ADVERTISEMENT

‘മണ്ടേല’ എന്ന ആക്ഷേപഹാസ്യ ചിത്രത്തിലൂടെ തമിഴ്നാടിന്റെ ജാതി രാഷ്ട്രീയത്തെ പ്രശ്നവത്ക്കരിച്ചു നിരൂപക പ്രശംസ നേടിയ മഡോൺ അശ്വിൻ രചനയും സംവിധാനവും നിർവഹിച്ച പൊളിറ്റിക്കൽ ആക്‌ഷൻ ഡ്രാമയാണ് ‘മാവീരൻ’. അഴിമതിയും അധികാര രാഷ്ട്രീയവും രക്ഷകനായി അവതരിക്കുന്ന നായകനും എന്ന പതിവ് പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ ഫോർമുലയിൽ നിന്ന് ഒട്ടും വിഭിന്നമല്ല ശിവകാർത്തികേയൻ നായകനായി എത്തുന്ന മാവീരന്റെ കഥാപരിസരവും. മണ്ടേലയിൽ നിന്ന് മാവീരനിലേക്കെത്തുമ്പോൾ മഡോൺ അശ്വിൻ അൽപ്പം നിരാശപ്പെടുത്തുന്നുണ്ട്. കഥയിലും കഥപറച്ചിലിലും പുതുമകൾ അവകാശപ്പെടാനില്ലെങ്കിലും പ്രധാന കഥാപാത്രങ്ങളുടെ അഭിനയ മികവുകൊണ്ട് സിനിമ ആദ്യാവസാനം ആസാദ്യകരമായി മുന്നോട്ട് പോകുന്നുണ്ട്. കോമിക് സ്ട്രിപ്പ് ആർട്ടിസ്റ്റായ സത്യയായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിൽ വേഷമിടുന്നത്. സത്യ, രചന നിർവഹിക്കുന്ന കോമിക് സ്ട്രിപ്പ് കഥാപാത്രമാണ് ‘മാവീരൻ’ എന്ന സൂപ്പർഹീറോ. ഭീരുവായ സത്യയിൽ നിന്ന് ധീരനായ മാവീരനിലേക്കുള്ള കഥാപാത്രത്തിന്റെ രൂപാന്തരം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. 

 

അമ്മയ്ക്കും സഹോദരിക്കുമൊപ്പം ചേരിയിലാണ് സത്യയുടെ താമസം. ഒരു സുപ്രഭാതത്തിൽ ജയക്കോടിയെന്ന രാഷ്ട്രീയക്കാരന്റെ വ്യക്തി താൽപ്പര്യങ്ങളുടെ പേരിൽ ചേരിനിവാസികൾ കുടിയൊഴിപ്പിക്കപ്പെടുന്നു. നഗരത്തിൽ പുതിയതായി പണി പൂർത്തിയാക്കിയ ഒരു ബിഎച്ച്‌കെ ഫ്ലാറ്റ് സമുച്ചയത്തിലേക്കാണ് ചേരി നിവാസികളെ പുനരധിവസിപ്പിക്കുന്നത്. പുറമേയ്ക്കു പുതുമോടിയുടെ തിളക്കമുണ്ടെങ്കിലും ആ അപ്പാർട്ട്മെന്റിന്റെ നിർമാണത്തിൽ അടിമുടി അഴിമതിയാണ്. മന്ത്രിസഭയിലെ പ്രബലനായ ജയക്കോടിക്കു വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള രാഷ്ട്രീയ നാടകം മാത്രമാണ് ചേരി ഒഴിപ്പിക്കലും ഫ്ലാറ്റ് സമുച്ചയത്തിലേക്കുള്ള പുനരദ്ധിവാസ പദ്ധതിയും. അശാസ്ത്രീയവും അഴിമതിയും നിറഞ്ഞ നിർമ്മതി മൂലം താമസക്കാർ പ്രതിദിനം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അവരുടെ പ്രതിഷേധ സ്വരങ്ങളെ അധികാരവും ആൾബലവും ഉപയോഗിച്ച് ജയക്കോടി നിശബ്ദനാക്കുന്നു. മിഷ്ക്കിനാണ് ജയക്കോടിയെന്ന പ്രതിനായക കഥാപാത്രമായി സ്ക്രീനിൽ നിറഞ്ഞാടുന്നത്. 

 

തന്റെ മുന്നിൽ നടക്കുന്ന അനിതീക്കെതിരെ പ്രതികരിക്കാൻ കഴിയാതെ നിസഹായനായി നോക്കി നിൽക്കാൻ മാത്രമേ ഭീരുവായ സത്യയ്ക്കു കഴിയുന്നുള്ളു. സഹോദരി അപമാനിക്കപ്പെടുമ്പോഴും അമ്മ ആക്രമിക്കപ്പെടുമ്പോഴും അയാൾക്കൊന്നും ചെയ്യാൻ കഴിയുന്നില്ല. അമ്മ കൂടി അയാളുടെ ഭീരുത്വത്തെ പഴിക്കാൻ തുടങ്ങുന്നതോടെ ആത്മഹത്യ അല്ലാതെ അയാളുടെ മുന്നിൽ മറ്റു മാർഗങ്ങളില്ലാതെയാകുന്നു. ആത്മഹത്യ ശ്രമത്തിനിടെ അപകടത്തിൽപ്പെടുന്ന അയാൾ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് പുതിയൊരു വ്യക്തിയായിട്ടാണ്. പുനർജന്മത്തിൽ അയാളെ ഒരു അശരീരി പിന്തുടരുന്നു. ആ അശരീരി അയാളെ സ്വയം മാവീരനായി പ്രതിഷ്ഠിക്കുന്നു. ആ ശബ്ദത്തെ പിന്തുടരുന്ന സത്യയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് സിനിമയുടെ പിന്നീടുള്ള സഞ്ചാരം. 

 

ശിവകാർത്തികേയന്റെ ശരീരഭാഷയ്ക്കു അനുസൃതമായി കോമഡിക്കു പ്രധാന്യം നൽകി എഴുതിയിട്ടുള്ള ആക്‌ഷൻ ഡ്രാമയാണ് മാവീരന്റേത്. കഥാപാത്രത്തിനു വീരത്വം നൽകുമ്പോഴും അമാനുഷികനായി അദ്ദേഹത്തെ പ്രതിഷ്ഠിക്കാതെ ശിവകാർത്തികനു അനുസൃതമായിട്ടാണ് മഡോൺ അശ്വിൻ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. തന്നിലെ നടനിലെ പരിമിതികൾക്കിടയിൽ നിന്ന് കൊണ്ടു കഥാപാത്രത്തെ മികവുറ്റതാക്കി മാറ്റാൻ ശിവകാർത്തിയേകന് കഴിഞ്ഞിട്ടുണ്ട്. തന്റെ സ്വതസിദ്ധമായ നർമവും കൗണ്ടറുകളും കൊണ്ട് യോഗിബാബു തിയറ്ററിൽ ചിരി പടർത്തുന്നുണ്ട്. ജയക്കൊടിയെന്ന പ്രതിനായക കഥാപാത്രമായി മിഷ്ക്കിൻ സ്ക്രീനിൽ തകർത്താടുന്നു. മിനിസ്റ്റർ ജയക്കോടിയുടെ രാഷ്ട്രീയ ഉപദേഷ്ടാവിന്റെ വേഷത്തിലെത്തുന്ന നടൻ സുനിലിന്റെ പ്രകടനവും അതിഗംഭീരമാണ്. നീണ്ട ഇടവേളയ്ക്കു ശേഷം സ്ക്രീനിലെത്തുന്ന നടി സരിത നായകന്റെ അമ്മയുടെ വേഷത്തിൽ മികവാർന്ന പ്രകടനം പുറത്തെടുക്കുന്നു. ശബ്ദ സാന്നിധ്യമായി മക്കൾസെൽവം വിജയ് സേതുപതിയും ചിത്രത്തിലെ നിറസാന്നിധ്യമായി മാറുന്നു. 

 

ഭരത് ശങ്കറിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ പ്ലസ് പോയിന്റാണ്. അനിതീക്കെതിരെ നീതിയുടെ വിജയമെന്ന പതിവ് ശൈലിയിൽ തന്നെ മുന്നോട്ട് പോകുന്ന ചിത്രം ആഖ്യാനത്തിലോ കഥാപാത്ര പരിചണത്തിലോ പുതുമകളൊന്നും കൊണ്ടുവരുന്നില്ല. എന്നിരുന്നാലും മൊത്തത്തിൽ ഭേദപ്പെട്ട ചലച്ചിത്ര അനുഭവമാണ് സിനിമ പകർന്നു നൽകുന്നത്. ക്ലൈമാക്സിലെ ഉദ്വേഗമ നിറഞ്ഞ ആക്‌ഷൻ രംഗങ്ങളും മികച്ചു നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com