ADVERTISEMENT

ഏകാംഗ പ്രദർശമനല്ല സിനിമ. ഒരാൾ മാത്രം വിചാരിച്ചാൽ ഒരു ചിത്രവും നന്നാകില്ല. എന്നാൽ, ഒരാൾക്ക് സ്വന്തം വേഷം മോശമാക്കാം. പരാജയപ്പെടാം. പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കാം. എന്നാൽ, അപൂർവമായെങ്കിലും എല്ലാ ഘടകങ്ങളും ഒത്തിണക്കത്തോടെ, ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തിലേക്ക് ഉയരാറുണ്ട്. അപ്പോഴാണ് മികച്ച സിനിമ ഉണ്ടാകുന്നത്. അത് അപൂർവമാണ്. അപൂർവങ്ങളിൽ അപൂർവമല്ല താനും. പ്രമേയത്തിലും അവതരണത്തിലും ദൃശ്യവിന്യാസത്തിലുമെല്ലാം അദ്ഭുതപ്പെടുത്തുന്ന പുതുമകളുമായെത്തുന്ന മികച്ച സിനിമകൾ  മാറ്റുരയ്ക്കുന്ന മേളയിൽ, വിദേശ സിനിമകൾ കാണാൻ വേണ്ടി മാത്രം ത്യാഗങ്ങൾ സഹിച്ച് ആയിരങ്ങൾ എത്തുന്ന മേളയിൽ, ഒരു മലയാള സിനിമ അദ്ഭുതപ്പെടുത്തുന്നു എന്നത് ചെറിയ കാര്യമല്ല.

എന്നാൽ അതു സത്യമാണ്. 28–ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മാത്രമല്ല, ജനുവരി 5 ന് റിലീസ് ചെയ്യുമ്പോഴും ഈ സിനിമ ജനക്കൂട്ടത്തെ ആകർഷിക്കുമെന്നതിൽ തർക്കമില്ല. കല, കച്ചവടം, ആർട്, ആശയം, മുദ്രാവാക്യം....ഇവയെല്ലാം മികച്ച സിനിമയ്ക്കു മുന്നിൽ വെറും മാങ്ങാത്തൊലി (ചിത്രത്തിൽ ആവർത്തിച്ച് ഉപയോഗിക്കുന്ന വാക്ക്) എന്ന് ഉറപ്പിച്ചുപറയാവുന്ന സിനിമയാണിത്. അതേ, ആട്ടം (The Play) തന്നെ. 

ഗോവയിൽ ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രോത്സവം ഈ സിനിമയിലാണു തുടങ്ങിയതെന്ന് മറക്കേണ്ട. കേരളത്തിന്റെ സ്വന്തം ചലച്ചിത്ര മേളയിൽ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയതെന്ന്  പരിമിതിയായും കാണരുത്. എല്ലാ മുൻവിധികളും മാറ്റിവച്ച്, ഇന്നലെകളുടെ ഭാരമില്ലാതെ, നാളെയുടെ പ്രതീക്ഷയില്ലാതെ, ഒരു സാധാരണ മനുഷ്യനായി ഈ സിനിമ കാണൂ. ആരും പ്രേരിപ്പിക്കാതെ കയ്യടിക്കും എന്നുറപ്പ്. അഭിനന്ദിക്കേണ്ടത് ആരെ എന്ന് ഒരു നിമിഷം സംശയിക്കും. രചനയും സംവിധാനവും നിർവഹിച്ച ആനന്ദ് ഏകർഷി. വിനയ് ഫോർട്, കലാഭവൻ ഷാജോൺ, സരിൻ ഷിഹാബ് മുതൽ ഒരു സിനിമയിൽപ്പോലും ഇതുവരെ മുഖം കാണിക്കാതിരിക്കുകയും നാടകത്തിനു വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത ഒരു കൂട്ടം കലാകാരൻമാർ. 

ഓരോരുത്തരും ഒന്നിനൊന്നു മെച്ചം. ഓരോരുത്തരും പരസ്പരം മത്സരിക്കുന്നു. ഫലമോ, അതിഗംഭീരമായ ഒരു സിനിമ മലയാളത്തിനു ലഭിച്ചിരിക്കുന്നു. 139 മിനിറ്റിൽ ഒരു നിമിഷം പോലും ബോറടിച്ചില്ല. ഒട്ടേറെത്തവണ പൊട്ടിച്ചിരിച്ചു. ഓർത്തോർത്തു ചിരിച്ചു. അസ്വസ്ഥനായി. ആകാംക്ഷയും ഉദ്വേഗവും പിരിമുറുക്കവും നിറഞ്ഞ് തൊട്ടടുത്ത രംഗത്തിനു വേണ്ടി കാത്തിരുന്നു. സിനിമ തുടങ്ങി അവസാനിക്കുന്നതുവരെയുള്ള രണ്ടു മണിക്കൂറിൽ അധികം നേരം ദൈർഘ്യമുള്ള ഈ യാത്ര അവിസ്മരണയീയമാക്കിയതിന് നന്ദി. വീണ്ടും വീണ്ടും നന്ദി. 

അരങ്ങ് എന്ന നാടക ട്രൂപ്പ് ആണ് സിനിമയുടെ സിനിമയുടെ പശ്ചാത്തലം. സിനിമയ്ക്കുള്ളിലെ സിനിമ പോലെ നാടകത്തിലെ നാടകം എന്നു വിശേഷിപ്പിക്കാം. അരങ്ങിന്റെ മികച്ച അവതരണം കാണാനെത്തിയ വിദേശികൾ ആവേശഭരിതതായി. നാടകത്തിനു ശേഷം അവർ അണിയറയിൽ എത്തി. ഓരോ താരത്തേയും പ്രത്യേകം, പ്രത്യേകം അഭിനന്ദിച്ചു. കൂട്ടത്തിൽ അഞ്ജലിയെ ഒരു പടി കൂടി കടന്നും. നാടക ട്രൂപ്പിലെ ഒരേയൊരു പെണ്ണാണ് അഞ്ജലി. മറ്റുള്ളവരെല്ലാം പുരുഷൻമാർ. അവരെയെല്ലാം അഞ്ജലി പിന്നലാക്കിയെന്ന് എമിലി എന്ന വിദേശ പ്രതിനിധി പറഞ്ഞതു വെറുതെയല്ല. സത്യമാണ്. മികച്ച നാടകാനുഭവം സാധ്യമാക്കിയതിന് അവർക്ക് ഒരു സമ്മാനം കൂടി ലഭിച്ചു. ഫോർട് കൊച്ചിയിലെ റിസോർട്ടിൽ ഒരു ദിവസത്തെ സൗജന്യ താമസം. എല്ലാം മറന്ന് ആടിപ്പാടി ഒരു ദിവസം. എല്ലാ രീതിയിലും ആസ്വദിക്കാൻ. സമ്മാനം സ്നേഹത്തോടെ സ്വീകരിച്ച ട്രൂപ്പ് മദ്യക്കുപ്പികൾ സഹിതം റിസോർട്ടിലേക്കു പോകുന്നു. 

ആ ദിവസം എല്ലാ രീതിയിലും അവർ അവരുടേതാക്കി. എന്നാൽ, അന്നു നടന്ന ഒരു സംഭവം അരങ്ങിന്റെ അടിത്തറ തന്നെ തോണ്ടുന്ന അവസ്ഥയിലേക്ക് എത്തുന്നതോടെയാണ് സംഘർഷം മൂർഛിക്കുന്നത്. അതാകട്ടെ അനന്യമായി ആട്ടം എന്ന ദ് പ്ലേ ഒപ്പിയെടുത്തിരിക്കുന്നു. 

പല തരക്കാരും സ്വഭാവക്കാരും വ്യത്യസ്ത ജോലികൾ ചെയ്യുന്നവരുമുണ്ട് നാടക ട്രൂപ്പിൽ. ഓരോരുത്തരെയും നമുക്കു പരിചയമുണ്ട്. നമ്മുടെ പരിചയക്കാർ തന്നെയാണവർ. അഥവാ നമ്മൾ തന്നെ. അവരുടെ ജീവിത സാഹചര്യങ്ങളും സ്വഭാവ സവിശേഷതകളും കുറഞ്ഞ സംഭാഷണങ്ങളിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു നാടക സ്റ്റേജ്. ഫോർട് കൊച്ചിയിലെ റിസോർട്ട്. നാടക ട്രൂപ്പിലുള്ളവർ ഒത്തുചേരുന്ന വീട്. പ്രധാനമായും ഈ മൂന്നു സ്ഥലങ്ങളിൽ ഏതാണ്ട് അടച്ചിടപ്പെട്ട ഒരു മുറിക്കുള്ളിലെന്നവണ്ണമാണ് മിക്ക സീനുകളും ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ, അത് ഈ സിനിമയ്ക്ക് പരിമിതിയാവുന്നില്ല. മറിച്ച്, ഉജ്വലമായതേയുള്ളൂ. ഏതു പരിമിതിയേയും പ്രതിഭ കൊണ്ട് അതിജീവിക്കാമെന്ന പാഠത്തിന്റെ സാക്ഷാത്കാരം കൂടിയാണ് ആട്ടത്തിന്റെ വിജയം. 

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

സിനിമ മുന്നോട്ടുവയ്ക്കുന്ന പ്രധാന പ്രമേയങ്ങളിലൊന്ന് സ്ത്രീയോടുള്ള പുരുഷൻമാരുടെ പെരുമാറ്റമാണ്. എന്നാൽ, അതൊരു ആശയപരമായ ചർച്ച എന്ന നിലയ്ക്കല്ല അവതരിപ്പിക്കുന്നത്. പ്രമേയത്തിന്റെ കേന്ദ്രത്തിൽ അതുണ്ട്. കഥയിൽ അതുൾച്ചേർന്നിരിക്കുന്നു. 

അവളെ പിന്തുണച്ചവരുണ്ട്. സംശയിച്ചവരുണ്ട്. എല്ലാം അവളുടെ തോന്നലുകൾ മാത്രമാണെന്നു പറഞ്ഞവരുണ്ട്. പറഞ്ഞ കള്ളങ്ങളൊക്കെയും അവളോടുള്ള സ്നേഹത്തിന്റെ പേരിൽ മാത്രമാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചവരുണ്ട്. സംശയിക്കപ്പെട്ടവരും സദാചാര വാദികളുമുണ്ട്. തെളിവ് കണ്ടെത്താൻ ശ്രമിച്ചവരും ഒന്നും ചോദിക്കാതെ വിശ്വസിച്ചവരുമുണ്ട്. എന്നാൽ, അവൾ അവസാനം അത് തിരിച്ചറിയുന്നുണ്ട്. എല്ലാവരും, എല്ലാവരും ഒരുപോലെയാണ്. വ്യത്യസ്തരോ. ആ വാക്ക് ഉച്ചരിക്കാൻ പോലും ആർക്കും അവകാശമില്ലെന്നു പറയുമ്പോൾ നടുങ്ങുക തന്നെ വേണം. നമ്മുടെ മനസ്സ് അവൾ , അഞ്ജലി കണ്ടിരിക്കുന്നു. ഈ ലോകം കണ്ടിരിക്കുന്നു. ഇനിയെങ്ങനെ തലയുയർത്തും ! 

aattam-2

നാടകം ഈ സിനിമയുടെ കഥയുടെ കേന്ദ്രത്തിൽ മാത്രമുള്ളതല്ല. സംവിധായകൻ ആനന്ദ് ഏകർഷി ഉൾപ്പെടെ എല്ലാവർക്കും നാടകത്തിന്റെ പശ്ചാത്തലമുണ്ട്. നാടകത്തിൽ നിന്നു വന്ന് സിനിമയിൽ ശോഭിച്ചവരും പരാജയപ്പെട്ടവരുമുണ്ട്. വെറും നാടകമാണെന്ന് മോശം സിനിമകളെ ആക്ഷേപിച്ചു പറയാറുമുണ്ട്. എന്നാൽ, ആട്ടം സിനിമയിൽ അഭിനയിച്ചവരും പ്രവർത്തിച്ചവരുമായ എല്ലാവരും നാടകത്തിൽ നിന്ന് സിനിമയിലേക്കുള്ള കടൽദൂരം വിജയകരമായി താണ്ടിയവരാണ്. ഈ സിനിമയുടെ വിജയത്തിന്റെ മുഖ്യഘടകവും അതു തന്നെയാണ്. അഭിനയിക്കുകയാണെന്ന തോന്നൽ ഒരിക്കൽപ്പോലും സൃഷ്ടിക്കാതെ, അത്യന്തം സൂക്ഷ്മമായി ചെറുചലനങ്ങൾ പോലും ഒപ്പിയെടുത്താണ് ചിത്രം സംവിധായകൻ യാഥാർഥ്യമാക്കിയത്. ഒരോരുത്തരും ഒരുമിച്ചു പ്രവർത്തിച്ചത്. 

വിദേശത്തേക്കുള്ള ടൂർ വാഗ്ദാനം നാടകട്രൂപ്പിലുള്ളവരെ കുറച്ചുനേരത്തേക്കെങ്കിലും സംഘർഷത്തിലാക്കുന്നുണ്ട്. എന്നാൽ, ആട്ടം സിനിമയ്ക്ക് ഇപ്പോൾ ലഭിക്കുന്നതും ഇനി വിദേശത്ത് ലഭിക്കാനിരിക്കുന്നതുമായ അവസരങ്ങൾ വ്യാജ വാഗ്ദാനമല്ല. യാഥാർഥ്യം തന്നെയാണ്. കടൽ കടന്നും വിജയത്തിന്റെ കൊടി നാട്ടാൻ ഈ ചിത്രത്തിലൂടെ മലയാളത്തിനു കഴിയും. ആ നാളുകളാണ് വരാനിരിക്കുന്നത്. ആടിത്തിമിർത്തവർ, ജീവിതം എന്ന ആട്ടത്തെ സിനിമയെന്ന മാധ്യമത്തിലൂടെ, ഏറ്റവും കലാപരമായി ആവിഷ്ക്കരിച്ചവർ... അവരുടെ വിജയമാണ് ഈ സിനിമ. അവരുടെ ആട്ടം ഒരാളും മിസ്സാക്കരുത്. ആട്ടം നിങ്ങൾക്കുള്ളതാണ് ! 

പിൻമൊഴിയല്ല, മുൻമൊഴി: രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ എന്തുകൊണ്ടാണ് ആട്ടം ഉൾപ്പെടുത്താതിരുന്നത്. ആരാണ് ആ തീരുമാനം എടുത്തത് ??? 

English Summary:

Aattam Malayalam Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com