ADVERTISEMENT

സൂത്രക്കാരായ കുറുക്കന്മാരുടെ പല കഥകളും നാം കേട്ടിട്ടുണ്ട്. അപകടകരമായ പല സന്ദർഭങ്ങളിൽ  നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ടു പോരുന്നവരാണ് കുറുക്കന്മാർ. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ചില സന്ദർഭങ്ങളിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ടു പോരുന്ന കുറുക്കന്മാരുടെ ബുദ്ധിയുള്ള ചിലരുടെ കഥയാണ് ‘കുറുക്കൻ’ എന്ന സിനിമ അവതരിപ്പിച്ചിരിക്കുന്നത്.

 

നീനു എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ മരണം കൊലപാതകമാണ് എന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് ദിനേശ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ. അന്വേഷണത്തിന് തുടക്കത്തിൽ തന്നെ അയാൾക്ക് വീഴ്ചയാണ് സംഭവിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഈ വീഴ്ച ഒരു ആഘോഷമായി മാറുന്നതാണ് പിന്നീട് നാം കാണുന്നത്. തനിക്ക് നേരെ നീളുന്ന പരിഹാസ കൂരമ്പുകളിൽ നിന്നും അയാൾ രക്ഷനേടാൻ ആയി ശ്രമിക്കുമ്പോൾ അവയെല്ലാം തന്നെ അബദ്ധങ്ങളായി മാറുകയും അത് പിന്നീട് അയാളുടെ പരാജയത്തിനുള്ള വിത്തുപാകുകയും ചെയ്യുന്നതും നാം സ്ക്രീനിൽ കാണുന്നു. നീനുവിൻ്റെ മരണം ഒരു കൊലപാതകമാണ് എന്നും അത് തെളിയിക്കേണ്ടത് തൻ്റെ മാത്രം ഉത്തരവാദിത്വമാണ് തിരിച്ചറിവോടുകൂടി അയാളുടെ ഉള്ളിലെ പോലീസ് ബോധം ഉണരുന്നതോടെയാണ് ചിത്രത്തിൻ്റെ ആദ്യപകുതി അവസാനിക്കുന്നത്.  കൊലപാതകിയെ കണ്ടെത്താനായി ദിനേഷും അയാളുടെ സഹപ്രവർത്തകരും നടത്തുന്ന യാത്രയാണ് രണ്ടാംപാതി. 

 

സർക്കാസ്റ്റിക് കോമഡികളിലൂടെയാണ് തുടക്കം മുതൽ ഒടുക്കം വരെ കുറുക്കന്റെ യാത്ര.നീനുവിന്റെ കൊലപാതകയായി സംശയിക്കപ്പെടുന്ന പത്രവിതരണക്കാരൻ സാധാരണക്കാരൻ്റെ പ്രതിനിധിയാണ്. പ്രശ്നത്തിൽപ്പെട്ടുഴലുന്ന സാധാരണക്കാരനെ രക്ഷിക്കാൻ സാഹചര്യങ്ങൾ പോലും ചിലപ്പോൾ കൂട്ട് നിൽക്കുന്നില്ല എന്നും ചിത്രം തുറന്നു കാണിക്കുന്നു. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം സമൂഹത്തിൽ വരുത്തിരിക്കുന്ന ചില പ്രശ്നങ്ങളും  ഇൻവെസ്റ്റിഗേഷൻ സീരിയസുകൾ സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളും എല്ലാം ഈ ചിത്രത്തിൽ പറഞ്ഞു പോകുന്നു. നീതിയും ന്യായവും എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്ന് മനസ്സിലാക്കിയ ഒരു സമൂഹത്തിന് മുന്നിൽ നിയമത്തിന് മറ്റൊരു പഴുതും ഉണ്ടാവില്ല എന്ന സത്യവും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നുണ്ട്.

 

ജ്വല്ലറി സെക്യൂരിറ്റിയുടെ മരണവും അത് തെളിയിക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിനൊപ്പം നിൽക്കുന്ന ഒരു കള്ള സാക്ഷിക്കാരന്റെ മൊഴിയുമാണ് ചിത്രത്തിന്റെ തുടക്കത്തിൽ പ്രേക്ഷകനെ ചിരിപ്പിക്കുന്നത്. എന്നാൽ പലനാളിലെ കള്ളൻ ഒരുനാൾ പിടിയ്ക്കപ്പെടുമ്പോൾ പ്രേക്ഷകന്റെയുള്ളിലേക്ക് അത് ഒരു വലിയൊരു മെസ്സേജ് ആയി മാറുന്നതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്.

 

ദിനേഷ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിനീത് ശ്രീനിവാസനും പത്രവിതരണക്കാരനായി ഷൈൻ ടോം ചാക്കോയും കൃഷ്ണനായി ശ്രീനിവാസനും എത്തുന്നു.  ഒരിടവേളയ്ക്കു ശേഷം കൃഷ്ണനായി ശ്രീനിവാസൻ സ്ക്രീനിൽ എത്തുമ്പോൾ വലിയ പ്രതീക്ഷകളാണ് അത് പ്രേക്ഷകർക്ക് നൽകുന്നത്. സ്വതസിദ്ധമായ നർമത്തിലൂടെ പ്രേക്ഷകനെ കയ്യിലെടുക്കാൻ കഴിവുള്ള അനുഗ്രഹീത നടൻ ഒരു ഇടവേളയ്ക്ക് ശേഷം സ്ക്രീനിൽ എത്തുമ്പോൾ അത് പ്രേക്ഷകനെ നൂറുശതമാനം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നുള്ളത് കുറുക്കന്റെ മാറ്റ് കൂട്ടുന്നു. പോലീസിനെ സഹായിക്കാനായി കൃഷ്ണൻ നടത്തുന്ന സാഹസിക യാത്ര വളരെ രസകരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജോജി ജോൺ, ഗൗരി നന്ദ, മാളവിക മേനോൻ, അശ്വത് ലാൽ, സുധീർ കരമന, മെറീന മൈക്കിൾ, അൻസിബ എന്നിവരാണ്. യഥാർഥമെന്നു തോന്നിപ്പിക്കുന്ന സംഭവങ്ങളെ ദൃശ്യവൽക്കരിക്കുന്നതിനായി എല്ലാ കഥാപാത്രങ്ങളും അവരുടെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സൂത്രശാലിയായ വിനീതിന്റെ കഥാപാത്രം പലപ്പോഴും പ്രേക്ഷകർക്ക് നിറഞ്ഞ ചിരിയാണ് സമ്മാനിക്കുന്നത്. ഷൈൻ ടോം ചാക്കോയുടെ പ്രകടനവും എടുത്തുപറയണം.

 

സമൂഹത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഒട്ടേറെ കാര്യങ്ങളെയാണ് ചിത്രത്തിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. നമുക്ക് ചുറ്റും നടന്നിട്ടുള്ളതോ അല്ലെങ്കിൽ നാം അറിഞ്ഞിട്ടുള്ളതോ ആയ സംഭവങ്ങളെ കോർത്തിണക്കുന്നതിൽ തികഞ്ഞ കയ്യടക്കമാണ് കഥാകൃത്ത് പുലർത്തിയിട്ടുള്ളത്. രണ്ടുമണിക്കൂർ അഞ്ചുമിനിറ്റ് ഉള്ള ഈ ചിത്രം സൈബർ ലോകത്ത് നടക്കുന്ന ചില ചതിക്കുഴികളെ കൂടി തുറന്നു കാണിക്കുന്നുണ്ട്. കഥാപാത്ര നിർമ്മിതിയും അവയെ സ്ക്രീനിൽ എപ്പോൾ പ്രസന്റ് ചെയ്യണം എന്നതിൽ കഥാകൃത്ത് പുലർത്തിയ അടുക്കും ചിട്ടയും എടുത്തു പറയേണ്ടതാണ്. ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും തമ്മിലുള്ള രസകരമായ രംഗങ്ങൾ അതിന്റെ മാറ്റ് കുറഞ്ഞു പോകാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.

 

ഛായാഗ്രാഹകനും സംവിധായകനുമായ ജിബു ജേക്കബ് ആണ് കുറുക്കന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി ഇളയരാജയാണ് ചിത്രത്തിന്‍റെ പാട്ടുകളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. നർമ്മത്തിന്റെ മേമ്പടി ചേർത്ത് പറയുന്ന ഈ ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് മാഫിയ ശശിയാണ്. ജയലാൽ ദിവാകരന്റെ ഈ ആദ്യ സിനിമ മലയാളികളെ കയ്യിലെടുക്കും എന്നത്ഉറപ്പാണ്. ചിത്രത്തിന് അനുയോജ്യമായ കെട്ടുറപ്പുള്ള തിരക്കഥ ഒരുക്കിയിരിക്കുന്നത് മനോജ് റാം സിങ് ആണ്. അനാവശ്യ സംഭാഷണങ്ങളും ദയാർത്ഥ പ്രയോഗങ്ങളും ഇല്ലാതെ നർമ്മത്തിൽ പൊതിഞ്ഞ് ഒരു സംഭവത്തെ എങ്ങനെ അവതരിപ്പിക്കാം എന്നതിൻ്റെ മികച്ച ഉദാഹരണം കൂടിയാണ് ഈ ചിത്രം എന്നു പറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com