ADVERTISEMENT

‘‘വരൂ.. ഈ തെരുവിലെ രക്തം കാണൂ..’’ പാബ്ലോ നെരൂദയുടെ കവിത. എത്രയെത്ര മതിലുകളിൽ എഴുതിവയ്ക്കപ്പെട്ട വരികൾ. അവസാനിക്കാത്ത പോരാട്ടങ്ങളുടെ ചോര വീണു കുതിർന്ന മണ്ണിൽ, അസ്വസ്ഥമായ മനസ്സുമായി നടക്കുന്ന മനുഷ്യരുടെ ആശങ്കകളാണ് നെരൂദ തന്റെ കവിതയിലേക്കു പകർത്തിയത്. ഈ വരികൾ കാണിച്ചുകൊണ്ടാണ് ടിനു പാപ്പച്ചൻ തന്റെ ഏറ്റവും പുതിയ സിനിമയായ ചാവേർ തുടങ്ങുന്നത്. ഇതേ വരികളിലാണ് സിനിമ തീരുന്നതും.

തെരുവിൽ തട്ടിമറിഞ്ഞ പാൽപാത്രത്തിൽനിന്ന് പതഞ്ഞൊഴുകുന്ന പാൽ. അതിലേക്കു പതഞ്ഞലിഞ്ഞു ചേർന്ന് ഒഴുകുന്ന ചോരയുടെ കാഴ്ചയിൽനിന്നാണ് ചാവേർ തുടങ്ങുന്നത്. ചതിക്കപ്പെട്ടവന്റെ വിയർപ്പും കണ്ണീരും പതഞ്ഞൊഴുകുമ്പോൾ അതിലേക്ക് അലിഞ്ഞുചേർന്ന് ചീറ്റിയൊഴുകുന്ന ചോര. അവിടെയാണ് സിനിമ തീരുന്നത്.

ടിനു പാപ്പച്ചനു മാത്രം ഇത്രയേറെ കരുത്തുറ്റ ദൃശ്യങ്ങൾ ഒരുക്കാൻ എങ്ങനെ കഴിയുന്നു? ചെറിയൊരു കഥാതന്തുവിനെ പുത്തൻകാഴ്ചകൾ കൊണ്ടും ശബ്ദവിന്യാസം കൊണ്ടും കഥപറച്ചിലിലെ ചടുലത കൊണ്ടും മാറ്റാൻ കഴിയുന്ന ‘ടിനു പാപ്പച്ചൻ ടച്ച്’ ഉള്ള സിനിമയാണ് ചാവേർ. നവസിനിമാ സംവിധായകരിൽ സ്വന്തമായൊരു ‘ഫാൻ ബേയ്സ്’ സൃഷ്ടിക്കാൻ ടിനു പാപ്പച്ചനു കഴിയുന്നത് ഈ കഴിവുകൊണ്ടാണ്. ചാവേറും ടിനുവിന്റെ അത്തരമൊരു പരിശ്രമമാണ്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പറയുന്ന കഥയാണ് ചാവേറെന്ന് സിനിമ ഇറങ്ങുന്നതിനുമുന്നേ പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ കഥയും തിരക്കഥയുമൊരുക്കിയ ജോയ് മാത്യു ആദ്യധാരണകളെ അടപടലം മാറ്റിമറിക്കുന്നു. രാഷ്ട്രീയ സിനിമയാണെന്നൊക്കെ അവകാശപ്പെടാമെങ്കിലും ഇതൊരു പതിവു രാഷ്ട്രീയസിനിമയല്ല. അരാഷ്ട്രീയ സിനിമയുമല്ല.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാറിൽ അധികാരിവർഗത്തെ തന്റെ രാഷ്ട്രീയ പരിഹാസശരങ്ങൾ കൊണ്ട് അസ്വസ്ഥനാക്കിയ ഒരു എഴുത്തുകാരനുണ്ടായിരുന്നു. സഞ്ജയൻ. ആ സഞ്ജയന്റെ ചിത്രങ്ങൾ വരച്ചുവച്ച മതിലുകളുള്ള തെരുവിലാണ് കഥയുടെ തുടക്കം. പാർട്ടി കോൺഗ്രസിന്റെ ചുവരെഴുത്തുകളാണ് ആ തെരുവിലേക്കുള്ള മറ്റൊരു മതിലിലുള്ളത്. പല മാനങ്ങളുള്ള ഒരു തെരുവിലാണ് സംഭവം നടക്കുന്നത്. പാർട്ടിയല്ല, ചില വ്യക്തികളുടെ പകയും ചതിയുമാണ് തെരുവുകളിൽ ചോരപ്പുഴകൾ ഒഴുക്കുന്നതെന്ന് പറയാതെ പറയുന്നുണ്ട്.

അതിരാവിലെ ഒരു തെരുവിൽ നടക്കുന്ന കൊലപാതകത്തിൽനിന്നാണ് ചിത്രം തുടങ്ങുന്നത്. അശോകൻ എന്ന രാഷ്ട്രീയക്കൊലയാളിയായി കുഞ്ചാക്കോ ബോബൻ അവിടംമുതൽ കളംനിറയുകയാണ്. ആക്രമണത്തിനിടെ അബദ്ധത്തിൽ അയാളുടെ കാലിൽ കൊണ്ട വെട്ടിൽനിന്ന് ചോര വാർന്നൊലിക്കുന്നുണ്ട്. നാടൻബോംബെറിയാൻ വരുന്ന ഗുണ്ടൽപേട്ടുകാരൻ തോമസ്, വണ്ടിയോടിക്കുന്ന ഡ്രൈവർ, അശോകേട്ടനെ കൊലപാതകത്തിനായി സഹായിക്കുന്ന നാട്ടിലെ പച്ചക്കറിവ്യാപാരി മുസ്തഫ എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളർ. കൊലപാതകം നടത്തി രക്ഷപ്പെടുന്ന സംഘം ഒളിത്താവളങ്ങൾ തേടി യാത്രയാവുകയാണ്. കാലിലെ മുറിവ് മരുന്നുവച്ചു കെട്ടാൻ അരുണെന്ന മെഡിക്കൽ വിദ്യാർഥിയെ ഇതിനിടെ കൂടെക്കൂട്ടുന്നു. പക്ഷേ പിന്നീടങ്ങോട്ട് നിർത്താതെയുള്ള ഓട്ടമാണ്. ഏതു നിമിഷവും പിടിക്കപ്പെടുമെന്ന ആശങ്കയിൽ തുടങ്ങുന്ന ഓട്ടം. എന്തിനാണ് താൻ കൂടെയോടുന്നത് എന്നറിയാതെ സംഘത്തിനൊപ്പം ഓടേണ്ടിവരുന്ന വിദ്യാർഥി. പതിഞ്ഞ താളത്തിൽ ഒരു തോറ്റംപാട്ടുപോലെ പാടിത്തുടങ്ങുന്ന സിനിമ ആദ്യ പകുതി പിന്നിടുന്നതോടെ ഗിയർ ഷിഫ്റ്റ് ചെയ്യുകയാണ്.

chaaver-trailer

രണ്ടാംപകുതിയിൽ ഗതി മാറുന്നു. കഥയുടെ രീതി മാറുന്നു. പ്രണയവും വിരഹവും ചതിയുമൊക്കെ ചേരുന്ന അനേകം തെയ്യങ്ങളുടെ നാടു കൂടിയാണ് കണ്ണൂർ. ഞരമ്പിൽ ആത്മാർഥയുടെ രക്തമൊഴുകുന്ന പച്ചമനുഷ്യർ. ചതിയിൽപ്പെട്ട് ചോരചിന്തി ജീവനെരിഞ്ഞുതീർന്നവർ ദൈവമായി ഉയിർത്തെഴുന്നേൽക്കുമെന്നാണ് വിശ്വാസം. തോറ്റംപാട്ടു പാടിയാണ് കലാകാരന്റെ ഉള്ളിൽ തെയ്യത്തെ ഉണർത്തിയെടുക്കുക. തോറ്റംപാട്ട് മുറുകിമുറുകി അവൻ തെയ്യമായി ഉയിർത്തെഴുന്നേൽക്കുന്നു. അത്തരമൊരു അനുഭവമാണ് ‘ചാവേർ’ കാണിച്ചുതരുന്നത്.

കുഞ്ചാക്കോ ബോബൻ എന്ന നടൻ ഇതുവരെ ചെയ്തതിൽവച്ച് ഏറ്റവും പരുക്കനായ കഥാപാത്രമാണ് അശോകൻ. വാക്കിലും നോക്കിലും പരുക്കൻ. പാർട്ടിക്കുവേണ്ടി ജീവൻ കളയാൻവരെ തയാറായ മനുഷ്യനെന്ന് ഒരിടത്ത് വിശേഷിപ്പിക്കുന്നുണ്ട്. പക്ഷേ അതിനപ്പുറം മറ്റെന്തൊക്കെയോ ആണ് അശോകൻ. അതിസൂക്ഷ്മമായി കുഞ്ചാക്കോ ബോബൻ അശോകനായി മാറിയിരിക്കുന്നു.

chaver-release

മലയാളികളുടെ ‘ചിന്താവിഷ്ട’യായിരുന്ന ‘ശ്യാമള’ സംഗീത കരുത്തുറ്റ കഥാപാത്രമായി ചാവേറിൽ വന്നുപോവുന്നുണ്ട്. ശബ്ദസാന്നിധ്യം കൊണ്ട് രഞ്ജി പണിക്കരും വന്നുപോവുന്നുണ്ട്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളേ ഉള്ളുവെങ്കിലും ഈ വേഷങ്ങളിലെല്ലാം ടിനു ഏറെ ശ്രദ്ധയോടെ താരങ്ങളെ നിരത്തിയിട്ടുണ്ട്. ക്ലൈമാക്സിലേക്കെത്തുമ്പോൾ മികച്ച ആക്‌ഷൻ സീക്വൻസുകളാൽ ചാവേറിനെ വേറിട്ടതാക്കാൻ ടിനു പാപ്പച്ചൻ ശ്രദ്ധിച്ചിട്ടുണ്ട്.

കൊല ചെയ്യപ്പെട്ട ചെറുപ്പക്കാരന്റെ ശരീരം വീട്ടിലേക്ക് അവസാനമായി കൊണ്ടുവരുന്ന രംഗം. നെഞ്ചുതകർന്നു കരയുന്ന അച്ഛനും അവസാനമൊരുനോക്കു കാണാൻ വരുന്ന മുത്തശ്ശിയും കാണികളെ പിടിച്ചുലയ്ക്കും. അവൻ വളർത്തിയ പട്ടി തന്റെ പ്രിയപ്പെട്ടവന്റെ മൃതദേഹം കാണാനായി വന്നുനിൽക്കുന്നുണ്ട്. അതും സിനിമയിലെ കാമ്പുള്ള രംഗങ്ങളിലൊന്നാണ്

എഡിറ്റർ നിഷാദ് യൂസഫ് ചിത്രം കരവിരുതോടെ തുന്നിക്കൂട്ടിയൊരുക്കിയിട്ടുണ്ട്. ചിത്രത്തിൽ ഏറ്റവുമധികം പണിയെടുത്തവരിൽ ഒരാൾ നിഷാദ് യൂസഫായിരിക്കും. ജസ്റ്റിൻ വർഗീസിന്റെ സംഗീതവും പാട്ടുകളും ചിത്രത്തിന്റെ കഥയ്ക്കൊപ്പം ഇഴുകിച്ചേർ‍ന്ന് ഒഴുകുന്നുണ്ട്. ഇതുവരെ പറയാതെ പോയൊരു പേരുണ്ട്– ആന്റണി വർഗീസ്. മലയാളികളുടെ പെപ്പേ. തികച്ചും വ്യത്യസ്തമായ വേഷമാണ് ആന്റണി വർഗീസിന്റേത്. അതെന്താണെന്ന് തിയറ്ററിൽത്തന്നെ കണ്ടറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com