കുടുംബങ്ങളിലെ ഇണക്കവും പിണക്കവും എല്ലാം നൈമിഷികമാണെന്ന് പറയുന്ന ചിത്രമാണ് ‘അച്ഛനൊരു വാഴ വച്ചു’. ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ മടിയുള്ള തന്റെ മകനെ നേർവഴിക്ക് നയിക്കാൻ അച്ഛൻ കണ്ടെത്തുന്ന ചില മാർഗങ്ങളും കുറുക്കുവഴികളും ഒക്കെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
റേഡിയോ ജോക്കിമാരായ പ്രത്യുഷും ദമയന്തിയും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പത്തെപ്പറ്റി വാചാലനാവേണ്ടി വരുന്ന പ്രത്യുഷിന് പലപ്പോഴും തൻറെ കുടുംബത്തിനോട് അതേ ഇഴയടുപ്പം സൂക്ഷിക്കാൻ കഴിയുന്നില്ല. പ്രതീഷിന്റെ ഈ പെരുമാറ്റം അച്ഛൻ സച്ചിദാനന്ദനിൽ പലപ്പോഴും വേദനയുണ്ടാക്കുന്നു. തന്റെ കുടുംബമാണ് തനിക്ക് എല്ലാം എന്ന് ചിന്തിക്കുന്ന ആളാണ് സച്ചിദാനന്ദൻ. മാതൃകാപരമായ ബോണ്ടിങിണ് സച്ചിദാനന്ദനും ഭാര്യ കൃഷ്ണയ്ക്കും ഇടയിലുള്ളത്. എന്നാൽ ഈ തലമുറയുടെ പ്രതിനിധിയായി വരുന്ന പ്രത്യുഷിനാകട്ടെ കുടുംബം എന്നാൽ കുട്ടിക്കളിയാണ്. പ്രത്യുഷിന്റെ കൂട്ടുകെട്ടും കുടുംബത്തോടുള്ള അവന്റെ പെരുമാറ്റവും മെച്ചപ്പെടുത്തുന്നതിനായി സച്ചിദാനന്ദൻ പുതിയൊരു മാർഗ്ഗം സ്വീകരിക്കാൻ ഒരുങ്ങുന്നു.
അച്ഛനും മകനും തമ്മിൽ ജനറേഷൻ ഗ്യാപ്പ് വലിയൊരു ഘടകമാണെന്ന് ചിന്തിക്കുന്ന സച്ചിദാനന്ദൻ അതിനെ മറികടക്കാനായുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പഴഞ്ചൻ ചിന്താഗതികളെ തന്റെ മകന് ഇഷ്ടമല്ല എന്നറിയാവുന്നതുകൊണ്ട് അച്ഛൻ മോഡേൺ ആവാൻ തീരുമാനിക്കുന്നു. ആ തീരുമാനം കുടുംബത്തിൽ ഉണ്ടാക്കുന്ന ചില പൊരുത്തക്കേടുകളും പ്രായത്തിനു നിരക്കാത്ത ചില കാര്യങ്ങൾ ചെയ്യുമ്പോൾ അത് മറ്റുള്ളവരിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളും ഒക്കെ ഈ ചിത്രത്തിൽ പറഞ്ഞു പോകുന്നു.
മോഡേൺ ആവാൻ തീരുമാനിക്കുന്ന സച്ചിദാനന്ദൻ വേഷഭൂഷാദികളിലും മറ്റുകാര്യങ്ങളിലും ഒക്കെ കാലത്തിനൊത്ത് ശ്രമിക്കുന്നുണ്ട്. ഡേറ്റിങ്ങിനു പോലും മടികൂടാതെ പോകുന്ന സച്ചിദാനന്ദനിൽ നിന്നും പതിയെ കുടുംബം അകലാൻ തുടങ്ങുന്നു. ദമയന്തി മറ്റൊരു സ്ഥാപനത്തിലേക്ക് പോകുന്നതോടുകൂടി പ്രത്യുഷിന്റെ ജീവിതത്തിൽ വലിയൊരു പ്രതിസന്ധി ഉടലെടുക്കുന്നു. ഇത് മനസ്സിലാക്കുന്ന പ്രത്യുഷ് അസ്വസ്ഥൻ ആവുകയും കുടുംബത്തോടുള്ള തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ നിർബന്ധിതനാവുകയും ചെയ്യുന്നു. പുതിയ ലോകത്തേക്ക് എത്തുന്ന സച്ചിദാനന്ദൻറെ പുത്തൻ ചിന്തകളും, പ്രതിസന്ധികൾ തരണം ചെയ്യാനുള്ള പ്രത്യുഷിന്റെ ഓട്ടവുമാണ് രണ്ടാം പാതിയിൽ പറയുന്നത്.
പ്രത്യുഷായി നിരഞ്ജ് രാജുവും അച്ഛൻ സച്ചിദാനന്ദനായി എ.വി. അനൂപും തങ്ങളുടെ ജനറേഷനുകളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ദമയന്തിയായി ആത്മീയ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ അച്ഛനും മകനും ഇടയിൽ പെട്ടുപോകുന്ന അമ്മ കൃഷ്ണയായി ശാന്തി കൃഷ്ണയും പ്രേക്ഷകരുടെ മനസ്സു കീഴടക്കുന്നു. നല്ല സൗഹൃദങ്ങൾക്ക് എപ്പോഴും ഒരു മനുഷ്യനിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് നിസ്സംശയം പറയാം. പ്രത്യുഷിന്റെ സുഹൃത്തുക്കളായി എത്തുന്നവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അച്ഛമ്മയായ കുളപ്പുള്ളി ലീലയും ഉത്തമനായ ജോണി ആന്റണിയും അവരവരുടെ ഭാഗം നന്നായി അവതരിപ്പിച്ചു. മുകേഷ്, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനുലാൽ, ഫുക്രു,അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ.
എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ.വി അനൂപ് നിർമിച്ച ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവട് വച്ചിരിക്കുകയാണ് സാന്ദീപ്. മനു ഗോപാലിന്റെ തിരക്കഥയ്ക്ക് മിഴിവേകിയത് ഛായാഗ്രഹകൻ പി. സുകുമാറാണ്. ബിജിബാൽ സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്ക് വരികൾ എഴുതിയത് കെ ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരാണ്.
ചില മാറ്റങ്ങൾ മനുഷ്യ ജീവിതത്തിൽ അത്യാവശ്യമാണെന്നും ആ മാറ്റങ്ങളുടെ നൂൽപാലത്തിലൂടെ പോകുമ്പോൾ നൈമിഷികമായ മനുഷ്യ ജീവിതത്തിന് പല അർഥങ്ങൾ കൈ വരുമെന്നും ഈ ചിത്രം പങ്കുവയ്ക്കുന്നു.