ADVERTISEMENT

ആർഡിഎക്സ്. തുടക്കം മുതൽ ഒടുക്കം വരെ അടിമുടി അടിപ്പടം. റോബർട്ട്, ഡോണി, സേവ്യർ എന്നീ കൂട്ടുകാരുടെ ‘ഇടിക്കഥ’യാണ് നഹാസ് ഹിദായത്ത് എന്ന നവാഗത സംവിധായകന്റെ ‘ആർഡിഎക്സ്’. പെരുന്നാളിനിടെ പള്ളിമുറ്റത്ത് നടക്കുന്ന ചെറിയൊരു കശപിശ. വഴക്കിനും ബഹളത്തിനുമിടെ അപ്പനെ കൈവയ്ക്കുന്നതു കണ്ട ഡോണിക്കു നിയന്ത്രണം വിട്ടു. ആദ്യ ഇടി അവിടെ തുടങ്ങുന്നു. തല്ലുകൊണ്ടവന്മാർ തല്ലും വാങ്ങിയത് കണക്കുതീർക്കാൻ ഒരുങ്ങിത്തന്നെയായിരുന്നു. ആർഡിഎക്സിന്റെ ആദ്യ അരമണിക്കൂർ ഗംഭീരമാണ്. ഒരു പക്കാ ആക്‌ഷൻ എന്റർടെയ്നറിനു വേണ്ട എല്ലാ ചേരുവകളും ഒരുക്കിയ തുടക്കം. 

 

സഹോദരന്മാരാണ് റോബർട്ടും ഡോണിയും. സേവ്യറിന്റെ അച്ഛൻ ഒരു മാർഷ്യൽ ആർട്സ് അക്കാദമി നടത്തുകയാണ്. മൂവരും അവിടെനിന്നു പഠിച്ചിറങ്ങിയവരും. അതുകൊണ്ട് ഇടിക്കു കുറച്ച് വെയ്റ്റ് കൂടും. ഒന്ന് ഉരസിയാൽ എതിരാളികളുടെ വെടിയും പുകയും കണ്ടു പോരുന്ന ടീംസ്. ‘‘കൂട്ടത്തില്‍ ഒരുത്തനെ തൊട്ടതിന്റെ പേരിൽ കൊച്ചിൻ കാർണിവൽ വരെ നിർത്തിച്ച ടീംസ് ആണ്. ഇപ്പോ അവന്റെയൊക്കെ കുടുംബത്തിൽ കയറിയാണ് തൊട്ടേക്കുന്നത്.’’ എന്ന ഡയലോഗിലുണ്ട് സിനിമയുടെ ‘ഇടി’മുഴക്കം.

 

പടം നിറയെ അടിയാണെന്ന് ഉറപ്പായതിനാൽ കഥയിലേക്കു കാര്യമായി നോക്കണ്ട കാര്യമില്ല. മേക്കിങ്ങിൽ ഒരുവിട്ടു വീഴ്ചയ്ക്കും തയാറാകാത്ത സംവിധായകനും ആക്‌ഷൻ കൊറിയോഗ്രഫിയിലെ കേമന്മാരായ അൻപറിവും ചങ്കിടിപ്പേറ്റുന്ന ബിജിഎമ്മുമായി സാം സി.എസും ഒന്നിച്ചപ്പോൾ വെടിക്കെട്ടിനു തിരികൊളുത്തിയ അവസ്ഥയായിരുന്നു. 

 

തല്ലിന്റെ കാര്യത്തിൽ ആന്റണി വർഗീസിനെപ്പറ്റി പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. പക്ഷേ ഞെട്ടിച്ചത് ഷെയ്ൻ നിഗവും നീരജ് മാധവുമാണ്. നഞ്ചക്ക് ഉപയോഗിച്ചുള്ള നീരജ് മാധവിന്റെ ആക്‌ഷൻ രംഗങ്ങൾ അത്യുഗ്രൻ. ഒരു ബോട്ടിലുള്ള ഷെയ്‍ൻ നിഗത്തിന്റെ ഫൈറ്റ് രംഗം ചിത്രീകരിച്ചിരിക്കുന്ന രീതി എടുത്തു പറയേണ്ടതാണ്. പ്രണയരംഗങ്ങളും ഡാൻസുമൊക്കെ ഒരു ‘സ്റ്റാർ മെറ്റീരിയലാ’ണ് ഷെയ്ൻ എന്നതിന് അടിവരയിടുന്നു. ക്ലൈമാക്സിൽ പ്രേക്ഷകർക്കുവേണ്ടി ഒരു സർപ്രൈസ് സീനും സംവിധായകൻ ഒരുക്കിയിട്ടുണ്ട്. 

 

പ്രേക്ഷകർക്ക് കഥയോട് വൈകാരിക അടുപ്പമുണ്ടാകുന്നില്ല എന്നതാണ് ചിത്രത്തിന്റെ ചെറിയൊരു പോരായ്മ. ആദ്യ അരമണിക്കൂറിൽ തരുന്നൊരു പിരിമുറുക്കം ഫ്ലാഷ്ബാക്ക് രംഗങ്ങൾ എത്തുന്നതോടെ അയയുന്നുണ്ട്. തൊണ്ണൂറുകളുടെയും രണ്ടായിരം കാലഘട്ടത്തിന്റെയും ഇടയിലുള്ള കഥയാണ് പറയുന്നത്. കലാസംവിധാനത്തിൽ‌ അൽപം കൂടി ശ്രദ്ധിക്കാമായിരുന്നു. എങ്കിലും പ്രൊഡക്‌ഷൻ ഡിസൈൻ തെറ്റില്ലാതെ അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർക്കായി. സമൂഹമാധ്യമങ്ങളിൽ ചെറിയ വിമർശനങ്ങൾക്കിട വരുത്തിയ ഫ്ലാഷ്ബാക്ക് രംഗത്തിലെ ഒരു ഡാൻസ് സോങ് ചിത്രത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

അനാവശ്യമായി തിരുകിക്കയറ്റിയ ഫൈറ്റ് രംഗങ്ങൾ ഒന്നും തന്നെ സിനിമയില്ല. കഥയ്ക്ക് ആവശ്യമായ സ്ഥലത്ത് കൃത്യമായ രീതിയിലാണ് ആക്‌ഷൻ സീക്വൻസുകൾ ഉപയോഗിച്ചിരിക്കുന്നത്. പതിനഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന ക്ലൈമാക്സ് ഫൈറ്റ് പ്രേക്ഷകർക്ക് ആവേശകരമായ തിയറ്റർ അനുഭവമാകും നൽകുക. കെജിഎഫിനും വിക്രത്തിനുമൊക്കെ ആവേശകരമായ സംഘട്ടനരംഗങ്ങളൊരുക്കിയ അൻപറിവ്, അതിൽനിന്നു വ്യത്യസ്തമായ ആക്‌ഷൻ കൊറിയോഗ്രഫിയാണ് ആർഡിഎക്സിനായി ഒരുക്കിയിരിക്കുന്നത്.

ലാൽ, ബാബു ആന്റണി, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാലാ പാര്‍വതി, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംവിധായകന്റെ കഥയ്ക്ക് ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവർ തിരക്കഥ രചിച്ചിരിക്കുന്നു. അലക്സ് ജെ. പുളിക്കലിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്. ബോട്ടിൽവച്ചുള്ള സംഘട്ടന രംഗത്തിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ ചടുലമായ എഡിറ്റിങ്ങും ജോസഫ് നെല്ലിക്കലിന്റെ ആര്‍ട് വർക്കും ശ്രദ്ധേയമാണ്.

 

വിഷ്ണു അഗസ്ത്യ, സുജിത് ശങ്കർ, സിറാജുദ്ദീൻ (അവിയൽ ഫെയിം), ദിനീഷ് പി., ഹരിശങ്കർ, നിഷാന്ത് സാഗർ എന്നിവരാണ് വില്ലന്മാർ. നായകന്മാർക്കൊപ്പം കട്ടയ്ക്കു നിൽക്കുന്ന പെർഫോമൻസ് ആണ് ഇവരെല്ലാവരും കാഴ്ച വച്ചത്. ആവറേജ് അമ്പിളി പോലുള്ള വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ വിഷ്ണു അഗസ്ത്യയുടെ ‘പോൾസൺ’ മലയാളത്തിലെ ഈ അടുത്തിടെ കണ്ട എണ്ണം പറഞ്ഞ വില്ലന്മാരിൽ ഒരാളാകും.

 

അന്യഭാഷാ ആക്‌ഷൻ ചിത്രങ്ങൾ അരങ്ങുതകർക്കുന്നതിനിടെ, മലയാളത്തിൽ‌നിന്ന് അത്തരം സിനിമകളുടെ വെടിക്കെട്ടിനു തിരികൊളുത്താൻ കയ്യിൽ ‘മരുന്നുള്ള’ സംവിധായകനാണ് താനെന്ന് നഹാസ് ഹിദായത്ത് തെളിയിച്ചിരിക്കുന്നു.

 

English Summary: RDX Malayalam Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com