ADVERTISEMENT

വിവാഹം കഴിച്ച് വർഷങ്ങളായി ഒരുമിച്ചാണു ജീവിക്കുന്നതെങ്കിലും അവർ രണ്ടു ഭാഷയിലാണു സംസാരിക്കുന്നത്. ഭർത്താവ് സാമുവലിന് ഇഷ്ടമല്ലെങ്കിലും സാന്ദ്ര ഇംഗ്ലിഷിൽ തന്നെ തുടരുന്നു. എന്നാൽ, അതുകൊണ്ടു മാത്രം ഭർത്താവിന്റെ മരണത്തിനു കാരണക്കാരി സാന്ദ്രയാണെന്നു പറയാൻ കഴിയുമോ ?

11 വയസ്സുകാരൻ കാഴ്ചയ്ക്കു തകരാറുള്ള മകന്റെ ഉത്തരവാദിത്തം പൂർണമായി ഏറ്റെടുക്കാൻ സാന്ദ്ര തയാറായിട്ടില്ല. വളർത്തുനായയാണ് അവന്റെ അടുത്ത കൂട്ട്. കുട്ടിയുടെ പേരിൽ അവർ കലഹിച്ചിട്ടുണ്ട്. എന്നാൽ, അതുകൊണ്ടുമാത്രം ഭർത്താവിന്റെ മരണത്തിനു കാരണക്കാരി സാന്ദ്രയാണെന്നു പറയാൻ കഴിയുമോ ? 

വിവാഹത്തിൽ വിശ്വസ്തയായിരുന്നില്ല എന്ന് സാന്ദ്ര തുറന്നു സമ്മതിക്കുന്നുണ്ട്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് അംഗീകരിക്കുന്നുണ്ട്. സാധാരണ ഭാര്യാ ഭർത്താക്കൻമാരെപ്പോലെയായിരുന്നില്ല എന്നതിന് ഒട്ടേറെ തെളിവുകളുമുണ്ട്. 

എന്നാൽ അതും കൊലപാതകത്തിനു കാരണമല്ല. ഇങ്ങനെയൊക്കെ സ്വയം വിശ്വസിപ്പിച്ചാൽ പോരാ. കോടതി മുറിയിൽ ജഡ്ജിയെയും തിങ്ങിക്കൂടിയ അഭിഭാഷകരെയും സാക്ഷിക്കൂട്ടിൽ നിൽക്കുന്ന മകനെയും കൂടി വിശ്വസിപ്പിക്കേണ്ടതുണ്ട്. അത് ഒരു വിവാഹം പരുക്കില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനേക്കാൾ കഠിനമാണ്. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം. ആ പരീക്ഷയിൽ സാന്ദ്ര വിജയിക്കുമോ ഇല്ലയോ എന്നറിയാൻ കാന്‍ പുരസ്കാരം നേടിയ അനാട്ടമി ഓഫ് എ ഫാൾ എന്ന ചിത്രം കാണണം. ഈ വർഷത്തെ മികച്ച 5 ചിത്രങ്ങളിൽ ഒന്ന് എന്ന് നിരൂപകരും ചലച്ചിത്ര പ്രേമികളും ഒരുപോലെ സമ്മതിച്ച ക്ലാസ്സിക്. 

സാന്ദ്രയല്ലെങ്കിൽ മറ്റാരാണ് സാമുവലിന്റെ മരണത്തിനു പിന്നിൽ ? ചോദ്യം സംവിധായക ജസ്റ്റിൻ ട്രൈറ്റിനോടു തന്നെ ചോദിച്ചിട്ടുണ്ട് പലരും. ഇല്ല, എനിക്കും അതറിയില്ല എന്നായിരുന്നു ട്രൈറ്റിന്റെ മറുപടി. സംവിധാനത്തിനു പുറമേ തിരക്കഥയിലും ട്രൈറ്റിനു പങ്കുണ്ട്. ഭർത്താവ് അർതർ ഹരാരിയും ട്രൈറ്റും കൂടിയാണ് തിരക്കഥ എഴുതിയത്. ദാമ്പത്യം എന്ന ഏറ്റവും ലളിതവും ഒപ്പം സങ്കീർണവുമായ വ്യവസ്ഥയെ ഇഴകീറി പരിശോധിക്കാൻ അവർ തന്നെ വേണ്ടിയുരുന്നു. യഥാർഥ ജീവിതത്തിലെ ഭർത്താവും ഭാര്യയും. കാരണം ഇതൊരു അനാട്ടമി തന്നെയാണ്. വിവാഹിതരായവർക്കും വ്യത്യസ്ത താൽപര്യങ്ങളുള്ളവർക്കും എന്നാൽ ഒരു കുറ്റകൃത്യം ചെയ്യാൻ മാത്രമുള്ള ക്രരത ഇല്ലാത്തവർക്കും മാത്രം നടത്താവുന്ന വിചാരണ. 

പ്രഭാത നടത്തത്തിനു ശേഷം വീട്ടിലേക്കു തിരിച്ചുവരുന്ന മകൻ ഡാനിയലാണു സാമുവലിനെ കാണുന്നത്. മരിച്ച നിലയിൽ. വീടിന്റെ മുറ്റത്ത്. മഞ്ഞിൽ. അവന്റെ അലമുറ കേട്ട് സാന്ദ്ര എത്തുന്നു. അതു സ്വാഭാവിക മരണമായിരുന്നില്ല. വീടിന്റെ മുകൾ നിലയിൽ നിന്ന് അയാൾ വീഴുകയായിരുന്നില്ല എന്നു വ്യക്തം. തള്ളിയിട്ടതിനാണു സാധ്യത. വീട്ടിൽ സാന്ദ്ര മാത്രമാണുണ്ടായിരുന്നത്. എന്നാൽ അതുകൊണ്ടു മാത്രം കൊലപാതകിയാണെന്ന ആരോപണം സമ്മതിക്കാനോ ശിക്ഷ ഏറ്റുവാങ്ങാനോ സാന്ദ്ര തയായല്ല. 

ബുദ്ധിമാനായ പ്രോസിക്കൂട്ടറുടെ ശരവേഗത്തിലുള്ള ചോദ്യങ്ങൾ നേരിടുന്നത് സാന്ദ്ര ഒറ്റയ്ക്കാണ്. ഓരോ ചോദ്യവും വിവാഹ ജീവിതത്തിലെ നിലപാടുകളെക്കുറിച്ചുള്ള ആരോപണങ്ങളാണ്. ആശയങ്ങളെക്കുറിച്ചും ആദർശങ്ങളെക്കുറിച്ചുമുള്ള കുറ്റപ്പെടുത്തലുകളാണ്. ഒരിക്കൽപ്പോലും സാന്ദ്ര പതറുന്നില്ല. വിചാരണ മുന്നോട്ടുപോകവേ, അവർ ശിക്ഷിക്കപ്പെടുമെന്ന തോന്നൽ പോലുമുണ്ടാകുന്നുണ്ട്. എന്നാൽ സാന്ദ്ര മറുപടി പറയുന്നു. അത് ശിക്ഷയിൽ നിന്ന് ഒഴിവാകാൻ മാത്രമല്ല. വിവാഹിതരായ എല്ലാ സ്ത്രീകൾക്കും വേണ്ടിക്കൂടിയാണ്. അഭിപ്രായ വ്യത്യാസങ്ങൾ പുലർത്തിക്കൊണ്ടുതന്നെ ജീവിക്കുകയും കരിയറിനെ സ്നേഹിക്കുകയും ആരെയും കൊല്ലാൻ തയാറല്ലെന്നും ഉറപ്പിച്ച എല്ലാവർക്കും വേണ്ടിക്കൂടിയാണ്. 

anatomy-of-a-fall-review-221
സിനിമയിൽ നിന്നും

സംഭവബഹുലമല്ല അനാട്ടമി. ഒട്ടേറെ കഥാപാത്രങ്ങളുടെ കെട്ടുകാഴ്ചകളുമില്ല. എന്നാൽ 151 മിനിറ്റിൽ ഒരിക്കൽപ്പോലും സ്ക്രീനിൽ നിന്നു കണ്ണെടുക്കാൻ കഴിയില്ല. സിനിമ എന്ന കലാരൂപം ആർജിച്ച ഒന്നത്യത്തിന്റെ, ഉദാത്തതയുടെ തെളിവാണ് അനാട്ടമി. സിനിമ കാണാൻ പ്രേരിപ്പിക്കുന്ന സിനിമയാണ്. കലാരൂപമെന്ന നിലയിൽ ചലച്ചിത്രത്തിന്റെ പ്രസക്തി ഒരിക്കൽക്കൂടി തെളിയിക്കുന്നതുമാണ്. 

അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ് സാന്ദ്ര. അവർ എഴുതിയ പുസ്തകങ്ങൾ പോലും അവർക്ക് എതിരാണ്. വിവാഹത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ തന്റെയല്ല, താൻ സൃഷ്ടിച്ച കഥാപാത്രത്തിന്റെ മാത്രമാണെന്ന് സാന്ദ്ര പല തവണ ആവർത്തിക്കുന്നുണ്ട്. എന്നാൽ, പല കഥാപാത്രങ്ങളും യഥാർഥ ജീവിതത്തിലുള്ളവർ തന്നെയാണെന്ന തെളിവിനെ അവർ നിഷേധിക്കുന്നില്ല. നിഷേധിക്കാൻ കഴിയുകയുമില്ല. 

ചിത്രത്തിലെ ഏക ഫ്ലാഷ്ബാക്കിൽ മാത്രമാണു ജീവനുള്ള സാമുവലിനെ കാണുന്നത്. ഒരു കാർ യാത്രയ്ക്കിടെ. അയാൾക്കൊപ്പം അപ്പോഴും സാന്ദ്രയില്ല. ഡാനിയൽ മാത്രമാണുള്ളത്. നായ്ക്കുട്ടിയെ 

അവന് എത്രമാത്രം ഇഷ്ടമാണെന്ന് അയാൾക്കറിയാം. പക്ഷേ ഒരു കാര്യം മറക്കരുതെന്ന് സാമുവൽ പറയുന്നു. ആ നായ എന്നെന്നേക്കും അവനൊപ്പമുണ്ടാകുമെന്ന് കരുതരുത്. അതിന് അസുഖങ്ങൾ വരാം. ഒരു അസുഖവുമില്ലാതെ തന്നെ മരിച്ചേക്കാം. അല്ലെങ്കിൽ ആരൊക്കെ എത്ര നാൾ ജീവിക്കുമെന്ന് ആർക്കു പറയാനാകും. ഡാനിയൽ, നീ തയാറായിക്കണം. മരണത്തെ നേരിടാൻ. ഇന്ന്. അല്ലെങ്കിൽ നാളെ. എന്നെങ്കിലുമൊരിക്കൽ. ഒറ്റയ്ക്കാണെന്നു മനസ്സിലാക്കുക. നീയൂം ഞാനുമൊക്കെ. നമ്മളൊക്കെ. 

anatomy-of-a-fall-review-22
സിനിമയിൽ നിന്നും

കോടതിമുറിയിൽ ഡാനിയലിന്റെ ഈ സാക്ഷ്യത്തിന് വിചാരിക്കുന്നതിനേക്കാൾ മാനങ്ങളുണ്ട്. അത് കണക്കിലെടുക്കാതിരിക്കാൻ ജഡ്ജിക്കു കഴിയുമായിരുന്നില്ല. അവൻ മാത്രമായിരുന്നല്ലോ സാക്ഷി. ആ സാക്ഷ്യം പ്രധാനമാണ്. അത് സാന്ദ്രയ്ക്ക് എതിരാണെന്നോ അല്ലെന്നോ പറയാനുമാവില്ല. 

അനാട്ടമി ഓഫ് എ ഫാൾ ഒരു വീഴ്ചയുടെ മാത്രം കഥയല്ല. വിവാഹത്തെക്കുറിച്ചുള്ള പഠനമോ വിചാരണയോ മാത്രമല്ല. ജീവിതത്തിന്റെ ആഴത്തിലുള്ള കാഴ്ചയാണ്. അഗാധമായ ദർശനമാണ്. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നാണിത്. കാനിലെ ഉന്നത പുരസ്കാരം വെറുതെയല്ല. അത് അനാട്ടമി അർഹിക്കുന്നു. ജസ്റ്റിൻ ട്രൈറ്റും സാന്ദ്രയെ അവിസ്മരണീയമാക്കിയ സാന്ദ്ര ഹള്ളറും അർഹിക്കുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ നായ്ക്കുട്ടി അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുക തന്നെയായിരുന്നു. ചിത്രം കാണുമ്പോൾ പ്രേക്ഷകരും അതേ, ജീവിക്കുകയാണ്. അങ്ങനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന അപൂർവം ചിത്രങ്ങളേയുള്ളൂ. അതിലൊന്നാണ് അനാട്ടമി. 

English Summary:

Anatomy Of A Fall Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com