ADVERTISEMENT

കാഴ്ചയ്ക്കപ്പുറമുള്ള ലോകത്തെക്കുറിച്ച് മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. യാഥാർഥ്യത്തിനപ്പുറം നിലനിൽക്കുന്ന പ്രപഞ്ചാതീതമായ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ പരിമിതപ്പെട്ടിരിക്കുന്നു. എന്നാൽ ഈ അനന്തമായ വിശാലതയിലേക്കുള്ള ജാലകം ഒരു വ്യക്തിക്ക് മുന്നിൽ തുറക്കുമ്പോൾ എന്ത് സംഭവിക്കും? ജീവിതം, യുദ്ധം, കാമം, നിസ്സഹായത  തുടങ്ങിയ നിരവധി വിഷയങ്ങൾ അതിന്റെ കഥാഗതിയിൽ ആഴത്തിൽ ഇഴചേർന്ന് നിഗൂഢമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുന്ന സർറിയലിസ്റ്റിക് പര്യവേക്ഷണമാണ് അദൃശ്യ ജാലകങ്ങൾ. 

ഏതോ നാട്ടിൽ നടക്കുന്ന യുദ്ധം അത് ബാധിക്കുന്ന കേരളത്തിലെ ചിലർ, അശരണർക്ക് മുകളിൽ സ്വാധീനമുള്ളവർ ചെലുത്തുന്ന ഫാസിസത്തിന്റെ ക്രൂരത ഇത്തരം വിഷയങ്ങൾ മാജിക്കൽ റിയലിസത്തിന്റെ ഭാഷയിൽ ഡോക്ടർ ബിജു പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കുന്നു.  മാനസികരോഗിയായ ഒരു കഥാപാത്രത്തിലേക്കുള്ള ടൊവീനോ തോമസിന്റെ അദ്ഭുതപ്പെടുത്തുന്ന സന്നിവേശമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ഇക്കഴിഞ്ഞ ഒക്ടോബർ 27 ന് താലിൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്ത ചിത്രം ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക സിലക്‌ഷൻ കിട്ടുന്ന ആദ്യത്തെ മലയാള സിനിമ കൂടിയാണ്.

ഏതോ നാട്ടിലെ യുദ്ധത്തിന് കോപ്പുകൂട്ടുന്ന ഒരു സാങ്കല്പിക ഗ്രാമം. കടത്തിണ്ണയിൽ കിടന്നുറങ്ങുന്നവരെ മനസികരോഗിയാക്കി തടവറയിൽ തള്ളുന്ന ഭരണകൂടം.  പത്തുവയസ്സുള്ള പെണ്കുട്ടിയെപ്പോലും കാമക്കണ്ണുകളോടെ ഉഴിയുന്ന അധികാരിവര്ഗം.  ഇതിനിടയിൽ ബോധാബോധങ്ങളുടെ അടരുകളിൽ പെട്ടുഴലുന്ന നായകൻ.  മോർച്ചറിയിൽ കാവൽ ജോലി ചെയ്തിരുന്ന അവനെ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി ഷോക്കടിച്ചതിന് ശേഷം ഇടയ്ക്കിടെ അവന്റെ മുന്നിൽ മരണപ്പെട്ടവർ വന്ന് അവരുടെ കഥപറയാറുണ്ട്. എന്നോ ഉപേക്ഷിക്കപ്പെട്ട റെയിൽവേ ബോഗിയിലാണ് അവന്റെ താമസം. പാട്ട് ഇഷ്ടപ്പെടുന്ന അവനെ തൊട്ടടുത്ത ബോഗിയിൽ താമസിക്കാനെത്തുന്ന പെൺകുട്ടി ഇടയ്ക്കിടെ ശകാരിക്കാറുണ്ട്. അവൾക്ക് പാട്ടുകേൾക്കുന്നത് ഇഷ്ടമല്ലത്രെ.  അധികാരിവർഗത്തിന്റെ പിടിയിലമരുന്നതിന് മുൻപുള്ള മനോഹരമായ ഇന്നലെകളിലാണ് അവൾ ജീവിക്കുന്നത്.  ജീവിക്കാനായി ശരീരം വിൽക്കുമ്പോഴും അവളുടെ ഉള്ള് നിർമ്മലമാണ്. ആസന്നമായ യുദ്ധത്തിന്റെ ഭീതിയിൽ വീടുവിട്ടു പോകേണ്ടിവരുമോ എന്ന് പേടിച്ചു ജീവിക്കുന്ന അശരണരായ രണ്ടു കുട്ടികളും അവരുടെ വൃദ്ധനായ മുത്തച്ഛനും മാത്രമാണ് മറ്റുരണ്ടു ദേശവാസികൾ.

തെരുവിൽ താമസിക്കുന്ന ഒരല്പം മാനസിക പ്രശ്നങ്ങളുള്ള നിസ്സഹായനായ ചെറുപ്പക്കാരനിലേക്കുള്ള ടോവിനോ തോമസിന്റെ പകർന്നാട്ടം ഗംഭീരമാണ്. പേരുപോലുമില്ലാത്ത ഒരു കഥാപാത്രം. രൂപം പോലും ടൊവിനോയുമായി ഒരു സാമ്യവുമില്ല.  ഇതുവരെ കണ്ടുപഴകിയ കഥാപാത്രങ്ങൾക്കപ്പുറമൊരു മിന്നും പ്രകടനമാണ് ചിത്രത്തിൽ ടൊവിനോയുടെ സംഭാവന. മിന്നൽ മുരളിയിലെ സൂപ്പർ ഹീറോ തന്നെയാണോ ഈ ചിത്രത്തിലെ അനാഥനായ ചെറുപ്പക്കാരന് വേഷം പകർന്നതെന്ന് സംശയിച്ചുപോകും. ഉറപ്പായും ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി ഇത് മാറിയേക്കും. നിമിഷ സജയന്റെ നായികയും ടൊവിനോക്കൊപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.  ഇന്ദ്രൻസ്, സംഗീത സംവിധായകൻ ബിജിബാൽ, കൃഷ്ണൻ ബാലകൃഷ്ണൻ, ബാലതാരങ്ങളായ ഗോവർധൻ  ഇഷിത സുധീഷ് തുടങ്ങിയവരും ഉൾപ്പെടുന്ന താരനിര ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജ് ആണ് ചിത്രത്തിനായി ആകർഷകമായ സംഗീതം ഒരുക്കിയിരിക്കുന്നത്. യുദ്ധത്തിന് എതിരെയുള്ള ഒരു ഗാനം ഏറെ ശ്രദ്ധേയമാണ്.  ഡേവിസ് മാനുവലിന്റെ കൃത്യയാർന്ന എഡിറ്റിങും സിനിമയുടെ ജീവനാഡിയാണ്.

പേരിനുപോലും പ്രസക്തിയില്ലാത്ത അരികുവൽക്കരിക്കപ്പെട്ട ചില മനുഷ്യരുടെ നിസ്സഹായതയുടെ അമർത്തിയ നിലവിളികളാണ് അദൃശ്യജാലകങ്ങളിൽ മുഴങ്ങി കേൾക്കുന്നത്. ചെന്നായയ്‌ക്ക് ആട്ടിൻകുട്ടിയെ പിടിക്കാൻ കാരണമൊന്നും വേണ്ട എന്ന് പറയുന്നതുപോലെയാണ് സാധാരണക്കാരുടെ മേൽ അധികാരികൾ അടിച്ചേൽപ്പിക്കുന്ന ഫാസിസത്തിന്റെ നീരാളിപ്പിടിത്തമെന്ന് പറയാതെ പറയുകയാണ് ഡോക്ടർ ബിജു. ‘അദൃശ്യ ജാലകങ്ങൾ’ ഒരു യുദ്ധവിരുദ്ധ ചിത്രമാണ്. അധികാരവും നിയമവും കയ്യിലുള്ളവർ സാധാരണ ജനങ്ങളുടെ ജീവിതത്തെ എത്രമേൽ ദുഷ്കരമാക്കുന്നു എന്നതിന്റെ ഒരു നേർസാക്ഷ്യം കൂടിയാണ് ചിത്രം.

English Summary:

Adrishya Jalakangal movie review: Tovino Thomas, Nimisha Sajayan deliver an exceptional anti-war film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com