ADVERTISEMENT

ഒരു നല്ല മഴ പെയ്താൽ പോയ വേനലിന്റെ കാഠിന്യമെല്ലാം വിസ്മൃതിയിലാക്കുന്ന നിറഞ്ഞൊഴുക്കിന്റെ പേരാണ് മലയാളികൾക്ക് നിള. വേനലിൽ വറ്റി വരളുമെങ്കിലും നിള എന്ന നദി പൂർണമായും ഇല്ലാതെയാകുന്നില്ല. പൂഴിമണലിന്റെ മേൽവിരിപ്പിനു താഴെ കരുത്തുള്ള ഒരു ഒഴുക്ക് ഒളിച്ചിരിപ്പുണ്ട്. ചില മനുഷ്യരും അങ്ങനെയാണ്. അത്തരമൊരു ജീവിതത്തെ പരിചയപ്പെടുത്തുകയാണ് നവാഗതയായ ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത നിള എന്ന സിനിമ. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച സിനിമ, ശാന്തികൃഷ്ണ എന്ന മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയുടെ കരുത്തുറ്റ പ്രകടനത്തിന്റെ നേർക്കാഴ്ച കൂടി പങ്കുവയ്ക്കുന്നു. 

 

ഡോ.മാലതി എന്ന ഗൈനക്കോളജിസ്റ്റും അവരുടെ മകൻ മഹിയുമാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ. ഒരു അപകടത്തെ തുടർന്ന് കിടപ്പിലാകുന്ന ഡോ.മാലതിയെ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. എന്നാൽ, ഡോ.മാലതിയുടെ ദൈന്യതയിലേയ്ക്കല്ല സിനിമയുടെ കാഴ്ചകൾ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. അവിടെയാണ് സംവിധായിക ഇന്ദു ലക്ഷ്മിയുടെ കഥ പറച്ചിലിന്റെ ഭംഗി! സ്വന്തം മകന്റെ വിവാഹ ദിവസം പോലും ഏറെ സങ്കീർണമായ ഡെലിവറി കേസ് അറ്റൻഡ് ചെയ്യാൻ പോകുന്ന ഡോ.മാലതിക്ക്, മെഡിക്കൽ പ്രൊഫഷണനോടുള്ള ആത്മസമർപ്പണം അതിന്റെ തീവ്രതയിൽ അംഗീകരിക്കുന്ന കുടുംബമുണ്ട്. അതൊരു സ്വാഭാവിക പ്രക്രിയ ആയാണ് സിനിമ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തന്നെ ശുശ്രൂഷിക്കാൻ മകൻ ജോലി കളഞ്ഞ് നിൽക്കേണ്ട ആവശ്യമില്ലെന്നു പറയുന്ന അമ്മയാണ് ഡോ.മാലതി. വാർധക്യത്തിൽ തന്നെ ശുശ്രൂഷിക്കാൻ വേണ്ടിയല്ല മക്കളെ വളർത്തിയതെന്നു പറയുന്ന ഡോ.മാലതി, മലയാള സിനിമ ബിംബവൽക്കരിക്കുന്ന അമ്മ കഥാപാത്രങ്ങളെ പൊളിച്ചെഴുതുന്നു. 

 

ശാന്തികൃഷ്ണ, വിനീത്, മാമുക്കോയ, മിനി എന്നിവർക്കൊപ്പം ശബ്ദസാന്നിധ്യമായെത്തുന്ന മറ്റൊരു കഥാപാത്രവുമാണ് സിനിമയെ മുമ്പോട്ടു കൊണ്ടുപോകുന്നത്. കിടപ്പിലായ അമ്മയ്ക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കാൻ നഗരത്തിലെ ഫ്ലാറ്റിലേക്ക് അവരെ മാറ്റുകയാണ് മകൻ മഹി. ഫ്ലാറ്റിലെ ഏകാന്തതയിൽ ഡോ.മാലതിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഒരു മിസ്റ്ററി ത്രില്ലറായി അവതരിപ്പിച്ചിരിക്കുന്നത്. പല സംഭവങ്ങളും ശാന്തികൃഷ്ണയുടെ സംഭാഷണത്തിലൂടെയാണ് പ്രേക്ഷകർ 'കാണുന്നത്'. ഒരു മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ, കിടപ്പിലായ അവസ്ഥയിൽ, ഇത്രയും ഊഷ്മളമായി ആ കഥ പറച്ചിലിനെ മുമ്പോട്ടു കൊണ്ടു പോകുന്നതിൽ ശാന്തികൃഷ്ണ എന്ന അഭിനേത്രി പുലർത്തിയ മികവ് അസാധ്യമാണ്. കട്ടിലിൽ കിടക്കുന്ന അവസ്ഥയിൽ പോലും പ്രേക്ഷകർക്ക് അവരുടെ ഊർജ്വസ്വലമായ ഭൂതകാലത്തെ അനുഭവിക്കാൻ പറ്റും. സിനിമയെ മൊത്തത്തിൽ ചുമലിലേറ്റുന്നത് ശാന്തികൃഷ്ണയുടെ കഥാപാത്രമാണ്. ആ വലിയ ഉത്തരവാദിത്തം അനായാസമായി ശാന്തികൃഷ്ണ നിർവഹിച്ചിട്ടുണ്ട്. 

 

ശാന്തികൃഷ്ണയുടെ പ്രകടനത്തെ മികവോടെ ഏറ്റെടുക്കുന്നുണ്ട് വിനീത് അവതരിപ്പിച്ച മഹി എന്ന കഥാപാത്രം. മനോഹരമാണ് ശാന്തികൃഷ്ണ–വിനീത് ജോടികളുടെ അമ്മ–മകൻ കോംബോ. ജോലിത്തിരക്കുള്ള അമ്മയെ ഭംഗിയായി മനസിലാക്കിയിട്ടുള്ള മകനാണ് മഹി. ഡോക്ടർ എന്ന നിലയിൽ അമ്മ കൈവരിച്ച നേട്ടങ്ങളെ ഓർത്ത് അയാൾക്ക് അഭിമാനമുണ്ട്. തിരക്കുള്ള മെഡിക്കൽ പ്രൊഫഷനിൽ നിൽക്കുന്ന അമ്മയുടെ വീട്ടിലെ അസാന്നിധ്യം ഒരു കുറ്റമായോ കുറവായോ അയാളിലെ മകൻ കാണുന്നില്ല എന്നതാണ് ആ കഥാപാത്രസൃഷ്ടിയുടെ സൗന്ദര്യം. ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ഒരു കൊച്ചു സിനിമയെ ഭംഗിയുള്ള അനുഭവമാക്കുന്നത് ഇതുപോലെ മിഴിവാർന്ന കഥാപാത്രസൃഷ്ടിയും അവ അനശ്വരമാക്കിയ അഭിനേതാക്കളുമാണ്. മാമുക്കോയയുടെ റഹ്മാൻ എന്ന കഥാപാത്രവും പ്രേക്ഷകരുടെ മനം കവരും.  

 

ഡോ.മാലതിയുടെ കാഴ്ചപ്പാടിലൂടെ മുമ്പോട്ടു പോകുന്ന കഥാഗതിയെ അവരുടെ കണ്ണിലൂടെ കാട്ടിത്തരുന്നുണ്ട് രാകേഷ് ധരന്റെ ക്യാമറ. ചെറിയ മുറിക്കുള്ളിലെ കാഴ്ചകളും ഡോ.മാലതിയുടെ വർത്തമാനങ്ങളും മിഴിവോടെ പകർത്തി വച്ചിരിക്കുന്നു. അപ്പു എൻ ഭട്ടത്തിരിയും ഷൈജാസ് കെ.എമ്മുമാണ് സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ബിജിബാലിന്റെ സംഗീതം സിനിമയിലെ ചില സീക്വൻസുകളെ പ്രത്യേകിച്ചും ക്ലൈമാക്സ് രംഗങ്ങളുടെ നാടകീയതയെ വിശ്വസനീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 

 

തിരക്കുള്ള കരിയർ തിരഞ്ഞെടുക്കുന്ന നായിക കഥാപാത്രങ്ങളെ നെഗറ്റീവ് ഷെയ്ഡിൽ നിറുത്തിയിരുന്ന മലയാള സിനിമയുടെ ചില കാഴ്ചമാതൃകകൾക്കൊരു ബദലാണ് നിള. തൊഴിലിനെ ജീവനെ പോലെ സ്നേഹിക്കുന്ന അനേകായിരം സ്ത്രീകൾക്കുള്ള ആദരം കൂടിയാണ് ഈ സിനിമ. പ്രത്യേകിച്ചും ഡോക്ടർമാർക്ക്! തിരക്കുള്ള അച്ഛൻ 'നോർമൽ' ആകുന്നതു പോലെ സ്വന്തം സ്വപ്നങ്ങളെ ആർജ്ജവത്തോടെ പിന്തുടരുന്ന അമ്മമാരും അഭിമാനകരമായ കാഴ്ചകളാകുന്ന സമൂഹത്തിലേക്കുള്ള ക്ഷണമാണ് നിള എന്ന കൊച്ചു സിനിമ. മനസ്സ് നിറയ്ക്കുന്ന സിനിമ കാണണമെന്നുള്ളവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. നിള നിങ്ങളെ നിരാശരാക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com