ADVERTISEMENT

ഇടിവെട്ട് അടി, ത്രസിപ്പിക്കുന്ന ആക്‌ഷൻ, കളർഫുൾ റൊമാൻസ്, പ്രതികാരം, നഷ്ടപ്പെടലിന്റെ വേദന.. രണ്ടര മണിക്കൂറിൽ ഇത്രയും സംഗതികൾ സമാസമം ഇളക്കിച്ചേർത്ത് ‘അറ്റ്‌ലി’ ചേരുവകകൾ കൊണ്ടു മാത്രം വേവിച്ച ഒരു എന്റർടെയ്ൻമെന്റ് പാക്കേജ് ആണ് ‘ജവാൻ’. ഔട്ട് ആൻഡ് ഔട്ട് ഷാറുഖ് ഖാൻ ഷോയും അറ്റ്‌ലിയുടെ മേക്കിങ് സ്റ്റൈലും ചേർന്ന് സിനിമയ്ക്ക് പുതുമകളൊന്നും അവകാശപ്പെടാനില്ലെന്ന് ട്രെയിലറിൽ തന്നെ വ്യക്തമായിരുന്നു.

തമിഴിൽനിന്ന് ഹിന്ദിയിലേക്ക് ചേക്കേറുന്ന സംവിധായകൻ അറ്റ്‌ലി തന്റെ ആദ്യ ബോളിവുഡ് സിനിമയായ ജവാനിൽ ഷാറുഖ് ഖാനെ ‘ബാപ് ഓഫ് മാസ് സിനിമ’ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ പത്തുമിനിറ്റിൽത്തന്നെ ഷാറുഖ് ഖാൻ ആരാധകർക്ക് രോമാഞ്ചമുണ്ടാക്കാനുള്ള സംഗതികളൊക്കെ അറ്റ്‌ലി അവതരിപ്പിക്കുന്നുണ്ട്. ലോജിക്ക് നോക്കി സിനിമ കാണാനാണെങ്കിൽ വേറെ വല്ല സിനിമയ്ക്കും ടിക്കറ്റെടുക്കുന്നതാണ് നല്ലത്. അതല്ല, ‘ടിപ്പിക്കൽ മാസ് മസാല’ സിനിമയുടെ ആരാധകനാണെങ്കിൽ അർമാദിച്ച് കാണാനുള്ളതെല്ലാം ജവാനിലുണ്ട്. ‘നോ ലോജിക്, ഒൺലി ഷാറുഖ് മാജിക്’ എന്ന ലൈനിലാണ് അറ്റ്‌ലിയുടെ പോക്ക്.

മുപ്പതു വർഷം മുൻപാണ് കഥ തുടങ്ങുന്നത്. ഹിമാലയൻ താഴ്‌വരയിലെ ഒരു ഗ്രാമത്തിൽ ചോര വാർന്ന് ജീവച്ഛവമായി എത്തിപ്പെടുന്ന ഒരു മനുഷ്യൻ. അയാളെ അവർ പച്ചമരുന്നുകളും മന്ത്രവും കൊണ്ട് തിരികെ ജീവിതത്തിലേക്കു കൊണ്ടുവരുന്നു. ഒരു രാത്രി ഗ്രാമം ആക്രമിക്കപ്പെടുമ്പോൾ അയാൾ രക്ഷകനായി മാറുന്നു. ചൈനീസ് ആക്‌ഷൻ സിനിമകളെ ഓർമിപ്പിക്കുന്ന തുടക്കത്തിൽനിന്നാണ് ഇപ്പോഴത്തെ കാലഘട്ടത്തിലേക്ക് കഥ ഗിയർ ഷിഫ്റ്റു ചെയ്യുന്നത്.

jawan-trailer

മൊട്ടത്തലയുമായി ‘രാമയ്യ വസ്താവയ്യ’ പാട്ടും പാടി സിംപിളായി ഒരു മെട്രോ ട്രെയിൻ ഹൈജാക്ക് ചെയ്യുകയാണ് നായകൻ. അവിടെനിന്നങ്ങോട്ട് ലോജിക്കിനെക്കുറിച്ചൊന്നും ചിന്തിക്കാൻ ഇടം കൊടുക്കാതെ പടം നേരെ ഫിഫ്ത്ത് ഗിയറിട്ട് ഒരൊറ്റ പോക്കാണ്. നായകൻ റോബിൻഹുഡ്ഡിനെപ്പോലെ വമ്പൻ ഹൈജാക്കുകൾ നടത്തുന്നു. ആദ്യ പകുതിയിൽ ഇല്ലാത്തതൊന്നുമില്ല.  ഇടവേളയ്ക്കു തൊട്ടുമുൻപാണ് ഒരു ഗംഭീര ട്വിസ്റ്റ്. സമീപകാലത്ത് ഏതൊരു ഹിന്ദി സിനിമയ്ക്കും കിട്ടാനിടയില്ലാത്തത്ര കളർഫുളായ ഇന്റർവൽ പഞ്ച്. അതും പക്കാ വിന്റേജ് സ്റ്റൈലിൽ !

ബൈ ദ് ബൈ, ഇന്ത്യൻ സിനിമയിൽ ഇത് ‘ജയിലർ’മാരുടെ സീസൺ ആണെന്നു തോന്നുന്നു. ആ കണക്‌ഷൻ എന്തെന്ന് സിനിമ കാണുമ്പോള്‍ പിടികിട്ടും. ആദ്യപകുതിയുടെയത്ര സംഭവബഹുലമല്ലെങ്കിലും, രണ്ടാംപകുതിയും ആക്‌ഷന്റെ കാര്യത്തിൽ മാത്രം ഡീസന്റ് ആണ്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഷാറുഖ് സിനിമ ‘പത്താൻ’ ഇടിവെട്ട് ആക്‌ഷനായിരുന്നു കാഴ്ചവച്ചത്. ‘പത്താനേ’ക്കാൾ ഇമോഷൻസും കളർഫുൾനെസും ചേർത്താണ് അറ്റ്‌ലി ‘ജവാൻ’ ഒരുക്കിയിരിക്കുന്നത്.

vijay-sethupathi-jawan

ചിത്രത്തിലുടനീളം ഷാറുഖ് ഖാന്റെ എനർജി ലെവലാണ് കയ്യടി അർഹിക്കുന്നത്. വിവിധ ഗെറ്റപ്പുകൾക്ക് അതിനനുസരിച്ചു ജീവൻ നൽകാൻ ഷാറുഖിനു കഴിയുന്നുണ്ട്. പഴയ ഹിന്ദി സിനിമകളിൽ ഫുൾ എനർജിലെവലിൽ നിറഞ്ഞാടുന്ന ആ ‘രാഹുലി’നെ ഓർമിപ്പിക്കുന്ന പ്രകടനം. ‘കെളവാ.. മാറിനിൽക്ക്’ എന്ന് തന്നോട് അലറുന്നയാളോട് ഷാറുഖ് പടത്തിന്റെ ആദ്യംതന്നെ കിടിലനൊരു ഡയലോഗ് അടിക്കുന്നുണ്ട്. ‘ബുഡ്ഢാ തേരാ ബാപ്പ് !’

ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ഷാറുഖിന്റെ നായികയായെത്തുന്നത്. തന്റെ ആദ്യ ഹിന്ദി സിനിമയെ ആക്‌ഷൻ മികവു കൊണ്ട് അടയാളപ്പെടുത്താൻ നയൻസിനു കഴിഞ്ഞിട്ടുണ്ട്. റൊമാൻസിന് ദീപികയുടെ എക്സ്റ്റൻഡഡ് കാമിയോ റോളുണ്ട്.  പ്രിയാമണി അടക്കമുള്ള വൻ താരനിരയുമുണ്ട്. വമ്പൻ സ്പീഡിൽ പോവുന്ന പടത്തിൽ ഇവരെയെല്ലാം കൃത്യമായി പ്ലേസ് ചെയ്തിട്ടുണ്ട്. വിജയ് സേതുപതിയാണ് വില്ലനായെത്തുന്നത്. ഷാറുഖിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കാൻ തന്റെ അഭിനയമികവു കൊണ്ട് വിജയ് സേതുപതി ശ്രമിക്കുന്നുണ്ട്. എന്നാൽ വിജയ് സേതുപതിക്ക് അഴിഞ്ഞാടാൻ മാത്രമുള്ള സീക്വൻസുകൾ നൽകിയിട്ടുമില്ല. ‘നായക് നഹീ, ഖൽ നായക് ഹൂ മേം...’ പാട്ടുംപാടി മുണ്ടുമുടുത്ത് ഓണാശംസയും നേർന്ന് ഗെസ്റ്റ് അപ്പിയറൻസിൽ വരുന്ന ഒരു ബോളിവുഡ് താരവും തിയറ്ററുകളിൽ ആവേശം പകരും.

എന്റർടെയ്ൻമെന്റിന്റെ കാര്യത്തിൽ രണ്ടര മണിക്കൂർ തിയറ്ററിനെ ഇളക്കിമറിക്കുന്ന സിനിമയാണ് ജവാൻ. ബിഗിൽ, തെരി, മെർസൽ തുടങ്ങിയ സിനിമകൾ കണ്ടവർക്ക് ‘ ഇതു ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ..’ എന്നൊക്കെ സംശയം തോന്നിയേക്കാം. പക്ഷേ ഇപ്പറഞ്ഞതൊന്നും ഉത്തരേന്ത്യക്കാർ കണ്ടിട്ടില്ലല്ലോ. ലോക് സഭാ തിരഞ്ഞെടുപ്പ് വരികയാണല്ലോ. തന്റെ ചൂണ്ടുവിരൽ കൊണ്ട് വോട്ടിങ് മെഷിനിൽ അമർത്തുമ്പോൾ രണ്ടുതവണ ആലോചിക്കണമെന്ന സന്ദേശം വൃത്തിയായി ‘ജവാനി’ൽ അറ്റ്‌ലി പറയുന്നുണ്ട്.

169 മിനിറ്റ് ദൈർഘ്യമുള്ള ജവാനുവേണ്ടി ക്യാമറ പിടിച്ച ജി.കെ.വിഷ്ണുവും എഡിറ്റ് ചെയ്ത റൂബെനും ‘മരിച്ചുകിടന്നു’ പണിയെടുത്തിട്ടുണ്ടെന്ന് ചിത്രം കണ്ടാൽ മനസ്സിലാവും. റെഡ് ചില്ലീസിന്റെ വിഎഫ്എക്സ് ടീം രാത്രിയും പകലും ഉറക്കമിളച്ചിരുന്ന് പണിയെടുത്തിട്ടുണ്ട്. ‘കളറ്’ പടമാക്കിയതിന് റെഡ് ചില്ലീസിന്റെ കളറിസ്റ്റ് കെൻ മെറ്റ്സ്കെറും കയ്യടി അർഹിക്കുന്നുണ്ട്.

പിന്നൊരു കാര്യം...അറ്റ്ലി ഷാരൂഖ് ഖാനൊപ്പം സിനിമ ചെയ്യുന്നുവെന്ന സൂചനയുമായി ഒരു ഫോട്ടോ പുറത്തുവന്നപ്പോൾ അത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് പലരും കളിയാക്കിയിരുന്നു. അതിനു മുഖത്തടിച്ചുള്ള മറുപടിയുമായി ഷാറുഖിനൊപ്പം രണ്ടു സ്റ്റെപ്പിട്ട് ഡാൻസും കളിച്ച് അറ്റ്‌ലിയണ്ണൻ തന്നെ തിരിച്ചടിച്ചിട്ടുണ്ട്. അന്യായ പ്രതികാരമണ്ണാ.. നമിച്ച് !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com