ADVERTISEMENT

കലാകാരന് മതമുണ്ടോ? മതമാണോ കലാസൃഷ്ടിയാണോ വലുത്? ഇത്തരം ചില ചോദ്യങ്ങൾക്ക് ആക്ഷേപഹാസ്യത്തിലൂടെ ഉത്തരം തേടുകയാണ് ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന ചിത്രം. കാലികപ്രസക്തമായ ചില കാര്യങ്ങൾ പങ്കുവയ്ക്കുന്ന പൊളിറ്റിക്കൽ സറ്റയറാണ് ചിത്രം. ഏറെക്കുറെ അന്യംനിന്നുപോയ ബാലെ എന്ന കലാരൂപത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക കൂടിയാണ് ഈ സിനിമ.

 

വണ്ണാത്തിക്കാവ് എന്ന ഗ്രാമത്തിലെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച്  ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. കുറേവർഷങ്ങൾക്ക് മുൻപ് നാട്ടിലെ ഉത്സവത്തിന് സജീവമായി അവതരിപ്പിച്ചിരുന്ന രാമരാജ്യം എന്ന ബാലെ അടുത്ത തലമുറയെ കൂട്ടുപിടിച്ച് ദാസൻ എന്ന വയോധികൻ പൊടിതട്ടിയെടുക്കുന്നതും അത് മുടക്കാൻ നാട്ടുകാരിൽ ഒരുവിഭാഗം ശ്രമിക്കുന്നതും അവർ തമ്മിലുള്ള ഉരസലുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

 

ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും നിർവഹിച്ച സിനിമ സംവിധാനം ചെയ്തത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിലാണ്. റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിലാണ് നിർമാണം.

 

ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ നന്ദന രാജനാണ് നായിക. പ്രശാന്ത് മുരളി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, റിയാസ് ബക്കർ എന്നിവരാണ് മറ്റു  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഭിന്ന സ്വഭാവക്കാരായ മനുഷ്യരുള്ള ഏതൊരു ഗ്രാമംപോലെതന്നെയാണ് വണ്ണാത്തിക്കാവും. അവർക്കിടയിലുള്ള ഉരസലുകളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.

 

ഒരുകാലഘട്ടത്തിൽ വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരിൽ ഭീതിനിറച്ച ടി.ജി രവിയുടെ മറ്റൊരു ശക്തമായ കഥാപാത്രമാണ് ചിത്രത്തിലെ ഭഗവാൻ ദാസൻ. 79 വയസ്സിലും ഊർജസ്വലമായ അഭിനയമാണ് അദ്ദേഹം ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. പുതുതലമുറ സിനിമകളിൽ നാടൻ കഥാപാത്രങ്ങളെ തനിമയോടെ അവതരിപ്പിച്ച് ശ്രദ്ധനേടുന്ന നടനാണ് പ്രശാന്ത് മുരളി. ചിത്രത്തിലെ വില്ലൻ വേഷൻ അദ്ദേഹം മികച്ചതാക്കി.  പതിനെട്ടാം പടി, മൈക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ അക്ഷയ് ചിത്രത്തിൽ തന്മയത്വമുള്ള അഭിനയം കാഴ്ചവച്ചിരിക്കുന്നു.

 

സാങ്കേതിക വശങ്ങൾ നിലവാരം പുലർത്തുന്നു. ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, ഗാനങ്ങൾ, കലാസംവിധാനം എന്നിവ ചിത്രത്തിന്റെ ആസ്വാദനക്ഷമത ഉയർത്തുന്നുണ്ട്.

 

കാലികപ്രസക്തമായ ചിലകാര്യങ്ങൾ ചിത്രം സൂക്ഷ്മമായി പറഞ്ഞുപോകുന്നുണ്ട്. കലാകാരന്റെ മതം നോക്കി കലാസൃഷ്ടിയെ വിലയിരുത്തുന്ന പുതിയ കാലത്തിന്റെ സ്ഥിതിവിശേഷത്തെ വിമർശനാത്മകമായി ചിത്രം അവതരിപ്പിക്കുന്നു. അടിസ്ഥാനപരമായി മതബോധം തീവ്രമാകുമ്പോൾ മനുഷ്യർക്കിടയിൽ ഉണ്ടാകുന്ന വെറുപ്പിന്റെയും  സങ്കുചിത ചിന്തയുടെയും അപകടങ്ങളാണ് ചിത്രം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com