ADVERTISEMENT

പെരുന്തച്ചനെക്കുറിച്ചു പറയുന്ന ഒരു കഥയുണ്ട്. ഒരിക്കൽ ഒരു ദേശത്ത് കുളം വെട്ടാൻ പെരുന്തച്ചനെ ക്ഷണിച്ചു. കുളം വട്ടത്തിൽ വേണമെന്ന് ഒരു കൂട്ടർ. വട്ടത്തിലല്ല, നീളത്തിൽ മതിയെന്നു മറ്റൊരു കൂട്ടം. അതു രണ്ടും വേണ്ട, ചതുരത്തിൽ മതിയെന്നായി വേറൊരു കൂട്ടം. ഒടുവിൽ, പെരുന്തച്ചൻ കുളം വെട്ടി; ഓരോരുത്തരും ആവശ്യപ്പെട്ട ആകൃതിയിൽത്തന്നെ! കാഴ്ചയിൽ വിഭ്രാന്തിയുണ്ടാക്കുന്ന ഒരു സൂത്രം പ്രയോഗിച്ചാണ് പെരുന്തച്ചൻ ആ കൺകെട്ട് നടത്തിയത്. അതുപോലെ, സിനിമ കൊണ്ട് സിനിമയ്ക്കകത്തൊരു കൺകെട്ടു തീർക്കുകയാണ് കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ. 

ദീപാവലി റിലീസായി എത്തിയ ജിഗർതണ്ട ഡബിൾ എക്സ്, ഗ്യാങ്സ്റ്റർ സിനിമ ഇഷ്ടപ്പെടുന്നവർക്ക് അതിഗംഭീര ഇടിപ്പടമാണ്. സിനിമയെ ഗൗരവമായി സമീപിക്കുന്നവർക്കാകട്ടെ, അതൊരു പാഠപുസ്തകമാണ്. രാഷ്ട്രീയമായി സമീപിക്കുന്നവർക്ക് അതൊരു വിപ്ലവ സിനിമയാണ്. ചുരുക്കത്തിൽ ജിഗർതണ്ട ഡബിൾ എക്സ് എന്ന സിനിമയെ ഒറ്റ വരിയിൽ ഇങ്ങനെ വിവരിക്കാം– മോഡേൺ ക്ലാസിക്! 

2014ൽ പുറത്തിറങ്ങിയ ജിഗർതണ്ട എന്ന സിനിമയുടെ പ്രീക്വലാണ് ജിഗർതണ്ട ഡബിൾ എക്സ്. എന്നാൽ, ആദ്യ സിനിമ കാണാത്തവർക്കു പോലും ഒട്ടും ആയാസമില്ലാതെ ജിഗർതണ്ട ഡബിൾ എക്സ് ആസ്വദിക്കാം. സിനിമ നടക്കുന്ന കാലം, കഥാപാത്രങ്ങൾ, അവരുടെ പശ്ചാത്തലം എന്നിങ്ങനെ സങ്കീർണമായ വലിയൊരു കാൻവാസുണ്ട് ഈ സിനിമയ്ക്ക്. അതെല്ലാം, എഴുത്തിന്റെ കരുത്തിലൂടെയും ഫിലിം മേക്കിങ്ങിന്റെ ബ്രില്യൻസിലൂടെയും ആസ്വാദ്യമായ രീതിയിൽ ലളിതമായി അവതരിപ്പിക്കുകയാണ് കാർത്തിക്. അതിനായി അദ്ദേഹം ഉപകരണമാക്കുന്നത് സിനിമയെ തന്നെയാണ്. പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നതും അങ്ങനെ ചില നിമിഷങ്ങളാണ്. ഗ്യാങ്സ്റ്റർ സിനിമകളുടെ വാർപ്പുമാതൃകകൾ ഉപയോഗിച്ചുകൊണ്ട്, ആ ഫോർമാറ്റിനെത്തന്നെ പൊളിച്ചടക്കുന്ന ഇന്ദ്രജാലം കണ്ടറിയണമെങ്കിൽ, വെൽകം ടു കാർത്തിക് സുബ്ബരാജ്സ് ജിഗർതണ്ട സിനിമാറ്റിക് യൂണിവേഴ്സ്!

ഒരു ഗ്യാങ്സ്റ്ററുടെ ജീവിതം സിനിമയാക്കാൻ അയാളറിയാതെ അയാൾക്കൊപ്പം കൂടുന്ന യുവസംവിധായകന്റെ യാത്രയും ജീവിതവും അനുഭവങ്ങളുമാണ് 2014 ൽ പുറത്തിറങ്ങിയ ജിഗർതണ്ടയുടെ പ്രമേയം. ഡബിൾ എക്സിലും കഥ ഏതാണ്ടു സമാനമാണ്. പക്ഷേ, സിനിമാനുഭവം അതിനും മുകളിലാണ്. സമാനമായ പ്ലോട്ടിൽനിന്നു കൊണ്ട്, ഏകദേശം സമാനമായ പാറ്റേൺ ഉപയോഗിച്ച് പുതിയൊരു കിടിലൻ സിനിമസാധ്യമാണെന്ന് ജിഗർതണ്ട ഡബിൾ എക്സ് തെളിയിക്കുന്നു. ഗംഭീര തിരക്കഥയും സംവിധായകന്റെ പ്രതിഭയുമാണ് അതു സാധ്യമാക്കുന്നത്. ഇതൊക്കെ എങ്ങനെ സാധിച്ചെടുക്കുന്നു എന്ന് ആലോചിച്ച് പ്രേക്ഷകരും ചോദിച്ചും പോകും, ‘എപ്പടിടാ?!’

ഇനി കഥയിലേക്ക്

അധികാര രാഷ്ട്രീയത്തിൽ ഏറെ സ്വാധീനമുള്ള ഗ്യാങ്സ്റ്ററാണ് മധുരയിലെ സീസർ (രാഘവ ലോറൻസ്). ഭരണകക്ഷിയിലെ ഒരു പ്രബല നേതാവിനു പക്ഷേ, അയാൾ കണ്ണിലെ കരടാണ്. അയാളെ കൊലപ്പെടുത്താൻ രാഷ്ട്രീയലക്ഷ്യങ്ങളോടെ ‘തിരഞ്ഞെടുക്കപ്പെടുന്ന’ ക്രിമിനലാണ് റേ ദാസൻ എന്ന എസ്.ജെ സൂര്യ. ഇന്ത്യൻ സിനിമയിലെ ആദ്യ കറുപ്പു നിറമുള്ള സൂപ്പർസ്റ്റാറാകാൻ മോഹിക്കുന്ന സീസറിന് അടുത്തേക്ക് യുവസംവിധായകനെന്ന വ്യാജേന റേ ദാസൻ എത്തുന്നതോടെയാണ് ജിഗർതണ്ട ഡിബിൾ എക്സ് ശരിക്കും അതിന്റെ ഫൺ റൈഡ് തുടങ്ങുന്നത്. ഈ നരേറ്റീവിന് സമാന്തരമായി മധുരയിലെ മേലക്കുയിൽക്കുടിയിൽ മറ്റൊരു കഥയും സംഭവിക്കുന്നുണ്ട്. 

jigarthanda-doublex-review-22
ലോറൻസും എസ്‍.ജെ. സൂര്യയും

ആനകളെ കൊമ്പിനായി വേട്ടയാടി വക വരുത്തുന്ന സേട്ടാനി എന്ന കാട്ടുകള്ളനും അയാളെ പിടിക്കാനെന്ന വ്യാജേന കാട്ടിലെ ഗോത്രസമൂഹത്തെ നിരന്തരം പീഡിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും നിറഞ്ഞാടുന്ന മേലക്കുയിൽക്കുടി വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിനൊപ്പം ആദിവാസികളും ഭരണവർഗവും തമ്മിലുള്ള സംഘർഷത്തിന്റെ നേർചിത്രം കൂടി വെളിപ്പെടുത്തുകയാണ്. ആദ്യ പകുതിയിൽ രാഘവ ലോറൻസിന്റെ മധുരയിലെ നിറഞ്ഞാട്ടമാണ് പ്രേക്ഷകർ കാണുന്നതെങ്കിൽ രണ്ടാം പകുതിയിൽ അതിന‌ു വേറെ കളറാണ്. കഥാഗതിയിൽ സംഭവിക്കുന്ന ആ ട്രാക്ക് മാറ്റം പ്രേക്ഷകരെ അമ്പരപ്പിക്കും, ഇമോഷനലാക്കും, കോരിത്തരിപ്പിക്കും.  

കാമ്പുള്ള കഥാപാത്രങ്ങളും മൂർച്ചയുള്ള പ്രകടനങ്ങളും

ക്രാഫ്റ്റുള്ള സംവിധായകന്റെ കയ്യിൽ കിട്ടുമ്പോൾ മൂർച്ചയും തെളിച്ചവും കൂടുന്ന ചില അഭിനേതാക്കളുണ്ട്. അങ്ങനെയൊരു അഭിനേതാവാണ് രാഘവ ലോറൻസ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ജിഗർതണ്ട ഡബിൾ എക്സിലെ സീസർ. ഹോളിവുഡിലെ ഇതിഹാസ താരം ക്ലിന്റ് ഈസ്റ്റ്‍വുഡിനുള്ള ട്രിബ്യൂട്ട് കൂടെയാണ് ലോറൻസിന്റെ കഥാപാത്രവും ഈ സിനിമയും. അതിഗംഭീരമായാണ് ക്ലിന്റ് ഈസ്റ്റ്‍വുഡിനെ സംവിധായകൻ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ക്ലിന്റ് ഈസ്റ്റ്‍വുഡിന്റെ കടുത്ത ആരാധകനാണ് ലോറൻസിന്റെ സീസർ എന്ന കഥാപാത്രം. ക്ലിന്റിന്റെ ക്ലാസിക് ശൈലിയും സ്റ്റൈലിഷ് പ്രകടനവും അതുപോലെ അനുകരിക്കുന്ന ഗ്യാങ്സ്റ്ററാണ് സീസർ. ഒട്ടും വികലമാക്കാതെയുള്ള ആ അനുകരണവും പ്രകടനവും സീസർ എന്ന ഗ്യാങ്സ്റ്ററിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയാണ്. ഫുൾ ഓൺ പവറിലാണ് ലോറൻസ് സീസറായി അവതരിക്കുന്നത്. 

jigarthanda-doublex-review-223

ലോറൻസിനൊപ്പം കട്ടയ്ക്കു നിൽക്കുന്ന പ്രകടനമാണ് എസ്.ജെ. സൂര്യയും പുറത്തെടുക്കുന്നത്. ലോറൻസിന്റെ സീസർ സിനിമയിലുടനീളം ലൗഡ് പെർഫോമൻസിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ ഇടയ്ക്കിടയ്ക്ക് കയറി വന്ന് മിന്നും പ്രകടനം കാഴ്ച വച്ച് അമ്പരപ്പിക്കുകയാണ് എസ്.ജെ.സൂര്യ. ആ കഥാപാത്രത്തിന്റെ ഭംഗിയും അതു തന്നെയാണ്. സേട്ടാനിയുടെ കഥാപാത്രം അവതരിപ്പിച്ച വിധു, ഡിഎസ്പി ര്തനകുമാറിനെ അവതരിപ്പിച്ച നവീന ചന്ദ്ര എന്നിവരും വിസ്മയിപ്പിക്കുന്ന പകർന്നാട്ടമാണ് സിനിമയിൽ കാഴ്ചവച്ചിരിക്കുന്നത്. 

ജിഗർതണ്ട ഡബിൾ എക്സിൽ പ്രകടനത്തിലൂടെ കയ്യടി നേടുന്ന മലയാളി താരങ്ങൾ നിരവധിയാണ്. നിമിഷ സജയന്റെ മലയരൈസിയാണ് അതിലൊന്ന്. സിനിമയിലെ ശക്തമായ സ്ത്രീസാന്നിധ്യമാണ് മലയരൈസി. സീസറിന്റെ ഭാര്യയാണെങ്കിലും അയാളുടെ നിഴലിലൊതുങ്ങാത്ത, അയാൾക്കെതിരെ വിരൽ ചൂണ്ടുന്ന കഥാപാത്രമാണ് മലയരൈസി. ചിലയിടങ്ങളിൽ ലൗഡ് ആയും ചിലപ്പോൾ സൂക്ഷ്മമായും ആക്ടിങ് പാറ്റേൺ മാറി വരുന്ന സങ്കീർണമായ കഥാപാത്രത്തെ മികവാർന്നതാക്കുന്നുണ്ട് നിമിഷ സജയൻ. 

jigarthanda-doublex-review-3

സംവിധായകനും നടനുമായ വിഷ്ണു ഗോവിന്ദനാണ് കയ്യടി നേടുന്ന മറ്റൊരു മലയാളി താരം. നടനും രാഷ്ട്രീയനേതാവുമായ ജയക്കൊടി എന്ന കഥാപാത്രത്തെയാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോയുടെ സിഗ്നേച്ചർ അഭിനയ രീതിയുടെ ആവർത്തനമാണ് ജയക്കൊടി എന്ന കഥാപാത്രം. കൂടിയാട്ടം കലാകാരിയും നർത്തകിയുമായ കപില വേണുവും മലയാളത്തിന്റെ അഭിമാനമായി ജിഗർതണ്ട ഡബിൾ എക്സിൽ വരവറിയിക്കുന്നു. നെഗറ്റീവ് ഷെയ്ഡുള്ള രാഷ്ട്രീയ നേതാവിന്റെ കഥാപാത്രം അത്രയും ശക്തമായാണ് കപില ചെയ്തുവച്ചിരിക്കുന്നത്. 

പിന്നണിയിലെ മാജിക്

കാർത്തിക് സുബ്ബരാജിന്റെ പേട്ട, മെർക്കുറി തുടങ്ങിയ ചിത്രങ്ങളിൽ കൈകോർത്ത ഛായാഗ്രാഹകൻ തിരുവാണ് ജിഗർതണ്ട ഡബിൾ എക്സിന്റെ മാജിക് ഫ്രെയിംസ് തീർത്തിരിക്കുന്നത്. അക്ഷരാർഥത്തിൽ മാജിക് ആണ് അദ്ദേഹം തിരശീലയിൽ ഒരുക്കിയിരിക്കുന്നത്. ഭാഷ അറിയാത്തവർക്കു പോലും സിനിമയുടെ കഥയും രാഷ്ട്രീയവും വികാരവും ആ ദൃശ്യങ്ങളിലൂടെ പകർന്നു കിട്ടും. അറുപതുകളിലും എഴുപതുകളിലും നടക്കുന്ന കഥയെ സൂക്ഷ്മമായി അവതരിപ്പിച്ചതിൽ സിനിമയുടെ പ്രൊഡക്‌ഷൻ ഡിസൈനറും അഭിനന്ദനം അർഹിക്കുന്നു. ആക്‌ഷൻ രംഗങ്ങളിലെ ക്യാമറ ചലനങ്ങൾ തീർച്ചയായും അതിശയിപ്പിക്കും. 

ഇതുവരെ കാണാത്ത ശൈലിയിലുള്ള ആക്‌ഷൻ കൊറിയോഗ്രഫിയാണ് ജിഗർതണ്ട ഡബിൾ എക്സിലേത്. മലയാളിയായ ഷഫീക്ക് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റർ. ഇത്രയും സങ്കീർണമായ പ്ലോട്ടുകൾ ആശയക്കുഴപ്പമില്ലാതെ പ്രേക്ഷകരുമായി സംവദിക്കുന്ന രീതിയിൽ ഒരുക്കിയെടുത്തതിൽ ഷഫീക്ക് പുലർത്തിയ മികവ് അസാധ്യമാണ്. അതുപോലെ മികച്ചതായിരുന്നു സിനിമയുടെ ഗ്രാഫിക്സ്. സൂക്ഷ്മവും ഒറിജിനലും എന്നു വേണം അതിനെ വിശേഷിപ്പിക്കാൻ. 

കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ സന്തോഷ് നാരായണൻ എന്ന സംഗീതസംവിധായകന്റെ സാന്നിധ്യമെന്നു പറയുന്നത് ജീവശ്വാസം പോലെയാണ്. മാസ് ഗ്യാങ്സ്റ്റർ സിനിമകളിലെ സംഗീതമെന്നാൽ വെറും ഒച്ചപ്പാടല്ലെന്ന് തെളിയിക്കുകയാണ് സന്തോഷ് നാരായണൻ. നാടും കാടും നഗരവും മാറി വരുന്ന പ്ലോട്ടുകളിൽ എങ്ങനെ സംഗീതം ഒറിജിനലും സ്റ്റൈലിഷും ആകാമെന്ന് സന്തോഷ് നാരായണൻ കാണിച്ചു തരുന്നു. ജിഗർതണ്ട യൂണിവേഴ്സിന്റെ ജീവതാളമാണ് സന്തോഷ് നാരായണന്റെ പശ്ചാത്തലസംഗീതവും പാട്ടുകളും. ശബ്ദം അടയാളപ്പെടുത്തുന്ന ചില രാഷ്ട്രീയ പരിസരങ്ങളുണ്ട് സിനിമയിൽ. മണ്ണും മനുഷ്യനും അതിന്റെ സംഘർഷങ്ങളും അവയുടെ ചരിത്രവും സന്തോഷ് നാരായണന്റെ മ്യൂസിക് ട്രീറ്റ്മെന്റിൽ പ്രതിഫലിക്കുന്നു. പ്രത്യേകിച്ചും ക്ലൈമാക്സ് സീക്വൻസിലെ ശബ്ദസാന്നിധ്യം. അത് അനുഭവിച്ചറിയുക തന്നെ വേണം.   

സിനിമയ്ക്കുള്ളിലെ സിനിമ

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കല ഏതെന്നു ചോദിച്ചാൽ അതിനുത്തരം സിനിമ എന്നായിരിക്കും. ആ മാധ്യമത്തിന്റെ ശക്തിയെ സിനിമയിലൂടെത്തന്നെ കാണിച്ചു തരികയാണ് സംവിധായകൻ കാർത്തിക സുബ്ബരാജ്. തോക്കെടുത്തു ചെയ്യുന്ന ഷൂട്ടിങ്ങിനേക്കാളും ശക്തമാണ് ക്യാമറയെടുത്തു ചെയ്യുന്ന ഷൂട്ടിങ് എന്ന് ജിഗർതണ്ട ഡബിൾ എക്സ് പറയുന്നു. മാസ് മസാല ഗ്യാങ്സ്റ്റർ സിനിമകളെ വിമർശനാത്മകമായി സമീപിച്ചുകൊണ്ട് അതേ ചേരുവകൾ ഉപയോഗിച്ചാണ് കാർത്തിക് സുബ്ബരാജിന്റെ ഫിലിം മേക്കിങ്. ഇത്രയും ശക്തമായ പൊളിറ്റിക്കൽ ഫിലിം മെയ്ക്കിങ് അടുത്തകാലത്തൊന്നും ഇന്ത്യൻ സിനിമയിൽ സംഭവിച്ചിട്ടില്ല. 

jigarthanda-doublex-review-212
കാർത്തിക് സുബ്ബരാജിനൊപ്പം ലോറൻസ്

മണ്ണ്, പ്രകൃതി, അധികാരം നിശബ്ദരാക്കിയ ഗോത്രജനത, അവരുടെ പോരാട്ടങ്ങൾ, കറുപ്പിന്റെ രാഷ്ട്രീയം എന്നിങ്ങനെ പല അടരുകളിലായി ജിഗർതണ്ട ഡബിൾ എക്സിന്റെ രാഷ്ട്രീയഭൂപടം വിശാലമാണ്. എന്നാൽ‌, ഇവയൊന്നും ജിഗർതണ്ടയുടെ സിനിമാറ്റിക് അനുഭവത്തെ ഒട്ടും കുറയ്ക്കുന്നില്ല. ഗ്യാങ്സ്റ്റർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ മാത്രമല്ല, സിനിമയെ നെഞ്ചിലേറ്റുന്ന എല്ലാ ആസ്വാദകരും ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ് ജിഗർതണ്ട ഡബിൾ എക്സ്. കാണാതിരുന്നാൽ നഷ്ടമാകുന്നത് ഈ കാലഘട്ടത്തിലിറങ്ങിയ ഒരു ക്ലാസിക് സിനിമയുടെ തിയറ്റർ എക്സ്പീരിയൻസായിരിക്കും. 

വാൽക്കഷണം: 2014ലെ ജിഗർ തണ്ട കണ്ടു ത്രില്ലടിച്ച് ഡബിൾ എക്സ് കാണാൻ വരുന്ന പ്രേക്ഷകർക്ക് ഒരു സർപ്രൈസ് സിനിമയുടെ ടെയിൽ എൻഡിൽ കാർത്ത് സുബ്ബരാജ് ഒരുക്കി വച്ചിട്ടുണ്ട്. ഒപ്പം ജിഗർതണ്ട യൂണിവേഴ്സിലേക്ക് ഒരു ട്രിപ്പിൾ എക്സ് ടിക്കറ്റും!

English Summary:

Jigarthanda Double X is an action gangster genre, just like 'Jigarthanda', written and directed by Karthik Subbaraj.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com