഗീതവുമാണ്. സുരേഷ് അറുമുഖമാണ് എഡിറ്റർ. വർത്തമാനകാലവും ഫ്ലാഷ്ബാക്കും ഇടകലരുന്ന കഥ പറച്ചിലിനെ ആസ്വാദ്യകരമാക്കാൻ സുരേഷ് അറുമുഖത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ കയ്യടി അർഹിക്കുന്നതാണ് സിനിമയുടെ പശ്ചാത്തസ സംഗീതം. പവൻ കുമാറിന്റെ ആദ്യ സിനിമ മുതൽ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും സംഗീതം നിർവഹിച്ച പൂർണചന്ദ്ര തേജസ്വിക്കായിരുന്നു ധൂമത്തിന്റെയും ശബ്ദത്തിന്റെ ചുമതല. സംവിധായകൻ എന്തുകൊണ്ട് പൂർണചന്ദ്രയെ ആവർത്തിച്ചുപയോഗിക്കുന്നു എന്നതിന്റെ ഉത്തരം കൂടിയാണ് ധൂമത്തിന്റെ സൗണ്ട് ട്രാക്ക്. പ്രത്യേകിച്ചും ക്ലൈമാക്സിലെ പശ്ചാത്തലസംഗീതം! പ്രേക്ഷകരിൽ ഒരു കിതപ്പുണ്ടാക്കുന്നുണ്ട് അത്. 

 

ഈ ട്രീറ്റ്മെന്റ് പുതിയത്

 

സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകർ സംസാരിക്കുക ക്ലൈമാക്സിനെ കുറിച്ചായിരിക്കുമെന്ന് പല അഭിമുഖങ്ങളിലും സംവിധായകൻ സൂചിപ്പിച്ചിരുന്നു. അതു സത്യമാണ്. ഒട്ടും ക്ലീഷെ ആകാത്ത ട്രീറ്റ്മെന്റിലൂടെയാണ് സിനിമയുടെ ക്ലൈമാക്സ് സഞ്ചരിക്കുന്നത്. താരാരാധനയുടെ ബാധ്യതകളില്ലാത്ത പ്രേക്ഷകർക്കു മുമ്പിലെ അതു വിജയിക്കൂ എന്ന തിരിച്ചറിവായിരിക്കാം ഒരുപക്ഷേ, ഈ സിനിമ മലയാളത്തിൽ ചെയ്യാൻ സംവിധായകനെയും ഹോംബാലെ ഫിലിംസ് പോലെയുള്ള ഒരു പ്രൊഡക്ഷൻ ഹൗസിനെയും പ്രേരിപ്പിച്ചത്. ചുരുക്കത്തിൽ, പുതുമയുള്ള ഒരു ത്രില്ലർ സിനിമാനുഭവം ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കാം. 

 

English Summary: Dhoomam movie review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com