പ്രേക്ഷകരെ ത്രില്ലടിപ്പിച്ചും ചിന്തിപ്പിച്ചും ‘കിർക്കൻ’; റിവ്യൂ - Kirkkan Review

kirkkan-review
SHARE

അന്ധമായ ചില ചിന്തകളില്‍ സ്വയം മറന്ന് കിര്‍ക്കന്മാരായി പോകുന്ന കുറച്ചാളുകള്‍, മാന്യതയുടെ കുപ്പായമണിഞ്ഞവരുടെ ഉള്ളില്‍പ്പോലും നമ്മള്‍പോലുമറിയാതെ ഇങ്ങനൊരു ചെകുത്താന്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകും. പുതുകാലം ചര്‍ച്ച ചെയ്യുന്ന പ്രസക്തമായ വിഷയത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ജോഷ് സംവിധാനം ചെയ്ത കിര്‍ക്കന്‍. ക്രൈം ത്രില്ലര്‍ സിനിമയിലൂടെ ആസ്വാദനത്തിനും അപ്പുറം കാലികമായൊരു രാഷ്ട്രീയത്തേയും ചേര്‍ത്തുവച്ച് പ്രേക്ഷകരോട് സംവദിക്കുകയാണ് ഈ ചിത്രം.

തുടക്കം മുതല്‍ ഒടുക്കം വരെ നിലനിര്‍ത്തിയ ത്രില്ലര്‍ സ്വഭാവം. അതിനിടയില്‍ സംഭവിക്കുന്നതൊക്കെയും തീര്‍ത്തും അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍. ത്രില്ലര്‍ സിനിമകള്‍ പലപ്പോഴും ആസ്വാദത്തില്‍ മാത്രം ഒതുങ്ങി പോകുമ്പോള്‍ കിര്‍ക്കന്‍ അവിടേയും വ്യത്യസ്തത പുലര്‍ത്തുകയാണ്. സിനിമ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയമാണ് തിയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകനെ ചിന്തിപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്യുന്നത്. പ്രേക്ഷകര്‍ക്കുള്ളിലേക്ക് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ബാക്കിയാക്കി സിനിമ അവസാനിക്കുന്നതുകൊണ്ടു തന്നെ ചിന്തിക്കാനുള്ള വകയും ഈ ചിത്രം ആവോളം പകരുന്നുണ്ട്.

മലയോരഗ്രാമത്തില്‍ നടക്കുന്ന റേയ്ച്ചല്‍ എന്ന പെണ്‍കുട്ടിയുടെ മരണം. ഇത് അതീവഗൗരവമായി അന്വേഷിക്കുകയാണ് വെട്ടിക്കാട്ടുമുക്ക് ലോക്കല്‍ പൊലീസിലെ സംഘം. എഎസ്‌ഐ കുക്കുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സ്ഥിരം ത്രില്ലര്‍ സിനിമകളുടെ കുപ്പായമണിഞ്ഞല്ല സിനിമ നീങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. സിനിമയുടെ പകുതിയിലേറെയും റെയ്ച്ചലിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ചോദ്യം ചെയ്യലുകള്‍ക്കാണ് പ്രധാന്യം. എന്നാല്‍ ഈ ചോദ്യം ചെയ്യല്‍ പ്രേക്ഷകനെ മുഷിപ്പിക്കാതെ പുതുമ നിറഞ്ഞ വഴികളിലൂടെ അവതരിപ്പിക്കാന്‍ സംവിധായകനും എഴുത്തുകാരനുമായ ജോഷിന് കഴിഞ്ഞിട്ടുണ്ട്. ത്രില്ലര്‍ സിനിമകളുടെ കഥ പറച്ചിലിലെ പുതു പരീക്ഷണം തന്നെയാണ് കിര്‍ക്കന്‍.

എഎസ്‌ഐ കുക്കുവായി നിറഞ്ഞാടാന്‍ സലീം കുമാറിന് കഴിഞ്ഞിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ മാത്തനായി അഭിനയിച്ച മഖ്ബൂല്‍ സല്‍മാനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിട്ടുള്ളത്. ജോണി ആന്റണി, വിജയ രാഘവന്‍, അപ്പാനി ശരത്, അനാര്‍ക്കലി മരക്കാര്‍, കനി കുസൃതി തുടങ്ങിയവരുടെ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വറീത് എന്ന വേഷത്തിലെത്തുന്ന മാത്യു മാമ്പ്രയും കഥാപാത്രത്തോട് നീതിപുലർത്തി.

അച്ചടക്കത്തോടെയും ഒതുക്കത്തോടെയുമുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ജീവന്‍. അതി സങ്കീര്‍ണതകളിലേക്ക് പോകാന്‍ സാധ്യതയുണ്ടായിട്ടും അതിനെ കൃത്യമായി പറയാന്‍ എഴുത്തുകാരനായി. ആ തിരക്കഥയോട് നീതി പുലര്‍ത്തി സിനിമയെ അണിയിച്ചൊരുക്കാന്‍ എഴുത്തുകാരനും സംവിധായകനുമായ ജോഷിനും കഴിഞ്ഞിട്ടുണ്ട്. കലയും കച്ചവടവും കൃത്യമായി സംയോജിപ്പിക്കുന്ന ഇത്തരം സിനിമകളുടെ നിർമാതാക്കളും പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്. മാമ്പ്ര സിനിമാസിന്റെ ബാനറിൽ  മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഔൾ മീഡിയ എന്റർടൈമെൻസിന്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിർമാതാക്കൾ.

ഗൗതം ലെനിന്റെ ഛായാഗ്രഹണം, രോഹിത് എസ്. വി വാര്യത്തിന്റെ ചിത്രസംയോജനം, മണികണ്ഠന്‍ അയ്യപ്പയുടെ പശ്ചാത്തല സംഗീതം എന്നിവ സിനിമയുടെ കൂടുതല്‍ മികവുറ്റതാക്കി മാറ്റുന്നു. ആസ്വാദനത്തിനും അപ്പുറം സിനിമയ്ക്ക് മറ്റു ചിലതുകൂടി സമൂഹത്തിനോട് സംവദിക്കാനുണ്ട് എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് കിര്‍ക്കന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA