ADVERTISEMENT

ഓരോ വാതിലും ഓരോ പ്രതീക്ഷയാണ് എന്ന ടാഗ്‍ലൈനോടെ പ്രേക്ഷകർക്കു മുമ്പിലെത്തിയ സിനിമയാണ് വിനയ് ഫോർട്ട് നായകനാകുന്ന ‘വാതിൽ’. സർജു രമാകാന്ത് സംവിധാനം ചെയ്ത ചിത്രം ലളിതമായൊരു പ്രമേയത്തെ പുതുമയേറിയ സങ്കേതങ്ങളിലൂടെ സംവദിക്കാൻ ശ്രമിക്കുന്നു. ഒരു ഫീൽ ഗുഡ് സിനിമയെന്നു തോന്നിപ്പിക്കുന്ന ആദ്യ പകുതിയും ത്രില്ലർ മൂഡിലേക്കു ചുവടു മാറ്റുന്ന രണ്ടാം പകുതിയും വാതിലിനെ ഒരു ഫാമിലി ത്രില്ലർ അനുഭവമാക്കുകയാണ്. 

 

എൻജീനീയറും നഗരത്തിലെ ഒരു ഇന്റീരിയർ ഡിസൈനിങ് സ്ഥാപനത്തിന്റെ ഉടമയുമായ ഡെന്നി ഒരു ഉച്ചനേരത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. വീട്ടുകാരുടെ പിന്തുണയില്ലാതെ, മറ്റൊരു മതത്തിൽ പെട്ട തൻവികയെ വിവാഹം ചെയ്ത് സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു ഡെന്നി. ബന്ധുക്കളുമായി അത്ര രസത്തിലല്ലാത്ത ഡെന്നിക്കും തൻവികയ്ക്കും ആകെയുള്ളത് വിരലിലെണ്ണാവുന്ന ചില സുഹൃത്തുക്കൾ മാത്രമാണ്. ആരുമായും വലിയ സൗഹൃദമോ സോഷ്യൽ ലൈഫോ ഇല്ലാത്ത ഡെന്നി, ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ പുതിയ സൗഹൃദങ്ങളുണ്ടാക്കാനും ജീവിതത്തെ വലിയ രീതിയിൽ ആഘോഷിക്കാനും തീരുമാനിക്കുന്നു. ഇയാളുടെ ഈ തീരുമാനം ഉണ്ടാക്കുന്ന കുരുക്കുകളും ടെൻഷനുമാണ് വാതിൽ എന്ന സിനിമ. 

 

ആൺ മദ്യപാന സദസ്സുകളിലെ സ്ഥിരം വമ്പുപറച്ചിൽ വിഷയങ്ങളിലൊന്ന് പരസ്ത്രീബന്ധങ്ങളാണല്ലോ. കൂടുതൽ സ്ത്രീകളുമായി ബന്ധമുള്ളവർക്ക് അത്തരം കൂട്ടങ്ങളിൽ ലഭിക്കുന്ന താരപരിവേഷത്തിനു പിന്നാലെ പോകുന്നവർക്ക് സംഭവിച്ചേക്കാവുന്ന കുരുക്കുകളിലേക്കാണ് സർജു രമാകാന്ത് ഈ സിനിമയുടെ വാതിൽ തുറക്കുന്നത്. ലളിതമായി സംസാരിച്ചു തീർക്കാവുന്ന വിഷയം മൂ‌ടി വച്ചു വളർത്തുമ്പോൾ സൃഷ്ടിക്കപ്പെടുന്ന സമ്മർദം പ്രേക്ഷകർക്കും അനുഭവവേദ്യമാകും വിധമാണ് സിനിമയുടെ കഥ പറച്ചിൽ. വഴി തെറ്റിപ്പോകുന്ന പുരുഷന്മാരെ നേർവഴി നടത്താനുള്ള ഉത്തരവാദിത്തം പതിവുപോലെ ഒരു സ്ത്രീയാണ് ഈ സിനിമയിലും ഏറ്റെടുക്കുന്നത്. ആ ത്രെഡ് സ്ഥിരം സിനിമാഫോർമുലയുടെ ഭാഗമാണെങ്കിലും, അവതരിപ്പിച്ച രീതിയിലുള്ള സർപ്രൈസ് രസകരമായി സിനിമയിൽ വന്നിട്ടുണ്ട്. വിവാഹത്തോടെ ഭാര്യയുമായുള്ള ഒരു ലോകത്തേക്ക് ഒരാളുടെ സന്തോഷം ചുരുക്കപ്പെടുകയാണെന്ന പൊതുചിന്തയെ വിസ്തൃതമാക്കാനുള്ള ശ്രമം വാതിൽ നടത്തുന്നു. ദാമ്പത്യബന്ധത്തിലെ ഈ ചുരുക്കപ്പെടൽ ചിന്ത മാറ്റി സുതാര്യവും സൗഹാർദപൂർണവുമായ അന്തരീക്ഷം സൃഷ്‌ടിക്കാനുള്ള പരിശ്രമമാണ് വേണ്ടതെന്നു സിനിമ പറഞ്ഞു വയ്ക്കുന്നു. രണ്ടു വാതിലുകൾക്കുള്ളിൽ ഉറങ്ങിയവർ ഒറ്റ വാതിലിനുള്ളിലേക്ക് കടക്കുമ്പോൾ പുലർത്തേണ്ട പരസ്പര ബഹുമാനവും സത്യസന്ധതയും കൂടി സിനിമ കാണിച്ചു തരുന്നുണ്ട്.

 

ഉത്തരാസ്വയംവരം എന്ന ചിത്രത്തിനു ശേഷം സർജു രമാകാന്ത് സംവിധാനം ചെയ്ത ചിത്രം പ്രമേയത്തിലും അവതരണത്തിലും ആദ്യ സിനിമയേക്കാൾ മികച്ചതാണ്. പ്രത്യേകിച്ചും തമാശ കൈകാര്യം ചെയ്തിരിക്കുന്ന രീതി. വിനയ് ഫോർട്ട്–കൃഷ്ണശങ്കർ കോംബോയാണ് വാതിലിൽ പ്രധാനമായും നർമ മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നത്. സ്വയം ട്രോളുന്ന ചില ‌ടിപ്പിക്കൽ വിനയ് ഫോർട്ട് മൊമന്റുകളും സിനിമ നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ സവിഷേശമായ ഡയലോഗ് ഡെലിവറിയും ശരീരഭാഷയുമാണ് അതിനു വഴിയൊരുക്കുന്നത്. അതു ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ഭർത്താവിനെ അടിമുടി മനസ്സിലാക്കുന്ന സ്മാർട് ഭാര്യയുടെ റോളിൽ അനു സിതാരയും നല്ല പ്രകടനം കാഴ്ച വച്ചു. ഡെന്നി–തൻവിക ബന്ധത്തെ റിയലിസ്റ്റിക്കാക്കിയത് അനു സിതാരയുടെ പ്രകടനമാണ്. അതിസൂക്ഷ്മമായി അനു സിതാര ആ കഥാപാത്രത്തെ ഉൾക്കൊണ്ട് ആവിഷ്കരിച്ചിട്ടുണ്ട്. 

 

സിനിമ ആദ്യാവസാനം ഒരു വിനയ് ഫോർട്ട് ഷോ ആണെന്നു പറയുന്നതിൽ തെറ്റില്ല. കാരണം, വിനയ് ഫോർട്ടിന്റെ ഡെന്നിയാണ് സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. നർമവും പ്രണയവും അസംതൃപ്തിയും ദേഷ്യവും നിസ്സഹായതയുമെല്ലാം ഇംപാക്ടോടു കൂടി സ്ക്രീനിലെത്തിക്കാൻ വിനയ് ഫോർട്ടിനു കഴിഞ്ഞിട്ടുണ്ട്. ഡെന്നിയുടെ സുഹൃത്തായ കപീഷിന്റെ റോളിലാണ് കൃഷ്ണശങ്കർ സിനിമയിലെത്തുന്നത്. പതിവു രീതിയിൽ കൃഷ്ണശങ്കർ ആ വേഷം വൃത്തിയായി ചെയ്തു. മെറിൻ ഫിലിപ്, അഞ്ജലി നായർ, സുനിൽ സുഖദ, സ്മിനു സിജോ, എബിൻ ബിനോ എന്നിവരും അവരവരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തിട്ടുണ്ട്. 

 

ഒരു ഫ്ലാറ്റിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. അത്രയും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് സിനിമയെ മികച്ച കാഴ്ചാനുഭവമാക്കി മാറ്റുന്നത് മനേഷ് മാധവന്റെ ക്യാമറയും സെജോ ജോണിന്റെ പശ്ചാത്തലസംഗീതവുമാണ്. ജോൺകുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റർ. ഷംനാദ് ഷബീറിന്റെതാണ് കഥ. സുജി കെ. ഗോവിന്ദ് രാജ് നിർമിച്ചിരിക്കുന്ന ചിത്രം കുടുംബപ്രേക്ഷകർക്കു ഇഷ്ടപ്പെടും. ചുരുക്കത്തിൽ, കുറച്ചു ചിരിച്ചും അൽപം ടെൻഷനടിച്ചും കണ്ടിരിക്കാവുന്ന രസകരമായ ചിത്രമാണ് വാതിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com