തീക്ഷണമായ കാഴ്ചാനുഭവം; ‘തിറയാട്ടം’ റിവ്യു
Thirayattam Review
Mail This Article
വടക്കൻ മലബാറിലെ അനുഷ്ഠാന കലാരൂപമായ തെയ്യത്തെ ആസ്പദമാക്കി സജീവ് കിളികുലം സംവിധാനം ചെയ്ത സിനിമയാണ് തിറയാട്ടം. വടക്കൻ മലബാറിലെ തെയ്യം ഒരു കലാരൂപം മാത്രമല്ല. ആ നാടിന്റെ കഥ കൂടിയാണ്. തെയ്യം കലാകാരൻ വേഷമിട്ടാൽ പിന്നെ അവരുടെ ദൈവമാണ്. പക്ഷേ ആത്യന്തികമായി അയാൾ ഒരു മനുഷ്യനാണെന്ന കാര്യം പോലും ചിലപ്പോൾ സമൂഹം മറന്നു പോകാറുണ്ട്.
പെരുമലയന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില അവസ്ഥകൾ സമൂഹത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചിരിക്കുകയാണ് തിറയാട്ടത്തിലൂടെ സജീവ് കിളികുലം. തെയ്യക്കാരന്റെ ജീവിതത്തിൽ അയാൾ അനുഭവിക്കേണ്ടിവരുന്ന അനുഷ്ഠാനപരമായ ചില കാര്യങ്ങളെ കൂടി ഈ ചിത്രം പ്രേക്ഷകർക്ക് പറഞ്ഞുതരുന്നുണ്ട്. ഒപ്പം തെറ്റിദ്ധരിക്കപ്പെടുന്ന മനുഷ്യജീവിതത്തിന്റെ കഥ കൂടിയാണ് തിറയാട്ടം.
ആഘോഷത്തിമിർപ്പിൽ ജീവിതം കൈവിട്ടുപോയ, അൽപനേരത്തെ അശ്രദ്ധകൊണ്ട് സംഭവിച്ച കൈപ്പിഴയാൽ ജീവിതം പോലും അടിയറ വയ്ക്കേണ്ടിവരുന്ന ചില മനുഷ്യരുടെ കഥ കൂടിയാണ് ഈ ചിത്രം. തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ അതിശക്തമായി നേരിടുകയാണ് വിശ്വൻ മലയൻ. അനാചാരങ്ങൾക്കെതിരെ പൊരുതാൻ ഇറങ്ങിത്തിരിച്ച വിശ്വൻ മലയന്റെയും അയാൾക്കൊപ്പം നിന്ന ചില ആളുകളുടെയും കഥയാണ് ഈ ചിത്രം. അതിശക്തമായ എതിർപ്പുകൾക്കിടയിലും സ്വന്തം ജീവിതം എങ്ങോട്ടു കൊണ്ടു പോകണമെന്ന ഒരാളുടെ നിശ്ചയദാർഢ്യം തീർച്ചയായും പ്രേക്ഷകരെ ചിന്തിപ്പിക്കും.
ഒരു കലാരൂപത്തെ അതിന്റെ ഭംഗിയിലും മിതത്വത്തിലും അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർ കാണിച്ച ശ്രദ്ധ എടുത്തു പറയേണ്ടതാണ്.
ചിത്രത്തിലെ ഗാനങ്ങളും സംഗീതവും പൂർണമായും ചിത്രത്തോട് ഇണങ്ങി നിൽക്കുന്നവയായിരുന്നു.
ജിജോ ഗോപിയാണ് വിശ്വൻ മലയനായി എത്തിയിരിക്കുന്നത്. തന്മയത്വത്തോടെ വിശ്വൻ മലയനെ അവതരിപ്പിക്കാൻ ജിജോയ്ക്കായി. പരമ്പരാഗത രീതിയിൽ തെയ്യം പഠിപ്പിക്കുന്ന അധ്യാപകനായെത്തുന്ന കല്ലാടി നാണു ആശാനും മറ്റ് അഭിനേതാക്കളും മികച്ച നിലവാരം പുലർത്തി. അനഘ, ശ്രീലക്ഷ്മി, അരവിന്ദാക്ഷൻ, നാദം മുരളി തുടങ്ങിയ പുതുമുഖങ്ങളും അവരുടെ ഭാഗം കൃത്യമായി അവതരിപ്പിച്ചു. മലബാറിന്റെ ഗ്രാമീണ ഭംഗിയും ഒരു കലാരൂപത്തിന്റെ ഏറ്റവും മികച്ച ഭാവങ്ങളും പ്രശാന്ത് മാധവ് നന്നായി പകർത്തിയിട്ടുണ്ട്. എ ആർ മൈലാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം തിയറ്ററിൽ എത്തിയിരിക്കുന്നത്.