ആസക്തിയുടെയും അനാസക്തിയുടെയും കഥ; ‘ഹൗ ടു ഹാവ് സെക്സ്’ റിവ്യു
How To Have Sex Review
Mail This Article
28–ാം രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ‘ഹൗ ടു ഹാവ് സെക്സ്’ എന്ന ചിത്രം അരങ്ങേറിയത്. ചിത്രം തുടങ്ങുമ്പോഴുള്ള ആൾക്കൂട്ടം അവസാനം വരെ ഉണ്ടായിരുന്നില്ല. സിനിമ തീരാൻ കാത്തിരുന്നവർ കയ്യടിച്ചില്ല. ആരവങ്ങളോ ആർപ്പുവിളികളോ ഉണ്ടായില്ല. ഏറ്റവും അടുപ്പമുള്ളവരോടു മാത്രം മന്ത്രിച്ച് ഓരോരുത്തരും സീറ്റ് വിട്ടു. ബാക്കിയായത് സ്നേഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും നായിക ടാരയുടെ മനസ്സിലെ വിചിത്ര വികാരം മാത്രം: എല്ലാം നഷ്ടപ്പെട്ടെന്ന ചിന്ത. ഇനി എല്ലാം വീണ്ടും തുടങ്ങാൻ കഴിയുമോ എന്ന ആശങ്ക. നിരാശയും വിഷാദവും.
പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അവർ മൂന്നുപേരും ഒരു യാത്രയ്ക്ക് ഇറങ്ങിത്തിരിക്കുന്നത്. ടാര, സ്കൈ, എം. അത് വെറുമൊരു യാത്ര മാത്രമായിരുന്നില്ല. ടാര ഇപ്പോഴും കന്യകയാണ്. അതൊരപമാനമാണ്. കൂട്ടുകാർക്കിടയിലെങ്കിലും. അങ്ങനെയല്ലെന്നു തെളിയിക്കണം. ആ ഒരു ദൗത്യം കൂടി ഏറ്റെടുത്താണ് അവരുടെ യാത്ര. സിഗരറ്റിൽ തുടങ്ങി, മദ്യത്തിലൂടെ, ആണുങ്ങളിൽ എത്തിച്ചേരുന്ന അവർ മൂന്നു കൂട്ടുകാരുടെ ആസക്തിയുടെയും അനാസക്തിയുടെയും കഥയാണ് ഹൗ ടു ഹാവ് സെക്സ്. കാനിൽ പ്രദർശിപ്പിച്ച് കയ്യടി നേടിയ മോളി മാനിങ് വാക്കറുടെ ഇംഗ്ലിഷ് ചലച്ചിത്രം.
28 വർഷത്തെ രാജ്യാന്തര ചലച്ചിത്ര മേള ഓരോ വർഷവും ഏറ്റെടുത്ത ചിത്രങ്ങളുണ്ട്. ചില വർഷങ്ങളിൽ ഒന്നിലധികം. തിരസ്കരിച്ചവയുമുണ്ട്. കിം കി ഡൂക്കിന്റെ ഉൾപ്പെടെ, സെക്സും വയലൻസും കൂടിയ ചിത്രങ്ങൾ മേളയ്ക്ക് അപരിചിതവുമല്ല. പേര് കൊണ്ടുതന്നെയാണ് ഹൗ ടു ഹാവ് സെക്സ് ജനക്കൂട്ടത്തെ ആകർഷിച്ചത്. എന്നാൽ, പേര് സൂചിപ്പിക്കുന്ന ചൂടൻ രംഗങ്ങൾ സിനിമയിലില്ല. എന്നു മാത്രമല്ല, ലൈംഗികൃ ദൃശ്യങ്ങൾ കാണിക്കാതെ എങ്ങനെ സെക്സ് സിനിമ എടുക്കാം എന്നതിന്റെ പാഠം കൂടിയാണ് ഈ ചിത്രം.
എല്ലാം കൈവിട്ടായിരുന്നു അവരുടെ യാത്ര. അഥവാ എല്ലാം നഷ്ടപ്പെടുത്താൻ വേണ്ടി. ആലോചിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. നിയന്ത്രിക്കാൻ ആരും ഉണ്ടായിരുന്നില്ല. അവരുടെ കാവൽക്കാർ അവർ മാത്രമായിരുന്നു. അവർ അവരെ കാവൽക്കാരിയാക്കിയുമില്ല. അങ്ങനെയാണ് തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന പുരുഷൻമാരുമായി അവർ അടുപ്പം സൃഷ്ടിക്കുന്നത്. അത് സൗഹൃദത്തിലേക്കു നീങ്ങി. സ്വാഭാവികമായും ലഹരിയിലേക്കും. ഒരുമിച്ച് ഒരു കിടക്കയിൽ അവർ സൗഹൃദവും ലഹരിയും പങ്കിട്ടു. അപ്പോഴൊക്കെയും ടാര അന്വേഷിച്ചത് തന്റെ ശരീരം പങ്കുവയ്ക്കാൻ ഒരാളെ മാത്രമായിരുന്നില്ല.
മനസ്സിന്റെ അവകാശിയെക്കൂടിയായിരുന്നു. അതുകൊണ്ടാണ് ശരീരത്തെ നിയന്ത്രിക്കാതെ വിട്ടുകൊടുത്തത്. സ്കൈയും എമ്മും വന്നപോലെ തന്നെ ആഹ്ലാദിച്ചും കൂവിവിളിച്ചും അവധിക്കാല യാത്രയ്ക്കു ശേഷം മടങ്ങുമ്പോൾ ടാര മാത്രം അസ്വസ്ഥയായിരുന്നു. മൂവരിൽ ഏറ്റവും സുന്ദരിയും ആകർഷണീയയുമായിട്ടും ടാരയുടെ കണ്ണുകൾ മാത്രം ചുവന്നിരുന്നു. മുഖം അനാകർഷകമായിരുന്നു. ശരീരം ക്ഷീണത്താൽ തളർന്നിരുന്നു. ആദ്യ പ്രണയവും ആദ്യത്തെ ആസക്തിയും സമ്മാനിച്ച ചതിയും വഞ്ചനയും തന്നെയായിരുന്നു ആ മനസ്സിൽ. അതു കൊണ്ടു കൂടിയാണ് ഹൗ ടു ഹാവ് സെക്സ് എന്ന പേരിന് ഇടയിൽ ചിലരെങ്കിലും നോ എന്ന വാക്ക് കൂടി ചേർത്തത്. ഹൗ നോട് ടു ഹാവ് സെക്സ്.
ഒരൊറ്റ ഷോട്ടിൽ തീരുന്ന ചിത്രം എന്ന് മോളി വാക്കറുടെ ചലച്ചിത്രത്തെ വിശേഷിപ്പിക്കാം. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ, അതിവേഗതയിൽ മിന്നിമറയുന്ന ദൃശ്യങ്ങൾ. കാതടപ്പിക്കുന്ന സംഗീതം. പൊട്ടിച്ചിരി. സീൽക്കാരം. ലഹരിയുടെ മദിപ്പിക്കുന്ന വ്യന്യഭംഗികൾ. എന്നാൽ, എല്ലാറ്റിനും ഉപരി സ്നേഹത്തിന്റെയും വഞ്ചനയുടെയും കൂടി കഥയാണ് സെക്സ്. ഏറ്റവും ആഹ്ലാദിപ്പിക്കുന്ന അനുഭവം തന്നെ ഏറ്റവും വേദനിപ്പിക്കുന്നതാകുമ്പോൾ അതല്ലാതെ മറ്റൊരു സാധ്യതയും ടാരയ്ക്കു മുന്നിൽ ഉണ്ടായിരുന്നില്ല.
എല്ലാ അർഥത്തിലും പുതിയ തലമുറയുടെ കഥയാണ് സിനിമ പറയുന്നത്. പുതിയ തലമുറയുടെ വേഗമാണ് സിനിമയുടെയും സ്പീഡ്. ആ വേഗത്തിൽ മുങ്ങാതെയാണ് സ്നേഹ വഞ്ചനയുടെ കഥ മോളി പറയുന്നതും. ഏഥൻസ് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതു കൂടിയാണ് ഈ ചിത്രം. പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ലെന്നു വന്നേക്കും.
ആ അർഥത്തിൽ വിലയിരുത്തരുത് ഈ സെക്സ് സിനിമ. കാരണം, സെക്സ് നൈമിഷികവും ജീവിതം അതിലും വലിയ നൈമിഷികതയുമാണെന്ന് ഏതൊക്കൊയോ നിമിഷത്തിൽ ഈ ചിത്രം നമ്മോടു പറയുന്നുണ്ട്. അങ്ങനെയൊരു ചിത്രം കാണാൻ ഇഷ്ടമാണെങ്കിൽ, അതവശേഷിപ്പിക്കുന്ന അസ്വസ്ഥത ഏറ്റുവാങ്ങാൻ തയാറാണെങ്കിൽ ധൈര്യമായി കാണൂ. നിരാശരാകില്ലെന്ന് ഉറപ്പ് തരാം.