ADVERTISEMENT

വൈഗൈ പുയൽ വടിവേലു... തമിഴ് സിനിമയുടെ ഹാസ്യസാമ്രാട്ട്. 1991 ൽ കസ്തൂരി രാജ സംവിധാനം ചെയ്ത ‘എൻ രാസാവിൻ മനസിലേ’ എന്ന ചിത്രത്തിലൂടെയാണ് കുമാരവടിവേൽ നടരാജൻ അഭിനയത്തിൽ തന്റെ വരവറിയിക്കുന്നത്. ആ സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ‘വടിവേലു’. പിന്നീട് ആ പേര് തമിഴകത്തെ ഹാസ്യലോകത്ത് പകരംവയ്ക്കാനാകാത്ത മുടിചൂടാ മന്നന്റെ പേരായി മാറി. ഇന്ന് അതേ വടിവേലുവാണ് തന്റെ അറുപത്തിരണ്ടാം വയസ്സിൽ ‘മാമന്നൻ’ എന്ന സിനിമയിലെ ടൈറ്റിൽ കഥാപാത്രമായി നമ്മെ അദ്ഭുതപ്പെടുത്തുന്നത്. വളിപ്പു നിറഞ്ഞ തമാശകളാലോ ദ്വയാർഥ പദപ്രയോഗങ്ങളാലോ അല്ല വടിവേലു നമ്മെ രസിപ്പിക്കുന്നത്. നോട്ടം കൊണ്ടും തീക്ഷണതയേറിയ ഡയലോഗുകൾ കൊണ്ടും തിരശീലയെ തീപിടിപ്പിക്കുകയാണ് അദ്ദേഹം. വടിവേലുവിന്റെ കോമഡി രംഗങ്ങൾ കണ്ട് പൊട്ടിച്ചിരിച്ചിരുന്ന പ്രേക്ഷകർ ഇന്ന് അദ്ദേഹത്തെ കണ്ട് നെടുവീർപ്പിടും, ആശ്ചര്യപ്പെടും, പുളകിതരാകും.

മാരി സെൽവരാജിന്റെ മറ്റ് സിനിമകൾപോലെ ജാതിരാഷ്ട്രീയം തന്നെയാണ് ‘മാമന്നനും’ ചർച്ച ചെയ്യുന്നത്. അടിച്ചമർത്തലും സംവരണവും മുതലാളിത്തവും അധര്‍മവും അഹംബോധവുമൊക്കെ ഈ സിനിമയിലുമുണ്ട്. പക്ഷേ ഹീറോ മാമന്നനാണ്. മണ്ണ് എന്നു വിളിക്കുന്ന മാമന്നൻ കാശിപുരം നിയോജകമണ്ഡലത്തിലെ എംഎൽഎയാണ്. മാമന്നന്റെ മകൻ അധിവീരൻ ടൗണിൽ ആയോധനകല അഭ്യസിപ്പിക്കുന്ന യുവാവാണ്. വീടിനോട് ചേർന്നൊരു പന്നിഫാമും വീരൻ നടത്തുന്നുണ്ട്. പന്നി അവനൊരു ഓമന മൃഗം കൂടിയാണ്. കയ്യിലെ പച്ചകുത്തു പോലും പന്നിയുടെ രൂപമാണ്.

മാമന്നനും വീരനും താമസിക്കുന്ന അതേ ഗ്രാമത്തിലെ സുന്ദരം എന്ന രാഷ്ട്രീയ അതികായന്റെ മകനാണ് രത്നവേൽ. മാമന്നൻ അംഗമായ രാഷ്ട്രീയപാർട്ടിയുടെ നേതാവും മുതലാളിയുമെല്ലാം രത്നവേൽ ആണ്. താൻ വളർത്തുന്ന രാജപാളയം നായ്ക്കളെ പോലെ തന്റെ കൂടെ നിൽക്കുന്നവരും വാലാട്ടി കുമ്പിട്ടു നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ക്രൂരനായ നേതാവ്. ‘മുകളിലിരിക്കുന്നവനെ കുമ്പിട്ടാലും കൂടെയിരിക്കുന്നവനെ കുമ്പിട്ടാലും കീഴെ ഇരിക്കുന്നവനെ കുമ്പിടരുത്. കീഴെ ഇരിക്കുന്നവനെ കുമ്പിട്ടാൽ നീ ചത്തതിനു സമം’ എന്നാണ് രത്നവേലിന്റെ അച്ഛന്‍ അവനെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. അച്ഛന്റെ ഉപദേശവും തന്‍പ്രമാണിത്തവും അധികാരവും രത്നവേലിനെ ഒരു മനുഷ്യമൃഗമാക്കി മാറ്റി.

mamannan-trailer

രത്നവേലിന്റെ അച്ഛൻ സുന്ദരനാണ് മാമന്നനെ രാഷ്ട്രീയത്തിൽ ചേർക്കുന്നത്. മകന്റെ കയ്യിൽ പന്നിയെയാണ് പച്ച കുത്തിയിരിക്കുന്നതെങ്കിൽ അച്ഛനായ മാമന്നൻ തന്റെ കയ്യിൽ പതിപ്പിച്ചിരിക്കുന്നത് പാർട്ടിയുടെ പരമോന്നതനും മുഖ്യമന്ത്രിയുമായ സുന്ദരരാജന്റെ ചിത്രമാണ്. മാമന്നൻ ശാന്തനാണ്, ദയാലുവും. പരാതിയുമായി വരുന്നവരുടെ വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാവരെയും തനിക്കൊപ്പം ചേർത്തിരുത്തി പരിഹാരം കണ്ടെത്തുന്ന നേതാവ്. വീട്ടിലെത്തുന്ന ഓരോരുത്തരേയും, അവർ വയസ്സിന് ഇളയതാണെങ്കിൽപോലും മാമന്നൻ ഒപ്പമിരുത്തുന്നുണ്ട്. അവർ നിൽക്കുകയാണെങ്കിലും അദ്ദേഹം നിർബന്ധിച്ച് കസേരയിലിരുത്തും. ഈ രംഗങ്ങൾ സംവിധായകൻ ആവർത്തിച്ചുകാണിക്കുന്നതിനൊരു കാരണമുണ്ട്. അതിനു പിന്നിലുള്ള കാരണങ്ങളും കാഴ്ചകളും പ്രേക്ഷകരുടെ ഉള്ളിലുണ്ടാക്കുന്ന ചില ചിന്തകളുണ്ട്. ആ കാരണം തന്നെയാണ് ഈ സിനിമയുടെ ഉള്ളടക്കവും.

തന്നെ മണ്ണ് എന്നു വിളിച്ചിരുന്നവരെ മാമന്നന്‍ എന്നു വിളിക്കാൻ പ്രേരിപ്പിച്ചത് മകനാണെന്ന് മാമന്നൻ പറയുന്നുണ്ട്. അധിവീരൻ ധീരതയുടെ അടയാളമാണ്. അനീതി കണ്ടാൽ ആരെന്നു നോക്കാതെ ഇടപെടുന്നവൻ. ഒരു ഘട്ടത്തിൽ മാമന്നനും രത്നവേലും തമ്മിലൊരു ചെറിയ പ്രശ്നം ഉടലെടുക്കുന്നു. അത് പിന്നീടൊരു കാട്ടുതീ പോലെ പടർന്ന് യുദ്ധമായി മാറുന്നു. പണത്തിന്റെയും ജാതിയുടെയും ബലത്തിൽ എന്തു ക്രൂരകൃത്യവും നടത്തുന്ന രത്നവേലിന്റെ ‘രാജപാളയം’ യുദ്ധത്തിൽ മാമന്നനും അധിവീരനും ജയിക്കുമോ എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇടവേളയിലെത്തുമ്പോൾ ചിത്രം പ്രേക്ഷകനെ ആവേശത്തിന്റെ ഉന്നതിയിലെത്തിക്കുന്നുണ്ട്. പക്ഷേ, ആ വലിഞ്ഞുമുറുകല്‍ രണ്ടാം ഭാഗത്തിൽ എവിടെയൊക്കെയോ അപ്രത്യക്ഷമാകുന്നു.

പരിയേറും പെരുമാളിനും കർണനും ശേഷം വരുന്ന മാരി സെൽവരാജ് ചിത്രമെന്ന നിലയില്‍ വാനോളമായിരുന്നു മാമന്നിലെ പ്രതീക്ഷ. സിനിമയുെട ആദ്യ ഫ്രെയിം മുതൽ തന്റെ സിഗ്നേച്ചർ അടയാളപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ആരെയും അടിമയായി കാണരുത്, എല്ലാവരും തുല്യർ എന്നതാണ് ഈ സിനിമയിലൂടെ മാരി സെൽവരാജ് നൽകുന്ന സന്ദേശം. പദവിയിലും പണത്തിലും ജാതിയിലും മുന്നിൽ ‌നിൽക്കുന്നർ വരുമ്പോൾ കുമ്പിട്ടു കൈകൂപ്പി നിൽക്കുന്ന സാധാരണക്കാരന്റെ നിസ്സഹായാവസ്ഥ. ആ വൈകാരിക നിമിഷങ്ങളാണ് ഇവിടെ സംവിധായകനെ സ്വാധീനിച്ചിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിലൂടെയാണ് ഇതിനെല്ലാമുള്ള ഉത്തരം അദ്ദേഹം നൽകുന്നത്. നേരിട്ട് അനുഭവിച്ചതും തന്റെ ചുറ്റുപാടുകളിൽ നിന്നും അടർത്തിയെടുത്തതുമായ സംഭവങ്ങളാണ് സംവിധായകൻ സിനിമയാക്കുന്നത്.

പരസ്യമായി സാമൂഹികനീതിയും സമത്വവും പറഞ്ഞുനടക്കുന്ന രാഷ്ട്രീയപാർട്ടികളെയും ജാതി എത്രത്തോളം സ്വാധീനിക്കുന്നുവെന്നും ഒരു മുതിർന്ന രാഷ്ട്രീയക്കാരൻ എങ്ങനെയാണ് പുതിയ തലമുറയ്ക്ക് വഴി തെളിച്ചുകൊടുക്കേണ്ടതെന്നും മാമന്നിലൂടെ പറഞ്ഞുവയ്ക്കുന്നു. പന്നിയും നായയും വച്ചുള്ള പ്രതീകാത്മക ഫ്രെയിമുകളും അവയ്ക്കു മനുഷ്യൻ നൽകിയിരിക്കുന്ന മാനവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. അതിനെയാണ് ഇവിടെ ഒരു മെറ്റഫെറായി അദ്ദേഹം ഉപയോഗിക്കുന്നത്. അതിവൈകാരികമായ ഒരുപാട് രംഗങ്ങൾ സിനിമയിലുണ്ട്. പലരും പറയാൻ മടിക്കുന്ന ജാതി രാഷ്ട്രീയം പച്ചയായിത്തന്നെ പറയുന്നുമുണ്ട്. എന്നാല്‍ രണ്ടാം പകുതിയിൽ സിനിമയുടെ വേഗം കുറയുന്നതുപോലെ തോന്നി. അടിസ്ഥാനപരമായി മനുഷ്യന്റെ വികാരവിക്ഷോഭങ്ങൾ തന്നെയാണ് ഇവിടെയും ദൃശ്യമാകുന്നത്. കർണനിലും പെരുമാളിലും കണ്ടൊരു അതിതീവ്രത ഈ സിനിമയിൽ കാണാൻ കഴിയില്ല. എന്നാൽ മാരി സെൽവരാജ് ആരാധകരെ തീര്‍ച്ചയായും തൃപ്തിപ്പെടുത്തുന്ന ചേരുവകളെല്ലാം ഈ സിനിമയിലുമുണ്ട്.

വടിവേലു എന്ന പ്രതിഭയുടെ ‘ലൈഫ് ടൈം റോൾ’. സങ്കീർണവും അതേസമയം ലളിതവുമായ ആ കഥാപാത്രത്തെ തന്റെ അഭിനയശൈലി കൊണ്ട് അദ്ദേഹം ഗംഭീരമാക്കി. നിയന്ത്രിത അഭിനയത്തിന്റെ മികച്ച മാതൃകയാണ് മാമന്നൻ എന്ന കഥാപാത്രം. മുമ്പുള്ള സിനിമകളിൽ കാണുന്നതുപോലെ വേഗത്തിലുള്ള സംഭാഷണ ശൈലി പോലും ഇവിടെ മാറ്റി പിടിച്ചിരിക്കുന്നു. പറയുന്ന ഡയലോഗുകളിൽ പോലുമുണ്ട് ആ വ്യത്യസ്ത. അതേസമയം, ടൈറ്റിൽ കഥാപാത്രമായിട്ടു കൂടി അദ്ദേഹത്തിനുവേണ്ട സ്ക്രീൻ സ്പേസ് ചിത്രത്തിൽ ലഭിക്കാതിരുന്നത് പോരായ്മയായി തോന്നി.

വേട്ടപ്പട്ടികളുടെ ക്രൂരത നിറഞ്ഞ മനസ്സും എതിരാളിയെ നിക്ഷ്പ്രഭമാക്കുന്ന നോട്ടവുംകൊണ്ടു ഫഹദ് ഫാസില്‍ രത്നവേലായി ആറാടുകയായിരുന്നു. തന്റെ ജാതിയിലും പദവിയിലും വെറിപൂണ്ട് നടക്കുന്ന സ്വാർഥനായ രത്നവേലിനെ അങ്ങേയറ്റം ‘വെറുപ്പിക്കാൻ’ ഫഹദിനു സാധിച്ചു. ഫഹദിന്റെ തമിഴ് ഡയലോഗ് ഡെലിവറിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും സിനിമയിൽ അതത്ര പ്രകടമായിരുന്നില്ല. ഉദയ്നിധി സ്റ്റാലിനും തന്റെ കഥാപാത്രത്തോട് നീതിപുലർത്തി. പക്ഷേ വടിവേലുവിന്റെ കഥാപാത്രവുമായുള്ള ഇമോഷനൽ ബോണ്ടിങ് ഉദയനിധിക്കു മുഴുവനായി കൊടുക്കാനായോ എന്നത് സംശയമാണ്. പ്രധാന കഥാപാത്രമാണെങ്കിൽ കൂടി കീർത്തി സുരേഷിനും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ലാൽ, രവീണ രവി, വിജയ്കുമാർ, അഴകം പെരുമാൾ, ഗീത കൈലാസം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഇസൈപുയൽ എ.ആർ. റഹ്മാന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് മാമന്നനെ അതിന്റെ കൊടുമുടിയിലെത്തിക്കുന്നത്. ഇതിൽ സിനിമയിൽ ഇടയ്ക്കിടെ വടിവേലു തന്റെ സ്വന്തം ശബ്ദത്തിൽ പാടുന്ന നാടൻ ഗാനങ്ങളുണ്ട്. കഥയിലെ സംഘർഷങ്ങളും, വൈകാരികതയും പാട്ടിലൂടെയാണ് പകർന്നു നൽകുന്നത്. സിനിമയ്ക്കു മറ്റൊരു ഉണർവ് നൽകുന്നതും റഹ്മാന്റെ കയ്യൊപ്പമാണ്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും അതിമനോഹരം. സെൽവ ആർ.കെ.യുടെ എഡിറ്റിങ്ങും കുമാർ ഗംഗപ്പന്റെ കലാസംവിധാനവും എടുത്തുപറയേണ്ടതാണ്.

വാൽക്കഷ്ണം: പിറപ്പൊക്കും എല്ലാ ഉയിർക്കും
സിറപ്പൊവ്വാ സെയ്തൊഴിൽ വേറ്റുമൈ യാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com