ADVERTISEMENT

ഇടുക്കിയിലെ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ജീപ്പ് ഡ്രൈവറാണ് പാപ്പച്ചൻ. അയാളുടെ അപ്പൻ മാത്തച്ചൻ കാടുവിറപ്പിച്ച പഴയ വേട്ടക്കാരനായിരുന്നു. എന്നാൽ അപ്പന്റെ ധീരതയുടെ തഴമ്പില്ലാത്ത പാപ്പച്ചൻ നാട്ടുകാരുടെ മുന്നിൽ പലപ്പോഴും പരിഹാസ്യനാകുന്നു. നാട്ടുകാരുടെ മുന്നിൽ ആളാകാനായി അയാൾ പോകുന്ന കുറുക്കുവഴികളും അതുണ്ടാക്കുന്ന പുലിവാലുകളുമാണ് 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രം ഹാസ്യത്തിൽ പൊതിഞ്ഞു അവതരിപ്പിക്കുന്നത്. 

 

ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സിന്‍റോ സണ്ണിയാണ്. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമിച്ചത്.  സൈജു കുറുപ്പ് പാപ്പച്ചനായി എത്തുന്നു. സ്രിന്ദയും ദര്‍ശനയുമാണ് ചിത്രത്തിലെ നായികമാര്‍. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, പ്രശാന്ത് അലക്‌സാണ്ടർ, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. 

 

അപ്പനെപ്പോലെ നാട്ടുകാരുടെ മുന്നിൽ വീരപരിവേഷം കിട്ടാനായി പാപ്പച്ചൻ ചില കള്ളക്കളികളിലൂടെ നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നു. പക്ഷേ ആ വിദ്യ അയാൾക്കും നാട്ടുകാർക്ക് മൊത്തത്തിലും പാരയായിമാറുന്നു. ബന്ധങ്ങളുടെയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും കഥപറയുന്ന ഈ സിനിമയിൽ പാപ്പച്ചന്റെ വികൃതികളെ ഹാസ്യത്തിൽ പൊതിഞ്ഞവതരിപ്പിക്കുകയാണ്. മലയോര ഗ്രാമത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ജീവിതവും ചിത്രം സമാന്തരമായി അവതരിപ്പിക്കുന്നു. 

 

കോമഡിയും സീരിയസ് റോളുകളും സെന്റിമെൻസുമൊക്കെ അനായാസം അവതരിപ്പിക്കാന്‍ കഴിയുന്നിടത്താണ് സൈജു കുറുപ്പിലെ നടന്റെ വിജയം. പാപ്പച്ചനിൽ സൈജുവിന്റെ വ്യത്യസ്തമായ അഭിനയപ്രകടനമാണ് കാണാനാവുക. കള്ളത്തരങ്ങളിലൂടെ പ്രതിച്ഛായ പിടിച്ചുപറ്റാൻ ശ്രമിക്കുന്ന വികൃതിയായ പാപ്പച്ചനെ സൈജു ഗംഭീരമാക്കി. വിജയരാഘവൻ, പ്രശാന്ത് അലക്‌സാണ്ടർ, ജഗദീഷ് എന്നിവർക്കും നല്ല പെർഫോമിങ് സ്‌പേസ് ചിത്രത്തിൽ ലഭിക്കുന്നുണ്ട്. നായികമാരിൽ ദർശനയ്ക്ക് കുറച്ചുകൂടി പെർഫോമിങ് സ്‌പേസ് ചിത്രത്തിലുണ്ട്. ചിത്രത്തിൽ സൈജുവിന്റെ മക്കളായി അഭിനയിച്ച ബാലതാരങ്ങളും റോൾ മികച്ചതാക്കി.

 

ചിത്രത്തിന്റെ സാങ്കേതികമേഖലകൾ നിലവാരം പുലർത്തുന്നു. ഇടുക്കിയുടെ പ്രകൃതിഭംഗി ചിത്രത്തിൽ ആവോളം ആസ്വദിക്കാം. ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തിൽ ഔസേപ്പച്ചൻ ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ‘മുത്തുക്കുടമാനം പന്തലൊരുക്കീലേ’, ‘കയ്യെത്തും ദൂരത്ത്’ എന്നീ ഗാനങ്ങൾ മികവ് പുലർത്തുന്നു. ‘പാപ്പച്ചാ പാപ്പച്ചാ’ എന്നു തുടങ്ങുന്ന ആനിമേറ്റഡ് ഗാനവും വ്യത്യസ്തമായിട്ടുണ്ട്.

 

ചുരുക്കത്തിൽ വമ്പൻ ട്വിസ്റ്റുകളോ സംഘട്ടനങ്ങളോ ഒന്നും ചിത്രത്തിലില്ല. എങ്കിലും പ്രേക്ഷകരെ രണ്ടുമണിക്കൂർ എന്റർടെയ്ൻ ചെയ്യാൻ ചിത്രത്തിനാകുന്നുണ്ട്. പാപ്പച്ചന്റെ വികൃതികൾ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്ന് തീർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com