സപ്ത സാഗരദാച്ചെ എല്ലോ; പ്രണയത്തിന്റെ ഏഴാം കടൽ കടന്നൊരു കാവ്യം
Sapta Sagaradaache Ello Movie Review

Mail This Article
സപ്ത സാഗരദാച്ചെ എല്ലോ സൈഡ് എ എന്ന പേര് കേൾക്കുമ്പോൾ രസമുണ്ടെങ്കിലും ഭാഷ പരിചയമില്ലാത്തതിനാൽ ഉച്ചരിക്കാൻ ഇത്തിരി പ്രയാസപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ! പക്ഷേ എത്ര മനോഹരമാണ് ആ വാക്കിന്റെ അർഥം. ഏഴു കടലുകൾക്കും അപ്പുറത്ത് എന്നാണ് സപ്ത സാഗരദാച്ചെ എല്ലോ എന്ന വാക്കിന്റെ അർഥം. രക്ഷിത് ഷെട്ടിയുടെ പുതിയ ചിത്രം ഇറങ്ങുന്നു എന്ന് കേൾക്കുമ്പോൾത്തന്നെ ഒരു സന്തോഷമാണ്. മലയാളിക്ക് ‘ചാർളി 777’ എന്ന വിവർത്തന ചിത്രത്തിലൂടെയാകും രക്ഷിത് ഷെട്ടിയെ പരിചയം. വളരെ പരുക്കൻ മുഖഭാവമുള്ള, ചാർളി എന്ന നായയെ ആദ്യം വെറുക്കുന്ന, ഒടുവിൽ അവനു വേണ്ടി അവനിഷ്ടമുള്ള മഞ്ഞു മലയിലേക്ക് നടക്കുന്ന ധർമ എന്ന നായകൻ. അതേ രക്ഷിത് ഷെട്ടിയുടെ സപ്ത സാഗരദാച്ചെ എല്ലോ റിലീസ് ചെയ്ത തിയേറ്ററുകൾ കുറവായതിനാൽത്തന്നെ തിയേറ്ററിൽ പോയി കാണാൻ പലർക്കും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പായിരുന്നു. അത് വെറുതെയായില്ല എന്ന് കണ്ടു കഴിഞ്ഞപ്പോൾ ഉറപ്പിച്ചു. ഷെട്ടി ത്രയത്തിൽ രാജ് ബി.ഷെട്ടിയുടെ ടോബി തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞാടുകയാണ്. രക്ഷിത് ഇപ്പോൾ ഒടിടിയും കീഴടക്കുന്നു.
സീതാരാമം കണ്ടു കഴിയുന്നതു വരെ പുതുതലമുറ പ്രണയ ചിത്രങ്ങൾക്ക് ഇത്രമാത്രം ഹൃദയത്തെ സ്വാധീനിക്കാൻ ആകുമെന്ന് കരുതിയിരുന്നില്ല. ഇപ്പോൾ സപ്ത സാഗരദാച്ചെ എല്ലോ ആ തോന്നൽ ഉറപ്പിക്കുന്നു. അതിമനോഹരമായൊരു പ്രണയ ചിത്രമാണ് ഇതെന്ന് ഒറ്റ വരിയിൽ ചിത്രത്തെക്കുറിച്ച് അടിവരയിടാം. പക്ഷേ എന്തുകൊണ്ടാവാം എല്ലായ്പ്പോഴും, നടക്കാതെ പോകുന്ന പ്രണയങ്ങൾ മാത്രം ഹിറ്റ് ലിസ്റ്റുകളിൽ ഇടം പിടിക്കുന്നത്! ഒന്നിച്ചു ചേരുമ്പോൾ പ്രണയം എന്തുകൊണ്ടാവും നിലച്ചു പോകുന്നത്? സീതാരാമം എന്ന ചിത്രം പോലും പ്രേക്ഷകനെ അത്രകണ്ട് നെഞ്ചിൽ ചേർത്ത് പിടിക്കാൻ പ്രേരിപ്പിച്ചെങ്കിൽ അതിന്റെ കാരണവും മറ്റൊന്നല്ല.

മധ്യവർഗ ജീവിതമാണ് മനുവിന്റേതും പ്രിയയുടേതും. എത്ര വർഷങ്ങളിലെന്നു വ്യക്തമാകാത്ത വിധത്തിൽ സിനിമ തുടങ്ങുമ്പോൾത്തന്നെ അവർ ഇരുവരും പ്രണയത്തിലാണ്. വെറും സ്നേഹമല്ല, എന്ത് വന്നാലും ഒന്നിച്ചു ജീവിക്കണമെന്ന തീരുമാനം എടുത്തവർ. പ്രിയയുടെ വീട്ടുകാർക്കും അതിൽ മറ്റൊരു അഭിപ്രായമില്ല. സംഗീതമാണ് അവളുടെ ജീവൻ. മനു നഗരത്തിലെ അറിയപ്പെടുന്ന ബിസിനസുകാരന്റെ ഡ്രൈവറും. ഒന്നിച്ചു താമസിക്കാനായി ഒരു വീട് എടുക്കാനുള്ള നെട്ടോട്ടമാണ് മനുവും പ്രിയയും. വീട് വേണമെങ്കിൽ കയ്യിൽ കാശുണ്ടാകണം, എല്ലാം പതുക്കെയുണ്ടാകും എന്ന പ്രത്യാശയും രണ്ടു പേരിലുമുണ്ട്. പക്ഷേ പെട്ടെന്നാണ് അവരുടെ ജീവിതം തലകീഴായി മറിഞ്ഞു വീണത്. വീടിനു വേണ്ടിയുള്ള പണത്തിനായി, ചെയ്യാത്ത കുറ്റം തന്റെ മുതലാളിക്കു വേണ്ടി മനു ഏറ്റെടുക്കുന്നതോടെ അവരുടെ ജീവിതം മാറിമറിയുന്നു. സിനിമയിൽ കൂടുതൽ സമയവും മനു ജയിലിനുള്ളിലാണ്. അതിനുള്ളിലെ മനുഷ്യരുടെ ജീവിതവും ഇടയ്ക്കിടയ്ക്ക് അവനെ കാണാനായി വരുന്ന പ്രിയയുടെ ആർദ്രമായ നോട്ടവും അവരുടെ മിഴികളുടെ ഇടച്ചിലുകളും എല്ലാം സിനിമയെ വൈകാരികമായി അതിന്റെ പരകോടിയിൽ എത്തിക്കും.
ജയിൽ കഥകൾ പലതുമുണ്ടായിട്ടുണ്ട്. അതിൽനിന്നു സപ്ത സാഗരദാച്ചെ എല്ലോയെ വ്യത്യസ്തമാക്കുന്നത് മനുവിന്റെയും പ്രിയയുടെയും പ്രണയം തന്നെയാണ്. ജനിച്ചു വളർന്ന കടൽക്കരയിൽ വീട് വയ്ക്കണമെന്നതാണ് അവളുടെ ആഗ്രഹം. പക്ഷേ ആ ബാധ്യത ഒരിക്കലും അവൾ മനുവിന്റെ തലയിൽ കെട്ടിവച്ചില്ല. ജയിലിൽ അവനെ കാണാൻ പോകുന്നത് അവൾക്ക് വെറും ഉത്തരവാദിത്തങ്ങൾ നിർവഹിക്കലുമായിരുന്നില്ല. എന്നിട്ടും കാലം അവർക്കിടയിൽ നാടകം കളിക്കുന്നുണ്ട്. മറ്റൊരാൾ ചെയ്ത കുറ്റം തലയിൽ മനു ചുമന്നത് ജീവിതം പച്ച പിടിക്കാനായി തന്നെയായിരുന്നു. പക്ഷേ ഒരിക്കൽ കുറ്റവാളിയാക്കപ്പെട്ടാൽ പിന്നെ എവിടെയാണ് മോചനം? എപ്പോഴാണ് മോചനം? അസാധ്യമായൊരു ജീവിതം മുന്നിൽ നിന്ന് പരിഹസിച്ചു ചിരിക്കുമ്പോൾ മനുവും മാറിപ്പോകും. ജയിലിൽ വന്നവർക്ക് അവിടുത്തെ അനുഭവങ്ങളിൽ നിന്ന് കാലങ്ങൾ കൊണ്ട് പരിവർത്തനം സംഭവിക്കും എന്ന് ഒരു ജയിൽ പങ്കാളി പറയുമ്പോൾ മനു ആദ്യം അത് ഉൾക്കൊള്ളുന്നതേയില്ല. പക്ഷേ കാലം എല്ലാം സത്യമാണെന്നു തെളിയിക്കുന്നുണ്ട്. അതിനിടയിൽ ആർക്ക് എന്തൊക്കെയാണു നഷ്ടപ്പെടുന്നത് എന്നതു മാത്രമാണ് സിനിമയുടെ പ്രാണൻ.

സപ്ത സാഗരദാച്ചെ എല്ലോ ഇപ്പോൾ ഇറങ്ങിയത് സൈഡ് എ എന്ന ഭാഗമാണ്. അപൂര്ണമായി നിർത്തിയിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ ചിത്രത്തിന്റെ ടെയിൽ എൻഡ് ആയി കാണിക്കുന്നുണ്ട്. അപ്പോൾ മാത്രമാണ് പരിണാമം പൂർത്തിയായെന്നും പ്രേക്ഷകന് മനസ്സിലാവുന്നതും. സപ്ത സാഗരദാച്ചെ എല്ലോ ബി സൈഡ് എന്നാണു ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. അധികം കാത്തിരിക്കാതെ ഈ മാസം തന്നെ ചിത്രം പുറത്തിറങ്ങുന്നു എന്നതാണ് ഏറ്റവും അനുകൂലമായ വാർത്ത. മനുവായി വേഷമിട്ട രക്ഷിത് ഷെട്ടിയുടെ മറ്റൊരു മുഖമാണ് സൈഡ് ബിയിൽ ഉള്ളതെന്ന് ടീസർ വ്യക്തമാക്കുന്നുണ്ട്. ഒന്നാം അധ്യായം പ്രണയക്കടൽ ആയിരുന്നെങ്കിൽ രണ്ടാം അധ്യായം രക്തക്കൊതിയാണ് എന്ന് പറയേണ്ടി വരും.
എന്തൊക്കെ പറഞ്ഞാലും പ്രണയ സിനിമകളുടെ കാലം ഏതു നൂറ്റാണ്ടിൽ ആയാലും ഒടുങ്ങാൻ പോകുന്നില്ല. വല്ലപ്പോഴും പുറത്തിറങ്ങുന്ന സീതാരാമവും സപ്ത സാഗരദാച്ചെ എല്ലോയും ഒക്കെ മതി അനുഭൂതികൾ നിലയ്ക്കാതെയിരിക്കാൻ. അപൂർണമായി നിർത്തിയിരിക്കുന്ന സപ്ത സാഗരദാച്ചെ എല്ലോയുടെ കഥാഗതികൾ നെഞ്ചുലയ്ക്കുന്നത് തന്നെയാണ്. മറ്റൊരു അധ്യായത്തിൽ അതങ്ങനെ തന്നെ ആവരുതേ എന്ന് ആഗ്രഹിക്കുന്നവരാകും സാമാന്യം പ്രേക്ഷകർ എന്ന് തന്നെ കരുതാം. എന്തായാലും കഥ അവസാനിക്കാൻ ഒരുപാടൊന്നും കാത്തിരിക്കേണ്ടതില്ല എന്നതാണ് സമാധാനം. ഏഴാം കടലിന്റെ അപ്പുറത്ത് മനുവിനും പ്രിയയ്ക്കും എന്താവും കാലം കാത്തു വച്ചിട്ടുണ്ടാവുക? കാത്തിരിക്കാം!