ADVERTISEMENT

ആരാണ് ശരിക്കും റാണി? ഈ ചോദ്യമാകും ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത റാണി– ദ റിയൽ സ്റ്റോറി എന്ന സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസിൽ അവശേഷിക്കുക. ഒരു വ്യക്തിയുടെ നിർവചനത്തിൽ ഒതുക്കപ്പെടാതെ, പല കഥാപാത്രങ്ങളിലൂടെയാണ് റാണി പ്രേക്ഷകരുടെ മനസിലേക്കെത്തുന്നത്. ഒന്നല്ല, ഒരു കൂട്ടം റാണിമാരുടെ കഥയാണ് റാണി– ദ റിയൽ സ്റ്റോറി.

പതിവു രാഷ്ട്രീയ കഥകളുടെ സ്റ്റോറി ലൈനിൽ തന്നെയാണ് സിനിമയുടെ തുടക്കം. തിരഞ്ഞെടുപ്പ് തൊട്ടരുകിൽ എത്തിനിൽക്കെ ധർമപുരം എന്ന സാങ്കൽപിക സ്ഥലത്തെ എംഎൽഎ ധർമരാജൻ കൊല്ലപ്പെടുന്നു. അതും സ്വന്തം വീട്ടിൽ വച്ച്! ക്രൈം സീനിൽ നിന്നു വീട്ടിലെ വേലക്കാരിയെ കസ്റ്റഡിയിൽ എടുക്കുന്നുണ്ടെങ്കിലും, കൊലപാതകം നടത്തിയത് ആ പെൺകുട്ടിയാണെന്ന് ആ വീട്ടിലെ ആരും തന്നെ വിശ്വസിക്കുന്നില്ല. പിന്നെ, ആരാകും ആ കൊലപാതകത്തിനു പിന്നിൽ? ശക്തനായ എംഎൽഎയെ വക വരുത്തിയ ആ കൊലപാതകിയെ കണ്ടെത്താനുള്ള അന്വേഷണമാണ് സിനിമയെ മുമ്പോട്ടു കൊണ്ടു പോകുന്നത്.

കേസന്വേഷണത്തെ വ്യത്യസ്തമായ കാഴ്ചാനുഭവം ആക്കുന്നത് ഇന്ദ്രൻസിന്റെ പ്രകടനമാണ്. ഇങ്ങനെയൊരു അന്വേഷണ ഉദ്യോഗസ്ഥനെയോ അന്വേഷണമോ ഇതിനു മുമ്പു കണ്ടിരിക്കില്ല. അന്വേഷണത്തിൽ പൊലീസിനെ സഹായിക്കാൻ എത്തുന്ന റിട്ടയേഡ് ഉദ്യോഗസ്ഥനാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന ഭാസി ചേട്ടൻ. കഥയും കഥാപാത്രങ്ങളും പ്രേക്ഷകർക്കു മുമ്പിൽ അനാവൃതമാകുന്നത് ഇന്ദ്രൻസിന്റെ ചോദ്യം ചെയ്യലിലൂടെയാണ്. ധർമരാജൻ എന്ന രാഷ്ട്രീയ നേതാവിന്റെ അഴിമതി ജീവിതം മാത്രമല്ല. അയാൾക്കു ചുറ്റുമുള്ള ചിലരുടെ ജീവിതരഹസ്യങ്ങൾ കൂടി ഈ ചോദ്യം ചെയ്യലിൽ തെളിഞ്ഞു വരുമ്പോൾ കഥയുടെ പിരിമുറുക്കം പ്രേക്ഷകർക്കും അനുഭവപ്പെടും.

പല ഷെയ്ഡുകളിലുള്ള സ്ത്രീകഥാപാത്രങ്ങളെ സിനിമയിൽ കാണാം. കാഴ്ചപ്പാടിൽ വ്യക്തതയും വ്യക്തിത്വവുമുള്ള ഇത്രയധികം സ്ത്രീകഥാപാത്രങ്ങൾ അടുത്തിറങ്ങിയ സിനിമകളിലൊന്നും സംഭവിച്ചിട്ടില്ല. റാണി എന്ന സിനിമ അതിന്റെ രാഷ്ട്രീയം പറയുന്നത് ഈ സ്ത്രീകഥാപാത്രങ്ങളിലൂടെയാണ്. പലയിടങ്ങളിൽ, പല അധികാര ശ്രേണികളിൽ, പല സാമൂഹ്യവ്യവസ്ഥിതിയിൽ കുടുങ്ങിക്കിടക്കുന്ന ഈ സ്ത്രീകഥാപാത്രങ്ങൾക്കിടയിലെ പരസ്പര ബന്ധങ്ങളും അതിന്റെ ഇഴയടുപ്പവും മനോഹരമായി സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ചും ക്ലൈമാക്സ് സീക്വൻസിൽ!

എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഷീല എന്ന കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിച്ചത്. മലയാളത്തിൽ ഇതുപോലൊരു കഥാപാത്രം ഉർവശി ആദ്യമായാണ് ചെയ്യുന്നത്. പവർ പൊളിറ്റിക്സിൽ ഇടപെടുന്ന സ്വാധീനശക്തിയുള്ള കഥാപാത്രമായി ഉർവശി മികവാർന്ന പ്രകടനം കാഴ്ച വച്ചു. ചില രംഗങ്ങളിൽ ഉർവശിയുടെ മൂളലും നോട്ടങ്ങളും പോലും അവരുടെ കഥാപാത്രത്തിന്റെ കരുത്ത് പ്രകടമാക്കുന്നതായിരുന്നു. സ്ക്രീൻസ്പേസ് കുറവാണെങ്കിലും കഥാഗതി മുമ്പോട്ടു കൊണ്ടുപോകുന്നത് ഭാവന അവതരിപ്പിച്ച ടീച്ചർ കഥാപാത്രമാണ്. ഏൽപ്പിച്ച കഥാപാത്രത്തെ വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ട് ഭാവന.

നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ അവയെ മികവോടെ അവതരിപ്പിക്കാനുള്ള പ്രതിഭയുള്ള അഭിനേത്രിയാണ് താനെന്ന് തെളിയിക്കുകയാണ് ഈ ചിത്രത്തിൽ ഹണി റോസ്. മാലാ പർവതിയുടെ മഹേശ്വരിയും മിഴിവുള്ള കാഴ്ചയായിരുന്നു. ധർമരാജന്റെ ഭാര്യയായി എത്തിയ അനുമോളും മികച്ചു നിന്നു. 96 എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നിയതി കടാമ്പിയാണ് സിനിമയിൽ മുഴുനീള വേഷത്തിലെത്തുന്നത്. റാണി എന്ന പേരിൽ അടയാളപ്പെടുത്തുന്നത് നിയതിയുടെ കഥാപാത്രമാണെങ്കിലും ആ പേരിന്റെ മേൽവിലാസം അവരിൽ ഒതുങ്ങുന്നില്ല.

റാണിയിലൂടെ മലയാളത്തിൽ ഒരിക്കൽക്കൂടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി എത്തുകയാണ് ഗുരു സോമസുന്ദരം. ധർമരാജൻ എന്നു വിളിക്കപ്പെടുന്ന സെൽവൻ എന്ന രാഷ്ട്രീയ നേതാവിന്റെ പല കാലങ്ങളിലുള്ള ജീവിതം അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഓരോ കഥാപാത്രങ്ങൾ ലഭിക്കുമ്പോഴും സ്വതസിദ്ധമായ ശൈലിയിൽ ആ വേഷത്തിൽ കയ്യൊപ്പു ചാർത്തുന്ന ഇന്ദ്രൻസിന്റെ പതിവു രീതി റാണിയിലും ആവർത്തിക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെ, കഥയുടെ രസച്ചരടു മുറിയാതെ കൊണ്ടുപോകുന്നത് ഇന്ദ്രൻസിന്റെ ഭാസി ചേട്ടനാണ്.

സിനിമയുടെ കഥ പറച്ചിലിനെ രസകരവും ഉദ്വേഗഭരിതവുമാക്കുന്നത് അപ്പു ഭട്ടതിരിയുടെ എഡിറ്റാണ്. ഭൂതകാലവും വർത്തമാനകാലവും അതിലെ കഥാപാത്രങ്ങളും രസകരമായി കയറി ഇറങ്ങിപ്പോകുന്ന ഫീലാണ് സിനിമ തരുന്നത്. അതിനു തീർച്ചയായും അപ്പു ഭട്ടതിരി കയ്യടി അർഹിക്കുന്നു. നവാഗതനായ വിനായക് ഗോപാലന്റേതാണ് ക്യാമറ. സിനിമ ആവശ്യപ്പെടുന്ന ദൃശ്യഭംഗി നൽകാൻ വിനായകിന് കഴിഞ്ഞിട്ടുണ്ട്. വിനായകിന്റെ ദൃശ്യങ്ങൾക്ക് ചടുലമായ കഥാവേഗം നൽകിയിരിക്കുന്നത് പശ്ചാത്തലസംഗീതമാണ്. ജോനാഥൻ ബ്രൂസ് ആണ് മനോഹരമായി അത് നിർവഹിച്ചിരിക്കുന്നത്. അതുപോലെ ഹൃദയഹാരിയായിരുന്നു റാണിയുടെ പാട്ടുകളും. മേന മേലാത്ത് എന്ന പുതുമുഖ സംഗീതസംവിധായികയാണ് അവ ഒരുക്കിയത്. പുതുമയും ഫീലുമുള്ള പാട്ടുകളാണ് റാണിയുടെ ജീവനെന്നു പറയാം. കഥയുമായി അത്രയും ചേർന്നു നിൽക്കുന്നുണ്ട് ചില പാട്ടുകൾ.

വെറുമൊരു മർഡർ മിസ്റ്ററി ത്രില്ലറല്ല റാണി. അധികാര വ്യവസ്ഥയുമായി നിരന്തരം കലഹിക്കേണ്ടി വരുന്ന സ്ത്രീകളടങ്ങുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ചെറുത്തുനിൽപ്പിന്റെ കഥ കൂടിയാണ്. അതിൽ കരുതലുണ്ട്, ചേർത്തു പിടിക്കലുണ്ട്, പ്രതികാരമുണ്ട്, ഉയിർത്തെഴുന്നേൽപ്പുണ്ട്! പല തലത്തിൽ കണ്ടറിയേണ്ട സിനിമ തന്നെയാണ് റാണി.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com