ADVERTISEMENT

നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് കണ്ണു തുറന്നു കാണണം എന്ന് ഓർമിപ്പിക്കുന്ന ചിത്രമാണ് ‘ചിറ്റ’. സസ്പെൻസ് നിലനിർത്തി, ആദ്യാവസാനം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും വൈകാരികമായി വേറൊരു തലത്തിലെത്തിക്കുകയും ചെയ്യുന്ന ഒരു ഇമോഷനൽ ത്രില്ലർ.

 

ഈശ്വറും സുന്ദരിയും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ കാതൽ. സുന്ദരിയുടെ അച്ഛന്റെ അനുജൻ ആണ് ഈശ്വർ. ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ട സുന്ദരിയെ ഈശ്വർ, അയാളുടെ സ്വന്തം കുഞ്ഞിനെ പോലെയാണ് സംരക്ഷിക്കുന്നത്. സുന്ദരിയുടെ എല്ലാ കാര്യങ്ങളും ഈശ്വറാണ് നോക്കുന്നത്. സ്വന്തം ജീവിതത്തിലെ നല്ല നിമിഷങ്ങളെല്ലാം സുന്ദരിക്ക് വേണ്ടി ഉപേക്ഷിക്കാൻ ഈശ്വർ എപ്പോഴും തയാറായിരുന്നു. സുന്ദരിയുടെ സുഹൃത്തായ പൊന്നുവിന് മാനിനെ കാണണമെന്ന ആഗ്രഹമുണ്ടാകുന്നതോടെയാണ് കഥ മുറുകുന്നത്. പൊന്നുവും സുന്ദരിയും ചിറ്റപ്പൻ അറിയാതെ കാട് കാണാൻ തീരുമാനിക്കുന്നു. ഇതുമൂലം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാവുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

 

ചിറ്റയും ചക്കിയും(സുന്ദരി) തമ്മിലുള്ള സ്നേഹമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ചിറ്റയായി സിദ്ധാർഥ് പ്രേക്ഷക മനസ്സ് കീഴടക്കുമ്പോൾ ചിറ്റയുടെ ചക്കിയായി സഹസ്രശ്രീ ഗംഭീരമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

 

ലോകത്തെ ഏറ്റവും വലിയ സമ്മാനമെന്താണ് ഒരമ്മയോട് ചോദിച്ചാൽ അതിനുത്തരമായി ലഭിക്കുന്നത് ‘അവരുടെ കുഞ്ഞിന്റെ ചിരിയാണ്’ എന്ന ഉത്തരമായിരിക്കും. ആ ചിരി മായാതിരിക്കാനാണ് ഓരോ അമ്മയും പ്രാർഥിക്കുന്നത്. പെൺമക്കളുള്ള ഓരോ അമ്മയുടെയും മുഖമാണ് അഞ്ജലി നായർ ചിറ്റയിൽ പകർത്തി വച്ചിരിക്കുന്നത് എന്ന് ഉറപ്പിച്ചു പറയാം.

 

ഈശ്വറിന്റെ കാമുകിയായാണ് നിമിഷ സജയനെത്തുന്നത്. സമൂഹത്തിലെ പല സ്ത്രീകൾക്കും പറയാനുള്ള ഒരു കാര്യം നിമിഷ ഈശ്വറിന്റെ മുഖത്ത് നോക്കി ചോദിക്കുമ്പോൾ അത് പ്രേക്ഷകനോടുള്ള ചോദ്യമായി എന്നും അവശേഷിക്കുമെന്നതും ഉറപ്പാണ്. ചിത്രത്തിൽ എത്തുന്ന ഒരു കഥാപാത്രങ്ങളും അഭിനയിക്കുന്നതിനു പകരം ജീവിക്കുകയായിരുന്നു എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടാവില്ല.

 

നിയമം പലപ്പോഴും നോക്കുകുത്തിയാകുന്ന ഈ ലോകത്തിന്റെ ഏതുകോണിലും നടന്നേക്കാനിടയുള്ള, പലപ്പോഴും നമുക്ക് മുന്നിൽ നടന്നിട്ടും നാം കണ്ടില്ലെന്ന് നടിച്ചിട്ടുള്ള ഒരു വിഷയത്തെ ആസ്പദമാക്കി വളരെ ശ്രദ്ധാപൂർവം ചിറ്റയെ ഒരുക്കിയിരിക്കുന്നത് എസ്.യു. അരുൺ കുമാറാണ്. പന്നൈയാരും പത്മിനിയും, സേതുപതി എന്നീ ചിത്രങ്ങൾക്കു േശഷം അരുൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദിബു നൈനാൻ തോമസാണ് സിനിമയുടെ സംഗീത സംവിധാനം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബാലാജി സുബ്രഹ്മണ്യമാണ്. ചില ക്രൂരതകൾക്കുള്ള മറുപടി ഇങ്ങനെ നല്‍കണം എന്ന്  ‘ചിറ്റ’ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ചിന്തിക്കുമെന്നുള്ളതും ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT