ADVERTISEMENT

മത്സ്യകന്യകയും മനുഷ്യനും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് മിത്തുകൾ ഉണ്ടായ കാലം മുതൽ തന്നെ പറയപ്പെടുന്നുണ്ട്. നമ്മൾ കേൾക്കുന്ന യക്ഷിയും ഗന്ധർവ്വനും ഒക്കെ പോലെ തന്നെ ഈ രഹസ്യാത്മകതയുള്ളവരെക്കുറിച്ചറിയാൻ കൗതുകമുണ്ട് എല്ലാവർക്കും. വിദേശ രാജ്യങ്ങളിൽ ഒരുപക്ഷേ ഏറ്റവുമധികം കേട്ട ഒരു മിത്താണ് മത്സ്യകന്യക. കടലിന്റെ അടിയിലെ ലോകത്ത് മനുഷ്യന്റെ ഉടലും അര ഭാഗം മുതൽ മത്സ്യത്തിന്റെ ആകൃതിയുമുള്ള ജീവികൾ പലരും യഥാർഥത്തിൽ പോലും കണ്ടുവെന്ന് അവകാശപ്പെടാറുണ്ട്. എന്തൊക്കെയായായാലും മനോഹരമായൊരു രഹസ്യാത്മകതയാണ് മത്സ്യകന്യക. വാൾട് ഡിസ്‌നി പ്രൊഡക്‌ഷൻ കമ്പനി അതുകൊണ്ടു തന്നെയാണ് ലോകമൊട്ടാകെയുള്ള ഫിക്‌ഷൻ പ്രേമികൾക്കു വേണ്ടി അതേ വിഷയത്തിൽ ഒരു സിനിമയും ചെയ്തത്. 1989ലാണ് ‘ദ് ലിറ്റിൽ മെര്‍മെയ്ഡ്’ എന്ന പേരിൽ ആനിമേഷൻ ചിത്രം ഡിസ്നി റിലീസ് ചെയ്തത്. പിന്നീട് 34 വർഷങ്ങൾക്കു ശേഷം അതിന്റെ ലൈവ് ആക്‌ഷൻ അഡാപ്റ്റേഷനുമായി ഡിസ്നി വീണ്ടും എത്തുന്നു. ഹാലെ ബെയ്‌ലി പ്രധാന വേഷത്തിലെത്തുന്ന സിനിമ സംവിധാനം ചെയ്തത് കരീബിയൻ കൊള്ളക്കാരെക്കുറിച്ച് ഒരു ചിത്രം ചെയ്ത റോബ് മാർഷൽ ആണ്. 

 

ട്രെയ്റ്റൻ രാജാവിന്റെ ഏഴു പെൺമക്കളിൽ ഇളയവളാണ് ഏരിയൽ. ഏഴു കടലുകളുടെ അധിപരാണ് ഈ ഏഴ് മത്സ്യ കന്യകമാരും. എന്നാൽ മറ്റു രാജകുമാരിമാരെപ്പോലെയല്ല ഏരിയൽ. അല്ലെങ്കിലും എല്ലാ വീടുകളിലും ഉണ്ടാവും അസാധാരണമായി ചിന്തിക്കുന്ന, വ്യത്യസ്തമായി നടക്കുന്ന ഒരുവനോ ഒരുവളോ. ആ വ്യക്തിയാകും ഏറ്റവും വ്യത്യസ്തമായ ഒരു കഥ സ്വന്തം ജീവിതത്തിനു മുകളിൽ എഴുതി ചേർക്കുന്നതും. എപ്പോഴും മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് മറ്റാരും കാണാത്തത് കാണുന്ന ഏരിയൽ മനുഷ്യരെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അവരുടെ നൃത്തം ചെയ്യുന്ന കാലുകൾ തനിക്ക് ഇല്ലാതായതോർത്ത് അവൾക്ക് തെല്ലു നിരാശയുമുണ്ട്. എന്നെങ്കിലുമൊരിക്കൽ ആലോകം തനിക്കും കൂടി വേണ്ടിയുള്ളതാകും എന്നവൾ സ്വപ്നം കാണുന്നുണ്ട്. 

 

ട്രെയ്റ്റൻ രാജാവിന് മനുഷ്യരോട് വിരോധമാണ്. കടലിന്റെ സമതുലനാവസ്ഥ തെറ്റിക്കാൻ വന്ന മനുഷ്യരെ എങ്ങനെയൊക്കെ ഉപദ്രവിക്കാം എന്നാണു അദ്ദേഹം ആലോചിക്കുന്നതും. അതുകൊണ്ടു തന്നെ ശത്രുക്കളായ മനുഷ്യരെ സ്നേഹിക്കുന്ന ഏരിയൽ അദ്ദേഹത്തിന്റെ ധിക്കാരിയായ മകളാണ്. അവളെ രഹസ്യമായി വീക്ഷിക്കാൻ തന്റെ ഭൃത്യനായ കടൽ ഞണ്ട് സെബാസ്ത്യനെയും ചുമതലപ്പെടുത്തുന്നുണ്ട്. തകർന്നു പോയ കപ്പലുകളിൽ നിന്നും സൂക്ഷിച്ചു വച്ച ഓരോന്നും തന്റെ ജീവനേക്കാൾ പ്രിയപ്പെട്ടതാണ് ഏരിയലിന്. അപ്പോഴാണ് അവളുടെ മുന്നിൽ വച്ച് ആ കപ്പൽ തകരുന്നത്! അതിനുള്ളിൽ അവൾ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കുന്ന മനുഷ്യരുണ്ട്. എറിക് രാജകുമാരനും അദ്ദേഹത്തിന്റെ ഒപ്പമുള്ളവരുമായിരുന്നു ആ കപ്പലിലുണ്ടായിരുന്നത്. തങ്ങളുടെ കച്ചവടം കഴിഞ്ഞു വരുന്ന വഴിയിൽ കടലിലുണ്ടായ അപകടത്തിൽ ബാക്കിയുള്ളവർ രക്ഷപ്പെട്ടെങ്കിലും എറിക് കടലിലേയ്ക്ക് ആണ്ടു പോയി. അത് കണ്ടു കൊണ്ട് വെറുതെ നിൽക്കാൻ ഏരിയലിന് ആവില്ലല്ലോ. ബോധമില്ലാതെ കിടക്കുന്ന എറിക്കിനെ കരയിൽ സുരക്ഷിതമായി എത്തിച്ച ശേഷം അവൾ മറഞ്ഞു നിന്നു. കൂടെയുള്ളവർ വന്നു അദ്ദേഹത്തെ കൊണ്ട് പോകുമ്പോഴും എറിക് ആരെയോ തിരയുന്നുണ്ടായിരുന്നു. അത് തന്നെയല്ലാതെ മറ്റാരെയുമല്ലെന്നു അവൾക്ക് ഉറപ്പുണ്ടായിരുന്നു. തന്റെ ആത്മാവിന്റെ പാതിയെ കണ്ട ആനന്ദത്തിൽ അവൾ മതിമറന്നു പാടി. 

 

മനോഹരമായ ഒരു പ്രണയ കാവ്യമാണ് ദ് ലിറ്റിൽ മെർമെയിഡ്.ഒരു മ്യൂസിക്കൽ ചിത്രമായതുകൊണ്ടു തന്നെ സംഗീതത്തിന്റെ തുടിപ്പുകൾ തുടക്കം മുതൽ ഒടുക്കം വരെ കഥയുടെ കാവ്യ ഭംഗിയെ കൂട്ടുന്നുണ്ട്. ഏതൊരു പ്രണയത്തെയും തകർക്കാൻ നിൽക്കുന്ന മന്ത്രവാദിനിയെപ്പോലെ ഇവിടെയും കടലിന്റെ ആഴത്തിൽ കാള സർപ്പം പോലെ ഒരുവളുണ്ടായിരുന്നു. കടൽ രാജാവിന്റെ കിരീടവും ഒപ്പം അനന്തരാവകാശികളെയും തട്ടിയെടുക്കാൻ നടക്കുന്നവൾ, ഉർസുല. അവൾ ഏരിയലിന് നടക്കാൻ കാലുകൾ നൽകി, അവളെ മനുഷ്യർക്കൊപ്പം നടക്കാൻ പര്യാപ്തയാക്കി. പകരം ഏരിയലിന് നൽകേണ്ടി വന്നത് അവളുടെ ശബ്ദവും രാജകുമാരനോടുള്ള പ്രണയവുമാണ്. പക്ഷേ ഉർസുല അവൾക്ക് ഒരു ശാപമോക്ഷവും നൽകുന്നുണ്ട്. അന്നേയ്ക്കു മൂന്നു ദിവസത്തിനുള്ളിൽ രാജകുമാരൻ ഏരിയലിനെ ചുംബിച്ചില്ലെങ്കിൽ അവളുടെ ശബ്ദവും അവളും എന്നെന്നേയ്ക്കുമായി ഉർസുലയ്ക്ക് സ്വന്തം. ചതിയുടെ ഈ രസതന്ത്രം രാജാവോ മറ്റാരുമോ അറിഞ്ഞില്ല. ഓർമകൾ നഷ്ടപ്പെട്ട ആ കൊച്ചു മത്സ്യ കന്യക എന്തു ചെയ്യാൻ! പക്ഷേ അവൾ തന്റെ കാലുകളാൽ നൃത്തം ചെയ്തു. മണൽതീരത്ത് ഓടി നടന്നു, രാജകുമാരനൊപ്പം യാത്ര ചെയ്തു എന്നിട്ടും അവർ ചുംബിക്കാൻ മറന്നു... 

 

രണ്ടു വർഷങ്ങള്ക്കു ശേഷമാണ് ഡിസ്നി ഒരു ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ദ് ലിറ്റിൽ മെർമെയിഡ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമാണ്. ഒരു പാവക്കുട്ടിയെപ്പോലെ ഭംഗിയുള്ള ഹാലെ ബെയ്‌ലി മത്സ്യകന്യകയായി ഏറ്റവും അനുയോജ്യയാണ്. ഡിസ്നിയുടെ ചിത്രങ്ങൾ എല്ലാം തന്നെ എല്ലാ പ്രായക്കാരെയും ഒരുപോലെ ആകർഷിക്കുകയും കഥ കൊണ്ടും സാങ്കേതിക മികവ് കൊണ്ടും മുന്നിലാണ്. അതുകൊണ്ടു തന്നെ ചിത്രങ്ങൾ ഇറങ്ങാൻ കാത്തിരിക്കുന്ന നിരവധി ഫാൻസ്‌ ഡിസ്‌നിക്കുണ്ട്. മത്സ്യ കന്യകയെ പ്രമേയമാക്കി ഇതിനു മുൻപും ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. അതിൽ നിന്നും വലിയ വ്യത്യാസമൊന്നും ദ് ലിറ്റിൽ മെർമെയിഡ് അവകാശപ്പെടുന്നില്ല. 

കാലം കൊണ്ട് വന്ന സാങ്കേതിക തികവ് വേണമെങ്കിൽ ഒരു മാറ്റമായി പറയാമെങ്കിലും. കഥാപരമായും ഏതൊരു പ്രണയ കഥയെയും പോലെ തനിക്ക് അപ്രാപ്യമായ ഒന്നിന് വേണ്ടിയുള്ള കാത്തിരിപ്പ്, അതിലേക്കുള്ള പ്രധാന കഥാപാത്രത്തിന്റെ യാത്ര, അതിനു തടസ്സമായി നിൽക്കുന്ന എതിർ കഥാപാത്രങ്ങൾ, ഒടുവിൽ എല്ലാത്തിനെയും അതിജീവിക്കുന്ന നായകനും നായികയും എന്നാ അതെ രീതി തന്നെയാണ് ഇവിടെയും. പക്ഷെ ഇത്തരം മിത്തിക്കൽ കഥകളോട് താൽപ്പര്യമുള്ളവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെ ചിത്രം ചെയ്തിരിക്കുന്നു. കഥകളിലും ചിത്രങ്ങളിലുമൊക്കെ കാണുന്ന രഹസ്യാത്മകതയുള്ള കഥാപാത്രങ്ങളോടുള്ള മനുഷ്യരുടെ അഭിനിനിവേശം ഒരിക്കലും കെടാൻ പോകുന്നില്ല. കടലിനുള്ളിൽ കൊട്ടാരത്തിൽ താമസിക്കുന്ന അതി സുന്ദരിമാരായ മത്സ്യ കന്യകമാരെ കാണാൻ ആർക്കാണ് അല്ലെങ്കിലും ഉള്ളിൽ പൂതി പെരുക്കാത്തത്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com