ADVERTISEMENT

നായ തന്റെ യജമാനനോട് വാലാട്ടിക്കൊണ്ടു സ്നേഹം പ്രകടിപ്പിക്കുന്നത് കാണാത്തവരായി ആരും ഉണ്ടാവില്ല. ഭക്ഷണം കൊടുക്കുന്നതിന്റെ നന്ദിയും അതിനെ സ്നേഹിക്കുന്നതിന്റെ കടപ്പാടും എല്ലാം ഏറ്റവും സ്നേഹത്തോടെയുള്ള ആ വാലാട്ടലിൽ ഉണ്ടാവും. ചിത്രത്തിന്റെ പേരിൽ പറഞ്ഞിരിക്കുന്നതു പോലെ, വാലാട്ടികളായ നായകളുടെ കഥയാണ് 'വാലാട്ടി' എന്ന ചിത്രത്തിൽ പറയുന്നത്.

‘വാലാട്ടി’യിൽ കേന്ദ്ര കഥാപാത്രം റോയിയുടെ വളർത്തുനായ ടോമിയാണ്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ഒരു വളർത്തുനായയാണ് ടോമി. റോയ് കൃത്യമായ ട്രെയിനിങ് കൊടുത്താണ് തന്റെ വില്ലയിൽ അതിനെ വളർത്തുന്നത്. ടോമി കാണിക്കുന്ന കുറുമ്പുകൾക്കെല്ലാം കൂടെ നിൽക്കുന്നതും റോയിയാണ്. തൊട്ടടുത്ത വില്ലയിൽ താമസിക്കുന്ന അമലുവുമായി ടോമി പ്രണയത്തിലാകുന്നതോടെയാണ് അവരുടെ ജീവിതം മാറാൻ തുടങ്ങുന്നത്. അമലുവാകട്ടെ ഒരു അയ്യങ്കാർ ഫാമിലി വളർത്തുന്ന ഹൈബ്രിഡ് ഇനം നായയും. മത്സ്യമാംസാദികൾ ഒന്നും കഴിക്കാതെ വളർന്ന അമലുവിന് കൂട്ടായി ടോമി എത്തുന്നത് അമലുവിന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെടുന്നില്ല. അവരത് ടോമിയുടെ ഉടമയായ റോയിയെ അറിയിക്കുന്നു. അതിനിടയിലാണ് അമലു ഗർഭിണിയാണെന്ന് അറിയുന്നത്. അതോടെ അമലുവിനെയും ടോമിയെയും ഇരുവീട്ടുകാരും തടങ്കലിലാക്കുന്നു. ഇരുവരുടെയും സുഹൃത്തായ പൂവൻ തടങ്കലിൽനിന്നു രക്ഷപ്പെടാനുള്ള ഉപദേശം കൊടുക്കുന്നു. തങ്ങളുടെ പ്രണയത്തിന് യജമാനന്മാരുടെ സമ്മതം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ അമലുവും ടോമിയും വീടുവിട്ടിറങ്ങാൻ തീരുമാനിക്കുന്നു. എല്ലാ സൗകര്യങ്ങളോടും കൂടി വീട്ടിൽ വളരുന്ന നായകൾ സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ അവർക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെയും അതിനെ ഈ നായ്ക്കൾ അതിജീവിക്കുന്നതും ആണ് ചിത്രത്തിന്റെ രണ്ടാംപാതിയിൽ പറയുന്നത്.

സാമൂഹികപ്രസക്തമായ ഒട്ടേറെ കാര്യങ്ങളാണ് ഈ ചിത്രം പറയുന്നത്. സ്നേഹവും സൗഹൃദവും എല്ലാം മനുഷ്യർക്കിടയിൽ മാത്രമാണെന്നു തെറ്റിദ്ധരിക്കുന്നവർക്കു കൂടിയുള്ളതാണ് ഈ ചിത്രം. ജീവനെപ്പോലെ സ്നേഹിക്കുന്നവർ ഉപേക്ഷിച്ച നായയുടെ വികാരവും ദുർലാഭത്തിനായി നടന്ന പരീക്ഷണങ്ങൾക്കിടയിൽനിന്നു രക്ഷപ്പെട്ടുപോരുന്ന നായയുടെ ആക്രമണ സ്വഭാവവും എല്ലാം ഈ ചിത്രത്തിൽ വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. മലയാള സിനിമയിൽ ഇത്തരം പരീക്ഷണങ്ങൾ അപൂർവമാണെന്നാണ് പറയേണ്ടത്. ഒരു സിനിമയുടെ എല്ലാ ചേരുവകളും നായകളിലൂടെ പറഞ്ഞു പോകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജാതിയും മതവും എല്ലാം മനുഷ്യർക്കിടയിൽ മാത്രമാണെന്നും യഥാർഥ പ്രണയത്തിന് അവയൊന്നും തടസ്സമാകില്ല എന്നും ടോമിയുടെയും അമലുവിന്റെയും ജീവിതം നമുക്ക് കാണിച്ചു തരുന്നു. ഏതൊരു സാഹചര്യത്തിലും ടോമിയോടൊപ്പം ഇണങ്ങിക്കഴിയാൻ അമലു എടുക്കുന്ന പരിശ്രമവും വളരെ രസകരമായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു.

വീട്ടമ്മയായ സുമതിയായി രോഹിണി തിളങ്ങുമ്പോൾ ഡോഗ് ഭാസിയെന്ന ട്രെയിനർ ആയെത്തുന്ന അക്ഷയ് രാധാകൃഷ്ണനും സരസ്വതിയായെത്തുന്ന മഹിമ നമ്പ്യാരും പ്രത്യേക കയ്യടി അർഹിക്കുന്നു. ഒപ്പമുള്ള മികച്ച താരനിരയും വാലാട്ടിയുടെ യാത്രയ്ക്ക് രസം കൂട്ടുന്നു.

നായകളുടെ ചുണ്ടുകളുൾപ്പടെയുള്ള ശരീരഭാഗങ്ങളിൽ തെളിയുന്ന വികാരപ്രകടനങ്ങളും അവയുടെ അനായാസമായ സംഭാഷണരീതികളുമെല്ലാം വളരെ രസകരമായും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുമാണ് ഒരുക്കിയിട്ടുള്ളത്. നായകനായ ടോമിയുടെ ശബ്ദമായി മാറുന്നത് റോഷനും അമലുവിന്റെ ശബ്ദ സാന്നിധ്യമായി രവീണ രവിയുമാണ്. ഇവരുടെയും കൂട്ടുകാരായ കരിക്കു ശബ്ദം നൽകിയിരിക്കുന്നത് സൗബിൻ ഷാഹിർ ആണ്. കിഴവൻ നായയുടെ ശബ്ദമായി ഇന്ദ്രൻസും കൂട്ടുകാരനായി എത്തുന്ന ബ്രൂണോയുടെ ശബ്ദമായി സണ്ണി വെയ്നും ചേരുമ്പോൾ ഒരു കമേഴ്സ്യൽ സിനിമയുടെ എല്ലാ ചേരുവകളും ഒത്തിണങ്ങിയിട്ടുണ്ട് വാലാട്ടിയിൽ എന്ന് ഉറപ്പിച്ചു പറയാം.

മനുഷ്യരുടെ വികാരവിചാരങ്ങളെല്ലാം മൃഗങ്ങളിലൂടെ അവതരിപ്പിച്ചിട്ടുള്ള ഈ ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. നായയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും യജമാനനോട് അങ്ങേയറ്റം ആത്മാർഥത പുലർത്തി സമൂഹത്തെ നേരിടുന്ന ഒരു ജീവിയുടെ ആത്മസംഘർഷങ്ങളും ചിത്രത്തിനെ മികവുറ്റതാക്കുന്നു.

വാലട്ടിയിലൂടെ ദേവൻ ജയകുമാർ എന്ന സംവിധായകൻ ശ്രദ്ധിക്കപ്പെടുമെന്നത് തീർച്ച. ആസ്വദിച്ച് കേൾക്കാൻ കഴിയുന്ന മികച്ച ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് വരുൺ ആണ്. അരുൺ വെഞ്ഞാറമൂട് ആണ് ചിത്രത്തിന്റെ കലാസംവിധായകൻ. ഇത്തരമൊരു ചിത്രം നിർമിക്കാൻ മുന്നിട്ടിറങ്ങിയ വിജയ് ബാബുവിനും അഭിനന്ദനം.

മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പലപ്പോഴും നമുക്കു മുന്നിൽ വന്നിട്ടുണ്ട്. കൊടുക്കുന്ന സ്നേഹമത്രയും ഒരു ആപത്ത് വരുമ്പോൾ അവ നമുക്ക് തിരിച്ചു നൽകാറുണ്ട്. നായ്‌പ്രേമികളല്ലാത്തവര്‍ക്കു പോലും കണ്ണീരോടെയല്ലാതെ ഈ ചിത്രം കണ്ടുതീര്‍ക്കാനാവില്ല എന്നതുറപ്പാണ്. വാലാട്ടിക്കാണിക്കുന്ന നായ്ക്കളുടെ നന്ദിയും മനുഷ്യരോടുളള അവയുടെ സ്നേഹവും അടുപ്പവും എല്ലാം കൃത്യമായി പറഞ്ഞു പോകുന്ന ഒരു നല്ല ചിത്രമാണ് 'വാലാട്ടി'. കുടുംബവുമായി ഒരുമിച്ചു പോയിരുന്ന കാണാവുന്ന മനോഹരമായ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com