മുഖമില്ലാത്തവരുടെ മുഖമായ റാണി മരിയ; വിൻ സിയുടെ അഭിനയപ്രകടനം; റിവ്യു
The Face of the Faceless Review

Mail This Article
ജന്മിത്വം അതിന്റെ എല്ലാ അർഥത്തിലും കൊടികുത്തി വാണിരുന്ന ഒരു സമയത്ത് അതിനെതിരെ പോരാടാൻ ഇറങ്ങിയ സിസ്റ്റർ റാണി മരിയയുടെ ജീവിതമാണ് ഫെയ്സ് ഓഫ് ഫെയ്സ്‌ലെസ് എന്ന ചിത്രം പങ്കുവയ്ക്കുന്നത്. അശരണർക്ക് ആശ്രയമാകാനായി സ്വന്തം ജീവിതം മാറ്റിവച്ച മദർ തെരേസയുടെ പാത പിന്തുടരണം എന്ന ആഗ്രഹത്തോടെയാണ് റാണി മരിയ സന്യാസ ജീവിതം തിരഞ്ഞെടുക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞതോടെ ടൈപ്പിങ്ങും പഠിപ്പിച്ച് കല്യാണം കഴിപ്പിച്ചു വിടണം എന്ന അച്ഛനമ്മമാരുടെയും അമ്മാവന്റെയും ആഗ്രഹത്തെ എതിർത്താണ് റാണി മരിയ സന്യാസിനിയാകുന്നത്.
മിഷൻ പ്രവത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതിലുപരി സമൂഹത്തെ സേവിക്കുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാനാണ് റാണി മരിയ ഇഷ്ടപ്പെട്ടിരുന്നത്. അവരുടെ പ്രവർത്തനങ്ങളിൽ സംതൃപ്തരായ സഭ സിസ്റ്ററുടെ ചെറിയ പ്രായത്തിൽത്തന്നെ അവർക്ക് സ്ഥാനക്കയറ്റം നൽകി മധ്യപ്രദേശിലെ ഉദയനഗറിലേക്ക് അവരുടെ സേവനങ്ങൾ വ്യാപിപ്പിക്കാനായി അയയ്ക്കുന്നു. ഉദയ്നഗറിലെത്തുന്ന റാണിയെ സ്വീകരിച്ച് അല്‍പം ദൂരെയുള്ള മഠത്തിലേക്ക് എത്തിക്കുന്നത് കെർലിയാണ്. ഉദയനഗറിലെ സന്യാസിനീസമൂഹത്തിന് വേണ്ട എല്ലാ സഹായങ്ങളും എത്തിച്ചിരുന്നത് അന്നാട്ടുകാരിയായ കെർലി തന്നെ ആയിരുന്നു.

ഉദയ്പുരിലെ ഗോത്രവർഗക്കരിയായ കെർലിയുടെ വീട് കാണാൻ പോകുന്ന സിസ്റ്റർ റാണി മരിയ ആ ഗ്രാമത്തിലെ ദുരാചാരങ്ങൾ നേരിട്ട് മനസ്സിലാക്കുന്നു. വിദ്യാഭ്യാസമില്ലാത്ത ഒരു സമൂഹമാണ് തന്റെ മുന്നിലുള്ളത് എന്നു തിരിച്ചറിയുന്ന റാണി മരിയയുടെ പിന്നീടുള്ള ശ്രമങ്ങളെല്ലാം ആ സമൂഹത്തിനുവേണ്ടി ആയിരുന്നു. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനായി അവരിൽ ഒരാളായി നിൽക്കാനും റാണി മരിയയ്ക്ക് ഒട്ടും മടി ഉണ്ടായിരുന്നില്ല. കൃഷി ചെയ്യാൻ മിടുക്കരായിരുന്ന ഗോത്ര സമൂഹത്തെ ചൂഷണം ചെയ്യാൻ ജന്മികൾ ശ്രമിക്കുന്നുണ്ടെന്ന് റാണി മരിയ വൈകാതെ മനസ്സിലാക്കുന്നു. ആ അസമത്വത്തിൽനിന്നു ഗോത്ര സമൂഹത്തെ രക്ഷിക്കണമെന്ന ലക്ഷ്യത്തോടെ അവർക്ക് വിദ്യാഭ്യാസം നൽകി പ്രബുദ്ധരാക്കാൻ സിസ്റ്റർ തീരുമാനിക്കുന്നു.
ആദിവാസി സമൂഹത്തിനുവേണ്ടി സർക്കാർ നൽകുന്ന എല്ലാ സഹായങ്ങളും അവരിലേക്കു തന്നെ എത്തിക്കാനായി സിസ്റ്റർ നടത്തിയ പോരാട്ടങ്ങളും ഗോത്ര സമൂഹത്തിന് വിദ്യാഭ്യാസം നൽകിയതുമെല്ലാം അന്നാട്ടിലെ ജന്മി സമൂഹത്തെ ചൊടിപ്പിക്കുന്നതോടെ സിസ്റ്റര്‍ റാണി മരിയ ജന്മിമാരുടെ നോട്ടപ്പുള്ളിയാകുന്നു. പിന്നീട് റാണി മരിയയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ.
സിസ്റ്റർ റാണി മരിയയുടെ ജീവിതത്തിലെ കുറേയധികം നിമിഷങ്ങളെ കോർത്തിണക്കിയാണ് ഫെയ്സ് ഓഫ് ഫെയ്സ്‌ലെസ് മുന്നോട്ടുപോകുന്നത്. വിൻ സി അലോഷ്യസാണ് ചിത്രത്തിൽ സിസ്റ്റർ റാണി മരിയയായി എത്തുന്നത്. മുഖമില്ലാത്തവരുടെ മുഖമാകുന്ന റാണി മരിയയെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ വിൻ സിക്ക് സാധിച്ചു. ഒഡീഷയിൽ നിന്നുള്ള കലാകാരിയായ സോനലി മൊഹന്തിയാണ് കെർലിയായി പ്രേക്ഷക മനസ്സ് കീഴടക്കുന്നത്. ഗ്രാമവാസിയായ പൂർബയായി അഞ്ജലി സത്യനാഥ് എത്തുന്നു. ചിത്രത്തിലെ കാസ്റ്റിങ് എടുത്തുപറയേണ്ട ഒരു പ്രത്യേകത തന്നെയാണ്. പതിനാറ് സംസ്ഥാനങ്ങളിലെ കലാകാരികളും കലാകാരന്മാരുമാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. ജീത്ത്മത്താറു (പഞ്ചാബ്), പൂനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പുർ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങൾ.
സ്ത്രീ ശാക്തീകരണം എന്നത് വാക്കുകളിൽ ഒതുക്കാതെ പകരം അതിനുവേണ്ടി അക്ഷീണം പ്രവർത്തിച്ച ഒരു സ്ത്രീയുടെ ജീവിതം തിരശ്ശീലയിൽ എത്തിച്ചതിലൂടെ ഷൈസൺ പി. ഔസേഫ് സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. ആദ്യചിത്രത്തിന് ഇത്തരം ഒരു പ്രമേയം തിരഞ്ഞെടുത്തതിന് സംവിധായകൻ കയ്യടി അർഹിക്കുന്നു.
കുടുംബ പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജയപാൽ അനന്തനാണ്. ഉദയ്നഗർ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ മഹേഷ് ആനിയും എഡിറ്റർ രഞ്ജന്‍ എബ്രഹാമുമാണ്. ചിത്രത്തിലെ സന്ദർഭങ്ങളോട് ചേർന്ന് നിൽക്കുന്ന ഗാനങ്ങൾ എഴുതിയത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. അല്‍ഫോണ്‍സ് ജോസഫാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കി മലയാളം, ഹിന്ദി, സ്പാനിഷ് എന്നീ ഭാഷകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം ട്രൈ ലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണയാണ് നിർമിച്ചിരിക്കുന്നത്.
'മുഖമില്ലാത്തവരുടെ മുഖം' ആകുവാൻ ഈ സമൂഹത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും കഴിയും എന്നും സമൂഹത്തെ സേവിക്കാനുള്ള ഒരു നല്ല മനസ്സ് ഉണ്ടെന്നുണ്ടെങ്കിൽ ഈ ലോകം മുഴുവൻ അതിന് കൂട്ടായുണ്ടാകുമെന്നും ചിത്രം പറയുന്നു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും ഗോത്ര വർഗക്കാർ നീതി തേടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അവരെ കണ്ടില്ലെന്ന് നടിക്കുന്ന വലിയൊരു വിഭാഗമുള്ളപ്പോൾ അവരുടെ കണ്ണു തുറപ്പിക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഈ ചിത്രം.