ADVERTISEMENT

നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് ഉറപ്പിക്കാൻ കഴിയുമോ എന്ന ചോദ്യം ആവർത്തിക്കുകയാണ് ‘പ്രാവ്’. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ ജോലിചെയ്യുന്ന നാല് സുഹൃത്തുക്കളാണ് അരവിന്ദ്, മനോഹരൻ, കമലാസന്നൻ, ഹരികുമാർ എന്നിവർ. സമയം കിട്ടുമ്പോൾ എല്ലാം ഒരുമിച്ചു കൂടുകയും ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്ന ഉറ്റ സുഹൃത്തുക്കൾ. തങ്ങളുടെ സൗഹൃദം പങ്കുവയ്ക്കാനും മറ്റു കാര്യങ്ങൾക്കുമായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ഒപ്പം തന്നെ ഒത്തുചേരലിനായി മാത്രമുളള ഒരു ഗസ്റ്റ് ഹൗസും ഈ കൂട്ടുകാർക്കുണ്ട്.

വക്കീലായ മനോഹരന് ഒരു ആഗ്രഹം തോന്നുമ്പോൾ അതിന് മറ്റ് ചങ്ങാതിമാർ കൂടെ നിൽക്കുന്നു. ദീപ്തി എന്ന സിനിമ നടിയുമായി അടുത്ത് ഇടപഴകാൻ ആഗ്രഹിച്ച സുഹൃത്തുക്കൾക്കിടയിലേക്ക് യാദൃച്ഛികമായി എത്തിപ്പെടുന്നവരാണ് വിവേകും ചാരുവും. ജീവിതം ആസ്വദിക്കാൻ എത്തുന്ന സുഹൃത്തുക്കൾക്കിടയിൽ ചാരുവിന്റെ വരവോടുകൂടി ഉണ്ടാവുന്ന ചില പരിണാമങ്ങളാണ് പ്രാവ് പറയുന്നത്. വിവേകിന്റെയും ചാരുവിന്‍റെയും പ്രണയവും നാല് സുഹൃത്തുക്കൾക്കിടയിലെ സൗഹൃദവും ‘പ്രാവ്’ വളരെ ഭംഗിയായി നമുക്ക് മുന്നിൽ വരച്ചിടുകയാണ്.

ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥിയായ വിവേകിന്റെ ജീവിതത്തിലൂടെ ചില യാഥാർഥ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിലേക്ക് തുറന്നു കാണിക്കുകയാണ് എഴുത്തുകാരനും സംവിധായകനുമായ നവാസ് അലി. കലയെ നെഞ്ചോട് ചേർക്കുന്ന വിവേകും ചാരുവും തീയറ്റർ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകനോടൊപ്പവും സഞ്ചരിക്കുമെന്നുള്ളത് ഉറപ്പാണ്. ഇരുവരുടെയും സൗഹൃദവും പ്രണയവും മനോഹരമായ ഫ്രെയിമുകളിൽ പകർത്തിയത് ആന്റണി ജോയാണ്.

സ്ത്രീകള്‍ക്ക് എതിരേയുളള അക്രമങ്ങള്‍ പശ്ചാത്തലമാക്കി നിരവധി സിനിമകള്‍ ഇതിന് മുമ്പ് മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം അവതരണശൈലികൊണ്ടും കയ്യടക്കമുള്ള പ്രമേയം കൊണ്ടും ‘പ്രാവ്’ വ്യത്യസ്തമാകുന്നു. ഗൗരവമാർന്ന വിഷയമാണെങ്കിൽ കൂടി എല്ലാത്തരം പ്രേക്ഷകരെയും ബന്ധിപ്പിക്കുന്നൊരു കഥയാണ് സിനിമയുടേത്. ശക്തമായ തിരക്കഥയും ചിത്രത്തിന്റെ മുതൽക്കൂട്ടാണ്.

ദൃശ്യ ഭംഗിയോടൊപ്പം ചേർന്നുനിൽക്കുന്ന ഗാനങ്ങളുമാണ് പ്രാവിന്റെ മറ്റൊരു പ്രത്യേകത. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജിപാൽ ആണ്.

അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു എന്നിവരാണ് നാല് സുഹൃത്തുക്കൾ. ആദർശ് രാജ, അജയൻ തകഴി, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേകായി ആദർശ് രാജയും ചാരു ആയി യാമി സോനയും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.

ദുൽഖൽ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്. സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്.

കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്ന കഥകൾ എഴുതിയ കലാകാരനാണ് പത്മരാജൻ. എല്ലാകാലത്തും ഒരേപോലെ പ്രസക്തിയുള്ള പത്മരാജന്റെ ഒരു കഥയാണ് ‘പ്രാവ്’ എന്ന ചിത്രത്തിന് ആധാരമായിരിക്കുന്നത്. പഴമക്കാർ പറയുന്നതുപോലെ പ്രാവിന്റെ കുറുകൽ ചിലപ്പോൾ വഴക്കിനു കാരണമായേക്കും. സമാധാനത്തിന്റെ ചിഹ്നമായി പലപ്പോഴും പറയുന്ന പ്രാവിന് പറയാൻ ഒട്ടേറെ കഥകൾ ഉണ്ടാവുമല്ലോ. കഥയോട് നൂറ് ശതമാനം നീതിപുലർത്തിയ ചിത്രമെന്നും പ്രാവിനെ നമുക്ക് വിശേഷിപ്പിക്കാം. അനാവശ്യ സംഭാഷണങ്ങളോ അതിഭാവുകത്വങ്ങളോ ഇല്ലാതെ അവതരിപ്പിക്കപ്പെട്ട ഒരു ചിത്രം. നല്ല സിനിമയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണ് ‘പ്രാവ്’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com