ആഗ്രഹങ്ങളുടെ കെട്ടുറപ്പിൽ ഒരു മനോഹര കഥ; ‘റാണി ചിത്തിര’ റിവ്യു
Rani Chithira Review

Mail This Article
എന്തിനും ഏതിനും കുറ്റം പറഞ്ഞാൽ ഈ തലമുറയിലെ കുട്ടികൾക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടെന്നു വരില്ല. കാരണം അവരുടെ ഉള്ളിൽ ഒരു ഫയർ ഉണ്ട്. എപ്പോഴും മുന്നേറണമെന്ന ചിന്തയുമുണ്ട്. അതിനായി അവർ തിരഞ്ഞെടുക്കുന്ന വഴികൾ പലപ്പോഴും വ്യത്യസ്തമായിരിക്കുമെന്ന് പറയുകയാണ് ‘റാണി ചിത്തിര മാർത്താണ്ഡ’യിലൂടെ പിങ്കു പീറ്റർ. എല്ലാ പ്രേക്ഷകർക്കും മതിമറന്ന് ആസ്വദിക്കാവുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ഈ സിനിമ.
അൻസൺ മെഡിക്കൽസിന്റെ ഉടമയാണ് മാത്യൂസ്. തന്റെ മൂത്ത മകനായ അൻസനിലാണ് മാത്യൂസിന്റെ പ്രതീക്ഷ. മക്കൾ വളർന്നെങ്കിലും അവർക്ക് ഉത്തരവാദിത്തബോധം വന്നിട്ടില്ല എന്നു വിശ്വസിക്കുന്ന കർക്കശക്കാരനായ അച്ഛൻ. കുടുംബത്തിന്റെ ഏക വരുമാനമായ മെഡിക്കൽ ഷോപ്പ് തുടർന്നു നടത്താൻ അൻസണ് തീരെ താൽപര്യം ഇല്ല. പകരം കാലത്തിനൊപ്പം സഞ്ചരിക്കാനായി അയാൾ പുതിയ പദ്ധതികൾ തയാറാക്കുന്നു. പഴയ മെഡിക്കൽ ഷോപ്പ് രീതികളിൽ മാറ്റം വരുത്തി കട നടത്തിക്കൊണ്ടു പോകാൻ ഇഷ്ടപ്പെടുന്ന അൻസന്റെ ചിന്തകൾക്കൊപ്പം സഞ്ചരിക്കാൻ മാത്യൂസിനാവുന്നില്ല.
അതിലൂടെ അവർക്കിടയിൽ ഉണ്ടാകുന്ന ഈഗോ ക്ലാഷുകൾ പലപ്പോഴും നമ്മുടെ കുടുംബങ്ങളിൽ അനുഭവിച്ചിട്ടുള്ളതോ നേരിൽ കണ്ടിട്ടുള്ളതോ ആവാം. മെഡിക്കൽ ഷോപ്പിൽനിന്നു മരുന്ന് ഹോം ഡെലിവറി ചെയ്യുന്നതിനിടയിലാണ് അൻസൺ ലിഷയെ പരിചയപ്പെടുന്നത്. സ്വന്തം കാലിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ലിഷ ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകണമെന്നു ആഗ്രഹിക്കുന്നു. ലിഷയും അൻസണും തമ്മിലുള്ള സൗഹൃദവും ഇരുവർക്കും ഉണ്ടാവുന്ന ചില പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു കാര്യത്തെ രണ്ടു ജനറേഷൻ നോക്കിക്കാണുന്ന രീതി വളരെ മനോഹരമായി ഈ ചിത്രത്തിൽ പറഞ്ഞു പോയിട്ടുണ്ട്. ജനറേഷൻ ഗ്യാപ്പ് എന്നുപറഞ്ഞ് പലപ്പോഴും എഴുതിത്തള്ളുന്ന ഒരു വിഷയത്തെയാണ് അതിന്റെ ഗൗരവം ഒട്ടും വിടാതെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
കുട്ടനാട്ടിലെ ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിൽ പറഞ്ഞു പോകുന്ന ‘റാണി ചിത്തിര മാർത്താണ്ഡ’യിൽ ഗൗരവമായ ചില കാര്യങ്ങൾ കൂടി പറയുന്നുണ്ട്. സ്വന്തം കാലിൽ നിൽക്കാനായി മക്കളുടെ ഇഷ്ടം കൂടി അച്ഛനമ്മമാർ ശ്രദ്ധിക്കണം എന്ന് ഈ ചിത്രം ഓർമപ്പെടുത്തുന്നു.
മാത്യുസായി കോട്ടയം നസീർ ഗംഭീര അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. കർക്കശക്കാരനായ കുടുംബനാഥനാകുമ്പോഴും ഉള്ളിലെ വാത്സല്യം ആ മുഖത്ത് ഇടയ്ക്ക് മിന്നി മായുന്നതും നമുക്ക് സ്ക്രീനിൽ കാണാൻ കഴിയും. അൻസനായി ജോസ്കുട്ടി ജേക്കബ് എത്തുന്നു. ഈ തലമുറയുടെ വിഷമങ്ങളും തന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും എല്ലാം മനസ്സിലാക്കുന്ന അൻസനായി ജോസ്‌കുട്ടി മാറുന്നു. ലിഷയായി എത്തുന്നത് കീർത്തന ശ്രീകുമാറാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം മികച്ച നിലവാരം പുലർത്തി. വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, അബു വളയംകുളം, പൊന്നു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വിനായക് ശശികുമാർ, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് മനോജ് ജോർജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കുട്ടനാടിന്റെ ഗ്രാമീണഭംഗി നിഖിൽ എസ്. പ്രവീൺ നന്നായി പകർത്തിയിട്ടുണ്ട്.
കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം പറയുന്ന ഈ ചിത്രം വൺസ് അപ്പോൺ എ ടൈം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആണ് തിയറ്ററിൽ എത്തിയിരിക്കുന്നത്. ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഉത്തരവ് പ്രകാരം നിർമിക്കപ്പെട്ട ദ്വീപായ മാർത്താണ്ഡം പോലെ ആഗ്രഹങ്ങളുടെ കെട്ടുറപ്പിൽ മുന്നോട്ട് പോകുന്ന ചില മനുഷ്യരുടെ കഥ കൂടിയാണ് ഈ കൊച്ചു ചിത്രം പങ്കുവയ്ക്കുന്നത്.