ADVERTISEMENT

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഡാൻസ് പാർട്ടി.  യുവജനങ്ങളെ ആകർഷിക്കുന്ന തരത്തിൽ റാപ്പും ഡാൻസ് സ്റ്റെപ്പുമായി ഒരു പക്കാ എന്റർടെയ്നറിനു ചേരുന്ന എല്ലാ ചേരുവകകളും ഒത്തിണങ്ങിയ ചിത്രം.  ചിത്രത്തിലെ ഇൻട്രോ ഡാൻസ് തന്നെ സ്റ്റൈലിഷ് ആയ നൃത്തരംഗമാണ്. രാഹുൽ രാജ്, ബിജിബാൽ എന്നിവർ ഒരുമിച്ചു ചെയ്ത പാട്ടുകൾ ആണ് ചിത്രത്തിന്റെ ചടുലതയ്ക്ക് മാറ്റുകൂട്ടുന്നത്.

ടൈൽ പണിക്കാരനും ഡാൻസറുമായ അനിക്കുട്ടന്റെ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കാമുകിയും അയൽവാസിയുമായ അനിതയെ വിവാഹം കഴിക്കണമെന്നതാണ് അനിക്കുട്ടന്റെ തീവ്രമായ ആഗ്രഹം. എന്നാൽ അനിക്കുട്ടനിൽ നിന്ന് അനിതയെ തട്ടിപ്പറിക്കാൻ തക്കം തോന്നി നടക്കുകയാണ് മിൽട്ടൺ. ചെറുപ്പത്തിലേ അച്ഛൻ മരിച്ച അനിക്കുട്ടനേയും അമ്മയെയും ജീവിതത്തിൽ താങ്ങി നിർത്തിയത് അന്നാട്ടിലെ വ്യവസായിയായ ബോബന്റെ കുടുംബമാണ്.  ബോബന്റെ അനുജൻ ബോബി അനിക്കുട്ടന്റെ കളിക്കൂട്ടുകാരനാണ്.  മേയറുടെ മകളുമായി ബോബന്റെ വിവാഹം ഉറപ്പിച്ചതിനിടെ ഉടലെടുക്കുന്ന പ്രതിസന്ധിയിൽ ബോബിയെ സഹായിക്കാൻ അനിക്കുട്ടന് ഒരു തീരുമാനമെടുക്കേണ്ടി വരുന്നു.  ആ തീരുമാനം താൻ ജീവനെപ്പോലെ സ്നേഹിക്കുന്ന അനിതയെ നഷ്ടപ്പെടാൻ പോന്ന ഒന്നാണെന്ന് അവൻ അറിയുന്നില്ല.

അനിക്കുട്ടനായി വിഷ്ണു ഉണ്ണികൃഷ്ണൻ വേഷമിടുമ്പോൾ ബോബനായി ഷൈൻ ടോം ചാക്കോയും ബോബിയായി ശ്രീനാഥ്‌ ഭാസിയും ഒപ്പമുണ്ട്.  മേയറുടെ മകൾ രോഷ്ണിയായി എത്തുന്നത് പ്രയാഗ മാർട്ടിൻ ആണ്. അനിതയായി പുതുമുഖ താരം ശ്രദ്ധ ഗോകുൽ ആണ് അഭിനയിക്കുന്നത്. ചിത്രത്തിൽ വില്ലനായെത്തുന്നത് ജൂഡ് ആന്റണിയാണ്. ലെന, ജോളി ചിറയത്ത്, ബിനു തൃക്കാക്കര, സജു നവോദയ, ഫുക്രു തുടങ്ങിയവരാണ് മറ്റ് അഭിനയേതാക്കൾ.

നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സോഹൻ സീനുലാലിന്റെ പുതിയൊരു പരീക്ഷണ ചിത്രമാണ് ഡാൻസ് പാർട്ടി. പുതുതലമുറയുടെ ഇഷ്ടത്തിനുതകുന്ന താളക്കൊഴുപ്പും മേളവും റാപ്പും ഡാൻസും പ്രണയവും എല്ലാം ഒത്തിണങ്ങിയതാണ് ചിത്രം. ബിജിബാലിന്റേയും ലാളിത്യം നിറഞ്ഞ ശൈലിയും രാഹുൽ രാജിന്റെ മേളക്കൊഴുപ്പും ഒത്തുചേർന്ന പുതുമ നിറഞ്ഞ സംഗീതമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഛായാഗ്രഹണം ബിനു കുര്യനും എഡിറ്റിംഗ് വി.സാജനും നിർവഹിച്ചിരിക്കുന്നു. റെജി പ്രോത്താസിസും നൈസി റെജിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പുതിയ കാലത്തിന്റെ അഭിരുചിക്കനുസരിച്ച് സിനിമകൾ ചെയ്യാൻ സംവിധായകർ മുന്നോട്ട് വരുന്നത് മലയാള സിനിമയിലെ മാറ്റത്തിന്റെ സൂചനയാണ്. ത്രില്ലറും ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രങ്ങളും കണ്ടുമടുത്ത പ്രേക്ഷകർക്കിടയിൽ ഡാൻസ് പാർട്ടി മറ്റൊരു ആഘോഷമായി മാറിയേക്കും.  യുവത്വത്തിന് ഏറെ ഇഷ്ടപ്പെടുന്ന ഗാനങ്ങളും നൃത്തച്ചുവടുകളുമായി പ്രേക്ഷകരെ തിയറ്ററിലേക്ക് ആകർഷിക്കുന്ന ഒരു ചിത്രം തന്നെയായേക്കും ഡാൻസ് പാർട്ടി.

English Summary:

Dance Party Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com